വെള്ളിയാഴ്‌ച, ജൂലൈ 05, 2013

ഹോസ്റ്റല്‍ ചരിതം ചായക്കഥ നാലാം ദിവസം.

എന്റെ ഡിഗ്രി പഠനം കോയമ്പത്തൂരിലെ കര്‍പ്പഗം കോളേജില്‍ ആയിരുന്നു. മൂന്നു വര്‍ഷത്തെ കോയമ്പത്തൂര്‍ വാസവും, ഹോസ്റ്റല്‍ ജീവിതവും എന്റെ വ്യക്തി ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. വടകരയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന നാണം കുണുങ്ങിയും,അന്തര്‍മുഖനുമായ എനിക്ക് വ്യത്യസ്ഥ തരക്കാരായ ആളുകളെ കൈകാര്യം ചെയ്യാനും, ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പാറ പോലെ ഉറച്ചു നില്‍ക്കാനും ട്രെയിനിംഗ് കിട്ടിയത് ഈ കോയമ്പത്തൂര്‍ ജീവിതത്തില്‍ നിന്നാണ്. 

ഹോസ്റ്റല്‍ ജീവിതത്തിലെ ഹണിമൂണ്‍ കാലം ഫസ്റ്റ് ഇയര്‍ ആയിരുന്നു! വീട്ടിന്നു മാറി നില്‍ക്കുന്ന നവവധുവിനെ പോലെ ആദ്യ ഒരാഴ്ച ഹോം സിക്നെസ്സ് ഫീല്‍ ചെയ്യുമെങ്കിലും പുതിയ കൂട്ടുകാരുമായും, ചുറ്റുപാടുമായും ഇണങ്ങി ചേര്‍ന്ന് കഴിഞ്ഞാല്‍ ഹോസ്റ്റല്‍ എന്ന ഭര്‍തൃഗൃഹം ശരിക്കും ഒരു സ്വര്‍ഗമാണ്. സീനിയേര്‍സിന്റെ വകയുള്ള റാഗിങ്ങും, സീനിയേര്‍സിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ജൂനിയേര്‍സ്‌ നടത്തുന്ന ടോം ആന്‍ഡ്‌ ജെറി ഗെയിമുമായിരുന്നു ഹോസ്റ്റെലിലെ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ഐറ്റംസ്. പക്ഷെ അത്ര ഇന്ട്രെസ്റ്റിംഗ് അല്ലാത്ത വേറൊരു ഐറ്റം ഉണ്ട്. ജൂനിയേര്‍സിന്റെ ഇടയിലുള്ള ഗാങ്ങ് വാര്.,. ആഞ്ഞൊന്നു തുമ്മിയാല്‍ പോലും ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന ബ്ലോഗര്‍മാരെ പോലെ, ജൂനിയേര്‍സിന്റെ ഇടയില്‍ കാക്കതൊള്ളായിരം ഗാങ്ങുകള്‍ ഉണ്ടായിരുന്നു !!

റാഗിങ്ങ് ഉണ്ടാകില്ല എന്ന വിശ്വാസത്തില്‍ ആയിരുന്നു മലയാളികള്‍ കുറവായ ഈ കോളേജ് സെലക്ട്‌ ചെയ്തത് . 'വിശ്വാസം അതല്ലേ എല്ലാം' എന്ന് പറഞ്ഞ ആ മഹാനെ എന്റെ കൈയ്യില്‍ കിട്ടിയെങ്കില്‍ ഒരു പ്ലേറ്റ് ഷവര്‍മ വാങ്ങി കൊടുത്തേനെ!! അത്രയ്ക്കും ഭീകരമായിരുന്നു ഹോസ്റ്റെലിലെ എന്റെ റാഗിങ്ങ് അനുഭവങ്ങള്‍"". ,.ഏ കെ ആന്റണിയുടെ വാക്കുകള്‍ ലോണ്‍ എടുത്ത് പറയുകയാണെങ്കില്‍ "വളരെ മൃഗീയവും,പൈശാചികവുമായിട്ടായിരുന്നു സീനിയേര്‍സ് ഞങ്ങളെ പീഡിപ്പിച്ചത് "!. ജീവിതത്തില്‍ ഒരിക്കല്‍ പോലും വീട്ടില്‍ നിന്ന് മാറി നിന്നിട്ടില്ലാത്ത എനിക്ക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ ഭയങ്കര ആവേശമായിരുന്നു. പക്ഷെ ഹോസ്റെലിലെ ആദ്യ രാത്രി തന്നെ ആ ആവേശമൊക്കെ അണ്ണ ഹസാരയുടെ അഴിമതി സമരം പോലെ കെട്ടടങ്ങിപ്പോയി !

ഞാന്‍ ജോയിന്‍ ചെയ്തത് കോളേജ് തുറന്നു ഒരാഴ്ചയ്ക്ക് ശേഷമായതിനാല്‍ ജൂനിയേര്‍സ്‌ ബ്ളോക്കില്‍ ബെഡ് ഒഴിവില്ലായിരുന്നു. അതിനാല്‍ ഒരു MCA ഫസ്റ്റ് ഇയര്‍ ചേട്ടന്റെ റൂമിലാണ് എന്നെ താല്‍ക്കാലികമായി താമസിപ്പിച്ചത്. റോഷന്‍ എന്നായിരുന്നു ആ ചേട്ടന്റെ പേര്. ഞങ്ങളുടെ റൂമിന്റെ തൊട്ടടുത്ത റൂമുകളില്‍ താമസിക്കുന്നത് എന്റെ സീനിയേര്‍സ് ആണെന്നും, വാര്‍ഡനോട് പറഞ്ഞു ഉടനെ തന്നെ ജൂനിയേര്‍സ്‌ ബ്ളോക്കിലേക്ക് മാറുന്നതാണ് എനിക്ക് നല്ലതെന്നും റോഷന്‍ ചേട്ടന്‍ ഉപദേശിച്ചു. "പിന്നെ ഒരുപദേശി വന്നിരിക്കുന്നു. ഞാനും 2000 രൂപ ഹോസ്റ്റല്‍ ഫീസ്‌ കൊടുത്താ ഇവിടെ താമസിക്കുന്നത്. ജൂനിയേര്‍സ്‌ ബ്ളോക്കില്‍ സ്ഥലമില്ലെങ്കില്‍ അത് ഉണ്ടാകുന്നത് വരെ ഞാന്‍ ഇവിടെ തന്നെ കിടക്കും. അല്ല പിന്നെ". ചേട്ടനാണെങ്കിലും പുള്ളിയുടെ ഉപദേശം എനിക്ക് ദഹിച്ചില്ല. എന്നെ കൂടെ താമസിപ്പിക്കാനുള്ള അസഹിഷ്ണുത കൊണ്ടാണ് ഈ ഉപദേശം എന്നായിരുന്നു എന്റെ ധാരണ. എന്റെ നന്മയെ കരുതിയാണ് പുള്ളി അങ്ങനെ പറഞ്ഞതെന്ന് വഴിയെ എനിക്ക് ബോധ്യപ്പെട്ടു. അല്ലെങ്കിലും 'ഓള്‍ഡ്‌ പീപിള്‍സ് ചൊല്ലും, മുതു ഗൂസ്ബെറിയും ആദ്യം കയ്ക്കും പിന്നെ സ്വീറ്റിക്കും ' എന്നല്ലേ കവി വചനം!

"ബെഡ് ഇല്ലെങ്കിലും സാരമില്ല. ഞാന്‍ നിലത്ത് കിടന്നോളാം" എന്ന് പറഞ്ഞു വാര്‍ഡന്റെ കാലു പിടിച്ചു പിറ്റേന്ന് തന്നെ ഞാന്‍ ജൂനിയേര്‍സ്‌ ബ്ലോക്കിലേക്ക് താമസം മാറി. അല്ലെങ്കില്‍ മാറ്റേണ്ടി വന്നു. അത്രയ്ക്കും കഠിനമായിരുന്നു ഫസ്റ്റ് നൈറ്റ്‌ എക്സ്പീരിയന്‍സ് ! ഡിന്നര്‍ കഴിഞ്ഞതിനു ശേഷം റോഷന്‍ ചേട്ടനുമായി വിശേഷം പറഞ്ഞിരിക്കുമ്പോഴാണ് ആരോ വാതിലില്‍ മുട്ടിയത്,. വാതില്‍ തുറന്നപ്പോള്‍ എനിക്ക് പരിചയമില്ലാത്ത രണ്ടു പേരായിരുന്നു.

"നിന്റെ സീനിയേര്‍സ് ആണ്. ഞാന്‍ രഞ്ജിത്ത്. ഇവന്‍ വിപിന്‍"," ഒരു ചേട്ടന്‍ സ്വയം പരിചയപ്പെടുത്തി. 
"നിന്റെ ക്ലാസ്സ്‌ മേറ്റ്സ് എല്ലാരും ജൂനിയേര്‍സ്‌ ബ്ലോക്കില്‍ ഉണ്ട്. എല്ലാരും നിന്നെ പരിചയപ്പെടാന്‍ വെയിറ്റ് ചെയ്യുകയാണ്. നിന്നെ അങ്ങോട്ട്‌ കൂട്ടി കൊണ്ട് പോവാനാ ഞങ്ങള്‍ വന്നത്" വിപിന്‍ ചേട്ടന്‍ ആഗമനോദ്ദേശ്യം അറിയിച്ചു. എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവാം ചേട്ടന്‍ തുടര്‍ന്നു.
"ഇത് റാഗിങ്ങ് ഫ്രീ കോളേജാണ് . ഇവിടെ സീനിയേര്‍സും ജൂനിയേര്‍സും വളരെ ഫ്രണ്ട്ലി ആയിട്ടാണ് ഇടപഴകുന്നത്" 
"റാഗിങ്ങ് വിമുക്തമായ കര്‍പ്പഗം" എന്ന ഗാന്ധിജിയുടെ സ്വപ്നം നടപ്പിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചേട്ടന്മാരുടെ ഈ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ എന്റെ എല്ലാ പേടിയും മാറി. "916 പരിശുദ്ധിയുള്ള ഈ ചേട്ടന്മാരെ കുറിച്ചാണോ റോഷന്‍ ചേട്ടന്‍ അപവാദം പറഞ്ഞത്". കൂടുതല്‍ ചിന്തിച്ചു ഹെഡ് പുണ്ണാക്കാതെ ഞാന്‍ അവരുടെ കൂടെ പോയി.

എന്നെയും കൂട്ടി അവര്‍ ജൂനിയേര്‍സ്‌ ബ്ളോക്കിലെ ഒരു മുറിയിലേക്കാണ് പോയത്. ഞങ്ങള്‍ ആ റൂമിലേക്ക്‌ പ്രവേശിച്ചതും അകത്തുണ്ടായിരുന്ന എല്ലാരും ചാടി എഴുനേറ്റ് ഒരു പ്രത്യേക തരത്തില്‍ സല്യൂട്ട് ചെയ്തു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും പരിചയപ്പെടുത്താനാണെന്ന പേരില്‍ എന്നെ ട്രാപ്പിലാക്കി റാഗ് ചെയ്യാന്‍ കൊണ്ട് വന്നിരിക്കുകയാണെന്ന് മനസ്സിലായി. ഞങ്ങള്‍ റൂമിലേക്ക്‌ കയറിയപ്പോള്‍ എല്ലാരും ചെയ്തത് പോലെ സല്യൂട്ട് അടിക്കാനാണ്‌ ആദ്യമായി എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ അറിയില്ല എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ ഒരു ജൂനിയര്‍ പയ്യന്‍ എനിക്കതിന്റെ ഡെമോ കാണിച്ചു തന്നു. ഈ സല്യൂട്ടിനു department സല്യൂട്ട് എന്നാണു പേര് !!

'ഇന്പുട്ട് ,ഔട്ട്‌ പുട്ട് 'എന്ന് പറഞ്ഞു വലത്തേ കൈ കൊണ്ട് ഇടത്തെ നെഞ്ചത്തും, ഇടത്തെ കൈ കൊണ്ട് വലത്തെ നെഞ്ചത്തും അടിച്ചു , രണ്ടു കൈ കൊണ്ടും ലിംഗത്തില്‍ പിടിച്ചു 'സീ പീ യു ' എന്ന് പറഞ്ഞതിന് ശേഷം വലത്തേ കൈ കൊണ്ട് സല്യൂട്ട് അടിക്കണം. രണ്ടു മൂന്ന് പ്രാവശ്യം പ്രാക്ടീസ് ചെയ്തതപ്പോള്‍ department സല്യൂട്ട് ഞാനും പഠിച്ചെടുത്തു. അടുത്തത് പരിചയപ്പെടല്‍ ആണ്. കൂട്ടത്തില്‍ ലേറ്റസ്റ്റ് അഡ്മിഷന്‍ ഞാനായത് കൊണ്ട് എന്നെ ഹോട്ട് സീറ്റില്‍ ഇരുത്തി ചേട്ടന്മാര്‍ കോടീശ്വരന്‍ പരിപാടി തുടങ്ങി.

"എന്താടാ നിന്റെ പേര്." രഞ്ജിത്ത് ചേട്ടനാണ് സ്റ്റാര്‍ട്ട്‌ ചെയ്തത്.
"ഷജീര്‍ന്നാ ചേട്ടാ".
ചേട്ടാന്നാ? ആരാടാ നിന്റെ ചേട്ടന്‍!!? സാറേന്നു വിളിക്കെടാ.
ശരി സാര്‍,. (സാറ് പോലും സാറ്. ഇവനെയൊക്കെ അക്ഷരം മാറ്റിയാ വിളിക്കേണ്ടത്)
എന്താടാ നിന്റെ മുഴുവന്‍ പേര്? ചോദ്യം വിപിന്‍ ചേട്ടന്‍ വകയാണ്.
ഷജീര്‍ മുണ്ടോളീന്റവിട. ഇത് കേട്ടതും റൂമില്‍ ഒരു കൂട്ട ചിരി പടര്‍ന്നു.
എന്തുവാ? ഷജീര്‍ കാലിന്റെ ഇടയിലോ?
അല്ല സാര്‍ മുണ്ടോളീന്റവിട.
എന്ത് പേരാടാ ഇത്? നിന്റെ വാപ്പാന്റെ പേരാണോ ഇത് ?
അല്ല ..എന്റെ പൊരപ്പേരാ !
പൊര പേരോ അതെന്താ ?
വീട്ടു പേര്‍ .
എവിടെയാടാ നിന്റെ പൊര?
ബടേരയാ.
ബടേരയോ? കേരളത്തില്‍ അങ്ങനെ ഒരു സ്ഥലമുണ്ടോ?
ബടേരന്നാ പറഞ്ഞാ വടകര.
അങ്ങനെ മലയാളത്തില്‍ പറ. വടകരയില്‍ എവിടെയാ?
നാദാപുരത്തിന്റെടുത്തുള്ള എടച്ചേരി.
എന്താടാ നാദാപുരം എന്ന് പറഞ്ഞു ഞങ്ങളെ വിരട്ടുകയാണോ?
അല്ല ചേട്ടാ. സോറി സാറേ. എടച്ചേരിന്നു പറഞ്ഞാല്‍ ങ്ങക്ക് തിരിയൂലാലോ. അതോണ്ടാ നാദാപുരന്നു പറഞ്ഞെ.
"തിരിയൂലാലോ" ഇതെന്തു ഭാഷ? മലയാളമോ തമിളോ?
"ഇത് മലയാളം തന്നെയാ. തിരിയൂലാലോന്നു പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ എന്നാണ് ".

വടകര ഭാഷയില്‍ ഉള്ള എന്റെ ഉത്തരങ്ങള്‍ കേട്ട് എല്ലാരും ആര്‍ത്തട്ടഹസിച്ചു ചിരിക്കുകയാണ്. സീനിയേര്‍സിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ജൂനിയേര്‍സും കോറസായി ചിരിക്കുന്നുണ്ട്. സന്തോഷ്‌ പണ്ടിറ്റിനെ സുബിയും ബാബുരാജുമൊക്കെ പരിഹസിക്കും പോലെ "എന്തിരടപ്പീന്നും, ഫാരതത്തിന്റെ ഫാവിന്നും" ഒക്കെ പറയുന്ന ഫയങ്കരന്മാരാന് വടകര ഭാഷ പറയുന്നതിന്റെ പേരില്‍ എന്നെ കളിയാക്കുന്നത് ! "നിന്നെയൊക്കെ ഞാന്‍ സൗകര്യം പോലെ എടുത്തോളാമെടാ കാവല് നില്‍ക്കുന്ന ജന്തൂന്റെ മോനെ". ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

അടുത്ത ടാസ്ക് പുഷ് അപ്പ്‌ എടുക്കലാണ്. തുടര്‍ച്ചയായി അമ്പതു പുഷ് അപ്പ്‌ എടുക്കണം. ഞാന്‍ വളരെ 'സ്ളിം' ആയതു കൊണ്ട് പതിനഞ്ചെണ്ണം എടുത്തതും "ദേ വന്നു..ദേ പോയി" സ്റ്റൈലില്‍ ചക്ക വെട്ടിയിട്ടത് പോലെ നിലത്ത് വീണു. അസൈന്‍ ചെയ്ത ടാസ്ക് കമ്പ്ലീറ്റ്‌ ചെയ്യാത്തത് കൊണ്ട് തീപ്പെട്ടി കൊള്ളി ഉപയോഗിച്ച് റൂമിന്റെ നീളവും വീതിയും അളന്നു വിസ്തീര്‍ണം കണ്ടു പിടിക്കാനുള്ള പണിഷ്മെന്റ് തന്നു. വിസ്തീര്‍ണം കണ്ടു പിടിച്ചാല്‍ മാത്രം പോര; കിട്ടുന്ന ഉത്തരത്തെ സെന്റീ മീറ്ററിലും, മീറ്ററിലും കണ്‍വേര്‍ട്ട് ചെയ്യണം പോലും ! "നിന്റെയൊക്കെ ശവക്കുഴിയുടെ അളവെടുക്കാനും എന്നെ തന്നെ വിളിക്കണേ"എന്ന് ശപിച്ചു കൊണ്ട് ഞാന്‍ തറയില്‍ ഇരുന്നു തീപ്പെട്ടി കൊള്ളി കൊണ്ട് അളവെടുക്കാന്‍ തുടങ്ങി. സഹതാപം കൊണ്ടാണോ അതോ അവര്‍ക്ക് മടുത്തിട്ടാണോ എന്നറിയില്ല പത്തു നാല്‍പ്പതു മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്നോട് എഴുനേറ്റ് ഇരുന്നോളാന്‍ പറഞ്ഞു. അന്നത്തെ എപ്പിസോഡ് കഴിഞ്ഞ് എന്നെ റൂമില്‍ കൊണ്ടാക്കുമ്പോള്‍ വിപിന്‍ ചേട്ടന്‍ ചെവിയില്‍ മന്ത്രിച്ചു "ഇതെങ്ങാനം നീ കംപ്ലൈന്റ്റ്‌ ചെയ്യുകയോ, വീട്ടുകാരെ അറിയിക്കുകയോ ചെയ്‌താല്‍ നിന്റെ പഠിത്തം ഇതോടെ തീരും. പറഞ്ഞേക്കാം".

പിറ്റേന്ന് തന്നെ ഞാന്‍ ജൂനിയേര്‍സ്‌ ബ്ളോക്കിലേക്ക് താമസം മാറി. അതിനു ശേഷമാണ് ഹോസ്റ്റല്‍ ജീവിതം ശരിക്കും ആസ്വദിക്കാന്‍ തുടങ്ങിയത്. ക്ലാസ്സ്‌ മാറ്റ്സും, ബാച്ച് മാറ്റ്സും ഒക്കെയായി കുറെ ഫ്രണ്ട്സിനെ കിട്ടി. കോളേജ് തുറന്നു ഒരു മാസം കഴിഞ്ഞിട്ടും സീനിയേര്‍സ് ഞങ്ങളെ റാഗ് ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞങ്ങളാരാ മക്കള്‍ !! തരം കിട്ടുമ്പോഴൊക്കെ ഞങ്ങളും സീനിയേര്‍സിനു തിരിച്ചു പണി കൊടുക്കാന്‍ തുടങ്ങി. ടെറസിന്റെ മേലെ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന സീനിയേര്‍സിന്റെ ഡ്രസ്സ്‌ താഴെ എറിഞ്ഞും , ഹോസ്റ്റല്‍ ഫോണില്‍ സീനിയേര്‍സിന്റെ വീട്ടിന്നു കാള്‍ വന്നാല്‍ വീട്ടുകാരെ തെറി പറഞ്ഞും റാഗിങ്ങിന് പകരം ഞങ്ങള്‍ വീട്ടി. 

ഒരു ചാന്‍സ് ഒത്തു വന്നപ്പോള്‍ ഞാനും എന്റെ റൂം മേറ്റ്‌ മനുവും സീനിയേര്‍സിന് ഒരു പണി കൊടുത്തു. പക്ഷെ അവസാനം അത് ബൂമറാങ്ങ് ആയി ഞങ്ങളുടെ കോര്‍ട്ടില്‍ തന്നെ പതിച്ചു എന്നത് ഒരു ദുഖസത്യമായി ഇന്നും അവശേഷിക്കുന്നു. പാമ്പായും, പട്ടിയായും, അമല്‍ നീരദായും, ജാദുവായും പണി കിട്ടാറുണ്ടെങ്കിലും 'ചായയില്‍' പണി കിട്ടിയത് വേള്‍ഡ് ഹിസ്റ്ററിയില്‍ ആദ്യമായിട്ട് ഞങ്ങള്‍ക്കായിരിക്കും.

രഞ്ജിത്ത് ചേട്ടനും വിപിന്‍ ചേട്ടനും എന്നും ലേറ്റ് ആയിട്ടാണ് രാവിലെ എഴുനേല്‍ക്കുന്നത് . അവര്‍ കുളിച്ചൊരുങ്ങി റെഡിയായി മെസ്സില്‍ എത്തുമ്പോഴേക്കും ഫുഡ്‌ തീരും അല്ലെങ്കില്‍ എല്ലാരും മിച്ചം വെച്ചതേ കിട്ടാറുള്ളൂ . അതുകൊണ്ട് അവര്‍ക്ക് വേണ്ടി ഫുഡ്‌ എടുത്തു വെക്കാനുള്ള ഡ്യൂട്ടി എനിക്കും മനുവിനും കൂടി തന്നു. ഞങ്ങള്‍ ഫുഡ്‌ കഴിച്ചു കഴിഞ്ഞാല്‍ ചേട്ടന്മാര്‍ക്കുള്ള ചായയും പലഹാരവും പാര്‍സല്‍ ആയി എന്നും അവരുടെ റൂമില്‍ കൊണ്ട് വെക്കും. വളരെ ആത്മാര്‍ഥതയോടെ ഞങ്ങള്‍ ആ ഡ്യൂട്ടി ചെയ്തു പോന്നു. അങ്ങനെയെങ്കിലും ചേട്ടന്മാരോട് കമ്പനി കൂടാമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍.,. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും അവരുടെ സ്വഭാവത്തില്‍ ഒരു മാറ്റവുമില്ല. "ചങ്കരന്‍ സ്റ്റില്‍ ഓണ്‍ ദി കോക്കനട്ട് ട്രീ" തന്നെ !! 

ചേട്ടന്മാരുടെ ഈ പരട്ട സ്വഭാവം ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. "രാവിലെ എഴുനേറ്റ് ചായേം പലഹാരവും തീറ്റിക്കാന്‍ നമ്മള്‍ അവന്മാരുടെ കെട്ടിയോള് ഒന്നുമല്ലല്ലോ!" ഡീസല്‍ വില വര്‍ദ്ധനവ്‌ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ പോലെ ഞങ്ങളുടെയും ഫ്രെസ്ട്രേഷന്‍ തിളച്ചു മറഞ്ഞു. എന്നാല്‍ ഫുഡ്‌ എടുത്തു തരാന്‍ സൌകര്യമില്ല എന്ന് ചേട്ടന്മാരോട് പറയാനുള്ള ചങ്കൂറ്റവുമില്ല. ഈ ക്രിറ്റിക്കല്‍ സിറ്റുവേഷനിലാണ് മനു ആ ഐഡിയ പറഞ്ഞത്. "ചേട്ടന്മാര്‍ക്ക് കൊടുക്കുന്ന ചായയില്‍ തുപ്പിയിടുക. അവര്‍ക്ക് ചായയും കിട്ടും, നമ്മള്‍ തുപ്പിയിട്ട ചായയാണ് അവര്‍ കുടിക്കുന്നത് എന്നുള്ള സാറ്റിസ്ഫാക്ഷന്‍ നമുക്കും കിട്ടും. നമ്മളും ഹാപ്പി. അവരും ഹാപ്പി. നീ എന്ത് പറയുന്നു?" മനു എന്റെ മുഖത്ത് നോക്കി. "നീ ആള് കൊള്ളാലോ. നിന്റെ പെട്ടത്തലയില്‍ ഇത്രേം കുരുട്ടു ബുദ്ധി ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ലല്ലോ!! ഞാന്‍ റെഡിയാണ്. നമുക്കീ ഓപ്ഷന്‍ ലോക്ക് ചെയ്യാം" സുഹൃത്തിന്റെ ബുദ്ധിയില്‍ എനിക്ക് അഭിമാനം തോന്നി.

പിറ്റേന്ന് മുതല്‍ മെസ്സില്‍ നിന്ന് ചായയെടുത്തു ആദ്യം ഞങ്ങളുടെ റൂമില്‍ കൊണ്ടു വരും. എന്നിട്ട് രണ്ടോ മൂന്നോ പ്രാവശ്യം ചായയില്‍ തുപ്പിയതിനു ശേഷം സ്പൂണ്‍ വെച്ച് നല്ലോണം ഇളക്കി പതിവ് പോലെ ആ ചായ സീനിയേര്‍സിന്റെ റൂമില്‍ കൊണ്ടു വെയ്ക്കും. മൂന്ന് ദിവസം കാര്യങ്ങള്‍ വളരെ സ്മൂത്ത്‌ ആയി നടന്നു. നാലാം ദിവസം ചായയും കൊണ്ട് റൂമില്‍ ചെന്നപ്പോള്‍ രഞ്ജിത്ത് ചേട്ടന്‍ ദേഷ്യത്തോടെ ഞങ്ങളെയും വെയിറ്റ് ചെയ്തു നില്‍പ്പുണ്ട്. പതിവിനു വിപരീതമായി ആ നില്‍പ്പ് കണ്ടപ്പോഴേ എനിക്കൊരു പന്തിയില്ലായ്മ തോന്നിയിരുന്നു. പക്ഷെ അത് പുറത്തു കാണിക്കാതെ ഞാന്‍ അകത്തേക്ക് കയറി ചെന്ന് ചേട്ടനെ വിഷ് ചെയ്തു.
"ഗുഡ് മോര്‍ണിംഗ് ചേട്ടാ."
തിരിച്ചു വിഷ് ചെയ്യാതെ പുള്ളി കലിപ്പോടെ ചോദിച്ചു.
"എന്താടാ ചായയില്‍?"
"ചായപ്പൊടിയും പഞ്ചാരേം." ഒരു വളിപ്പടിച്ച് ചേട്ടനെ കൂള്‍ ആക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി നോക്കി. പക്ഷെ അതിന്റെ റിസള്‍ട്ട്‌ ഇത്തിരി കടന്നതായിരുന്നു.
"പാ. പന്ന.@#$@@ മോനെ...രാവിലെ തന്നെ ആളെ കളിയാക്കുന്നോ!!" ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം കൈയ്യിന്നു പോയി. അവസാന അടവെന്ന നിലക്ക് ഞാന്‍ വിനയകുനിയനായി.
"സത്യായിട്ടും ചേട്ടാ ചായയില്‍ ഒന്നുമില്ല". 
ചേട്ടന്‍ അല്പമൊന്നു അയഞ്ഞു. "എന്നാ ഈ ചായ നീയൊന്നു കുടിച്ചേ".

ഞാന്‍ തുപ്പിയിട്ട ചായ കുടിക്കാന്‍ ഞാന്‍ എന്തിനു മടിക്കണം. ഞാന്‍ അത് കുടിക്കാന്‍ ഒരുങ്ങിയതും എന്റെ കൈയിലുള്ള ചായ വാങ്ങി മനുവിനും അവന്റെ കൈയിലുള്ള ചായ എനിക്കും തന്നിട്ട് ഒരു ഗൂഡമായ നോട്ടത്തോടെ ചേട്ടന്‍ പറഞ്ഞു. "ഇനി നിങ്ങള്‍ രണ്ടാളും ചായ കുടിച്ചേ".

ഇങ്ങനെയൊരു ട്വിസ്റ്റ്‌ ഞങ്ങള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മന്ത്ര വടിയില്ലാതെ കുട്ടൂസന്റെ മുന്നില്‍ പെട്ട മായാവിയെ പോലെ, ബീവരേജിന്റെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അച്ഛന്റെ മുന്നില്‍ പെട്ടുപോയ മകനെ പോലെ, കോപ്പി അടി പിടിക്കപ്പെട്ടപ്പോള്‍ ചാനെല്‍ അവതാരകന്റെ ചോദ്യത്തിന് മുന്‍പില്‍ 'ബ ബ ബ' അടിക്കുന്ന ന്യൂ ജെനെറേഷന്‍ സംവിധായകനെ പോലെ ഞങ്ങളും നിന്ന നില്‍പ്പില്‍ പരുങ്ങാന്‍ തുടങ്ങി.

ഞങ്ങള്‍ ചായയില്‍ തുപ്പുന്ന കാര്യം ചേട്ടന് എവിടുന്നോ ചോര്‍ന്നു കിട്ടിയിട്ടുണ്ട് !! അല്ലാതെ ഇങ്ങനെ ചായ സ്വാപ്പ് ചെയ്തു കുടിക്കാന്‍ പറയില്ലല്ലോ!! ഞങ്ങളുടെ സീക്രെട്ട് അറിയാവുന്ന ഏതോ ഫസ്റ്റ് ഇയര്‍ കുലംക്കുത്തി ഒറ്റു കൊടുത്തതാവാനെ സാധ്യതയുള്ളൂ. സീനിയേര്‍സിനോട് കമ്പനി കൂടാന്‍ ഒരു വഴി അന്വേഷിച്ചു നടക്കുകയാണ് എല്ലാരും. അപ്പോള്‍ ചതിയും വഞ്ചനയും ഒക്കെ പ്രതീക്ഷിക്കാം. കുനിഞ്ഞാല്‍ കു.....കു....കുപ്പായവും അടിച്ചോണ്ട് പോകുന്ന ടീമാണ് ! സുഹൃത്താണ്, ക്ളാസ് മേറ്റാണ് എന്ന സെന്റിമെന്റ്സിനോന്നും ഇടമില്ലാതെ അച്യുതാനന്ദന്‍ സ്റ്റൈലില്‍ സ്വന്തം കാര്യം സിന്ദാബാദ് എന്നാണു എല്ലാരുടെയും സിദ്ധാന്തം.

കൂടുതല്‍ ആലോചിച്ചു നിന്നാല്‍ ചേട്ടന് ഡൌട്ട് വരും. ഒന്നുകില്‍ മനു തുപ്പിയ ചായ ഞാന്‍ കുടിക്കണം. അല്ലെങ്കില്‍ തെറ്റ് പറ്റിപ്പോയി എന്നും പറഞ്ഞു ചേട്ടന്റെ കാലില്‍ വീഴണം. അങ്ങനെയാണേല്‍ മൂന്നു ദിവസം അവരെ കൊണ്ട് തുപ്പല്‍ കുടിപ്പിച്ചതിനു തല്ലു ഉറപ്പാണ്. അതും പോരാഞ്ഞ് ഞങ്ങളെ ഒറ്റു കൊടുത്തവന്‍ സീനിയേര്‍സുമായി കമ്പനി ആകുകയും ചെയ്യും.! തല്ലു രണ്ടെണ്ണം കൊണ്ടാല്‍ സഹിക്കാവുന്നതേയുള്ളൂ. പക്ഷെ ഞങ്ങളുടെ അക്കൌണ്ടില്‍ ആ ഒറ്റുകാരന്‍ സീനിയേര്‍സുമായി കമ്പനി ആകും! എന്തൊക്കെ സഹിച്ചാലും കൂട്ടുകാരെ ചതിച്ച കുലംകുത്തി ആളാവുന്നത്‌ പൊറുപ്പിക്കാന്‍ പറ്റില്ല. !!

"എന്താടാ ചായ കുടിക്കാന്‍ നിനക്കൊരു മടി?" രഞ്ജിത്ത് ചേട്ടന്റെ ഫോളോ അപ്പ്‌ ചോദ്യം വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ വളരെ കൂള്‍ ആയിട്ട് ആ ചായയില്‍ നിന്ന് രണ്ടു സിപ്പ് വലിച്ചങ്ങു കുടിച്ചു. അത് കണ്ടതും പുള്ളിയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. അടുത്തത് മനുവിന്റെ ഊഴമാണ്. ഞാന്‍ തുപ്പിയ ചായ അവന്‍ കുടിക്കണം. അവന്റെ വിളറി വെളുത്ത മുഖം കണ്ടിട്ട് അത് കുടിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇനിയിപ്പോ അവനതു കുടിക്കാതെ എനിക്കിട്ടു പാര പണിയുമോ?. 

"മുണ്ടോളി എന്നും ചായയില്‍ തുപ്പാറുണ്ട്. ഞാന്‍ വേണ്ടാ വേണ്ടാന്നു അവനോടു പറഞ്ഞതാ..പക്ഷെ അവന്‍ അത് കേള്‍ക്കാറില്ല. അവന്റെ ചായ എനിക്ക് വേണ്ട. ഞാന്‍ ചായയില്‍ തുപ്പാറില്ല. അതാണല്ലോ മുണ്ടോളി ഒരു മടിയുമില്ലാതെ ഞാന്‍ കൊണ്ട് വന്ന ചായ കുടിച്ചത്". ഇങ്ങനെ പറഞ്ഞു അവനു ഈസിയായി രക്ഷപ്പെടാം. ഇതാകുമ്പോള്‍ സീനിയേര്‍സിന്റെ ഇടയില്‍ അവനു നല്ലൊരു ഇമേജും കിട്ടും ! തിരുവനന്തപുരംകാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആ തനിക്കൊണം ഇവനും കാണിക്കുമോ? എനിക്ക് ചെറിയൊരു പേടിയില്ലാതില്ല.

പക്ഷെ എന്റെ പേടി അസ്ഥാനത്തായിരുന്നു. താനൊരു അഭിനവ ചതിയന്‍ ചന്തുവല്ല എന്ന് തെളിയിച്ചു കൊണ്ട് മനുവും എന്റെ തുപ്പലുള്ള ചായ ഒരു മടിയുമില്ലാതെ വലിച്ചങ്ങു കുടിച്ചു. അപ്പോഴാണ്‌ എനിക്ക് ശ്വാസം നേരെ വീണത്‌ . ഒരു ചെറിയ സമയത്തേക്കെങ്കിലും എന്റെ സുഹൃത്തിനെ അവിശ്വസിച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരുന്നു !! മൈ ഫോണ്‍ നമ്പര്‍ ഈസ്‌,..........അത് എന്ത് പണ്ടാരമെങ്കിലും ആവട്ടെ...."തിരുവനന്തപുരംകാരനാണോ കോഴിക്കോട്കാരനാണോ എന്നല്ല പ്രധാനം; ആപത്ഘട്ടങ്ങളില്‍ കൂടെ നില്‍ക്കുന്നവനാണ് ഒരു യഥാര്‍ത്ഥ സുഹൃത്ത്‌ " എന്ന സത്യം എനിക്കൊരിക്കല്‍ കൂടി ബോധ്യപ്പെട്ടു . 'A Friend in Need is a Friend Indeed ' !!!


മുന്‍‌കൂര്‍ ജാമ്യം :- ഈ പോസ്റ്റില്‍ പറഞ്ഞ സംഭവങ്ങളും , കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്‌,. ജീവിച്ചിരിക്കുന്നതോ, മരിച്ചതോ, ഇനി ജനിക്കാന്‍ പോകുന്നതോ, ചാവാന്‍ കിടക്കുന്നതോ ആയ ഏതെങ്കിലും പണ്ടാര കാലന്മാരുമായി വല്ല മുള്ളിയാ തെറിച്ച സാമ്യതയും തോന്നുന്നുണ്ടെങ്കില്‍ അതന്റെ കുറ്റമല്ല. നിങ്ങളുടെ കയ്യിലിരുപ്പു ശരിയല്ലാത്തത് കൊണ്ടാണ്!!