ഞായറാഴ്‌ച, മേയ് 08, 2011

ദുബായ് മെട്രോയും ഉള്‍നാടന്‍ ജലപാതയും 1

ഭാഗം 1
____________________________________________________________________________

അന്നു ഒരു ശനിയാഴ്ചയായിരുന്നു.അവധി ദിവസം ആയതിനാല്‍ 10 മണിക്കെ എഴുനേറ്റുള്ളൂ. കുളിയും തേവാരവും ഒക്കെ കഴിഞ്ഞ്‌ ഒരു ഹാഫ് നിക്കറും അഥവ ഷൊര്‍ട്സും ഇട്ടു, ടിവിയും കണ്ടു, പഴയ സിനിമകളില്‍ ജയഭാരതിയും ഷീലയും ഒക്കെ കിടക്കുന്നതു പോലെ കട്ടിലില്‍ വിസ്താരമായി മലര്‍ന്നു കിടക്കുകയായിരുന്നു. ശനിയാഴ്ചകളില്‍ റൂമില്‍ ഞാന്‍ ഒറ്റയ്കാണ്‌. റൂം മാറ്റ്സിനു ലീവില്ല.പാവങ്ങള്‍! ഗവന്മേന്റ് കമ്പനി ആയതിനാല്‍ എനിക്കു രണ്ട് ദിവസം ലീവുണ്ട്. അതു കൊണ്ട് തന്നെ ശനിയാഴ്ചകളില്‍ എന്റെ ഭരണമാണ്‌ റൂമില്‍. ഭരണ പക്ഷവും പ്രതിപക്ഷം ഒക്കെ ഞാന്‍ തന്നെ.ഒരു കണക്കിനു നോക്കുകയാണേല്‍ നമ്മുടെ മുഖ്യമന്ത്രിയെ പോലെ. പുള്ളിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ ; പ്രതിപക്ഷത്തിരിക്കുന്നവര്‍ അവരുടെ പണി ചെയ്യാത്തതു കൊണ്ടല്ലേ അതും കൂടി പുള്ളി ചെയ്യുന്നതു!! ഞാന്‍ പറഞ്ഞു വരുന്നതു എന്താനെന്നു വച്ചാല്‍ ഈ ശനിയാഴ്ചകലില്‍ ആണ്‌ എന്റേതായ കലാപരിപാടികള്‍ റൂമില്‍ അരങ്ങേറുന്നത്‌.എന്തു കലാപരിപാടി എന്നാവും അല്ലെ? അലക്ക്‌,തേപ്പ്,ഷേവിങ്, ഷൂ പോളിഷിങ്, പിന്നെ നാട്ടിലെ ഫ്രന്റ്സിന്റെ നമ്പറില്‍ ഒക്കെ മിസ്സ് കാള്‍ കൊടുത്ത്‌ ശല്യപ്പെടുത്തുക..ഇതൊക്കെയാണ്‌ സംഭവങ്ങള്‍.

മേല്‍പ്പറഞ്ഞതൊക്കെ പാര്‍ട് ടൈം ആണ്. പേരിനു ബാച്ചിലര്‍ ആണേലും കല്യാണം ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇപ്പൊള്‍ ഒരു വിധം കാര്യം മനസ്സിലായി കാണുമല്ലോ? എന്താണ്‌ ഫുള്‍ ടൈം പണി എന്നല്ലേ? അതെ അതു തന്നെ. ഫിയാന്‍സിയുമയി  ഫോണില്‍ 'സൊള്ളല്‍'. ഈ കല്യാണം ഉറപ്പിച്ചു വച്ച പെണ്ണിന്‌ എന്താണാവോ മലയാളത്തില്‍ പറയുക? എഴുത്തച്ഛന്റെ കാലത്തു ആരും കല്യാണം ഉറപ്പിക്കാറില്ലെ ആവോ? അല്ലേലും മലയാളതിന്റെ കാര്യം ഇങ്ങനെയാണ്‌. ആവശ്യം വരുമ്പോള്‍ വാക്കുകള്‍ കിട്ടില്ല. നാക്കിന്റെ തുമ്പില്‍ വരുമെങ്കിലും തുപ്പാന്‍ പറ്റില്ല. ചിലപ്പോള്‍ വാക്കുകള്‍ കിട്ടിയാലും ഉപയോഗിക്കാന്‍ പറ്റണ്ടേ? വൈദ്യത ആഗമന  നിഗമന നിയന്ത്രണ യന്ത്രം എന്നാല്‍ ഇത്തിരി പോന്ന 'സ്വിച്ച്' ന്റെ മലയാളം വാക്കാണെന്നു പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ? മലയാള ഭാഷ പെറ്റമ്മയുടെ മുലപ്പാല്‍ ആണെന്നും ബാക്കിയുള്ള ഭാഷയൊക്കെ കവര്‍ പാലാണെന്നും അറിയാഞ്ഞിട്ടെല്ല. എന്തായാലും കവര്‍ പാല്‍ മില്‍മ പാല്‍ ആകാന്‍ വഴിയില്ല. മുലപ്പാലിനേക്കാള്‍ വിലയല്ലേ മില്‍മ പാലിന്‌ ! അപ്പോള്‍ കേമന്‍ മില്‍മ പാല്‍ അല്ലേ?

തല്‍ക്കാലം പാല്‍ അവിടുന്ന്‌ തിളക്കട്ടെ. നമ്മുടെ കാര്യത്തിലോട്ട് വരാം. എന്തൊക്കെ പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ മലയാളത്തേക്കാള്‍ എളുപ്പം ഇംങ്ളീഷ് വാക്കുകള്‍ ഉപയോഗിക്കാനാണ്‌.ആയതിനാല്‍ കെട്ടാന്‍ പോന്ന പെണ്ണിനെ തല്‍ക്കാലം 'ഫിയാന്‍സി' എന്നു തന്നെ വിളിക്കാം അല്ലേ? ആ അവള്‍ കാലികറ്റ് സര്‍വകലാശാലയില്‍ എം ഫിലിനു പഠിക്കയാണ്‌.വിഷയം കെമിസ്ട്രിയാണ്‌. എന്റോസല്‍ഫാനു പകരം പുതിയ കീടനാശിനി കണ്ടു പിടിക്കുക എന്നതാണു പോലും അവളുടെ ജീവിതാഭിലാഷം. എന്തു നല്ല ആഗ്രഹം അല്ലെ! അനിയത്തി പ്രാവില്‍ ജനാര്‍ദനന്‍ കീടനാശിനി പരീക്ഷണം കുഞ്ചാക്കോ ബോബന്റെ മേലെ ചെയ്തതു പോലെ അവളുടെ പരീക്ഷണം എന്റെ മേലെ ആവുമോ ആവോ! അതു കൊണ്ട് തന്നെ പരീക്ഷണം ഒക്കെ കല്യാണത്തിനു മുന്‍പു തീര്‍ത്തോളാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.തീവ്രവാദികള്‍ക്കു പാക്കിസ്താന്റെ മണ്ണില്‍ അഭയം നല്‍കരുതെന്ന ഇന്ത്യയുടെ ശാസനം പാക്കിസ്താന്‍ തള്ളിക്കളയുന്നതു പോലെ എന്റെ ഈ ശാസനവും എന്താകും എന്നറിയില്ല!
       
ഇത്പോലെയുള്ള ശാസനകളും, അപേക്ഷകളും, വഴക്കുകളും,ഭാവിയില്‍ ജനിക്കാന്‍ പോന്ന കുട്ടികള്‍ക്കു പേരിടലും, കല്യാണ കത്തിന്റെ നിറം തീരുമാനിക്കലും ഒക്കെ ഈ ശനിയാഴ്ചകളിലാണ്‌. ആരുമില്ലാത്ത നേരത്തല്ലേ ഇങ്ങനെയൊക്കെ സ്വൈര്യമായി സൊള്ളാന്‍ പറ്റുള്ളൂ. അല്ലേലും കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ എല്ലാരും ഇതൊക്കെ തന്നെയല്ലെ സംസാരിക്കുന്നത്‌? അല്ലാതെ ഇന്ത്യ പാക് സമാധാന കരാറിനെ കുറിച്ചോ, ലിബിയയിലെ ആഭ്യന്തര കലാപത്തെ കുറിച്ചോ ആരേലും സംസാരിക്കുമോ? ഇതെന്താ ഏഷ്യാനെറ്റിലെ വിദേശ വിജാരം പരിപാടിയോ? പിന്നെ എന്റെ കാര്യത്തില്‍ ചെറിയ ഒരു വിത്യാസം ഉണ്ട്. ഇന്റെര്‍നാഷനല്‍ കാളാണ്. അവളുടെ കാലിക്കറ്റ് യൂനിവേര്‍സിറ്റി വിശേഷവും എന്റെ ദുബായ് വിശേഷവും ഒക്കെ പറഞ്ഞു വരുമ്പോഴേക്കും മണിക്കൂര്‍ 2,3 വേണ്ടി വരും. നേരായ വഴിക്കു ഫോണ്‍ ചെയ്താല്‍ ശമ്പളം അതിനെ തികയുള്ളു. എന്നെ പോലെയുള്ള പാവങ്ങളെ സഹായിക്കനാണ്‌ ഏതോ ഒരു മഹാന്‍ ഇന്റെര്‍നെറ്റ് കാള്‍ അഥവ വോയ്പ് കാള്‍ കണ്ട് പിടിച്ചത്. ആ മഹാന്‌ ഈ വര്‍ഷത്തെയോ അടുത്ത വര്‍ഷത്തെയോ നോബെല്‍ പ്രൈസ് സമ്മാനിക്കണമെന്ന്‌ എല്ലാ ഗള്‍ഫ്കാര്‍ക്കും വേണ്ടി ഞാന്‍ ശക്തി യുക്തം ആവശ്യപ്പെടുകയാണ്‌. നോബെല്‍ പ്രൈസിനെ കുറിച്ചു കഴിഞ്ഞ വര്‍ഷം വരെ നല്ല അഭിപ്രായം ആയിരുന്നു. ബരാക്‌ ഒബാമയ്ക്കു സമാധാനത്തിനുള്ള നോബെല്‍ സമ്മാനം കൊടുത്തതോടെ ആ അഭിപ്രായം അങ്ങു മാറി കിട്ടി. അല്ലേലും ഒബാമയേക്കാള്‍ ഈ സമ്മാനത്തിന്‌ അര്‍ഹനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ!! അതാരാണാവോ എന്നാവും അല്ലേ? വേരെ ആരും അല്ല നമ്മുടെ പ്രധാനമന്ത്രി തന്നെ. ഇത്രയും സമാധാനകാംക്ഷിയായ വേറെ ആരാണ്‌ ലോകത്തുള്ളത്‌? വായില്‍ കയ്യിട്ടാല്‍ പോലും കടിക്കില്ല.ഒരു ഭാഗത്ത്‌ നിന്ന്‌ രാജയും മറ്റേ ഭാഗത്ത്‌ നിന്ന്‌ കല്‍മാഡിയും കൂടി കോടികള്‍ കട്ട് മുടിച്ചപ്പോഴും പാവങ്ങളല്ലേ വീട്ടിലെ കഷ്ടപ്പാട്‌ കൊണ്ടല്ലേ എന്നുകരുതി മിണ്ടാതിരുന്ന പുള്ളിയാണ്‌. അപ്പോള്‍ പുള്ളിക്കല്ലെ നോബെല്‍ പ്രൈസ്‌ കൊടുക്കേണ്ടത് !



3 അഭിപ്രായങ്ങൾ:

ചെറുത്* പറഞ്ഞു...

രണ്ട് കാര്യത്തിനോട് ഞാനും യോജിക്കും.
ഒന്ന് വോയ്പ് കോളും, മറ്റത് മ്മടെ തൊപ്പിക്കാരന്‍ സിങ്ങും.. അങ്ങേരോളും സമാധാനപ്രിയരെ കാണാന്‍ കിട്ട്വോ :)

ചെറുത്* പറഞ്ഞു...

എന്നാത്തിനാ മാഷേ കമന്‍‍റ് ഇടുന്നതിന്‍ ഒരു കോഡ് വെരിഫിക്കേഷന്‍? അതൊക്കെ കൊടുത്ത് അഭിപ്രായം പറയാന്‍ ആരും നിക്കും ന്ന് തോന്നണില്ല.

(വാക്ക് തിട്ടപ്പെടുത്തല്‍:
ദൃശ്യം തിട്ടപ്പെടുത്തല്‍)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുതേ, ഞാനിപ്പോഴും ബ്ലോഗ് മഹാസാഗരത്തില്‍ നീന്തിക്കളിക്കുന്ന പൈതലാണ്‌. കോഡ് വെരിഫിക്കേഷന്‍ എനേബള്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു. ഈ കാര്യം അറിയിച്ചതിനു നന്ദി. വെരിഫിക്കേഷന്‍ ഡിസേബ്‌ള്‍ ചെയ്തിട്ടുണ്ട്.
അഭിപ്രായത്തിനും നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ