വെള്ളിയാഴ്‌ച, ജൂലൈ 05, 2013

ഹോസ്റ്റല്‍ ചരിതം ചായക്കഥ നാലാം ദിവസം.

എന്റെ ഡിഗ്രി പഠനം കോയമ്പത്തൂരിലെ കര്‍പ്പഗം കോളേജില്‍ ആയിരുന്നു. മൂന്നു വര്‍ഷത്തെ കോയമ്പത്തൂര്‍ വാസവും, ഹോസ്റ്റല്‍ ജീവിതവും എന്റെ വ്യക്തി ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. വടകരയിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന നാണം കുണുങ്ങിയും,അന്തര്‍മുഖനുമായ എനിക്ക് വ്യത്യസ്ഥ തരക്കാരായ ആളുകളെ കൈകാര്യം ചെയ്യാനും, ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പാറ പോലെ ഉറച്ചു നില്‍ക്കാനും ട്രെയിനിംഗ് കിട്ടിയത് ഈ കോയമ്പത്തൂര്‍ ജീവിതത്തില്‍ നിന്നാണ്. 

ഹോസ്റ്റല്‍ ജീവിതത്തിലെ ഹണിമൂണ്‍ കാലം ഫസ്റ്റ് ഇയര്‍ ആയിരുന്നു! വീട്ടിന്നു മാറി നില്‍ക്കുന്ന നവവധുവിനെ പോലെ ആദ്യ ഒരാഴ്ച ഹോം സിക്നെസ്സ് ഫീല്‍ ചെയ്യുമെങ്കിലും പുതിയ കൂട്ടുകാരുമായും, ചുറ്റുപാടുമായും ഇണങ്ങി ചേര്‍ന്ന് കഴിഞ്ഞാല്‍ ഹോസ്റ്റല്‍ എന്ന ഭര്‍തൃഗൃഹം ശരിക്കും ഒരു സ്വര്‍ഗമാണ്. സീനിയേര്‍സിന്റെ വകയുള്ള റാഗിങ്ങും, സീനിയേര്‍സിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ജൂനിയേര്‍സ്‌ നടത്തുന്ന ടോം ആന്‍ഡ്‌ ജെറി ഗെയിമുമായിരുന്നു ഹോസ്റ്റെലിലെ ഏറ്റവും ഇന്ട്രെസ്റ്റിംഗ് ഐറ്റംസ്. പക്ഷെ അത്ര ഇന്ട്രെസ്റ്റിംഗ് അല്ലാത്ത വേറൊരു ഐറ്റം ഉണ്ട്. ജൂനിയേര്‍സിന്റെ ഇടയിലുള്ള ഗാങ്ങ് വാര്.,. ആഞ്ഞൊന്നു തുമ്മിയാല്‍ പോലും ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്ന ബ്ലോഗര്‍മാരെ പോലെ, ജൂനിയേര്‍സിന്റെ ഇടയില്‍ കാക്കതൊള്ളായിരം ഗാങ്ങുകള്‍ ഉണ്ടായിരുന്നു !!

റാഗിങ്ങ് ഉണ്ടാകില്ല എന്ന വിശ്വാസത്തില്‍ ആയിരുന്നു മലയാളികള്‍ കുറവായ ഈ കോളേജ് സെലക്ട്‌ ചെയ്തത് . 'വിശ്വാസം അതല്ലേ എല്ലാം' എന്ന് പറഞ്ഞ ആ മഹാനെ എന്റെ കൈയ്യില്‍ കിട്ടിയെങ്കില്‍ ഒരു പ്ലേറ്റ് ഷവര്‍മ വാങ്ങി കൊടുത്തേനെ!! അത്രയ്ക്കും ഭീകരമായിരുന്നു ഹോസ്റ്റെലിലെ എന്റെ റാഗിങ്ങ് അനുഭവങ്ങള്‍"". ,.ഏ കെ ആന്റണിയുടെ വാക്കുകള്‍ ലോണ്‍ എടുത്ത് പറയുകയാണെങ്കില്‍ "വളരെ മൃഗീയവും,പൈശാചികവുമായിട്ടായിരുന്നു സീനിയേര്‍സ് ഞങ്ങളെ പീഡിപ്പിച്ചത് "!. ജീവിതത്തില്‍ ഒരിക്കല്‍ പോലും വീട്ടില്‍ നിന്ന് മാറി നിന്നിട്ടില്ലാത്ത എനിക്ക് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ ഭയങ്കര ആവേശമായിരുന്നു. പക്ഷെ ഹോസ്റെലിലെ ആദ്യ രാത്രി തന്നെ ആ ആവേശമൊക്കെ അണ്ണ ഹസാരയുടെ അഴിമതി സമരം പോലെ കെട്ടടങ്ങിപ്പോയി !

ഞാന്‍ ജോയിന്‍ ചെയ്തത് കോളേജ് തുറന്നു ഒരാഴ്ചയ്ക്ക് ശേഷമായതിനാല്‍ ജൂനിയേര്‍സ്‌ ബ്ളോക്കില്‍ ബെഡ് ഒഴിവില്ലായിരുന്നു. അതിനാല്‍ ഒരു MCA ഫസ്റ്റ് ഇയര്‍ ചേട്ടന്റെ റൂമിലാണ് എന്നെ താല്‍ക്കാലികമായി താമസിപ്പിച്ചത്. റോഷന്‍ എന്നായിരുന്നു ആ ചേട്ടന്റെ പേര്. ഞങ്ങളുടെ റൂമിന്റെ തൊട്ടടുത്ത റൂമുകളില്‍ താമസിക്കുന്നത് എന്റെ സീനിയേര്‍സ് ആണെന്നും, വാര്‍ഡനോട് പറഞ്ഞു ഉടനെ തന്നെ ജൂനിയേര്‍സ്‌ ബ്ളോക്കിലേക്ക് മാറുന്നതാണ് എനിക്ക് നല്ലതെന്നും റോഷന്‍ ചേട്ടന്‍ ഉപദേശിച്ചു. "പിന്നെ ഒരുപദേശി വന്നിരിക്കുന്നു. ഞാനും 2000 രൂപ ഹോസ്റ്റല്‍ ഫീസ്‌ കൊടുത്താ ഇവിടെ താമസിക്കുന്നത്. ജൂനിയേര്‍സ്‌ ബ്ളോക്കില്‍ സ്ഥലമില്ലെങ്കില്‍ അത് ഉണ്ടാകുന്നത് വരെ ഞാന്‍ ഇവിടെ തന്നെ കിടക്കും. അല്ല പിന്നെ". ചേട്ടനാണെങ്കിലും പുള്ളിയുടെ ഉപദേശം എനിക്ക് ദഹിച്ചില്ല. എന്നെ കൂടെ താമസിപ്പിക്കാനുള്ള അസഹിഷ്ണുത കൊണ്ടാണ് ഈ ഉപദേശം എന്നായിരുന്നു എന്റെ ധാരണ. എന്റെ നന്മയെ കരുതിയാണ് പുള്ളി അങ്ങനെ പറഞ്ഞതെന്ന് വഴിയെ എനിക്ക് ബോധ്യപ്പെട്ടു. അല്ലെങ്കിലും 'ഓള്‍ഡ്‌ പീപിള്‍സ് ചൊല്ലും, മുതു ഗൂസ്ബെറിയും ആദ്യം കയ്ക്കും പിന്നെ സ്വീറ്റിക്കും ' എന്നല്ലേ കവി വചനം!

"ബെഡ് ഇല്ലെങ്കിലും സാരമില്ല. ഞാന്‍ നിലത്ത് കിടന്നോളാം" എന്ന് പറഞ്ഞു വാര്‍ഡന്റെ കാലു പിടിച്ചു പിറ്റേന്ന് തന്നെ ഞാന്‍ ജൂനിയേര്‍സ്‌ ബ്ലോക്കിലേക്ക് താമസം മാറി. അല്ലെങ്കില്‍ മാറ്റേണ്ടി വന്നു. അത്രയ്ക്കും കഠിനമായിരുന്നു ഫസ്റ്റ് നൈറ്റ്‌ എക്സ്പീരിയന്‍സ് ! ഡിന്നര്‍ കഴിഞ്ഞതിനു ശേഷം റോഷന്‍ ചേട്ടനുമായി വിശേഷം പറഞ്ഞിരിക്കുമ്പോഴാണ് ആരോ വാതിലില്‍ മുട്ടിയത്,. വാതില്‍ തുറന്നപ്പോള്‍ എനിക്ക് പരിചയമില്ലാത്ത രണ്ടു പേരായിരുന്നു.

"നിന്റെ സീനിയേര്‍സ് ആണ്. ഞാന്‍ രഞ്ജിത്ത്. ഇവന്‍ വിപിന്‍"," ഒരു ചേട്ടന്‍ സ്വയം പരിചയപ്പെടുത്തി. 
"നിന്റെ ക്ലാസ്സ്‌ മേറ്റ്സ് എല്ലാരും ജൂനിയേര്‍സ്‌ ബ്ലോക്കില്‍ ഉണ്ട്. എല്ലാരും നിന്നെ പരിചയപ്പെടാന്‍ വെയിറ്റ് ചെയ്യുകയാണ്. നിന്നെ അങ്ങോട്ട്‌ കൂട്ടി കൊണ്ട് പോവാനാ ഞങ്ങള്‍ വന്നത്" വിപിന്‍ ചേട്ടന്‍ ആഗമനോദ്ദേശ്യം അറിയിച്ചു. എന്റെ മുഖത്തെ പരിഭ്രമം കണ്ടിട്ടാവാം ചേട്ടന്‍ തുടര്‍ന്നു.
"ഇത് റാഗിങ്ങ് ഫ്രീ കോളേജാണ് . ഇവിടെ സീനിയേര്‍സും ജൂനിയേര്‍സും വളരെ ഫ്രണ്ട്ലി ആയിട്ടാണ് ഇടപഴകുന്നത്" 
"റാഗിങ്ങ് വിമുക്തമായ കര്‍പ്പഗം" എന്ന ഗാന്ധിജിയുടെ സ്വപ്നം നടപ്പിലാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ചേട്ടന്മാരുടെ ഈ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ എന്റെ എല്ലാ പേടിയും മാറി. "916 പരിശുദ്ധിയുള്ള ഈ ചേട്ടന്മാരെ കുറിച്ചാണോ റോഷന്‍ ചേട്ടന്‍ അപവാദം പറഞ്ഞത്". കൂടുതല്‍ ചിന്തിച്ചു ഹെഡ് പുണ്ണാക്കാതെ ഞാന്‍ അവരുടെ കൂടെ പോയി.

എന്നെയും കൂട്ടി അവര്‍ ജൂനിയേര്‍സ്‌ ബ്ളോക്കിലെ ഒരു മുറിയിലേക്കാണ് പോയത്. ഞങ്ങള്‍ ആ റൂമിലേക്ക്‌ പ്രവേശിച്ചതും അകത്തുണ്ടായിരുന്ന എല്ലാരും ചാടി എഴുനേറ്റ് ഒരു പ്രത്യേക തരത്തില്‍ സല്യൂട്ട് ചെയ്തു. അതെന്താണെന്ന് എനിക്ക് മനസ്സിലായില്ലെങ്കിലും പരിചയപ്പെടുത്താനാണെന്ന പേരില്‍ എന്നെ ട്രാപ്പിലാക്കി റാഗ് ചെയ്യാന്‍ കൊണ്ട് വന്നിരിക്കുകയാണെന്ന് മനസ്സിലായി. ഞങ്ങള്‍ റൂമിലേക്ക്‌ കയറിയപ്പോള്‍ എല്ലാരും ചെയ്തത് പോലെ സല്യൂട്ട് അടിക്കാനാണ്‌ ആദ്യമായി എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യാന്‍ അറിയില്ല എന്ന് പറഞ്ഞു രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ ഒരു ജൂനിയര്‍ പയ്യന്‍ എനിക്കതിന്റെ ഡെമോ കാണിച്ചു തന്നു. ഈ സല്യൂട്ടിനു department സല്യൂട്ട് എന്നാണു പേര് !!

'ഇന്പുട്ട് ,ഔട്ട്‌ പുട്ട് 'എന്ന് പറഞ്ഞു വലത്തേ കൈ കൊണ്ട് ഇടത്തെ നെഞ്ചത്തും, ഇടത്തെ കൈ കൊണ്ട് വലത്തെ നെഞ്ചത്തും അടിച്ചു , രണ്ടു കൈ കൊണ്ടും ലിംഗത്തില്‍ പിടിച്ചു 'സീ പീ യു ' എന്ന് പറഞ്ഞതിന് ശേഷം വലത്തേ കൈ കൊണ്ട് സല്യൂട്ട് അടിക്കണം. രണ്ടു മൂന്ന് പ്രാവശ്യം പ്രാക്ടീസ് ചെയ്തതപ്പോള്‍ department സല്യൂട്ട് ഞാനും പഠിച്ചെടുത്തു. അടുത്തത് പരിചയപ്പെടല്‍ ആണ്. കൂട്ടത്തില്‍ ലേറ്റസ്റ്റ് അഡ്മിഷന്‍ ഞാനായത് കൊണ്ട് എന്നെ ഹോട്ട് സീറ്റില്‍ ഇരുത്തി ചേട്ടന്മാര്‍ കോടീശ്വരന്‍ പരിപാടി തുടങ്ങി.

"എന്താടാ നിന്റെ പേര്." രഞ്ജിത്ത് ചേട്ടനാണ് സ്റ്റാര്‍ട്ട്‌ ചെയ്തത്.
"ഷജീര്‍ന്നാ ചേട്ടാ".
ചേട്ടാന്നാ? ആരാടാ നിന്റെ ചേട്ടന്‍!!? സാറേന്നു വിളിക്കെടാ.
ശരി സാര്‍,. (സാറ് പോലും സാറ്. ഇവനെയൊക്കെ അക്ഷരം മാറ്റിയാ വിളിക്കേണ്ടത്)
എന്താടാ നിന്റെ മുഴുവന്‍ പേര്? ചോദ്യം വിപിന്‍ ചേട്ടന്‍ വകയാണ്.
ഷജീര്‍ മുണ്ടോളീന്റവിട. ഇത് കേട്ടതും റൂമില്‍ ഒരു കൂട്ട ചിരി പടര്‍ന്നു.
എന്തുവാ? ഷജീര്‍ കാലിന്റെ ഇടയിലോ?
അല്ല സാര്‍ മുണ്ടോളീന്റവിട.
എന്ത് പേരാടാ ഇത്? നിന്റെ വാപ്പാന്റെ പേരാണോ ഇത് ?
അല്ല ..എന്റെ പൊരപ്പേരാ !
പൊര പേരോ അതെന്താ ?
വീട്ടു പേര്‍ .
എവിടെയാടാ നിന്റെ പൊര?
ബടേരയാ.
ബടേരയോ? കേരളത്തില്‍ അങ്ങനെ ഒരു സ്ഥലമുണ്ടോ?
ബടേരന്നാ പറഞ്ഞാ വടകര.
അങ്ങനെ മലയാളത്തില്‍ പറ. വടകരയില്‍ എവിടെയാ?
നാദാപുരത്തിന്റെടുത്തുള്ള എടച്ചേരി.
എന്താടാ നാദാപുരം എന്ന് പറഞ്ഞു ഞങ്ങളെ വിരട്ടുകയാണോ?
അല്ല ചേട്ടാ. സോറി സാറേ. എടച്ചേരിന്നു പറഞ്ഞാല്‍ ങ്ങക്ക് തിരിയൂലാലോ. അതോണ്ടാ നാദാപുരന്നു പറഞ്ഞെ.
"തിരിയൂലാലോ" ഇതെന്തു ഭാഷ? മലയാളമോ തമിളോ?
"ഇത് മലയാളം തന്നെയാ. തിരിയൂലാലോന്നു പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ എന്നാണ് ".

വടകര ഭാഷയില്‍ ഉള്ള എന്റെ ഉത്തരങ്ങള്‍ കേട്ട് എല്ലാരും ആര്‍ത്തട്ടഹസിച്ചു ചിരിക്കുകയാണ്. സീനിയേര്‍സിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി ജൂനിയേര്‍സും കോറസായി ചിരിക്കുന്നുണ്ട്. സന്തോഷ്‌ പണ്ടിറ്റിനെ സുബിയും ബാബുരാജുമൊക്കെ പരിഹസിക്കും പോലെ "എന്തിരടപ്പീന്നും, ഫാരതത്തിന്റെ ഫാവിന്നും" ഒക്കെ പറയുന്ന ഫയങ്കരന്മാരാന് വടകര ഭാഷ പറയുന്നതിന്റെ പേരില്‍ എന്നെ കളിയാക്കുന്നത് ! "നിന്നെയൊക്കെ ഞാന്‍ സൗകര്യം പോലെ എടുത്തോളാമെടാ കാവല് നില്‍ക്കുന്ന ജന്തൂന്റെ മോനെ". ഞാന്‍ മനസ്സില്‍ കുറിച്ചിട്ടു.

അടുത്ത ടാസ്ക് പുഷ് അപ്പ്‌ എടുക്കലാണ്. തുടര്‍ച്ചയായി അമ്പതു പുഷ് അപ്പ്‌ എടുക്കണം. ഞാന്‍ വളരെ 'സ്ളിം' ആയതു കൊണ്ട് പതിനഞ്ചെണ്ണം എടുത്തതും "ദേ വന്നു..ദേ പോയി" സ്റ്റൈലില്‍ ചക്ക വെട്ടിയിട്ടത് പോലെ നിലത്ത് വീണു. അസൈന്‍ ചെയ്ത ടാസ്ക് കമ്പ്ലീറ്റ്‌ ചെയ്യാത്തത് കൊണ്ട് തീപ്പെട്ടി കൊള്ളി ഉപയോഗിച്ച് റൂമിന്റെ നീളവും വീതിയും അളന്നു വിസ്തീര്‍ണം കണ്ടു പിടിക്കാനുള്ള പണിഷ്മെന്റ് തന്നു. വിസ്തീര്‍ണം കണ്ടു പിടിച്ചാല്‍ മാത്രം പോര; കിട്ടുന്ന ഉത്തരത്തെ സെന്റീ മീറ്ററിലും, മീറ്ററിലും കണ്‍വേര്‍ട്ട് ചെയ്യണം പോലും ! "നിന്റെയൊക്കെ ശവക്കുഴിയുടെ അളവെടുക്കാനും എന്നെ തന്നെ വിളിക്കണേ"എന്ന് ശപിച്ചു കൊണ്ട് ഞാന്‍ തറയില്‍ ഇരുന്നു തീപ്പെട്ടി കൊള്ളി കൊണ്ട് അളവെടുക്കാന്‍ തുടങ്ങി. സഹതാപം കൊണ്ടാണോ അതോ അവര്‍ക്ക് മടുത്തിട്ടാണോ എന്നറിയില്ല പത്തു നാല്‍പ്പതു മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്നോട് എഴുനേറ്റ് ഇരുന്നോളാന്‍ പറഞ്ഞു. അന്നത്തെ എപ്പിസോഡ് കഴിഞ്ഞ് എന്നെ റൂമില്‍ കൊണ്ടാക്കുമ്പോള്‍ വിപിന്‍ ചേട്ടന്‍ ചെവിയില്‍ മന്ത്രിച്ചു "ഇതെങ്ങാനം നീ കംപ്ലൈന്റ്റ്‌ ചെയ്യുകയോ, വീട്ടുകാരെ അറിയിക്കുകയോ ചെയ്‌താല്‍ നിന്റെ പഠിത്തം ഇതോടെ തീരും. പറഞ്ഞേക്കാം".

പിറ്റേന്ന് തന്നെ ഞാന്‍ ജൂനിയേര്‍സ്‌ ബ്ളോക്കിലേക്ക് താമസം മാറി. അതിനു ശേഷമാണ് ഹോസ്റ്റല്‍ ജീവിതം ശരിക്കും ആസ്വദിക്കാന്‍ തുടങ്ങിയത്. ക്ലാസ്സ്‌ മാറ്റ്സും, ബാച്ച് മാറ്റ്സും ഒക്കെയായി കുറെ ഫ്രണ്ട്സിനെ കിട്ടി. കോളേജ് തുറന്നു ഒരു മാസം കഴിഞ്ഞിട്ടും സീനിയേര്‍സ് ഞങ്ങളെ റാഗ് ചെയ്യുന്നത് തുടര്‍ന്ന് കൊണ്ടേയിരുന്നു. ഞങ്ങളാരാ മക്കള്‍ !! തരം കിട്ടുമ്പോഴൊക്കെ ഞങ്ങളും സീനിയേര്‍സിനു തിരിച്ചു പണി കൊടുക്കാന്‍ തുടങ്ങി. ടെറസിന്റെ മേലെ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന സീനിയേര്‍സിന്റെ ഡ്രസ്സ്‌ താഴെ എറിഞ്ഞും , ഹോസ്റ്റല്‍ ഫോണില്‍ സീനിയേര്‍സിന്റെ വീട്ടിന്നു കാള്‍ വന്നാല്‍ വീട്ടുകാരെ തെറി പറഞ്ഞും റാഗിങ്ങിന് പകരം ഞങ്ങള്‍ വീട്ടി. 

ഒരു ചാന്‍സ് ഒത്തു വന്നപ്പോള്‍ ഞാനും എന്റെ റൂം മേറ്റ്‌ മനുവും സീനിയേര്‍സിന് ഒരു പണി കൊടുത്തു. പക്ഷെ അവസാനം അത് ബൂമറാങ്ങ് ആയി ഞങ്ങളുടെ കോര്‍ട്ടില്‍ തന്നെ പതിച്ചു എന്നത് ഒരു ദുഖസത്യമായി ഇന്നും അവശേഷിക്കുന്നു. പാമ്പായും, പട്ടിയായും, അമല്‍ നീരദായും, ജാദുവായും പണി കിട്ടാറുണ്ടെങ്കിലും 'ചായയില്‍' പണി കിട്ടിയത് വേള്‍ഡ് ഹിസ്റ്ററിയില്‍ ആദ്യമായിട്ട് ഞങ്ങള്‍ക്കായിരിക്കും.

രഞ്ജിത്ത് ചേട്ടനും വിപിന്‍ ചേട്ടനും എന്നും ലേറ്റ് ആയിട്ടാണ് രാവിലെ എഴുനേല്‍ക്കുന്നത് . അവര്‍ കുളിച്ചൊരുങ്ങി റെഡിയായി മെസ്സില്‍ എത്തുമ്പോഴേക്കും ഫുഡ്‌ തീരും അല്ലെങ്കില്‍ എല്ലാരും മിച്ചം വെച്ചതേ കിട്ടാറുള്ളൂ . അതുകൊണ്ട് അവര്‍ക്ക് വേണ്ടി ഫുഡ്‌ എടുത്തു വെക്കാനുള്ള ഡ്യൂട്ടി എനിക്കും മനുവിനും കൂടി തന്നു. ഞങ്ങള്‍ ഫുഡ്‌ കഴിച്ചു കഴിഞ്ഞാല്‍ ചേട്ടന്മാര്‍ക്കുള്ള ചായയും പലഹാരവും പാര്‍സല്‍ ആയി എന്നും അവരുടെ റൂമില്‍ കൊണ്ട് വെക്കും. വളരെ ആത്മാര്‍ഥതയോടെ ഞങ്ങള്‍ ആ ഡ്യൂട്ടി ചെയ്തു പോന്നു. അങ്ങനെയെങ്കിലും ചേട്ടന്മാരോട് കമ്പനി കൂടാമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍.,. പക്ഷെ ഒരാഴ്ച കഴിഞ്ഞിട്ടും അവരുടെ സ്വഭാവത്തില്‍ ഒരു മാറ്റവുമില്ല. "ചങ്കരന്‍ സ്റ്റില്‍ ഓണ്‍ ദി കോക്കനട്ട് ട്രീ" തന്നെ !! 

ചേട്ടന്മാരുടെ ഈ പരട്ട സ്വഭാവം ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുന്നതിനും അപ്പുറമായിരുന്നു. "രാവിലെ എഴുനേറ്റ് ചായേം പലഹാരവും തീറ്റിക്കാന്‍ നമ്മള്‍ അവന്മാരുടെ കെട്ടിയോള് ഒന്നുമല്ലല്ലോ!" ഡീസല്‍ വില വര്‍ദ്ധനവ്‌ കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ പോലെ ഞങ്ങളുടെയും ഫ്രെസ്ട്രേഷന്‍ തിളച്ചു മറഞ്ഞു. എന്നാല്‍ ഫുഡ്‌ എടുത്തു തരാന്‍ സൌകര്യമില്ല എന്ന് ചേട്ടന്മാരോട് പറയാനുള്ള ചങ്കൂറ്റവുമില്ല. ഈ ക്രിറ്റിക്കല്‍ സിറ്റുവേഷനിലാണ് മനു ആ ഐഡിയ പറഞ്ഞത്. "ചേട്ടന്മാര്‍ക്ക് കൊടുക്കുന്ന ചായയില്‍ തുപ്പിയിടുക. അവര്‍ക്ക് ചായയും കിട്ടും, നമ്മള്‍ തുപ്പിയിട്ട ചായയാണ് അവര്‍ കുടിക്കുന്നത് എന്നുള്ള സാറ്റിസ്ഫാക്ഷന്‍ നമുക്കും കിട്ടും. നമ്മളും ഹാപ്പി. അവരും ഹാപ്പി. നീ എന്ത് പറയുന്നു?" മനു എന്റെ മുഖത്ത് നോക്കി. "നീ ആള് കൊള്ളാലോ. നിന്റെ പെട്ടത്തലയില്‍ ഇത്രേം കുരുട്ടു ബുദ്ധി ഉണ്ടെന്നു ഞാന്‍ അറിഞ്ഞില്ലല്ലോ!! ഞാന്‍ റെഡിയാണ്. നമുക്കീ ഓപ്ഷന്‍ ലോക്ക് ചെയ്യാം" സുഹൃത്തിന്റെ ബുദ്ധിയില്‍ എനിക്ക് അഭിമാനം തോന്നി.

പിറ്റേന്ന് മുതല്‍ മെസ്സില്‍ നിന്ന് ചായയെടുത്തു ആദ്യം ഞങ്ങളുടെ റൂമില്‍ കൊണ്ടു വരും. എന്നിട്ട് രണ്ടോ മൂന്നോ പ്രാവശ്യം ചായയില്‍ തുപ്പിയതിനു ശേഷം സ്പൂണ്‍ വെച്ച് നല്ലോണം ഇളക്കി പതിവ് പോലെ ആ ചായ സീനിയേര്‍സിന്റെ റൂമില്‍ കൊണ്ടു വെയ്ക്കും. മൂന്ന് ദിവസം കാര്യങ്ങള്‍ വളരെ സ്മൂത്ത്‌ ആയി നടന്നു. നാലാം ദിവസം ചായയും കൊണ്ട് റൂമില്‍ ചെന്നപ്പോള്‍ രഞ്ജിത്ത് ചേട്ടന്‍ ദേഷ്യത്തോടെ ഞങ്ങളെയും വെയിറ്റ് ചെയ്തു നില്‍പ്പുണ്ട്. പതിവിനു വിപരീതമായി ആ നില്‍പ്പ് കണ്ടപ്പോഴേ എനിക്കൊരു പന്തിയില്ലായ്മ തോന്നിയിരുന്നു. പക്ഷെ അത് പുറത്തു കാണിക്കാതെ ഞാന്‍ അകത്തേക്ക് കയറി ചെന്ന് ചേട്ടനെ വിഷ് ചെയ്തു.
"ഗുഡ് മോര്‍ണിംഗ് ചേട്ടാ."
തിരിച്ചു വിഷ് ചെയ്യാതെ പുള്ളി കലിപ്പോടെ ചോദിച്ചു.
"എന്താടാ ചായയില്‍?"
"ചായപ്പൊടിയും പഞ്ചാരേം." ഒരു വളിപ്പടിച്ച് ചേട്ടനെ കൂള്‍ ആക്കാന്‍ ഞാന്‍ ഒരു ശ്രമം നടത്തി നോക്കി. പക്ഷെ അതിന്റെ റിസള്‍ട്ട്‌ ഇത്തിരി കടന്നതായിരുന്നു.
"പാ. പന്ന.@#$@@ മോനെ...രാവിലെ തന്നെ ആളെ കളിയാക്കുന്നോ!!" ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം കൈയ്യിന്നു പോയി. അവസാന അടവെന്ന നിലക്ക് ഞാന്‍ വിനയകുനിയനായി.
"സത്യായിട്ടും ചേട്ടാ ചായയില്‍ ഒന്നുമില്ല". 
ചേട്ടന്‍ അല്പമൊന്നു അയഞ്ഞു. "എന്നാ ഈ ചായ നീയൊന്നു കുടിച്ചേ".

ഞാന്‍ തുപ്പിയിട്ട ചായ കുടിക്കാന്‍ ഞാന്‍ എന്തിനു മടിക്കണം. ഞാന്‍ അത് കുടിക്കാന്‍ ഒരുങ്ങിയതും എന്റെ കൈയിലുള്ള ചായ വാങ്ങി മനുവിനും അവന്റെ കൈയിലുള്ള ചായ എനിക്കും തന്നിട്ട് ഒരു ഗൂഡമായ നോട്ടത്തോടെ ചേട്ടന്‍ പറഞ്ഞു. "ഇനി നിങ്ങള്‍ രണ്ടാളും ചായ കുടിച്ചേ".

ഇങ്ങനെയൊരു ട്വിസ്റ്റ്‌ ഞങ്ങള്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല. മന്ത്ര വടിയില്ലാതെ കുട്ടൂസന്റെ മുന്നില്‍ പെട്ട മായാവിയെ പോലെ, ബീവരേജിന്റെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അച്ഛന്റെ മുന്നില്‍ പെട്ടുപോയ മകനെ പോലെ, കോപ്പി അടി പിടിക്കപ്പെട്ടപ്പോള്‍ ചാനെല്‍ അവതാരകന്റെ ചോദ്യത്തിന് മുന്‍പില്‍ 'ബ ബ ബ' അടിക്കുന്ന ന്യൂ ജെനെറേഷന്‍ സംവിധായകനെ പോലെ ഞങ്ങളും നിന്ന നില്‍പ്പില്‍ പരുങ്ങാന്‍ തുടങ്ങി.

ഞങ്ങള്‍ ചായയില്‍ തുപ്പുന്ന കാര്യം ചേട്ടന് എവിടുന്നോ ചോര്‍ന്നു കിട്ടിയിട്ടുണ്ട് !! അല്ലാതെ ഇങ്ങനെ ചായ സ്വാപ്പ് ചെയ്തു കുടിക്കാന്‍ പറയില്ലല്ലോ!! ഞങ്ങളുടെ സീക്രെട്ട് അറിയാവുന്ന ഏതോ ഫസ്റ്റ് ഇയര്‍ കുലംക്കുത്തി ഒറ്റു കൊടുത്തതാവാനെ സാധ്യതയുള്ളൂ. സീനിയേര്‍സിനോട് കമ്പനി കൂടാന്‍ ഒരു വഴി അന്വേഷിച്ചു നടക്കുകയാണ് എല്ലാരും. അപ്പോള്‍ ചതിയും വഞ്ചനയും ഒക്കെ പ്രതീക്ഷിക്കാം. കുനിഞ്ഞാല്‍ കു.....കു....കുപ്പായവും അടിച്ചോണ്ട് പോകുന്ന ടീമാണ് ! സുഹൃത്താണ്, ക്ളാസ് മേറ്റാണ് എന്ന സെന്റിമെന്റ്സിനോന്നും ഇടമില്ലാതെ അച്യുതാനന്ദന്‍ സ്റ്റൈലില്‍ സ്വന്തം കാര്യം സിന്ദാബാദ് എന്നാണു എല്ലാരുടെയും സിദ്ധാന്തം.

കൂടുതല്‍ ആലോചിച്ചു നിന്നാല്‍ ചേട്ടന് ഡൌട്ട് വരും. ഒന്നുകില്‍ മനു തുപ്പിയ ചായ ഞാന്‍ കുടിക്കണം. അല്ലെങ്കില്‍ തെറ്റ് പറ്റിപ്പോയി എന്നും പറഞ്ഞു ചേട്ടന്റെ കാലില്‍ വീഴണം. അങ്ങനെയാണേല്‍ മൂന്നു ദിവസം അവരെ കൊണ്ട് തുപ്പല്‍ കുടിപ്പിച്ചതിനു തല്ലു ഉറപ്പാണ്. അതും പോരാഞ്ഞ് ഞങ്ങളെ ഒറ്റു കൊടുത്തവന്‍ സീനിയേര്‍സുമായി കമ്പനി ആകുകയും ചെയ്യും.! തല്ലു രണ്ടെണ്ണം കൊണ്ടാല്‍ സഹിക്കാവുന്നതേയുള്ളൂ. പക്ഷെ ഞങ്ങളുടെ അക്കൌണ്ടില്‍ ആ ഒറ്റുകാരന്‍ സീനിയേര്‍സുമായി കമ്പനി ആകും! എന്തൊക്കെ സഹിച്ചാലും കൂട്ടുകാരെ ചതിച്ച കുലംകുത്തി ആളാവുന്നത്‌ പൊറുപ്പിക്കാന്‍ പറ്റില്ല. !!

"എന്താടാ ചായ കുടിക്കാന്‍ നിനക്കൊരു മടി?" രഞ്ജിത്ത് ചേട്ടന്റെ ഫോളോ അപ്പ്‌ ചോദ്യം വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ വളരെ കൂള്‍ ആയിട്ട് ആ ചായയില്‍ നിന്ന് രണ്ടു സിപ്പ് വലിച്ചങ്ങു കുടിച്ചു. അത് കണ്ടതും പുള്ളിയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു. അടുത്തത് മനുവിന്റെ ഊഴമാണ്. ഞാന്‍ തുപ്പിയ ചായ അവന്‍ കുടിക്കണം. അവന്റെ വിളറി വെളുത്ത മുഖം കണ്ടിട്ട് അത് കുടിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഇനിയിപ്പോ അവനതു കുടിക്കാതെ എനിക്കിട്ടു പാര പണിയുമോ?. 

"മുണ്ടോളി എന്നും ചായയില്‍ തുപ്പാറുണ്ട്. ഞാന്‍ വേണ്ടാ വേണ്ടാന്നു അവനോടു പറഞ്ഞതാ..പക്ഷെ അവന്‍ അത് കേള്‍ക്കാറില്ല. അവന്റെ ചായ എനിക്ക് വേണ്ട. ഞാന്‍ ചായയില്‍ തുപ്പാറില്ല. അതാണല്ലോ മുണ്ടോളി ഒരു മടിയുമില്ലാതെ ഞാന്‍ കൊണ്ട് വന്ന ചായ കുടിച്ചത്". ഇങ്ങനെ പറഞ്ഞു അവനു ഈസിയായി രക്ഷപ്പെടാം. ഇതാകുമ്പോള്‍ സീനിയേര്‍സിന്റെ ഇടയില്‍ അവനു നല്ലൊരു ഇമേജും കിട്ടും ! തിരുവനന്തപുരംകാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആ തനിക്കൊണം ഇവനും കാണിക്കുമോ? എനിക്ക് ചെറിയൊരു പേടിയില്ലാതില്ല.

പക്ഷെ എന്റെ പേടി അസ്ഥാനത്തായിരുന്നു. താനൊരു അഭിനവ ചതിയന്‍ ചന്തുവല്ല എന്ന് തെളിയിച്ചു കൊണ്ട് മനുവും എന്റെ തുപ്പലുള്ള ചായ ഒരു മടിയുമില്ലാതെ വലിച്ചങ്ങു കുടിച്ചു. അപ്പോഴാണ്‌ എനിക്ക് ശ്വാസം നേരെ വീണത്‌ . ഒരു ചെറിയ സമയത്തേക്കെങ്കിലും എന്റെ സുഹൃത്തിനെ അവിശ്വസിച്ചതില്‍ എനിക്ക് കുറ്റബോധം തോന്നി. പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരുന്നു !! മൈ ഫോണ്‍ നമ്പര്‍ ഈസ്‌,..........അത് എന്ത് പണ്ടാരമെങ്കിലും ആവട്ടെ...."തിരുവനന്തപുരംകാരനാണോ കോഴിക്കോട്കാരനാണോ എന്നല്ല പ്രധാനം; ആപത്ഘട്ടങ്ങളില്‍ കൂടെ നില്‍ക്കുന്നവനാണ് ഒരു യഥാര്‍ത്ഥ സുഹൃത്ത്‌ " എന്ന സത്യം എനിക്കൊരിക്കല്‍ കൂടി ബോധ്യപ്പെട്ടു . 'A Friend in Need is a Friend Indeed ' !!!


മുന്‍‌കൂര്‍ ജാമ്യം :- ഈ പോസ്റ്റില്‍ പറഞ്ഞ സംഭവങ്ങളും , കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ്‌,. ജീവിച്ചിരിക്കുന്നതോ, മരിച്ചതോ, ഇനി ജനിക്കാന്‍ പോകുന്നതോ, ചാവാന്‍ കിടക്കുന്നതോ ആയ ഏതെങ്കിലും പണ്ടാര കാലന്മാരുമായി വല്ല മുള്ളിയാ തെറിച്ച സാമ്യതയും തോന്നുന്നുണ്ടെങ്കില്‍ അതന്റെ കുറ്റമല്ല. നിങ്ങളുടെ കയ്യിലിരുപ്പു ശരിയല്ലാത്തത് കൊണ്ടാണ്!!

ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

ദൈവത്തിന്റെ (കുടിയന്മാരുടെ) സ്വന്തം നാട് !

ഓഫീസിലെ മറ്റു രാജ്യക്കാരായ സുഹൃത്തുക്കളോട് നാടിനെ കുറിച്ച് പറയുമ്പോള്‍ എല്ലാ പ്രവാസികളെയും പോലെ എനിക്കും നൂറു നാവാണ്.കാലാവസ്ഥയും,പ്രകൃതി ഭംഗിയും സ്വര്‍ഗ്ഗ തുല്യമായതിനാല്‍ കേരളത്തിന് 'ദൈവത്തിന്റെ സ്വന്തം നാട്' എന്നൊരു പേരുണ്ടെന്ന് പറഞ്ഞാല്‍ ഈ സുഹൃത്തുക്കള്‍ ആദ്യമൊന്നു നെറ്റി ചുളിക്കും! പിന്നെ ആലപ്പുഴയുടെയും മൂന്നാറിന്റെയും ഒക്കെ ഫോട്ടോ ഗൂഗിളില്‍ കാണിച്ചു കൊടുത്താല്‍ "Wow ! What a Beautiful Place ! Its Really a Gods Own Country"എന്ന് അത്ഭുതപ്പെടും. പക്ഷെ ഇവര്‍ അറിയുന്നില്ലല്ലോ കേരളം ദൈവത്തിന്റെയല്ല കുടിയന്മാരുടെ സ്വന്തം നാടാണെന്ന് !! ഞാന്‍ പെരുപ്പിച്ചു പറയുകയാണെന്ന് ധരിക്കേണ്ട. ഇത്തവണ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ അത്തരത്തില്‍ ഉള്ളതായിരുന്നു.

കുറച്ചു കാലം മുന്‍പ് വരെ പൊതു സ്ഥലങ്ങളില്‍ കുടിയന്മാരെ കാണുന്നത് അപൂര്‍വ്വമായിരുന്നു.പക്ഷെ ഇപ്പോള്‍ ഗ്രാമങ്ങളിലെ പുഴക്കരകളും, സ്കൂള്‍ മൈതാനങ്ങളും,ഒഴിഞ്ഞ പറമ്പുകളും, നഗരങ്ങളിലെ ബസ് സ്ടാന്റ്റ് ,റെയിവേ സ്റ്റേഷന്‍, സിനിമ തിയേറ്റര്‍, പാര്‍ക്ക് തുടങ്ങി പൊതു ജനങ്ങള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളും കുടിയന്മാര്‍ കയ്യടക്കിയിരിക്കുകയാണ്. മുന്‍പൊക്കെ ഇത്തരക്കാരുടെ ഉപദ്രവവും, പരാക്രമണവും സ്വന്തം വീട്ടുകാര്‍ മാത്രം സഹിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇവരുടെ ചെയ്തികള്‍ സമൂഹം മുഴുവന്‍ സഹിക്കണം എന്ന ഗതികേടിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത് !

വെറും രണ്ടാഴ്ച മാത്രം നാട്ടില്‍ നിന്ന എനിക്ക് നേരിട്ടോ അല്ലാതെയോ പല തവണ കുടിയന്മാരുടെ ചെയ്തികള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍ ഫാമിലിയോടൊപ്പം തൃശ്ശൂരില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ചായിരുന്നു ആദ്യ അനുഭവം. ട്രെയിന്‍ ഷൊര്‍ന്നൂര്‍ എത്തിയപ്പോള്‍ മൂന്നാല് ചെറുപ്പക്കാര്‍ കയറി ഞങ്ങടെ അടുത്ത സീറ്റില്‍ ഇരുന്നു. ആദ്യമൊന്നും ഈ മാന്യന്മാര്‍ ഒരു കുഴപ്പവും ഉണ്ടാക്കിയില്ല. ഇടക്കെപ്പോഴോ മദ്യത്തിന്റെ മണം വന്നപ്പോള്‍ അതിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ വേണ്ടി ഞാന്‍ എല്ലാരേയും ശ്രദ്ധിക്കാന്‍ തുടങ്ങി. 

അടുത്തിരിക്കുന്ന ചെറുപ്പക്കാര്‍ രണ്ടു പേരായിട്ട് ഇടയ്ക്കിടെ ടോയിലെറ്റിന്റെ ഭാഗത്തേക്ക്‌ പോകുന്നത് കണ്ണില്‍ പെട്ടപ്പോഴാണ് പട്ടാപകല്‍ ട്രെയിനില്‍ വെച്ച് വെള്ളമടിക്കുകയാണെന്ന സത്യം മനസ്സിലായത്.മൂന്നാല് പ്രാവശ്യം ടോയിലെറ്റില്‍ പോയി വന്നതിനു ശേഷം ഇവരുടെ സംസാരവും ചിരിയും കൈ കൊട്ടലും വളരെ ഉച്ചത്തില്‍ ആയി. അടുത്ത സീറ്റുകളില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നൊരു ഭാവം തരിമ്പു പോലും അവരില്‍ കണ്ടില്ല. മറ്റു യാത്രക്കാര്‍ ആരെങ്കിലും ഒന്ന് പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും 'ഇതൊക്കെ സഹിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു'എന്ന ഭാവേനെ എല്ലാരും അവരവരുടെ ലോകത്തില്‍ മുഴുകി ഇരുന്നു. മാറി ഇരിക്കാന്‍ വേറെ സീറ്റ് ഇല്ലാത്തത് കൊണ്ട് കോഴിക്കോട് വരെ അവരുടെ ഉപദ്രവം ഞങ്ങളും സഹിച്ചിരുന്നു !

വൈഫിന്റെ കൂടെ കാലിക്കറ്റ്‌ യൂനിവേര്സിടിയില്‍ പോയി തിരിച്ച് ബസ്സില്‍ വരുമ്പോള്‍ ഉണ്ടായ അനുഭവം ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഓക്കാനം വരും. രാമനാട്ടുകരയ്ക്ക് അടുത്തുള്ള ട്രാഫിക് സിഗ്നലില്‍ ബസ്‌ നിറുത്തിയിട്ടിരിക്കുകയാണ്. ഞാന്‍ സൈഡ് സീറ്റില്‍ ഇരുന്നു പുറം കാഴ്ചകള്‍ കാണുമ്പോഴാണ് എന്റെ ശ്രദ്ധ റോഡിന്റെ ഓരത്തുള്ള ഇലക്ട്രിക്‌ പോസ്റ്റില്‍ പിടിച്ചു നില്‍ക്കുന്നൊരു കുടിയനില്‍ പതിഞ്ഞത്. അയ്യപ്പ ബൈജുവിനെ ഓര്‍മിപ്പിക്കുന്ന പ്രകൃതം ഉള്ളത് കൊണ്ടാവാം സൈഡ് സീറ്റില്‍ ഇരിക്കുന്ന മിക്കവാറും പേര്‍ അവനെ തന്നെയാണ് നോക്കുന്നത്. പെട്ടെന്ന് അയാള്‍ പോസ്റ്റിലെ പിടി വിട്ട് ഉടു മുണ്ടഴിച്ച് ദൂരെ എറിഞ്ഞ് ഞങ്ങളെ നോക്കി സ്വതന്ത്രനായി നിന്നു. കണ്ണടയ്ക്കാന്‍ പോലും സമയം കിട്ടുന്നതിനു മുന്‍പ് ആ വൃത്തികെട്ട കാഴ്ച എനിക്ക് ഒരു നിമിഷത്തേക്കെങ്കിലും കാണേണ്ടി വന്നു. ബസ്സില്‍ കയറിയ ഉടനെ ഉറങ്ങുന്ന ശീലമുള്ളത് കൊണ്ട് വൈഫ്‌ ആ കാഴ്ച കാണാതെ രക്ഷപ്പെട്ടു.

ഈ രണ്ടു സംഭവങ്ങളും മാനസികമായി ചെറിയ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ശാരീരികമായി എനിക്കോ വൈഫിനോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയല്ല. പക്ഷെ ലീവ് തീരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് വൈഫിനെയും കൂട്ടി ഉസ്താദ് ഹോട്ടല്‍ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും പൊതു സ്ഥലങ്ങളില്‍ സ്ത്രീ സുരക്ഷിതയല്ല എന്നെന്നെ പഠിപ്പിച്ചു .

എന്റെ സ്വന്തം നാടായ വടകരയിലെ മുദ്ര തിയേറ്ററിലാണ് പടം കാണാന്‍ പോയത്. സെക്കന്റ്‌ ഷോ കാണാന്‍ ഫാമിലി ഓഡിയെന്‍സ്‌ ആണ് കൂടുതലും ഉണ്ടാവുക എന്ന മുന്‍വിധിയുള്ളത് കൊണ്ടാണ് രാത്രിയില്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്. ഞാന്‍ കണക്കു കൂട്ടിയത് പോലെ തന്നെ ഫാമിലി ഓഡിയെന്‍സ്‌ ആയിരുന്നു തിയേറ്ററില്‍ അധികവും.തിയേറ്ററിന്റെ മധ്യ ഭാഗത്തായി മറ്റൊരു ഫാമിലിയുടെ അടുത്തായി ഞങ്ങള്‍ ഇരുന്നു. സിനിമ തുടങ്ങാന്‍ ആയപ്പോള്‍ മുണ്ടൊക്കെ മടക്കിക്കുത്തി, പച്ചത്തെറിയും വിളിച്ചു കൂവി നാലഞ്ചു പേര്‍ അകത്തേക്ക് വന്നു. ആടിയാടിയുള്ള നടത്തം കണ്ടാല്‍ അറിയാം അടിച്ചു കോണ്‍ തെറ്റിയിട്ടാണ് വരവെന്ന്.

ഒരേ നിരയില്‍ സീറ്റ് കിട്ടാത്തത് കൊണ്ട് പല സ്ഥലങ്ങളില്‍ ആയിട്ടാണ് ഇവര്‍ ഇരുന്നത്. കൂട്ടത്തില്‍ ഒരുത്തന്‍ ഞങ്ങടെ പുറകിലെ സീറ്റിലും വന്നിരുന്നു.സിനിമ തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ബഹളം ഒക്കെ അവസാനിപ്പിച്ച് എല്ലാരും സിനിമയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ദുല്‍ക്കരിന്റെയും തിലകന്റെയും അഭിനയത്തില്‍ കാണികള്‍ മതിമറന്നു ഇരിക്കുകയാണ്. 

ഇടക്കെപ്പോഴോ ഒരു ഉള്‍വിളി ഉണ്ടായത് കൊണ്ടാവാം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത്. അല്ലെങ്കില്‍ ഞങ്ങടെ പിന്നില്‍ ഇരുന്ന കുടിയന്‍ ഒരു കാലു നീട്ടി വൈഫിന്റെ സീറ്റിന്റെ മേലെ വെച്ച് അവസ്ഥയ്ക്ക് സിനിമ കാണുന്നത് ഞാന്‍ കാണില്ലായിരുന്നു. അവള്‍ക്കു ഉയരം കുറവായത് കൊണ്ട്  ഇതൊന്നും അറിയുന്നില്ല. അയാളുടെ കാല് അവളുടെ തലയിലോ ചുമലിലോ ഒന്നും തട്ടുന്നില്ലെങ്കിലും അങ്ങനെയുള്ള ഇരുത്തം എനിക്ക് അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. ഞാന്‍ തിരിഞ്ഞിരുന്നു അവനോടു കാല് താഴ്ത്തി ഇടാന്‍ പറഞ്ഞു. ഉടനെ തന്നെ അവന്‍ കാല് താഴ്ത്തിയിട്ടു. വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ട് ഞാന്‍ വീണ്ടും സിനിമ കാണാന്‍ തുടങ്ങി. പക്ഷെ എന്റെ ഒരു കണ്ണ് പുറകിലായിരുന്നു. അത് മനസ്സിലാക്കാതെ അവന്‍ വീണ്ടും കാല് എടുത്തു സീറ്റില്‍ വെച്ചു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞതും അവന്‍ കാല് താഴ്ത്തിയിട്ടു. ഞാന്‍ കടുപ്പിച്ചൊന്നു നോക്കിയതിനു ശേഷം സിനിമയിലേക്ക് തന്നെ തിരിഞ്ഞു.

മൂന്നാമതും അവന്‍ കാലെടുത്ത് സീറ്റില്‍ വെച്ചപ്പോള്‍ എന്റെ കണ്ട്രോള്‍ പോയി. ഞാന്‍ എഴുനേറ്റു നിന്ന് പുറകിലേക്ക് തിരിഞ്ഞു നിന്ന് "നിന്നോടല്ലടാ പറഞ്ഞത് കാല് താഴ്ത്താന്‍" എന്നൊരു അലര്‍ച്ചയായിരുന്നു. ബഹളം കേട്ടതും അടുത്ത സീറ്റുകളില്‍ ഇരുന്ന പയ്യന്മാര്‍ ഓടി വന്നു എന്റെയടുത്ത് നിലയുറപ്പിച്ചു. "നീ എന്തിനാണ് പെണ്ണുങ്ങളുടെ സീറ്റില്‍ കാലു വെച്ചത്" എന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരു തെറിയാണ് ഉത്തരമായി തന്നത്. പിന്നെ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. ബാക്കി എല്ലാം ആ പയ്യന്മാര്‍ ചെയ്തു.കൂട്ടുകാരനെ സഹായിക്കാന്‍ വന്ന മറ്റു കുടിയന്മാര്‍ക്കും ആവശ്യത്തിനു കിട്ടി. അവസാനം തിയേറ്റര്‍കാര് വന്നു എല്ലാത്തിനേം തൂക്കിയെടുത്ത് പുറത്തെറിഞ്ഞു.

ഇതെല്ലാം കണ്ടു വൈഫ്‌ പേടിച്ചരണ്ടു പോയി. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആ കുടിയന്മാര്‍ ആളുകളെയും കൂട്ടി വന്നു ഉപദ്രവിക്കുമെന്ന് പറഞ്ഞു പ്ലാന്‍ ചെയ്ത ഡിന്നര്‍ പോലും കഴിക്കാന്‍ അവള്‍ സമ്മതിച്ചില്ല. ഒടുക്കം വീട്ടില്‍ എത്തിയപ്പോഴാണ് അവള്‍ക്കു ശ്വാസം നേരെ വീണത്‌.

രണ്ടാഴ്ച കൊണ്ട് എനിക്ക് ഇത്രയും മോശപെട്ട അനുഭവങ്ങള്‍ ഉണ്ടായെങ്കില്‍ 365 ദിവസവും നാട്ടില്‍ നില്‍ക്കുന്നവരുടെ സ്ഥിതി എന്തായിരിക്കും? കുടുംബ സമേതം സ്വൈര്യമായി പുറത്തു പോകാന്‍ പറ്റാത്ത ഒരു നാടിനെയാണോ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നത്‌ ? പൊതു സ്ഥലങ്ങളില്‍ അരാചകത്വം നടത്തുന്ന കുടിയന്മാരെ നിയന്ത്രിക്കൂന്ന വിധത്തില്‍ ശക്തമായ ഒരു നിയമം കേരളത്തില്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് ബ്രാന്‍ഡ്‌ ചെയ്യുന്ന കേരളത്തെ ഈ ടൂറിസ്റ്റുകള്‍ തന്നെ "കുടിയന്മാരുടെ സ്വന്തം നാട്" എന്ന് വിളിക്കുന്ന കാലം വിദൂരമല്ല !!!

ഫോട്ടോസിനു ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു.

വെള്ളിയാഴ്‌ച, ജൂൺ 01, 2012

മാറിക്കൊണ്ട ചോദ്യം !

"ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തെത്തുവാന്‍ മോഹം". 

ആ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും!!ടെസ്റ്റ്‌ റിപ്പോര്‍ട്ടും, പ്രൊജക്റ്റ്‌ ഡെലിവറിയും, ബോസ്സിന്റെ കണ്ണുരുട്ടലും, മസാമാസമുള്ള ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലും, വ്യാഴായ്ചകളിലെ അമ്മായിയപ്പന്റെ ഫോണ്‍ കോളും ഇല്ലാതെ കളിച്ചും, ചിരിച്ചും, പഠിച്ചും, തല്ലു കൂടിയും ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കാന്‍ പറ്റിയെങ്കില്‍ !! ശ്ശൊ... ഓര്‍ക്കുമ്പോള്‍ തന്നെ കുളിര്‌ കോരുന്നു.

ഞാന്‍ പഠിച്ചത് നാട്ടുമ്പുറത്തെ ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ ആയിരുന്നു. ഇവിടുത്തെ കുട്ടികളില്‍ ഭൂരിപക്ഷവും സാധാരണക്കാരുടെ മക്കള്‍ ആയിരുന്നു. പഠിച്ചു ഡോക്ടറോ, എഞ്ചിനീയറോ ആകണമെന്നുള്ള ആഗ്രഹമൊന്നും ഇല്ലാതെ "എങ്ങനെയെങ്കിലും തട്ടീം മുട്ടീം പത്താം ക്ലാസ്സ്‌ വരെ പഠിക്കണം. പത്തില്‍ പൊട്ടിയാല്‍ വല്ല പണിക്കും പോണം" എന്ന ചിന്താഗതിക്കാരായിരുന്നു മിക്കവരും. എന്റെ ക്ലാസ്സിലെ കുട്ടികളുടെ സ്ഥിതിയും മറിച്ചെല്ലാത്തതിനാല്‍ പഠിപ്പിന്റെ കാര്യത്തില്‍ ഈ 'നോസ് ലെസ്സ് പീപ്പിള്‍സിന്റെ' ഇടയില്‍ ഒരു 'ഹാഫ് നോസ് കിംഗ്‌ ' ആയിരുന്നു ഞാന്‍.

പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസ്സ് ആയില്ലെങ്കിലും എന്റെ ക്ലാസ്സില്‍ ഇരുപതു ബോയ്സിന് മുപ്പതു ഗേള്‍സ്‌ എന്നായിരുന്നു അനുപാതം. ഇനി ക്ലാസ്സിലെ കുട്ടികളെ പരിചയപ്പെടാം. ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു ടീച്ചേര്‍സിന്റെ തുപ്പല്‍ കുടിച്ചും, ചോക്ക് പൊടി വിഴുങ്ങിയും വയര്‍ നിറയ്ക്കുന്ന മര്യാദ രാമന്മാര്‍ ആര്‍ക്കും ഒരു ശല്യവുമില്ലാത്തവരാണ്. ഇക്കൂട്ടരെ എല്ലാരും 'കൂമ്പുകള്‍' അല്ലെങ്കില്‍ 'മന്നിപ്പുകള്‍' എന്നാണു വിളിച്ചിരുന്നത്‌.

സെക്കന്റ്‌ ബെഞ്ചിലെ ആദ്യ സ്ഥാനത്താണ് എന്റെ ഇരിപ്പ്. പഠിപ്പിസ്റ്റുകളുടെ ആസ്ഥാന സീറ്റാണത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ആ സീറ്റ് എന്റെ കുത്തകയാണ്. എന്റെ തൊട്ടടുത്താണ് സംശയം കേശു എന്ന് ഞങ്ങള്‍ വിളിക്കുന്ന റഫീക്ക് ഇരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ ടീച്ചേര്‍സ് എന്ത് പഠിപ്പിച്ചാലും അവനു ഒടുക്കത്തെ സംശയമാണ് !! അവന്റെ ചില സംശയങ്ങള്‍ കേട്ടാല്‍ ഭാവിയിലെ നോബല്‍ പ്രൈസ് വിന്നെര്‍ ആണല്ലോ അടുത്തിരിക്കുന്നത് എന്ന് പോലും തോന്നിപ്പോകും. എങ്ങനെയെങ്കിലും പരീക്ഷയില്‍ എന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ക്ലാസ്സിലെ ആസ്ഥാന പഠിപ്പിസ്റ്റ് പട്ടവും, എന്റെ കുത്തക സീറ്റും കൈക്കലാക്കുക എന്നതാണ് അവന്റെ ലക്‌ഷ്യം. 

ഈ റഫീക്കിന്റെ നാക്ക് കൊണ്ടുള്ള ആക്രമണം സഹിക്കാമെങ്കിലും ബാക്ക് കൊണ്ടുള്ള ആക്രമണം അണ്‍സഹിക്കബിള്‍ ആണ്. അങ്ങനെയുള്ള സമയങ്ങളില്‍ ഞാന്‍ ബാക്ക് ബെഞ്ചില്‍ അഭയം തേടും. ബാക്ക് ബെഞ്ചില്‍ പോയി ഇരിക്കുന്നത് കൊണ്ട് രണ്ടുണ്ട് കാര്യം ! ഒന്ന് മൂക്കിനു ആശ്വാസം കിട്ടും; മറ്റേതു എന്താണെന്ന് വഴിയെ പറയാം ! ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന ചേട്ടന്മാര്‍ എല്ലാ ക്ലാസ്സിലും രണ്ടും മൂന്നും വര്‍ഷം പഠിച്ചു നല്ല ഇരുത്തം വന്നത് കൊണ്ട് സിലബസ്സിലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ വലിയ താല്പര്യമൊന്നുമില്ല.

'ഔട്ട്‌ ഓഫ് സിലബസ്' ആയ കാര്യങ്ങളെ കുറിച്ച് റിസേര്‍ച്ച് നടത്തി, സിലബസ് മാത്രം ഫോളോ ചെയ്യുന്ന എന്നെപോലെയുള്ളവര്‍ക്ക് 'ഡൊമൈന്‍ സെഷന്‍' നടത്തലാണ്‌ ഇവരുടെ മെയിന്‍ ഹോബി. ബാക്ക് ബെഞ്ച്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ ആയ ബിനില്‍ ആണ് ഈ ഡൊമൈന്‍ സെഷന്‍ നടത്തിയിരുന്നത്. തിയറിയില്‍ ഒതുക്കാതെ കൊച്ചു റഫറന്‍സ് പുസ്തകങ്ങളും, മള്‍ട്ടി കളര്‍ സ്ക്രീന്‍ ഷോട്ടുകളുള്ള യൂസര്‍ ഗൈഡും ഉപയോഗിച്ച് ശാസ്ത്രീയമായാണ് ബിനില്‍ സെഷന്‍ നടത്തിയിരുന്നത്. കണ്ണിനെ കുറിച്ചും, തലച്ചോറിലെ സെരിബ്രം, സെറിബെല്ലത്തെ കുറിച്ചുമൊക്കെ ക്ലാസ്സ്‌ എടുക്കുന്ന ബയോളജി ടീച്ചറെക്കാളും വിവരം ബിനിലിനു ഉണ്ടെന്നു തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. റഫീക്കിന്റെ നാറ്റം ബോംബ്‌ ആക്രമണം ഉണ്ടാകുമ്പോള്‍ ഞാന്‍ ബാക്ക് ബെഞ്ചിലേക്ക് ഓടുന്നതിന്റെ മറ്റൊരു റീസണ്‍ ബയോളജി ടീച്ചര്‍ പഠിപ്പിക്കാത്ത ഈ കൊച്ചു കാര്യങ്ങള്‍ ബിനിലില്‍ നിന്നും പഠിക്കാനുള്ള ത്വരയാണ് !!

എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റിയ  'മിനിമം സ്പെസിഫിക്കേഷനോട്‌' കൂടിയ ഒരു മഹിളാമണി പോലും ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല. കോങ്കണ്ണും,കൊന്ത്രം പല്ലും, വക്ക് പൊട്ടിയതും, ചളുങ്ങിയതുമായ ഐറ്റംസ് ആയിരുന്നു മിക്കതും. എന്നിട്ടും ഇവറ്റകള്‍ക്ക് അഹങ്കാരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി ,ശാലിനി ലെവലില്‍ ആയിരുന്നു സംസാരവും നടത്തവും!! ക്ലാസ്സിലെ ചെക്കന്മാരെയൊന്നും മൈന്‍ഡ് ചെയ്യാത്ത ഇവരുടെ നോട്ടപ്പുള്ളികള്‍ കുഞ്ചാക്കോ ബോബനും, ദിലീപും, മധു മോഹനും ഒക്കെയായിരുന്നു. പഠിത്തത്തെക്കാള്‍ ഇവരുടെ ശ്രദ്ധ പരദൂഷണം, പേന്‍ നോട്ടം, മംഗളം വായന തുടങ്ങിയ ഗേള്‍സ്‌ ഓണ്‍ലി കലാ പരിപാടികളില്‍ ആയിരുന്നു.

ക്ലാസിനെ കുറിച്ച് ഏകദേശ ധാരണ കിട്ടിയ സ്ഥിതിക്ക് എനിക്ക് പണി കിട്ടിയ ആ സംഭവത്തിലേക്ക് ഇനി കടക്കാം. അദ്ധ്യായന വര്‍ഷത്തിലെ അവസാന നാളുകളിലെ ഒരു ദിവസം. കെമിസ്ട്രി സാര്‍ ആണ് ക്ലാസ്സില്‍..  

"നമ്മുടെ പോര്‍ഷന്‍സ് എല്ലാം തീര്‍ന്നു. ഇനി മോഡല്‍ എക്സാം ആണ്. ആര്‍ക്കേലും എന്തേലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം".

"സര്‍, ചോദ്യ പേപ്പര്‍ ഏത് പ്രെസ്സിലാ അടിക്കാന്‍ കൊടുത്തത്?" ബാക്ക് ബെഞ്ചില്‍ നിന്ന് ഏതോ വിരുതന്‍ പതിവ് ചോദ്യം തന്നെ ചോദിച്ചു തുടങ്ങി.

"അതറിഞ്ഞിട്ടു നീ എന്ത് ചെയ്യാനാ? കെമിസ്ട്രിയേതാ ബയോളജി ഏതാന്നു തിരിച്ചറിയാന്‍ നിന്നെ കൊണ്ടു പറ്റുമോ!!" സാറും നല്ല ഫോമില്‍ ആണ്. "ഇങ്ങനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ അല്ലാതെ വേറെ ആര്‍ക്കും ഒന്നും ചോദിക്കാനില്ലേ"?

ആരും ഒന്നും ചോദിക്കാത്തത് കൊണ്ടാണോ, ഞങ്ങള്‍ക്കെല്ലാം മനസ്സിലായിരിക്കുന്നു എന്ന് ബോധ്യമായത് കൊണ്ടാണോ എന്നറിയില്ല സാര്‍ അടുത്ത പ്രഖ്യാപനം നടത്തി. 

"സിലബസിലുള്ള കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അറിയാവുന്ന സ്ഥിതിക്ക് ജനറല്‍ ആയ എന്തെങ്കിലും ചോദിക്കാം".

ഇത് കേട്ടതും  മൈക്ക് കണ്ട മണിയാശാനെ പോലെ എല്ലാരും ആവേശത്തിലായി. രണ്ടായിരത്തില്‍ ലോകം അവസാനിക്കുമോ , കുഞ്ചാക്കോ ബോബന്‍ ശാലിനിയെ കല്യാണം കഴിക്കുമോ,ഫെയര്‍ ആന്‍ഡ്‌ ലൌലി തേച്ചാല്‍ വെളുക്കുമോ എന്നിങ്ങനെ അവരവരുടെ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള പല ചോദ്യങ്ങള്‍ വന്നു തുടങ്ങി.

പെട്ടെന്നാണ് നമ്മുടെ സംശയം കേശു ചാടി എണീറ്റത്. "സാര്‍ ,എനിക്കൊരു സംശയം" 

"അതൊരു പുതിയ കാര്യമാണോ ! നീ ചോദിക്ക് "

എഴുനേറ്റു നിന്നതിനു ശേഷം നിസ്കാരത്തില്‍ സലാം വീട്ടുന്നത് പോലെ രണ്ടു സൈഡിലേക്കും തല തിരിച്ച് എല്ലാരുടെയും ശ്രദ്ധ തന്നിലേക്ക് ആവാഹിച്ചതിനു ശേഷം അവന്‍ മാക്സിമം വോളിയത്തില്‍ ചോദിച്ചു.

"സാര്‍ , ഇപ്പ ടീവില് 'വിസ്പെര്‍ന്ന്' പറഞ്ഞു നീല കവറുള്ള ഒരു സാധനത്തിന്റെ പരസ്യം ഉണ്ടല്ലോ ! അതെന്തിനാ ഉപയോഗിക്കുന്നത് ?"

അവന്റെ ചോദ്യം കേട്ടതും സാറിന്റെ മുഖത്തെ ഭാവ മാറ്റം ഞാന്‍ ശ്രദ്ധിച്ചു. ഒപ്പം പെണ്‍ കുട്ടികളുടെ സൈഡില്‍ നിന്നും എന്തൊക്കെയോ കുശു കുശുപ്പും കേട്ടു. 

"നീ വന്നെ...ഇതിന്റെ ഉത്തരം ഞാന്‍ നിനക്ക് സ്റ്റാഫ് റൂമിന്ന്‍ പറഞ്ഞു തരാം" സാര്‍ അവനേം കൂട്ടി ക്ലാസിനു പുറത്തേക്കു നടന്നു. ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ, റഫീക്കിന്റെ ചോദ്യത്തിന് സാര്‍ ക്ലാസ്സില്‍ വെച്ച് ഉത്തരം പറയാത്തത്തിന്റെ കാരണം എനിക്കും മനസ്സിലായില്ല. അപ്പോഴാണ്‌ ബാക്ക് ബെഞ്ച്‌ ലീഡര്‍ ബിനില്‍ എന്റെയടുത്തു വന്നു ആ സീക്രെട്ട് റിവീല്‍ ചെയ്തത്. 

"ഞാനാ അവനോട് അങ്ങനെയൊരു ചോദ്യം ചോദിയ്ക്കാന്‍ പറഞ്ഞത്!! സംഭവം എനിക്ക് നേരത്തെ അറിയായിരുന്നു. എന്നാലും ഒന്നുറപ്പിക്കാന്‍ വേണ്ടി ചോദിച്ചതാ. ഇപ്പ ഉറപ്പായി"

"അതു ശരി. പക്ഷെ സാറെന്തിനാ അവനെ സ്റ്റാഫ്‌ റൂമില്‍ കൊണ്ടു പോയത്?" ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു.

"നീ ക്ലാസിലെ പഠിപ്പിസ്റ്റ് അല്ലെ! എന്നിട്ട് നിനക്കറിഞ്ഞൂടെ അതെന്തിനാ ഉപയോഗിക്കുന്നത് എന്ന്? "

സിലബസ് മുഴുവന്‍ കലക്കി കുടിച്ചു പബ്ലിക്‌ പരീക്ഷയ്ക്ക് ഡിസ്ടിന്ക്ഷന്‍ പ്രതീക്ഷിച്ചു ടൂട്ടോറിയല്‍കാരുടെ സപ്ലിമെന്റില്‍ കൊടുക്കാന്‍ വേണ്ടി കളര്‍ ഫോട്ടോ എടുത്തു വെച്ചിരിക്കുന്ന എന്നോടാണ് അവന്റെ ചീള് ചോദ്യം !! 

ഇതേ ചോദ്യം രണ്ടു ദിവസം മുന്‍പ് വീട്ടിലിരുന്നു ഫാമിലി ആയിട്ട് ടീവി കാണുമ്പോള്‍ ഞാന്‍ എന്റെ ആപ്പയോടു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം മനസ്സില്‍ ഉള്ളത് കൊണ്ട് അവനു മറുപടി കൊടുക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

"വിസ്പെര്‍ന്നു പറഞ്ഞാല്‍ പുതുതായി ഇറങ്ങിയ ക്രീം കേക്ക് അല്ലെ ? അതാണോ ഇത്ര വലിയ കാര്യം?"

ജനറല്‍ നോലെട്ജിലുള്ള എന്റെ പരിജ്ഞാനം കണ്ടു അവന്‍ ഇളിംഭ്യനാകുമെന്നു ഞാന്‍ കരുതി. പക്ഷെ എന്റെ ഉത്തരം കേട്ടതും 'ഏറനാടന്‍ കൊക്ക കൊണ്ട് ആലപ്പുഴ മാങ്ങ പറിക്കാന്‍ നോക്കിയ ടീകെ ഹംസയെ വീ എസ് പരിഹസിച്ചത്‌ പോലെ' എന്റെ മുഖത്ത് നോക്കി "പഠിപ്പിസ്റ്റ് ആണ് പോലും പഠിപ്പിസ്റ്റ്............ഇവനോടൊക്കെ ചോദിച്ച എന്നെ വേണം തല്ലാന്‍" എന്ന് പിറുപിറുത്തു കൊണ്ട് അവന്‍ നടന്നു പോയി. അവന്റെ അണ്‍ യൂഷ്വല്‍ പെര്‍ഫോമന്‍സിന്റെ അര്‍ഥം മനസ്സിലാകാതെ ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്ന നില്‍പ്പിലായിപ്പോയി.!!!!!

------------------------------------------------------------------------------------------------------------------------------

Moods കോണ്ടത്തിന്റെ പരസ്യം കണ്ടു ആറാം ക്ലാസ്സുകാരാനായ തന്റെ കസിന്‍ അതെന്താ സാധനമെന്ന് ചോദിച്ചതായി എന്റെയൊരു സുഹൃത്ത്‌ പറഞ്ഞപ്പോഴാണ് എന്റെ പഴയ അനുഭവം ഓര്‍മ വന്നത്. ഇതുപോലെ പ്രായത്തിനതീതമായ സംശയങ്ങള്‍ കുട്ടികള്‍ ചോദിച്ചാല്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?. എന്റെ ആപ്പ എന്നോട്  ചെയ്തത് പോലെ കളവു പറഞ്ഞു പറ്റിക്കാമോ? അത് കുട്ടികളെ അബദ്ധങ്ങളില്‍ ചാടിക്കില്ലേ? ഇങ്ങനെയുള്ള സാഹചര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്തവര്‍ ആരെങ്കിലും ഉണ്ടേല്‍ കമെന്റിനോപ്പം ആ അനുഭവം കൂടി ഇവിടെ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു ..!

ശനിയാഴ്‌ച, ഏപ്രിൽ 14, 2012

ഒരു കോയിക്കോടുകാരന്റെ തിരോന്തരം യാത്ര !

ഞങ്ങള്‍ കോഴിക്കോട്ടുകാരുടെ ഭക്ഷണ പെരുമ ലോക പ്രശസ്തമാണ്. വിഭവങ്ങളിലെ വൈവിധ്യം കൊണ്ടും , രുചിയുടെ കാര്യത്തില്‍ നടത്തുന്ന പരീക്ഷണങ്ങള്‍ കൊണ്ടും ഞങ്ങള്‍ മറ്റു ദേശക്കാരില്‍ നിന്നും വ്യത്യസ്തരാണ്. സാധാരണ ദിവസമായാലും വിശേഷ ദിവസമായാലും ഭക്ഷണത്തിന്റെ കൂടെ നോണ്‍ വെജ് വേണം എന്നത് ഞങ്ങടെ ഒരു ശീലമാണ്! എന്ന് കരുതി എല്ലാ ദിവസവും കോഴിയിറച്ചിയോ പോത്തിറച്ചിയോ കഴിക്കുന്നവരാണ്‌ ഞങ്ങള്‍ എന്ന് തെറ്റിദ്ധരിക്കേണ്ട.

എങ്കിലും പ്രാതലിന്റെ കൂടെ മുട്ടക്കറി ആയിട്ടോ , ഊണിന്റെ കൂടെ പൊരിച്ച മീനായിട്ടോ, വൈകിട്ട് ചായയുടെ കൂടെ കല്ലുമ്മക്കായ പൊരിച്ചതായിട്ടോ, എന്തെങ്കിലും ഒരു നോണ്‍ വെജ് ഞങ്ങള്‍ കഴിച്ചിരിക്കും ! ജാതി മത ഭേദമന്യേ കോഴിക്കോടുകാരുടെ ഒരു പൊതു സ്വഭാവമാണിത്. (of course exceptions are there) ഓണത്തിനും വിഷുവിനും കോഴിക്കോട്ടെ ഫിഷ്‌ മാര്‍ക്കെറ്റിലും, ഇറച്ചി കടകളിലും അനുഭവപ്പെടുന്ന തിരക്ക് ചാനെലുകാര്‍ റിപ്പോര്‍ട്ട്‌ ചെയ്യുമ്പോള്‍ പുച്ഛം തോന്നാറുണ്ടെന്നു തെക്കന്‍ കേരളത്തിലെ എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഇരുപത്തിയൊന്നു കൂട്ടം കറികള്‍ ഉണ്ടായാലും, അതിന്റെ കൂടെ ഒരു പൊരിച്ച മീനോ, കോഴിക്കാലോ കടിക്കാന്‍ ഉണ്ടെങ്കില്‍.......... ഹോ !!!!! അതിന്റെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണെന്ന് ആ മണ്ടന്മാര്‍ക്കു അറിയില്ലല്ലോ!!

രാവിലെയുള്ള 'വെറും ചായ' (ബെഡ് കോഫി) യില്‍ നിന്നാണ് ഞങ്ങടെ ഒരു ദിവസം ആരംഭിക്കുന്നത്. 'വെറും ചായ' എന്നാണു പേരെങ്കിലും കൂടെ ഒരു ചെറു കടി പതിവാണ്. ബ്രഡ് വാട്ടിയത്‌, പഴം വാട്ടിയത്‌ എന്നീ ഹോം മൈഡ് ഐറ്റംസോ, ബിസ്കറ്റ്, റെസ്ക് എന്നീ ബേക്കറി ഐറ്റംസോ എന്തെങ്കിലും ഒന്ന് ഉറപ്പാണ്. പ്രാതലിന്റെ മെയിന്‍ കോഴ്സ് റെഡി ആവണമെങ്കില്‍ മണി പത്താകും. അതു വരെ ഈ 'വെറും ചായ' കൊണ്ട് വിശപ്പ്‌ അഡ്ജസ്റ്റ് ചെയ്തോളണം !! 

ഇനി പ്രാതലിന്റെ മെനു നോക്കാം. നൈസ് പത്തിരി, ടയര്‍ പത്തിരി (ഓട്ടു പത്തല്‍), നെയ്‌ പത്തിരി (വടകര ഭാഗത്ത്‌ നെയ്‌ പത്തല്), മടക്കിപ്പത്തിരി (ഗോതമ്പ് പൊറോട്ട) , മസാല പത്തിരി (ഇറച്ചിയോ മീനോ വെച്ചുണ്ടാക്കുന്നത്), അട, വെള്ളയപ്പം, ഇടിയപ്പം, പൂരി, പുട്ട്, കല്ലുമ്മക്കായ പൊരിച്ചത്, ദോശ, ഇഡലി (റേഷന്‍ കടയില്‍ അരി പച്ചരി ആണെങ്കില്‍ മാത്രം). എന്തോരം വെറൈറ്റി ഐറ്റംസ് ആണ് !

ഇനി ഇതിന്റെയൊക്കെ കറികള്‍ നോക്കാം! തേങ്ങ വറുത്തരച്ചു വെക്കുന്ന കടല കറിയോ, മരച്ചീനിയിട്ട് വെക്കുന്ന ചെറുപയര് കറിയോ ആണ് പുട്ടിനു ബെസ്റ്റ് കോമ്പിനേഷന്‍. ഇഡലിക്ക് ചട്നിയും ബാക്കി എല്ലാത്തിനും മുട്ട റോസ്റ്റും, തേങ്ങയരച്ചു വെക്കുന്ന മുട്ടക്കറിയും, മീന്‍ കറിയും, ഇറച്ചിക്കറിയും, ഉരുളകിഴങ്ങും മറ്റു പച്ചക്കറികളും ചേര്‍ത്ത് വെക്കുന്ന മസാല കറിയും സ്യൂട്ട് ആകും. കറി എന്തായാലും അച്ചാര്‍ പോലെ തൊട്ടു കൂട്ടാതെ പലഹാരത്തില്‍ ഒഴിച്ച് കൈ കൊണ്ട് കുഴച്ചു വിശാലമായി തിന്നുന്നതാണ് എന്റെ ഒരു സ്റ്റൈല്‍ ! എന്റെ ഉമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഓന് രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം..ഓന്‍ ചായക്ക് പകരം കറിയല്ലേ കുടിക്കുന്നേ..." 

ഇത്രയും ആമുഖമായി പറയാന്‍ കാരണം എന്റെ കഴിഞ്ഞ പോസ്റ്റ്‌ ആയ ഒരു കല്യാണ ക്ഷണ(ന)ത്തിന്റെ കഥ യില്‍ വിനു ടീച്ചെറിട്ട ഒരു കമന്റ്‌ ആണ്. "വടക്കന്‍ മലബാറുകാരുടെ ഭാഷയും ഭക്ഷണവും ഇച്ചിരി ഒന്നുമല്ല എന്നെ കുഴക്കിയിരിയ്ക്കുന്നത്.. ഒരു കല്ല്യാണവീട്ടിൽ പോയപ്പൊ നേരം വെളുത്ത് കണ്ണ് തുറന്നതും ചായയുടെ കൂട്ടത്തില്‍ മുട്ട പുഴുങ്ങിയതു, കല്ലുമ്മക്കായ് നിറച്ചതും തന്നപ്പൊ, ഇത് ഞാന്‍ ഊണിന്‍റെ കൂടെ കഴിയ്ക്കാം ട്ടൊ എന്നു പറഞ്ഞു പോയി". പരിചയമില്ലാത്ത ഭക്ഷണ രീതി കണ്ടു അമളി പറ്റിയ ടീച്ചറുടെ നിഷ്കളങ്കമായ ഈ കമന്റ്‌ എന്നെ കുറെ ചിരിപ്പിച്ചു. ഒപ്പം നാലഞ്ചു വര്‍ഷം മുന്‍പ് എനിക്ക് പറ്റിയ ഇതേ രീതിയിലുള്ള ഒരബദ്ധം മനസ്സിലേക്ക് വന്നു.

ഒരു സുഹൃത്തിന്റെ ചേട്ടന്റെ കല്യാണത്തിന് പങ്കെടുക്കാനായി എനിക്ക് തിരുവനന്തപുരം പോവേണ്ടി വന്നു. വടകരക്കാരനായ എനിക്ക് മുഹൂര്‍ത്തത്തിനു മുന്‍പ് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം തലേന്ന് പുറപ്പെട്ട് ഞങ്ങടെ കോമണ്‍ ഫ്രെണ്ടായ സനലിന്റെ വീട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചു. കല്യാണത്തിന്റെ തലേന്ന് രാവിലെ തന്നെ ട്രെയിനില്‍ ഞാന്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. വീട്ടിന്നു അതിരാവിലെ ഇറങ്ങിയത്‌ കൊണ്ടും, വിശപ്പിന്റെ അസുഖമുള്ളതിനാലും താനൂര്‍ എത്തിയപ്പോഴേ എന്റെ 'പള്ളയില്‍' നിന്ന് ബാങ്ക് വിളി തുടങ്ങി. വണ്ടി ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ദോശയും ചട്നിയും കഴിച്ചു പള്ളയുടെ പ്രശ്നം പരിഹരിച്ചു. 

അരമണിക്കൂര്‍ കഴിഞ്ഞതും വയറ്റില്‍ എന്തോ ഒരു അസ്വസ്ഥത അനുഭവപ്പെട്ടു. ദോശയും ചട്നിയും കൂടി വയറ്റില്‍ കിടന്നു ഗുസ്തി പിടിക്കുകയാണ്. ടിക്കെറ്റ് ഇല്ലാത്തപ്പോള്‍ TTR കാണാതെ ഒളിച്ചിരിക്കാന്‍ അല്ലാതെ , കാര്യം സാധിക്കാന്‍ ട്രെയിനിലെ ടോയിലെറ്റില്‍ ഞാന്‍ കയറാറില്ല. പക്ഷെ ഇപ്പോള്‍ സിറ്റുവേഷന്‍ വളരെ ക്രിട്ടിക്കല്‍ ആണ് ! സൊ നത്തിംഗ് ടു തിങ്ക്‌ .........അറ്റാക്ക്‌ ....!

ലോഡെല്ലാം ഇറക്കി വെച്ച ആശ്വാസത്തോടെ സീറ്റില്‍ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വയറ്റീന്നു ശിങ്കാരി മേളം തുടങ്ങി. പിന്നെ 'ഫോര്‍ ലൂപ്പില്‍' ഇട്ടതു പോലെ കന്റിനിയൂസ് ആയി ടോയിലെറ്റിലോട്ടു ഒരു 'പോക്ക് വരവ്' തന്നെയായിരുന്നു. അവസാനം നമ്മുടെ സര്‍ക്കാര്‍ ഖജനാവ് പോലെ വയര്‍ കാലി ആയപ്പോള്‍ ലൂസ് മോഷന്‍ ' നോ മോഷന്‍' ആയി.

മഹത്തായ ഇന്ത്യന്‍ റെയില്‍വേയുടെ ഫുഡ്‌ കഴിച്ചു വീണ്ടും വയര്‍ ചീത്തയാക്കേണ്ട എന്ന് കരുതി തിരുവനന്തപുരം വരെ ജ്യൂസ് മാത്രം കുടിച്ചു 'ഹസാരെ മോഡല്‍ നീരാഹാരം' കിടക്കാന്‍ തീരുമാനിച്ചു. അല്പം വിശന്നിരുന്നാലും സനലിന്റെ വീട്ടില്‍ എത്തിയിട്ട് ലാവിഷ് ആയി ഫുഡ്‌ അടിക്കാം എന്നൊരു ഗൂഡ ലക്‌ഷ്യം ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നു!

'ആസ് യൂഷ്വല്‍' മൂന്നു മണിക്കൂര്‍ ലേറ്റ് ആയിട്ടാണ് ട്രെയിന്‍ ഓടുന്നതെന്ന് എറണാകുളം എത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ഇതെപ്പോള്‍ Trivandrum എത്തുമെന്ന് അടുത്തിരിക്കുന്ന ചേട്ടനോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം 'എപ്പ എത്തൂന്നു റെയില്‍വേക്ക് തന്നെ ബോധ്യമുണ്ടാവില്ല...പിന്നെയല്ലേ എനിക്ക്!! എത്തിയാല്‍ എത്തി! അത്ര തന്നെ' എന്നായിരുന്നു. അപ്പോള്‍ തന്നെ ഞാനത് സനലിനെ വിളിച്ചു പറയുകയും ചെയ്തു. 

"എടാ ഞാന്‍ എറണാകുളം എത്തിയെ ഉള്ളൂ .......ട്രെയിനിന്റെ വരവ് കണ്ടിട്ട് നിന്റെ വീട്ടില്‍ എത്താന്‍ പാതിരയാകുമെന്നാ തോന്നുന്നെ......ഭക്ഷണത്തിന് വേണ്ടി എന്നെ വെയിറ്റ് ചെയ്യേണ്ട എന്ന് നിന്റെ വീട്ടുകാരോട് പറയ്‌ ഞാന്‍ വന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം". 

ഒടുക്കം ലാലു പ്രസാദിന്റെ കടാക്ഷം കൊണ്ട് വേറെ കുഴപ്പം ഒന്നുമില്ലാതെ ട്രെയിന്‍ Trivandrum എത്തി. സ്റ്റേഷനില്‍ നിന്നും ഓട്ടോ പിടിച്ചു സനലിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഉമ്മറത്ത്‌ തന്നെ അവന്‍ എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ബാക്കിയെല്ലാരും എവിടെ എന്ന് ഞാന്‍ ചോദിക്കുന്നതിനു മുന്‍പേ അവന്‍ പറഞ്ഞു തുടങ്ങി. " നീ വരാന്‍ ലേറ്റ് ആകും എന്ന് വിളിച്ചു പറഞ്ഞോണ്ട് എല്ലാരും ഭക്ഷണം കഴിച്ചു കിടന്നു.....നിനക്ക് സുഖമില്ലേ ? മുഖത്ത് എന്താ ഒരു ക്ഷീണം".

ഇതിലും വലിയ അസുഖം എന്ത് വരാനാ!! "എനിക്ക് ദേഷ്യവും, നിരാശയും,നീരസവും, സങ്കടവും എല്ലാം കൂടി ഒരുമിച്ചു വന്നെങ്കിലും ആത്മസംയമനം പാലിച്ചു ഞാന്‍ പറഞ്ഞു "ഹേയ് ഒന്നുമില്ലെടാ....കുറെ നേരം ട്രെയിനില്‍ ഇരുന്നതല്ലേ....അതിന്റെതാ......ഒന്ന് കിടന്നാല്‍ ശരിയാകും". 

എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റിയിട്ടുണ്ട്!! ഒന്നുകില്‍ ഞാന്‍ ഫോണില്‍ പറഞ്ഞത് അവനു മനസ്സിലായിട്ടില്ല അല്ലെങ്കില്‍ റയില്‍വേ സ്റ്റേഷനിലെ സൌണ്ട് കാരണം പറഞ്ഞത് മുഴുവന്‍ കേട്ട് കാണില്ല. ഇനിയിപ്പോള്‍ ഒന്നും കഴിച്ചില്ലാന്നു പറഞ്ഞാല്‍ അവനു ബുദ്ധിമുട്ടാകും. വീട്ടുകാരെ ഉണര്‍ത്തണം..ഫുഡ്‌ ഒന്നുമില്ലേല്‍ ഉണ്ടാക്കണം. 'ഫോളോവെര്‍ ഗാട്ജെറ്റ് പോയ ബ്ലോഗറെ, ഗൂഗിള്‍ ബ്ലോക്ക് ചെയ്തത് പോലെയായി' എന്റെ കാര്യം! വിശപ്പാണേല്‍ 'ഹൈ കമാന്റില്‍' എത്തി നില്‍ക്കുകയാണ്! "തല്‍ക്കാലം ഒന്നും മിണ്ടാതെ കിടക്കാം. എല്ലാം കൂടി രാവിലെ ഒരു ഗംഭീര തട്ട് തട്ടാം! " എന്ന് തീരുമാനിച്ചു ഞാന്‍ ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് രാവിലെ എണീറ്റ്‌ കുളിയും തേവാരവും എല്ലാം കഴിഞ്ഞതിനു ശേഷം വീട്ടുകാരെ ഓരോരുത്തരെയായി സനല്‍ എനിക്ക് പരിചയപ്പെടുത്തി തന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അവന്റെ അച്ഛന്‍ പുള്ളിയുടെ ജനറല്‍ നോളെജ് കാണിക്കാന്‍ വേണ്ടി എന്നെയിരുത്തി വധിക്കാന്‍ തുടങ്ങി. അമേരിക്കയും സദ്ദാമും ബുഷും ആന്റണിയും ഉള്‍പ്പടെ എല്ലാ നേതാക്കന്മാരെ കുറിച്ചും പുള്ളി കത്തിക്കയറുകയാണ്. മനുഷ്യന്റെ വയറു കത്തുമ്പോഴാ അങ്ങേരുടെ ഒരു ബീഡി കത്തിക്കല്‍!!!!.!! !!!

പുള്ളി പറയുന്നതിന് എല്ലാത്തിനും ഞാന്‍ മൂളുന്നുണ്ടെങ്കിലും എന്റെ ശ്രദ്ധ മുഴുവന്‍ ഡൈനിങ്ങ്‌ ഹാളിലാണ്. അഞ്ചാം മന്ത്രിസ്ഥാനം കാത്തിരുന്ന ലീഗുകരെ പോലെ കുറെ നേരമായി ഞാന്‍ അങ്ങോട്ട്‌ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്.  ഇത്ര നേരമായിട്ടും അവിടേക്ക് 'കുച്ച് നഹി ആയാ'. ആകെ വന്നത് കിച്ചണില്‍ നിന്നും എന്തോ എണ്ണയില്‍ പൊരിക്കുന്ന ശ് ...ശ് ....ശബ്ദം മാത്രം. രാവിലെ തന്നെ ചിക്കെന്‍ പൊരിക്കുകയാണെന്ന് തോന്നുന്നു. എന്റെ മനസ്സില്‍ 'ലഡുവും ലിലേബിയും' എല്ലാം ഒരുമിച്ചു പൊട്ടി. 

അധികം താമസിയാതെ തന്നെ 'ഫുഡ്‌ റെഡി ആയി. നമുക്ക് കഴിക്കാം' എന്ന് പറഞ്ഞു സനല്‍ എന്നെ ഡൈനിങ്ങ്‌ റൂമിലോട്ട് ആനയിച്ചു. സനലും അവന്റെ അച്ഛനും എന്റെ കൂടെ കഴിക്കാന്‍ ഇരുന്നു. ആദ്യം തന്നെ ടാബിളില്‍ വച്ചിരിക്കുന്ന ഐറ്റംസിലൂടെ ഞാനൊന്ന് കണ്ണോടിച്ചു നോക്കി. നാലഞ്ചു കുറ്റി പുട്ടും അഞ്ചാറു പപ്പടവും ഒരു ചെറിയ പ്ലേറ്റില്‍ കുറച്ചു ചെറു പയര്‍ പുഴുങ്ങിയതും !!  ആരേലും കറി കൊണ്ട് വെക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷെ എന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് സനലിന്റെ അച്ഛന്‍ പപ്പടവും ചെറുപയറും കൂട്ടി പുട്ട് കഴിച്ചു തുടങ്ങി.

അന്തം വിട്ടു കുന്തം വിഴുങ്ങിയവനെ പോലെ പുട്ടിലും ചെറുപയരിലും മാറി മാറി നോക്കുന്ന എന്നെ സന്തോഷിപ്പിക്കാനായി സനലിന്റെ പ്രഖ്യാപനം വന്നു. "എടാ....പുട്ടും പയറും നീ വന്നത് കൊണ്ട് സ്പെഷലാ....നല്ലോണം തട്ടിക്കോ....സാധാരണ ഇവിടെ ഇഡലിയും ഉപ്പുമാവുമൊക്കെയാ!!! ". എന്റെ വീട്ടില്‍ അതിഥികള്‍ക്ക് കൊടുക്കുന്ന ഭക്ഷണം ഓര്‍ത്തപ്പോള്‍ എനിക്ക് ചിരി വന്നു. 

ഭാഷ ദേശങ്ങള്‍ക്കനുസൃതമായി ഭക്ഷണ ശൈലിയിലും അതിഥി സല്‍ക്കാരത്തിലും മാറ്റം ഉണ്ടാകാം എന്ന തിരിച്ചറിവും, സനലിന്റെ വീട്ടുകാരുടെ നിര്‍ലോഭമായ സ്നേഹവും ഓര്‍ത്തു നേരത്തെ വന്ന ആ ചിരി ഞാന്‍ ഉള്ളിലൊതുക്കി. "രണ്ടു കഷ്ണം പുട്ട് തിന്നാന്‍ രണ്ടു ലിറ്റര്‍ കറി മാണം" എന്ന കോഴിക്കോടന്‍ സിദ്ധാന്തം മറന്നു കൊണ്ട്  ഞാന്‍ അവരുടെ കൂടെ കഴിച്ചു തുടങ്ങി. അല്ലെങ്കിലും വിശന്നു കൊടല് കരിയുന്നവന് എന്ത് സിദ്ധാന്തം... എന്ത് വേദാന്തം !!

അങ്ങനെ എന്റെ ജീവിതത്തില്‍ ആദ്യമായി കറിയില്ലാതെ വെറും പപ്പടവും പുഴുങ്ങിയ ചെറുപയറും കൂട്ടി മൂന്നു കഷ്ണം പുട്ട് തിന്നു. സോറി... തിന്നു എന്ന് പറയുന്നതിനേക്കാളും വായിലോട്ട് കുത്തിക്കേറ്റി എന്ന് പറയുന്നതാവും ശരി ! ആദ്യം ഒരു ചെറിയ അസ്വസ്ഥത തോന്നിയെങ്കിലും രണ്ടു ഗ്ലാസ് വെള്ളം കുടിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് എല്ലാം നേരെയായി !!

ബ്രേക് ഫാസ്റ്റ്‌ കഴിഞ്ഞു എല്ലാരോടും യാത്ര പറഞ്ഞു കല്യാണ മണ്ഡപത്തിലേക്ക് പോയി. കല്യാണത്തില്‍ പങ്കെടുത്ത് അവിടുന്ന് മൂന്ന് കൂട്ടം പായസവും കൂട്ടി നല്ലൊരു സദ്യയും ഉണ്ട് വൈകിട്ടത്തെ ട്രെയിനില്‍ തിരിച്ചു നാട്ടിലേക്കു വന്നു. തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ച് എന്റെ വയറിനു ഒരു കുഴപ്പവും സംഭവിച്ചില്ല എന്ന് മാത്രമല്ല ടോയിലെറ്റിന്റെ ഏരിയയിലേക്ക് കൂടി പോവേണ്ടി വന്നില്ല ; അന്ന് മാത്രമല്ല പിന്നീടങ്ങോട്ടുള്ള രണ്ടു ദിവസം കൂടി !!

തിരുവനന്തപുരം പോയി വന്നതിനു ശേഷം വയറ് സ്തംഭിക്കാന്‍ കാരണമെന്താന്നു ഉമ്മ തിരക്കിയപ്പോള്‍ കാര്യങ്ങള്‍ എല്ലാമറിയുന്ന അനിയനാണ് മറുപടി പറഞ്ഞത് !!!

"തിരോന്തരത്തെ ചങ്ങായീന്റെ പൊരേന്നു വെശപ്പ് മൂത്ത് പുട്ടിന്റെ കൂടെ, പുട്ടും കുറ്റീന്റെ അരിപ്പയും (ചില്ലു) വിഴുങ്ങിയിട്ട് ഇക്കാന്റെ വയര്‍ ബ്ലോക്ക്‌ ആയതാ !! ചെലപ്പോള്‍ ഒരു ഓപ്പറേഷന്‍ വേണ്ടി വരും ഉമ്മാ...." ഇത് കേട്ടതും അനിയത്തിയും, ഉമ്മയും, ഇളയ അനിയനും, എല്ലാരും കൂടി ഒരു കൂട്ടച്ചിരി ആയിരുന്നു........അവരുടെ കൂടെ ചേര്‍ന്ന് ചിരിക്കുകയല്ലാതെ വേറെ മാര്‍ഗം ഇല്ലാത്തതിനാല്‍ ആ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു!!!

-------------------------------------------------------ശുഭം----------------------------------------------------------------

പതിവ് പോലെ ചിത്രങ്ങള്‍ക്ക് കടപ്പാട് ഗൂഗിളിനോട്.

വെള്ളിയാഴ്‌ച, മാർച്ച് 02, 2012

ഒരു കല്യാണ ക്ഷണ(ന)ത്തിന്റെ കഥ !!

മുസ്ലിം കല്യാണങ്ങളുടെ പാരമ്പര്യവും പെരുമയും ഇപ്പോഴും അത് പോലെ സൂക്ഷിക്കുന്നത് ഒരു പരിധി വരെ ഞങ്ങള്‍ വടക്കന്‍ മലബാറുകാരാണ് . കല്യാണ നിശ്ചയത്തിനു തുടങ്ങുന്ന ചടങ്ങ് തീരുന്നത് കല്യാണ ശേഷമുള്ള സല്‍ക്കാരത്തോടെയാണ്. കല്യാണത്തിന് തന്നെ നൂറു കൂട്ടം ചടങ്ങുകള്‍ ഉണ്ട്. മൈലാഞ്ചി ദിവസം (കല്യാണ തലേന്ന്) രാവിലെ തുടങ്ങുന്ന ചടങ്ങുകള്‍ അവസാനിക്കുന്നത് കല്യാണ ദിവസം രാത്രി മണിയറയില്‍ മണവാട്ടിയെ ആനയിക്കുന്നതോടെയാണ്. ഈ രണ്ടു ദിവസത്തെ ചടങ്ങുകള്‍ എല്ലാം കഴിയുമ്പോഴേക്കും മണവാളനും മണവാട്ടിയും ക്ഷീണിച്ചു അവശരായി പതിനായിരം മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരത്തെ പോലെ 'മൂക്കിന്നും വായിന്നും പത' വരുന്ന അവസ്ഥയില്‍ ആയിട്ടുണ്ടാകും! എന്റെ എളിയ അഭിപ്രായത്തില്‍ ഈ ചടങ്ങുകള്‍ എല്ലാം ട്വന്റി ട്വന്റി മാച്ച് പോലെ മൂന്നാല് മണിക്കൂര്‍ കൊണ്ട് തീര്‍ക്കണം. മാത്രമല്ല പ്ലെയേഴ്സ് ആവശ്യത്തിനു ബ്രൈക് എടുത്തതിനു ശേഷമേ ആദ്യ രാത്രിയിലേക്ക്‌ പ്രവേശിക്കാവൂ. എന്നാലേ ഓപെനിംഗ് വിക്കെറ്റില്‍ തന്നെ നല്ലൊരു പാര്‍ട്ട്നെര്‍ഷിപ്‌ ബില്‍ഡ് അപ് ചെയ്യാന്‍ പറ്റുള്ളൂ.! അല്ലെങ്കില്‍ ഗോള്‍ഡെന്‍ ഡക്ക് ആയിപ്പോകും.!

എന്റെ ട്വന്റി ട്വന്റി കോണ്‍സെപ്ട്ടിനു മുന്‍പേ ഈ കാര്യങ്ങളെ കുറിച്ച് പൂര്‍വികര്‍ ചിന്തിച്ചിട്ടുണ്ടെന്നു തോന്നുന്നു.അത് കൊണ്ടാണല്ലോ മണിയറയിലേക്ക് പ്രവേശിക്കുന്ന മണവാട്ടിയുടെ കയ്യില്‍ കാച്ചിയ പാലും പുഴുങ്ങിയ മുട്ടയും കൊടുത്തു വിടുന്ന ചടങ്ങ് തുടങ്ങി വെച്ചത്. ആദ്യമൊന്നും ഈ ചടങ്ങിന്റെ ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയിരുന്നില്ല. 'മൂക്കിന്നും വായിന്നും പത' വന്ന മണവാളനും മണവാട്ടിക്കും ഒരു എനര്‍ജി ബൂസ്റ്റെര്‍ ആയിട്ടാണ് പാലും മുട്ടയും കൊടുക്കുന്നത് എന്ന് ഞാനിപ്പോള്‍ സംശയിക്കുന്നു..............!      

അതിന്റെ ഹിസ്ടറി എന്തേലും ആവട്ടെ അത് ഞാന്‍ ചെകയുന്നില്ല. നടു റോഡില്‍ മുണ്ടഴിഞ്ഞു നാട്ടാരുടെ മുന്നില്‍ അപമാനിതനായ പോലെ ഈ പാലും മുട്ടയും എന്നെയൊരു ദിവസം അപമാനിച്ചിട്ടുണ്ട്. മോശമല്ലാത്ത രീതിയില്‍ ചമ്മിയെങ്കിലും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള ഒരു തമാശ മാത്രമായിട്ടേ ഇന്നെനിക്കാ സംഭവം കാണാന്‍ കഴിയുള്ളൂ !!

കോയമ്പത്തൂരിലെ ഡിഗ്രി പഠനം കഴിഞ്ഞു റിസള്‍ട്ടിനായി കാത്തു നില്‍ക്കുന്ന കാലം. ഒരു പണിയും ഇല്ലാതെ അനിയന്മാരുടെ കൂടെ ക്രിക്കെറ്റ് കളിച്ചും, വേങ്ങോളി പാലത്തില്‍ ഇരുന്നു കനാലിലെ മീനിനെ എണ്ണിയും, ആകാശത്തിലെയും റോഡിലൂടെ നടന്നു പോകുന്ന കിളികളുടെയും സൌന്ദര്യം ആസ്വദിച്ചും  സമയം കളയുന്ന നാളുകള്‍. അന്നു പതിവ് പോലെ വേങ്ങോളി പാലത്തിന്റെ കൈ വരിയില്‍ ഇരുന്നു ഭാവിയെ കുറിച്ച് വ്യാകുലപ്പെടുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി. ഭാവിയല്ല; തനി ഭൂതമാണ്‌ പിന്നില്‍ നില്‍ക്കുന്നത്! ആത്മാര്‍ത്ഥ സുഹൃത്ത്‌ ജാഫെര്‍! ഇവന്‍ എപ്പോള്‍ വന്നു! ബൈക്കിന്റെ സൌണ്ട് ഒന്നും കേട്ടിരുന്നില്ലല്ലോ !!

"എന്താടാ പുറകീന്ന് വിളിച്ചു പേടിപ്പിക്കുന്നത് ? "
"പോടാ പന്നീ...ഇഞ്ഞെന്താ വെള്ളത്തില്‍ നോക്കി സ്വപ്നം കാണ്ന്നാ..ഞാന്‍ വന്നിട്ട് കൊറേ നേരായി."
"ഇനിക്കത് പറയാം..പരീക്ഷ എഴുതിയത് ഞാനല്ലേ. ഞ്ഞല്ലല്ലോ."
"ഞ്ഞ്‌ വെറുതെ ഇങ്ങനെയിരുന്ന് കുന്ടിതപ്പെട്ടു കുണ്ടി തയക്കേണ്ട.....ഞമ്മക്ക് ഒരു സ്ഥലം വരെ പോവാം."
"ഏടിയാ? ഞണ്ണാന്‍ കിട്ടുന്ന എന്തെങ്കിലും ഏര്‍പ്പാടാണെങ്കില്‍ ഞാനും പോരാം."
"ഏട്ടന്റെ മംഗലം പറയാനാ..അഞ്ചാറു പൊരെ പോണം..എങ്ങനെ ആണേലും ജ്യൂസോ ചായയോ കിട്ടും.!"
"എന്നാല്‍ ഞാനും ബെരുന്ന്. ഇഞ്ഞു ഇവിടെ നിക്ക്. ഞാന്‍ ഡ്രസ്സ്‌ മാറ്റി ഇപ്പ ബരാം."

ഞാന്‍ ഡ്രസ്സ്‌ മാറ്റി വന്നതിനുശേഷം രണ്ടാളും കൂടി കല്യാണം ക്ഷണിക്കാന്‍ പുറപ്പെട്ടു. ആദ്യമായി കേറിയത്‌ ഒരു ഗള്‍ഫുകാരന്റെ വീട്ടിലാണ് . കൊട്ടാരം പോലത്തെ വീടും ഇന്റര്‍ ലോക്ക് പതിച്ച വിശാലമായ മുറ്റവും കണ്ടപ്പോള്‍ ചുരുങ്ങിയത് ഒരു ഹോര്‍ലിക്ക്സ് എങ്കിലും ഞങ്ങള്‍ പ്രതീക്ഷിച്ചു. പക്ഷെ കിട്ടിയതോ കാടി വെള്ളം പോലെയുള്ള ടാങ്ക് വെള്ളം.

"ഇത് ആവശ്യത്തിനു വീട്ടില്‍ ഉണ്ടല്ലോ.... ഇത് കുടിക്കാന്‍ ഇങ്ങു കടക്കണോ" എന്ന് പിറുപിറുത്തു കൊണ്ട് ടാങ്ക് ഒറ്റ വലിക്കു കുടിച്ചു തീര്‍ത്ത് വലിയ ശബ്ദത്തോടെ ഗ്ലാസ്‌ ഞാന്‍ മേശപ്പുറത്തു വെച്ചു. ഭാഗ്യം കൊണ്ട് എന്റെ നിരാശ പ്രകടനത്തിന് ശേഷം ആ ഗ്ലാസ്‌ പൊട്ടിയില്ല.

ഞങ്ങടെ കഷ്ടകാലത്തിനു അഞ്ചു വീട്ടില്‍ കേറിയപ്പോള്‍ മൂന്നിടത്ത് നിന്നും ടാങ്കും രണ്ടിടത്ത് നിന്നും ലൈം ജ്യൂസുമാണ് കുടിക്കാന്‍ കിട്ടിയത്. മര്യാദിക്ക് വീട്ടില്‍ ഇരുന്നെങ്കില്‍ പതിവ് കട്ടന്‍ ചായേം ഉണ്ടം പൊരിയും കിട്ടിയേനെ. ഇപ്പോള്‍ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല. അഞ്ചാമത്തെ വീട്ടില്‍ നിന്ന് ഇറങ്ങിയതും എന്റെ കണ്ട്രോള്‍ പോയി. എന്റെ ദേഷ്യവും നിരാശയുമെല്ലാം ജാഫെറിന്റെ മേലെ തീര്‍ത്തു.

"ഇഞ്ചെ കുടുംബക്കാര്‍ എല്ലാം വെറും കണ്ട്രികള്‍ ആണല്ലോ!! ഇവരൊന്നും ചായയും പലഹാരവും കഴിക്കില്ലേ ? "
"ഇഞ്ഞോന്നു അടങ്ങടെയ്.......അടുത്തതു ബീരാനിക്കാന്റ പൊരയാ.... ഓര്‍ക്ക്‌ പശുനേം ആടിനേം കോയിനേം പോറ്റുന്ന പണിയാ. ബല്യ കര്‍ഷകനാ...ആട്‌ന്നു കാര്യായിട്ട് എന്തേലും തടയും."
"പിന്നെ...ഒന്ന് പോടാപ്പാ..ഗള്‍ഫുകാര് പോലും ടാങ്കാ തന്നത്..പിന്നല്ലേ പാട്ട കര്‍ഷകന്‍!! "
"ഇഞ്ഞു നോക്കിക്കോ....മ്മക്ക് മിനിമം ഒരു ഗ്ലാസ് പാല്‍ എങ്കിലും ആടുന്നു കിട്ടും....ഒറപ്പാ."
"കിട്ടിയാ നല്ലത് " ഞാന്‍ പ്രതീക്ഷ കൈവെടിഞ്ഞില്ല.

ബീരാനിക്കാന്റെ വീട്ടിലെ കോണിപ്പടി കേറി ഞങ്ങള്‍ മുറ്റത്തെത്തിയപ്പോള്‍ അവിടെ കുറെ കുട്ടികള്‍ കളിക്കുന്നുണ്ട്. ഒരു സെവന്‍സ് മാച്ചിനുള്ള പിള്ളാരുണ്ട്. പടച്ചോനെ ഇതെല്ലാം ബീരാനിക്കാന്റെ മക്കളാണോ? പശൂനേം ആടിനെയും കൂടാതെ ഇങ്ങേര്‍ക്ക് ഇതിന്റെ കൃഷിയും ഉണ്ടോ !! ഇവിടെ ഐഡിയ 3G പോയിട്ട് BSNL ന്റെ ലാന്‍ഡ്‌ ഫോണ്‍ കണക്ഷന്‍ പോലും കിട്ടിയിട്ടില്ല എന്ന് തോന്നുന്നു!!! What a bad idea Beeranji ?

വിരുന്നുകാരെ കണ്ടതും പോലീസുകാരെ കണ്ട KSU സമരക്കാരെ പോലെ പിള്ളാരെല്ലാം വീടിന്റെ പുറകിലേക്ക് ഓടി. ബീരാനിക്കാന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചിരുത്തി. എന്നെ പരിചയം ഇല്ലാത്തതു കൊണ്ട് ജാഫെറിന്റെ മുഖത്ത് നോക്കിയാണ് അവര്‍ വര്‍ത്താനം പറയുന്നത്.

"ബീരാനിക്ക അങ്ങാടീല്‍ പോയതാ...ഇനി ബെരണേല്‍ മോന്തിയാകും."
"ഞാള് എന്റെ ഏട്ടന്റെ മംഗലം പറയാന്‍ വന്നതാ.... ഇങ്ങള് ബീരാനിക്കയോട് പറഞ്ഞാല്‍ മതി."
"അത് ഞാന്‍ പറയാം.....ഇതാര ഇന്ജെ ചങ്ങായിയാ ?"
"ആ....ഇവന്‍ എന്റെ പൊരേന്റെ അടുത്താ....നിക്കാഹിന്റെ വിവരങ്ങള്‍ എല്ലാം കല്യാണ കത്തിലുണ്ട്...എന്ന ഞാള് പോട്ടെ"  ജാഫെര്‍ ഉപസംഹരിച്ചു.
"ഇന്ജെ ചങ്ങായിനേം കൂട്ടി ആദ്യായി പൊരേല് വന്നിട്ട് അപ്പാട് പോവാ ? എന്തെങ്കിലും കഴിച്ചിട്ട് പോയാല്‍ മതി."

'ബ്ലോഗര്‍മാര്‍ ഇച്ചിച്ചതും നിരക്ഷരന്‍ ബൂലോകം ടീം തെരഞ്ഞെടുത്തതും നിരക്ഷരന്‍' എന്ന് പറഞ്ഞത് പോലെയായി കാര്യങ്ങള്‍. എനിക്ക് ചിരി വന്നെങ്കിലും അത് പ്രകടിപ്പിക്കാതെ ഒന്ന് വെയിറ്റിട്ടു നോക്കി.

"അയ്യോ ...ഒന്നും വേണ്ട....ഞാക്ക് പോയിട്ട് വേറെ പണിയുണ്ട് " 
"ഇങ്ങള്‍ക്ക്‌ തെരക്കായത് കൊണ്ട് ഞാന്‍ കാര്യായിട്ട് ഒന്നും ഉണ്ടാക്കുന്നില്ല. ഇങ്ങള് ഒരു ഗ്ലാസ് പാലെങ്കിലും കുടിച്ചിട്ട് പോയാല്‍ മതി ". എന്ന് പറഞ്ഞു അവര്‍ അകത്തേക്ക് പോയി.

ഞാന്‍ ഒളി കണ്ണിട്ടു ജാഫെറിനെ നോക്കി. അവന്‍ എന്നെ നോക്കി ഒരു ക്ലോസ് അപ്പ്‌ പുഞ്ചിരി പാസ്സാക്കി. അക്നോലോഡ്ജമെന്റ് (Acknowledgment) ആയി ഞാനും ഒരു കോള്‍ഗേറ്റ് പുഞ്ചിരി കൈ മാറി. ഞങ്ങടെ പുഞ്ചിരികള്‍ കൂട്ടിമുട്ടി ഒരു ട്രാഫിക് ജാം ഉണ്ടാകുന്നതിനു മുന്‍പേ കൈയില്‍ രണ്ടു ഗ്ലാസ് പാലുമായി ബീരാനിക്കാന്റെ ഭാര്യ വന്നു. പാല്‍ ഗ്ലാസുകള്‍ ടീപോയിയുടെ മേലെ വെച്ചതിനു ശേഷം അവര്‍ അകത്തേക്ക് പോയി. തിരിച്ചു വന്ന അവരുടെ കയ്യില്‍ ഒരു ചെറിയ പ്ലേറ്റില്‍ മൂന്ന് പുഴുങ്ങിയ മുട്ടയും ഉണ്ടായിരുന്നു. അതും ടീപോയിയുടെ മേലെ വെച്ച് ഞങ്ങളെ നോക്കി പറഞ്ഞു.

"ഇബുട്ത്തെ പയീന്റെ പാലാ....മുട്ടയും ഇബുട്ത്തെ കോയിന്റെതാ......കൊറവൊന്നും ബിജാരിക്കാണ്ട് ങ്ങള് നല്ലോണം തിന്നോ.......ഞാന്‍ അപ്പറം പോകാം" എന്ന് പറഞ്ഞു ഞങ്ങളെ സ്വതന്ത്രരായ് തിന്നാന്‍ വിട്ടു അവര്‍ അകത്തേക്ക് പോയി.

"രണ്ടാളും ഓരോ മുട്ട തിന്നാം. അങ്ങനെയാകുമ്പോള്‍ ഒരു മുട്ട ബാക്കിയുണ്ടാകും. അതാണ്‌ അതിന്റെ ഒരു ഡീസെന്‍സി." എന്ന് ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി മുട്ടയെടുക്കാന്‍ പ്ലേറ്റിലേക്ക് കൈനീട്ടിയതും ജാഫെര്‍ ഒരു മുട്ട വായില്‍ ഇട്ടിരുന്നു. "ഹോ...ഇങ്ങനെയുണ്ടോ ആക്രാന്തം." ഞാന്‍ അവനെയൊന്നു തറപ്പിച്ചു നോക്കി. അവന്‍ അതൊന്നും മൈന്‍ഡ് ചെയ്യാതെ നല്ല ചാമ്പലാണ്. ബാക്കിയുള്ള രണ്ടു മുട്ടയില്‍ ഒന്നെടുത്തു ഞാന്‍ വായിലേക്ക് വെക്കാന്‍ തുടങ്ങിയതും മാളത്തില്‍ നിന്നും എലി തല പുറത്തേക്കു ഇടും പോലെ വാതിലിന്റെ പുറകില്‍ നിന്നും ഒരു കുട്ടിയുടെ തല പുറത്തേക്കു വന്നു. അവന്റെ നോട്ടം എന്റെ കയ്യിലുള്ള മുട്ടയില്‍ ആണ്. ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി 'വേണോ' എന്ന് ഞാന്‍ കൈ കൊണ്ട് ആക്ഷന്‍ കാട്ടിയതും പ്രാപ്പിടിയന്‍ കോഴി കുഞ്ഞിനെ റാഞ്ചിയത്‌ പോലെ എന്റെ കയ്യില്ലുള്ള മുട്ടയും കൊണ്ട് അവന്‍ മുറ്റത്ത്‌ എത്തിയതും ഒരുമിച്ചായിരുന്നു.

ഇനി ഒരു മുട്ടയേ ബാക്കിയുള്ളൂ . അത് കഴിച്ചാല്‍ നാണക്കേടാണ് . ഞാന്‍ മുട്ട വിട്ടു പാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. ജാഫെര്‍ ചിരി പിടിച്ചു നിറുത്താന്‍ ഒരു ശ്രമം നടത്തിയെങ്കിലും ഒടുക്കം ചുമയായി മുട്ടയും ചിരിയും പുറത്തേക്കു വന്നു. അതെനിക്കിഷ്ടായി. അങ്ങനെ അവന്‍ മാത്രം സുഖിക്കേണ്ടല്ലോ!!

ഇതിനിടയില്‍ കീ..കീ ..പീ ..പീന്ന് ഹോണ്‍ മുഴക്കി വണ്ടിയോടിച്ചോണ്ട് ഒരു പീക്കിരി ചെക്കന്‍ ഞങ്ങടെ മുന്‍പില്‍ സഡന്‍ ബ്രൈക്കിട്ടു നിന്നു. ബീരാനിക്കാന്റെ ഏറ്റവും ഇളയ സന്തതിയാണെന്ന് തോന്നുന്നു. അവന്റെ നോട്ടം പ്ലേറ്റിലെ മുട്ടയില്‍ തന്നെ. ഇതെങ്ങാനം അവന്‍ എടുത്താല്‍ നാണക്കേടാണ് . ഒന്ന് പോലും ബാക്കി വെക്കാതെ എല്ലാ മുട്ടയും ഞങ്ങള്‍ തിന്നൂ എന്നല്ലേ ബീരാനിക്കാന്റെ ഭാര്യ കരുതുള്ളൂ!! എന്ത് വിലകൊടുത്തും ഈ മുട്ടയെ സംരക്ഷിക്കണം !! ഞാന്‍ ഒരു കൈ കൊണ്ട് മുട്ട പൊത്തി വെച്ചു മറ്റേ കൈ കൊണ്ട് അവനോടു അകത്തു പോകാന്‍ ആക്ഷന്‍ കാട്ടി. അതൊന്നും ഗൌനിക്കാതെ എന്റെ സംരക്ഷണ വലയം ഭേദിച്ചു മുട്ട കൈക്കലാക്കാന്‍ അവന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി. 

എന്റെടുത്ത്‌ ഒരുണ്ടയും നടക്കില്ല എന്ന് മനസ്സിലാക്കിയ അവന്‍ അവസാന അടവ് എന്ന നിലയില്‍ കീ കൊടുത്ത പാവയെ പോലെ നിലവിളിക്കാന്‍ തുടങ്ങി. ഇത് ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എന്നിട്ടും മുട്ടയിലുള്ള പിടി ഞാന്‍ വിട്ടില്ല. അവനും അഭിമാനിയാ !!! അവനും പിടി വിട്ടില്ല !! കുട്ടിയുടെ കരച്ചില്‍ കേട്ട് ബീരാനിക്കാന്റെ ഭാര്യ ഓടി വന്നു. പ്ലേറ്റില്‍ നിന്ന് മുട്ടയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ഞാന്‍ തടയുന്ന ഭീകര കാഴ്ചയാണ് അവര്‍ കണ്ടത്. അവരുടെ മാതൃഹൃദയം തുടിച്ചെങ്കിലും വിരുന്നുകാരെ വെറുപ്പിക്കേണ്ട എന്ന് കരുതി ചിരിച്ചോണ്ട്‌ അവര്‍ എന്നോട് പറഞ്ഞു.

"അതാ ചെറിയോന്‍ എടുത്തോട്ടെ .....അല്ലേല്‍ ഓന്‍ കരച്ചില്‍ നിറുത്തൂല. " 

സൈക്കിളില്‍ നിന്നും വീണ ഒരു ചിരി മുഖത്ത് വരുത്തി ഞാന്‍ മുട്ടയില്‍ നിന്നുമുള്ള പിടി വിട്ടു. കിട്ടിയ തക്കത്തിന് മുട്ടയും എടുത്തു ആ ചെക്കന്‍ സ്ഥലം വിട്ടു. അധിക നേരം അവിടെ ചമ്മാന്‍ നില്‍ക്കാതെ ഞങ്ങള്‍ യാത്ര പറഞ്ഞു ഇറങ്ങാന്‍ ഒരുങ്ങി.

"ഞാനിപ്പ ബരാം" എന്ന് പറഞ്ഞു ബീരാനിക്കാന്റെ ഭാര്യ അകത്തു പോയി കയ്യില്‍ എന്തോ ഒരു പൊതിയുമായി തിരിച്ചു വന്നു. എന്നിട്ട് ആ പൊതി എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു

"മോന് നാടന്‍ മുട്ടയ്ക്ക് ഇത്ര ബീര്യം ഉണ്ടേല്‍ പൊരേല്‍ പോയി ഉമ്മാനോട് പുയുങ്ങി തരാന്‍ പറ. ഇതില്‍ പത്തു മുട്ടയുണ്ട്‌ "

ഇത് കേട്ടതും എന്റെ മുഖത്തെ രക്തയോട്ടം നിലച്ചു. ഞാനത്രയും കാലം ഫെയര്‍ ആന്‍ഡ്‌ ലൌലി തേച്ചു വെളുപ്പിച്ച എന്റെ മുഖം ഒന്നൂടെ ഇരുണ്ടു.........ഒരക്ഷരം ഉരിയാടാതെ ആ പൊതിയും എടുത്തു സ്റ്റെപ് ഇറങ്ങി ഞാന്‍ റോഡിലേക്ക് നടന്നു..... പുറകെ പൊട്ടിച്ചിരിച്ചു കൊണ്ട് ജാഫെറും........!!

ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

സസ്പെന്‍സ് പൊളിയാത്ത ആദ്യ രാത്രി!!!

കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ട് ഉടുക്കുന്നവരോട് ചെറുപ്പം മുതലേ എനിക്ക് ഭയങ്കര ആരാധനയായിരുന്നു. "എടാ പുല്ലേ, ദാ അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ടുണ്ടല്ലോ....ഇതെടുത്തു ആണുങ്ങളെ പോലെ അന്തസ്സായി മടക്കിക്കുത്താനും അറിയാം ജോസെഫിന്." എന്ന് പറഞ്ഞു മുണ്ടും മടക്കിക്കുത്തി മമ്മൂക്ക സ്ലോ മോഷനില്‍ നടന്നു വരുന്നത് കാണുമ്പോള്‍ ആവേശം മൂത്ത് ഞാനിപ്പോഴും രോമാഞ്ച കഞ്ചുകന്‍ ആകാറുണ്ട്. മുണ്ടുടുത്ത ആണുങ്ങളെ കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തവും കുലീനതയും തോന്നാറുണ്ട്. മാത്രമല്ല ഏറ്റവും വേഗത്തില്‍ ഊരാനും ഉടുക്കാനും വിധത്തില്‍ 'ഹൈ സ്പീഡ് പ്ളഗ് ആന്‍ഡ്‌ പ്ളേ' ഫെസിലിറ്റി ഉള്ള ഒരേയൊരു വസ്ത്രവും മുണ്ടാണ്..  ഇതെല്ലാം പോരെങ്കില്‍ ആവശ്യത്തിനു  എയര്‍ സെര്‍ക്കുലേഷനും ഉണ്ടാകും. !!

ദൌര്‍ഭാഗ്യം എന്ന് പറയട്ടെ ചക്ക പോത്ത് പോലെ വളര്‍ന്നിട്ടും നാലാളുടെ മുന്നില്‍ ഇറങ്ങാന്‍ പാകത്തില്‍ മുണ്ടുടുക്കാന്‍ എനിക്കറിയില്ല. അത് കൊണ്ടാണല്ലോ ആറ്റ് നോറ്റുണ്ടായ നിക്കാഹിനു നോര്‍ത്ത് ഇന്ത്യക്കാരുടെ കുര്‍ത്തയും പൈജാമയും ഇടേണ്ടി വന്നത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു തലേല്‍ തൊപ്പീം വെച്ച് നല്ല നാടന്‍ പുയ്യാപ്ലയായി നിക്കാഹിനു ഇരിക്കാന്‍ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മുണ്ടുടുക്കാന്‍ നിര്‍ബന്ധിച്ചതാണ്. പക്ഷെ എന്റെ ജീവിതത്തിലെ നാഴിക കല്ലാകാന്‍ പോകുന്ന നിക്കാഹിനു ഒരു പരീക്ഷണം നടത്താനുള്ള ചങ്കുറപ്പ് എനിക്കില്ലായിരുന്നു. കാരണം മുണ്ടുടുത്ത് എന്ന് പുറത്തു പോയിട്ടുണ്ടോ അന്നൊക്കെ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങിയ സര്‍ക്കാരിനെ പോലെ ഞാന്‍ നാണം കെട്ട് പണ്ടാരമടങ്ങിയിട്ടുണ്ട്.

ഇനി അല്പം ഫ്ലാഷ് ബാക്ക് . സുന്നത്ത് കഴിഞ്ഞു പള്ളീല്‍ കൂടലിനാണ് ഞാന്‍ ആദ്യായിട്ട് മുണ്ട് ഉടുത്തത്. പച്ചക്കരയുള്ള ഒരു കുഞ്ഞി മുണ്ടും ഉടുത്ത് തലയില്‍ ഒരു ഉറുമാലും കെട്ടി പത്രാസില്‍ പള്ളീല്‍ പോയപ്പോള്‍ 'ഞാനും വലിയവനായി' എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അതിനു ശേഷം പതിവ് വേഷമായ നിക്കര്‍ വലിച്ചെറിഞ്ഞ്‌ വീട്ടില്‍ ലുങ്കി ഉടുക്കാന്‍ തുടങ്ങി. താമസം ഉമ്മാമയുടെ കൂടെ തറവാട്ടില്‍ ആയതിനാല്‍ മാമന്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ചൈന സില്‍ക്കിന്റെ നല്ല പള പളാന്നുള്ള ലുങ്കിയെ കിട്ടുള്ളൂ ധരിക്കാന്‍..ഈ ലുങ്കികള്‍ എങ്ങനെ ഉടുത്താലും നേരെ നില്‍ക്കില്ല. എപ്പോഴും ഊരി താഴെ പോകും. ഈ ഊരലില്‍ നിന്ന് രക്ഷ നേടാന്‍ ഒരു പരിഹാരം ഞാന്‍ കണ്ടെത്തിയിരുന്നു. സധാരണ പോലെ ലുങ്കിയുടുത്ത് കോന്തല രണ്ടും വലിച്ചു പുറകില്‍ മുറുക്കി കെട്ടുക. രാവിലെ ഒരു കെട്ടു കെട്ടിയാല്‍ രാത്രി ഉറങ്ങുമ്പോള്‍ മാത്രം കെട്ടഴിച്ചാല്‍ മതി. അതിനിടയില്‍ ഒന്നും രണ്ടുമൊക്കെ ലുങ്കി അഴിക്കാതെ അഡ്ജസ്റ്റ് ചെയ്യണം. മിക്കപ്പോഴും ഈ കെട്ടു മുറുകിയിട്ടു അഴിക്കാനക്കാതെ അരിവാള് കൊണ്ട് കോന്തല അറക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉമ്മാമയുടെ ലുങ്കികള്‍ക്കൊന്നും കോന്തല ഉണ്ടായിരുന്നില്ല !!

അന്ന് പതിവ് പോലെ ലുങ്കിയും മടക്കിക്കുത്തി ചെരുപ്പ് വണ്ടിയും ഉരുട്ടി റോഡിലൂടെ പോകുമ്പോഴാണ് അമ്മദിക്കയുടെ വീടിന്റെ ഉമ്മറത്ത്‌ ഒരാള്‍ക്കൂട്ടത്തെ കണ്ടത്. അടുത്ത് ചെന്നപ്പോഴാണ് ടീവിയില്‍ ഏതോ സിനിമ ഇട്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. ആ സമയത്ത് ടീവി ഒരപൂര്‍വ വസ്തു ആണ്. ഞങ്ങടെ നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമേ ടീവിയുള്ളൂ.    അതിനാല്‍ എവിടെ ടീവി വെച്ചാലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആള്‍ക്കൂട്ടം പതിവാണ്.

വണ്ടി അമ്മദിക്കയുടെ വീട്ടു മുറ്റത്ത്‌ പാര്‍ക്ക് ചെയ്തു ഞാനും ടീവിയുടെ ഏറ്റവും മുന്‍പില്‍ പോയിരുന്നു. പതിവില്ലാത്ത വിധം ആള്‍ക്കൂട്ടം വരാനുള്ള ഗുട്ടന്‍സ് അപ്പോഴാണ്‌ പിടി കിട്ടിയത് . വീസിയാറിലാണ് പടം ഓടുന്നത്. നാട്ടിലെ പിള്ളാരെല്ലാരും ചേര്‍ന്ന് VCR വാടകയ്ക്കെടുത്തതാണ്. ഹിന്ദി പടമാണ്. 'ഫൂള്‍ ഓര്‍ ഖാണ്ട' എന്നാണ് പടത്തിന്റെ പേരെന്ന് അടുത്തിരിക്കുന്ന പയ്യന്‍ പറഞ്ഞറിഞ്ഞു.

എനിക്കന്നും ഹിന്ദി 'തോട തോട മാലൂം' ആയതിനാല്‍ കുറച്ചു നേരം പടം കണ്ടപ്പോഴേക്കും ബോറടിച്ചു തുടങ്ങി. 'ഇതിലും ഭേദം വണ്ടിയോടിച്ചു നാട് ചുറ്റല്‍ ആണെന്ന്' മനസ്സില്‍ പറഞ്ഞു ഞാന്‍ എഴുന്നേറ്റു മുറ്റത്തേക്ക് ഓടി. പിന്നാലെ മാലപ്പടക്കത്തിനു തീ കൊളുത്തിയത് പോലെ ഒരു ശബ്ദം ഞാന്‍ കേട്ടു. ടീവി കണ്ടിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഈച്ചയും പൂച്ചയും അടങ്ങുന്ന സകലമാന ചരാചരങ്ങളും എന്നെ നോക്കി നെഞ്ചത്തടിച്ചു ചിരിക്കുന്നതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല.

ചിരിയുടെ റൂട്ട് കോസ് അറിയാതെ അന്തം വിട്ടു പോയ ഞാന്‍ ഒരു നിമിഷം താഴേക്ക്‌ നോക്കിയപ്പോള്‍ സ്ക്രീന്‍ ഷോട്ട് സഹിതം അതിന്റെ ഉത്തരം കിട്ടി. ടീവിയുടെ മുന്നില്‍ നിന്നും പുറത്തേക്കോടിയപ്പോള്‍ ലുങ്കി അഴിഞ്ഞു താഴെ പോയത് ഞാനറിഞ്ഞിരുന്നില്ല. ഒരിക്കലും അഴിഞ്ഞു പോകില്ല എന്ന് ഞാന്‍ വിശ്വസിച്ച എന്റെ കോന്തലക്കെട്ട് അഴിഞ്ഞിരിക്കുന്നു. 'വിശ്വാസം അതല്ലേ എല്ലാം' എന്ന് പറഞ്ഞ ബാലാലിനെ കൈ കിട്ടിയെങ്കില്‍ വെടി വെച്ച് കൊല്ലണം!!

"അകത്തു പോയി ലുങ്കി എടുക്കണോ? അതോ പിറന്ന പടി വീട്ടിലേക്കോടണോ" എന്ന കന്ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ കളിയാക്കി ചിരിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് എന്നോട് സഹതാപം തോന്നിയ ആരോ ലുങ്കി മുറ്റത്തേക്ക് എറിഞ്ഞു തന്നു. കമാന്ന് ഒരക്ഷരം ഉരിയാടാതെ  ലുങ്കിയെടുത്ത് അരയില്‍ ചുറ്റി വണ്ടിയെടുത്തു കക്ഷത്ത്‌ വെച്ച് ഉള്ള ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കോടി. ഞാനന്നോടിയ വഴിയില്‍ ഇപ്പോഴും പുല്ലു മുളച്ചിട്ടില്ല എന്ന് എല്ലാരും പറയും പോലെ ഞാനും പറയുന്നു. അല്ലേലും താറിട്ട റോഡില്‍ പുല്ലു മുളയ്ക്കില്ലല്ലോ!!

ചെറിയ കുട്ടിയായതിനാല്‍ അന്നത്തെ വസ്ത്രാക്ഷേപം എന്റെ ഇമേജിന് വലിയ ഡയമേജ് ഒന്നും ഉണ്ടാക്കിയില്ല. പക്ഷെ നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറ്റൊരു സംഭവം എന്റെ ഇമേജ് ഡയമേജ് ആക്കുക മാത്രമല്ല എന്റെ മുണ്ടുടുക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണും ഇട്ടു. വടകരയിലെ ഞങ്ങടെ ഇംഗ്ലീഷ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഓണാഘോഷം നടക്കുകയാണ്. ഞാനും കുറച്ചു സുഹൃത്തുക്കളും ആണ് സംഘാടകര്. ഓണമായത് കൊണ്ട് എല്ലാരും പരമ്പരാഗത വേഷത്തില്‍ വരണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. വാപ്പ ഉടുക്കുന്ന മുണ്ടുകളെല്ലാം പോളിസ്റ്റെര്‍ ആയതിനാല്‍ അയല്‍വാസി അനീഷിന്റെ കോട്ടന്‍ മുണ്ട് കടം വാങ്ങിയിട്ടാണ് ഞാന്‍ ഉടുത്തത്. 

"ഞാന്‍ മുണ്ട് ഉടുത്താല്‍ ശരിയാവില്ല ഊരിപ്പോകും" എന്ന് പറഞ്ഞു ഒഴിയാന്‍ നോക്കിയപ്പോള്‍ "ബെല്‍റ്റ്‌ കെട്ടി ടൈറ്റ് ആക്കിയാല്‍ മതി. ഇങ്ങനെയല്ലേ എല്ലാരും മുണ്ടുടുത്ത് പഠിക്കുക" എന്ന് പറഞ്ഞു സുഹൃത്തുക്കളാണ് എനിക്ക് ആത്മ വിശ്വാസം തന്നത്. അല്ലേലും ഇതുപോലെയുള്ള സുഹൃത്ത് തെണ്ടികള്‍ ആണല്ലോ എല്ലാ നായകന്മാരെയും കുഴിയില്‍ ചാടിക്കുന്നത്!! 

ഓണാഘോഷം തകൃതിയായി നടന്നു. അടുത്തത് ഓണ സദ്യയാണ്. സദ്യ ഉണ്ടാക്കിയിരുന്നത് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അടുത്തുള്ള എന്റെയൊരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ്. ഉച്ചയായപ്പോള്‍ ഞങ്ങള്‍ സംഘാടകര്‍ എല്ലാരും ചേര്‍ന്ന് ഭക്ഷണം എടുക്കാന്‍ പോയി. 

ചോറും പാത്രവും എടുത്താല്‍ മുണ്ടില്‍ കരിയാകുമെന്നു പറഞ്ഞു അതിന്റെ ഉത്തരവാദിത്വം ഞാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി. കറികളും മറ്റു വിഭവങ്ങളും ചെറിയ പാത്രങ്ങളില്‍ ആണ് ഉള്ളത് . ഒരാള്‍ക്ക് രണ്ടു കയ്യിലും കൂടി രണ്ടു പാത്രങ്ങള്‍ എടുക്കാം. ഞാന്‍ പായസവും കൂട്ട് കറിയും എടുക്കാമെന്നേറ്റു. മുണ്ട് മടക്കിക്കുത്തി രണ്ടു കയ്യിലും പാത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് നടന്നു. വടകര വില്ല്യാപ്പള്ളി റോഡ്‌ ക്രോസ് ചെയ്തു വേണം ഇന്‍സ്റ്റിട്ട്യൂട്ടില്‍ എത്താന്‍. തിരക്കുള്ള റോഡിലൂടെ നാലഞ്ചു പേര്‍ കഷ്ടപ്പെട്ട് ഭക്ഷണം കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അലിവു തോന്നിയ ട്രാഫിക് പോലീസുകാരന്‍ വണ്ടികളെല്ലാം നിറുത്തിച്ചു ഞങ്ങള്‍ക്ക് വഴിയൊരുക്കി തന്നു.

"ഞാനാണ് ഓണവും, ഓണ സദ്യയും കണ്ടു പിടിച്ചത് " എന്ന ഭാവത്തില്‍ തലയും ഉയര്‍ത്തിപ്പിടിച്ചു നാട്ടുകാരുടെയും വണ്ടിക്കാരുടെയും മുന്നിലൂടെ പാത്രങ്ങളും പൊക്കിപ്പിടിച്ച് ഞാന്‍ ഗമേല് നടക്കുകയാണ്. പുറകെ എന്റെ സുഹൃത്തുക്കളും. പെട്ടെന്ന് അതിലൊരുത്തന്‍ 'എടാ മുണ്ടോളീ' എന്ന് പരിഭ്രമത്തോടെ വിളിച്ചു.

"എന്താടാ വിളിച്ചു കൂവുന്നത്..പെട്ടെന്ന് റോഡ്‌ ക്രോസ് ചെയ്യാന്‍ നോക്ക്." എനിക്ക് ദേഷ്യം വന്നു.
"മുണ്ടോളി നിന്റെ മുണ്ട്..."

അവന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ അപകടം മണത്ത ഞാന്‍ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍' താഴേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകം ആയിരുന്നു. പകുതിയോളം അഴിഞ്ഞ എന്റെ മുണ്ട് മുല്ലപ്പെരിയാര്‍ ഡാം പോലെ എപ്പോള്‍ വേണേലും താഴെ പതിക്കാം എന്ന സ്ഥിതിയില്‍ ആണ്. ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!

ഊരിപ്പോയതിന്റെ ബാക്കി പാതി കൂടി താഴെ പോകുന്നതിനു മുന്‍പ് അര്‍ജെന്റ്റ് ആക്ഷന്‍ എടുത്തേ പറ്റൂ. പക്ഷെ മുണ്ട് നേരെയാക്കണമെങ്കില്‍ കൈ ഫ്രീ ആകണം. കൈ ഫ്രീ ആകാന്‍ പാത്രങ്ങള്‍ താഴെ വെക്കണം. പാത്രങ്ങള്‍ താഴെ വെക്കാന്‍ കുനിഞ്ഞാല്‍ മുണ്ട് മൊത്തത്തില്‍ അഴിഞ്ഞു വീഴും. ആകെ ഒരു ഡെഡ് ലോക്ക് സിറ്റുവേഷന്‍.!!....

ഇപ്പോള്‍ തന്നെ ജട്ടിയുടെ കളര്‍ നാട്ടുകാര്‍ കാണുന്നുണ്ട്. സൈസും ബ്രാന്‍ഡും ആരേലും വിളിച്ചു പറയുന്നതിന് മുന്‍പ് എന്തേലും ചെയ്യണം. ജഗതിയുടെ കമന്റ്‌ കേട്ട രഞ്ജിനിയെ പോലെ അതി ദയനീയമായി ഞാന്‍ പുറകെ വരുന്ന സുഹൃത്തുക്കളെ നോക്കി സഹായിക്കാന്‍ കണ്ണ് കൊണ്ട് ആക്ഷന്‍ കാട്ടി.  സാധാരണ ഹീറോയുടെ ശിങ്കിടികള്‍ ചെയ്യുമ്പോലെ എന്ത് ചെയ്യണമെന്നറിയാതെ കുന്തം വിഴുങ്ങിയത് മാതിരി അവരും അന്താളിച്ചു നിന്നു. അല്ലേലും ഇങ്ങനെയുള്ള അപകട ഘട്ടങ്ങളില്‍ ഇവന്മാരെ കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടാറുണ്ടോ!!!

എന്റെ നിസ്സഹായാവസ്ഥ കണ്ടു മനസ്സലിഞ്ഞ ട്രാഫിക് പോലീസുകാരന്‍ ഓടി വന്നു രംഗം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് പാത്രങ്ങള്‍ വാങ്ങി കൈ റിലീസ് ആക്കിത്തന്നു. അഴിഞ്ഞു വീണ മുണ്ട് നേരെയാക്കി പോലീസുകാരന് നന്ദിയും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാന്‍ സ്പോട്ടില്‍ നിന്ന് എസ്കേപ് ആയി.!

ഇനി മേലില്‍ മുണ്ട് ഉടുക്കില്ലാന്നു അന്ന് തീരുമാനിച്ചതാണ്. ആ തീരുമാനത്തിന്റെ പുറത്താണ് നിക്കാഹിന് മുണ്ടിനു പകരം കുര്‍ത്തയാക്കിയത്. അത് കൊണ്ട് എന്തുണ്ടായി?? നാട്ടുകാരുടെ മുന്‍പില്‍ വെച്ച് പുതിയാപ്ലയുടെ മുണ്ടഴിഞ്ഞ് ഫസ്റ്റ് നൈറ്റിനു മുന്‍പേ സസ്പെന്‍സ് പൊളിഞ്ഞില്ല :-) ഇനി ഫസ്റ്റ് നൈറ്റില്‍ എന്ത് നടന്നു എന്നാവും നിങ്ങടെ ചോദ്യം.........അമ്പട മുത്തേ.......അത് തല്‍ക്കാലം സസ്പെന്‍സ് ആയി തന്നെയിരിക്കട്ടെ :-)


സമര്‍പ്പണം:

ദുബായിയില്‍ പോയതിനു ശേഷം എനിക്ക് ജാഡയും അഹങ്കാരവുമാണെന്നും, പരമ്പരാഗത ആചാരങ്ങളോടു പുച്ഛമാണെന്നും, അതു കൊണ്ടാണ് മുണ്ട് ഒഴിവാക്കിയതെന്നും പറഞ്ഞു നടക്കുന്ന നാട്ടിലെ എല്ലാ പരദൂഷണ തെണ്ടികള്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു!!!

ഫോട്ടോ കടപ്പാട് ഫേസ് ബുക്ക്‌ പിന്നെ എന്റെ സ്വന്തം വിവാഹ ആല്‍ബം.

ഞായറാഴ്‌ച, നവംബർ 27, 2011

മുണ്ടോളിക്കും മംഗല്യം..എല്ലാരും ബന്നോളീ.. കോയി ബിരിയാണി തിന്നോളി..

പ്രിയപ്പെട്ടവരേ, 'ഒരു ദുബായിക്കാരന്‍' എന്ന ഞാന്‍ ബൂലോകത്ത് എത്തിയിട്ട് ഏതാണ്ട് ആറു മാസമാകുന്നു. ബ്ലോഗിങ്ങിന്റെ abcd അറിയാത്ത എനിക്ക് ബ്ലോഗ്‌ തുടങ്ങാന്‍ പ്രോത്സാഹനം തന്ന എന്റെ സുഹൃത്ത്‌ ദീപ്തിക്കും, ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങള്‍ പറഞ്ഞു തന്ന എന്റെ സീനിയറും ബ്ലോഗറുമായ അമ്ജിത് ഇക്കയ്ക്കും, എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.

വിരലില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമേ എന്റേതായി പുറത്തു വന്നിട്ടുള്ളൂ..അത് തന്നെ ഒപ്പിച്ചെടുക്കാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.!! ഈ പോസ്റ്റുകള്‍ എല്ലാം ഉദാത്തവും ഉത്കൃഷ്ടവും മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പുഷ്ടീകരിക്കുന്ന അമൂല്യ മുത്തുകള്‍ ആണെന്നുമുള്ള ബുദ്ധി ജീവി അവകാശ വാദങ്ങള്‍ ഒന്നും എനിക്കില്ല. ഇനി ഉണ്ടാകാനും പോന്നില്ല!! എന്റെ തോന്നലുകളും അനുഭവങ്ങളും എനിക്ക് പറ്റിയ അക്കിടികളും ഹാസ്യ രൂപേനെ അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.

എന്റെ പരിമിതി മനസ്സിലാക്കി കൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് ബൂലോകത്ത് നിന്നും ഇതുവരെ നല്ല പ്രോത്സാഹാനമാണ് ലഭിച്ചത്. നിങ്ങളുടെയെല്ലാം നിറഞ്ഞ സ്നേഹവും പ്രോത്സാഹനവും കൊണ്ടാണ് പുലികളും സിംഹങ്ങളും വിരാചിക്കുന്ന ബൂലോകത്ത് ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാന്‍ എന്നെ പോലെയുള്ള ഒരു എലിക്കുട്ടിക്കു പറ്റിയത്. ബ്ലോഗിലോ മ ഗ്രൂപ്പിലോ വെച്ച് വാക്കാലെയോ നോക്കാലെയോ കമെന്റാലെയോ നിങ്ങളെ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ അതിനൊക്കെയിപ്പോള്‍ ക്ഷമ ചോദിക്കുന്നു. അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത വിഷയത്തില്‍ മാത്രമാണെന്നും വ്യക്തിപരമായി വിദ്വേഷമോ പിണക്കമോ ആരോടുമില്ല എന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

നന്ദി രേഖപ്പെടുത്തലും മാപ്പ് പറച്ചിലും കണ്ടപ്പോള്‍ ബ്ലോഗെഴുത്തും നിറുത്തി ഇവന്‍ നാടുവിടുകയാണെന്ന് കരുതി നിങ്ങള്‍ സന്തോഷിച്ചെങ്കില്‍ 'അത് വെറും അതിമോഹമാണ്'. ഇനിയും കുറേക്കാലം കൂടി നിങ്ങള്‍ എന്നെ സഹിച്ചേ പറ്റുള്ളൂ. 'കണ്ടക സാറ്റെര്‍ഡേ' കൊണ്ടേ പോകുള്ളൂ എന്നല്ലേ!! പിന്നെ ഈ നന്ദി പറച്ചിലും ക്ഷമ ചോദിക്കലുമൊക്കെ എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിള്‍ ആണ്. എന്റെ കല്യാണം പ്രമാണിച്ച് കുറച്ചു ദിവസത്തെ ഇടവേളയെടുക്കാന്‍ പോവാണ്.

"ഹമ്പടാ മുണ്ടോളി!!!!നിനക്ക് കല്യാണ പ്രായമൊക്കെ ആയോ" എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും! സത്യം പറഞ്ഞാല്‍ അങ്ങനെ എനിക്കും തോന്നാതിരുന്നില്ല! നാട്ടുനടപ്പനുസരിച്ച് ഇപ്പോള്‍ തന്നെ ഞാന്‍ Over Aged ആണ് പോലും. കോയമ്പത്തൂരില്‍ എന്റെ സീനിയറായി പഠിച്ച ചേട്ടന്മാരും ചെന്നൈയില്‍ ഒരുമിച്ചു ജോലി ചെയ്ത സമ പ്രായക്കാരായ പെണ്‍കുട്ടികളും ഇപ്പോഴും അവിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു. പക്ഷെ എന്റെ നാട്ടില്‍ 18 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളെയും 24 വയസ്സ് കഴിഞ്ഞാല്‍ ആണ്‍കുട്ടികളെയും കെട്ടിക്കണം. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ചൊറിച്ചില്‍ തുടങ്ങും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിയില്ലേലും അയല്‍ക്കാരന്റെ കാര്യം നോക്കാന്‍ 'ഞമ്മളെ' നാട്ടുകാര്‍ക്ക് ഭയങ്കര ശുഷ്കാന്തിയാ..

എന്റെ കാര്യത്തിലും ഈ ചൊറിച്ചില്‍ തുടങ്ങിയിട്ട് കുറേക്കാലമായി. കോഴ്സ് തീരട്ടെ, ജോലിയാവട്ടെ, പെങ്ങടെ കല്യാണം കഴിയട്ടെ എന്നെല്ലാം പറഞ്ഞു കുറേക്കാലം തടിതപ്പി. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ കല്യാണം അടുത്ത വരവിനാവട്ടെ എന്ന് പറഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ ചോദ്യം കേട്ടപ്പോള്‍ സകല കണ്ട്രോളും പോയി.

"നീ ബൈക്കിലും കാറിലും ഒക്കെ പോണതല്ലേ..നിനക്ക് വല്ല അപകടോം ഉണ്ടായിട്ടുണ്ടോ? ..സത്യം പറ...ഇപ്പൊ എല്ലാത്തിനും ചികിത്സയുണ്ട് "

കളിച്ചു കളിച്ചു എന്റെ 'പുരുഷത്തത്തത്വത്തില്‍' തൊട്ടാണ് അവന്റെ കളി!! "പോടാ @$%@!# മോനെ നീ നിന്റെ കാര്യം നോക്കിയാല്‍ മതി" എന്ന് പറഞ്ഞു അവനെ ഓടിച്ചു. അതോടെ അവന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഞാന്‍ ഔട്ട്‌ ആയി.

പാമ്പന്‍ പാലം പോലെ സ്ട്രോങ്ങായ എന്നെ നോക്കി ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അവനെങ്ങനെ ധൈര്യം വന്നു? ദേഷ്യം മാറിയപ്പോള്‍ സിറ്റുവേഷന്‍ ഞാനൊന്ന് അനലൈസ് ചെയ്തു നോക്കി. എന്റെ പ്രൊഡക്ഷന്‍ സിസ്ടത്തിന്റെ കപ്പാസിറ്റിയില്‍ അവനു ഡൌട്ട് വന്നെങ്കില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം എന്നെക്കാളും നാലഞ്ച് വയസ്സ് താഴത്തുള്ള കസിന്‍സൊക്കെ പെണ്ണുകെട്ടി രണ്ടും മൂന്നും പിള്ളാരെയുണ്ടാക്കി ആണായി നെഞ്ചും വിരിച്ചു നടക്കുന്നു. ഞാന്‍ മാത്രം പഠിപ്പ്, ജോലി എന്നൊക്കെ പറഞ്ഞു കുറെക്കാലമായി കല്യാണം മാറ്റിവെക്കുന്നു. 

ചോദ്യം ചോദിയ്ക്കാന്‍ ഏത് പോലീസുകാരനും പറ്റും. പക്ഷെ ഞമ്മളെ ബേജാറ് ആരറിയുന്നു?. 'മേലെ ആകാശോം താഴെ ഭൂമീം അതിന്റെടേല്‍ ഫേസ് ബുക്കും' എന്ന വിചാരത്തില്‍ നടക്കുന്ന ചെക്കന്മാര്‍ പെണ്ണ് കെട്ടിയതിനു ശേഷം 'ങ്ങളേടിയാ,ങ്ങള് എന്താക്ക്ന്നാ,ങ്ങള് എപ്പാ വരുന്നേ, ങ്ങളോടി ആരാ ഉള്ളേ' എന്നീ ഹലാക് ചോദ്യങ്ങള്‍ കേട്ട് നട്ട പെരാന്തായി നടക്കുന്നത് കാണുമ്പോള്‍ ധൈര്യത്തോടെ ആരാ ഈ ഏര്‍പ്പാടിന് നിന്ന് കൊടുക്കുക? 'ന ഹസ്‌ബെന്ഡ് സ്വാതന്ത്ര്യമർഹതി ' എന്നല്ലേ വിവരമുള്ള ആരോ പറഞ്ഞു വെച്ചത്!! 

ഉത്തരാധുനിക കവികളില്‍ പ്രമുഖനും കൂതറ കവിതകളുടെ ഉപക്ഞാതാവുമായ ശ്രീ ഹരിശങ്കറിന്റെ സില്‍സില എന്ന കവിത സമാഹാരത്തിലെ 'കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല' എന്ന വരികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്, ജുമൈറ ബീച്ച്, ദുബായ് മാള്‍ എന്നിവിടങ്ങളില്‍ കറങ്ങി നടന്നും  ബ്രിട്ടിനി സ്പിയേഴ്സിന്റെ കണ്‍സേര്‍ട്ടിന്(concert) പോയും ജീവിതം സില്‍സിലയാക്കുന്ന ഞാനെന്ന ബാച്ചിലര്‍ ഏകാധിപതിക്ക് നേരെയുള്ള 'മുല്ലപ്പൂ' മുന്നേറ്റമാണ് പെണ്ണ് കെട്ടല്‍ എന്നാണു സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പല എക്സ്ക്യൂസുകള്‍ പറഞ്ഞു കുറേക്കാലം പിടിച്ചു നിന്നത്. സ്നേഹ നിധികളായ നാട്ടുകാരുടെയും വാത്സല്യത്തിന്റെ നിറ കുടങ്ങളായ കുടുംബക്കാരുടെയും കൃമി കടി സഹിക്കാതായപ്പോള്‍ അഞ്ചാറ് മാസം മുന്‍പ് വീട്ടുകാര്‍ എന്റെ കല്യാണം ഉറപ്പിച്ചു. ഇനിയും മസില്‍ പിടിച്ചാല്‍ 'ഡോക്ടര്‍ നാരായണ റെഡ്ഢിയുടെ' അഡ്രെസ്സ് വീട്ടുകാര്‍ തന്നാലോ എന്ന് ഭയന്നു ഇപ്രാവശ്യം ഞാനും കല്യാണത്തിന് സമ്മതിച്ചു. എന്തു ചെയ്യാം കാലത്തിനനുസരിച്ച് ടെമ്പ്ലേറ്റ് മാറ്റാതെ പറ്റില്ലല്ലോ !!

കല്യാണം ഡിസംബറില്‍ അല്ലേയെന്ന് കരുതി ഇത്രയും കാലം ടെന്‍ഷന്‍ ഫ്രീ ആയി നടക്കുകയായിരുന്നു.കൃഷ്ണനും രാധയും ഹിറ്റ്‌ ആയതു പോലെ എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് ! ഡിസംബര്‍ പത്തിനാണ് എന്റെ കല്യാണം എന്ന മഹാ സംഭവം നടക്കാന്‍ പോകുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വഴിത്തിരിവുമായ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എല്ലാ ബ്ലോഗേഴ്സ് സുഹൃത്തുക്കളെയും എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.

കല്യാണത്തിന് വരുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതൊക്കെ വായിച്ചു നോക്കിയിട്ട് വന്നേച്ചാല്‍ മതി.
  • കല്യാണം എന്റെ വീട്ടില്‍ വെച്ചാണ്‌. വീട് വടകരയ്ക്ക് അടുത്തുള്ള എടച്ചേരിയിലാണ്. നാട്ടിലെ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. നാട്ടിലെ റോഡ്‌ പണിയുന്നത് PWD യാണ്. അല്ലാതെ ദുബായ് RTA അല്ല. ഡ്യൂട്ടി ഫ്രീ വഴി നാട്ടിലേക്കു റോഡ്‌ കൊണ്ട് വരാനുള്ള വകുപ്പില്ല. അതുകൊണ്ട് എല്ലാരും ഉള്ള റോഡ്‌ വെച്ചു അഡ്ജസ്റ്റ് ചെയ്യണം. 
  • ആരോടും റെജിസ്ട്രെഷന്‍ ഫീ ഈടാക്കുന്നതല്ല. (സ്പോണ്‍സര്‍മാരെ കിട്ടിയില്ല എന്ന് പറഞ്ഞു അവസാനം ഞാന്‍ പറ്റിക്കൂല)
  • എല്ലാരേയും ഉച്ചയൂണിനാണ് പ്രതീക്ഷിക്കുന്നത്. രാവിലെത്തന്നെ കെട്ടും പൊട്ടിച്ചു വന്നാല്‍ ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാവില്ല . ഹോട്ടലില്‍ പോയി വല്ലതും കഴിച്ചോളണം. 
  • ആനുകാലികങ്ങളില്‍ എഴുതുന്ന ബ്ലോഗര്‍മാര്‍ക്കും അവാര്‍ഡ്‌ കിട്ടിയ ബ്ലോഗര്‍മാര്‍ക്കും സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച ബ്ലോഗര്‍മാര്‍ക്കും സ്പെഷ്യല്‍ പരിഗണന ഒന്നും ഉണ്ടായിരിക്കുന്നതല്ല. 
  • കല്യാണ വീട്ടില്‍ നിങ്ങടെ പുസ്തകം വില്‍ക്കാന്‍ അനുവദിക്കില്ല. അങ്ങനെ ആര്‍ക്കേലും നിര്‍ബന്ധം ഉണ്ടേല്‍ വടകര ബസ്‌ സ്റ്റാന്‍ഡില്‍ അതിനുള്ള സൌകര്യം ചെയ്തു തരുന്നതാണ്.
  • എല്ലാ ബ്ലോഗര്‍മാരും കല്യാണ വീട്ടില്‍ ഡീസെന്റ്‌ ആയി നില്‍ക്കണം. ബ്ലോഗിലും ഗ്രൂപ്പിലും ചെയ്യുമ്പോലെ പരസ്പരം തല്ലു കൂടി എന്റെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കരുത്. എന്റെ നാട്ടുകാരെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സ്നേഹിച്ചാല്‍ നക്കി കൊല്ലും..അല്ലെങ്കില്‍ സ്റ്റീല്‍ ബോംബ്‌ എറിഞ്ഞു കൊല്ലുന്ന ടീമാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
ഇതൊക്കെ ഇപ്പോഴേ പറഞ്ഞില്ലേല്‍ കല്യാണത്തിന് വന്നു മൂക്കുമുട്ടെ ഫുഡും അടിച്ചു പിറ്റേന്ന് എന്നെക്കുറിച്ചും എന്റെ നാടിനെ കുറിച്ചും നിങ്ങള്‍ പോസ്റ്റ്‌ എഴുതിക്കളയും. 'ഓടുന്ന ബ്ലോഗര്‍ക്ക് ഒരു പോസ്റ്റ്‌ മുന്‍പേ' എന്നല്ലേ ചൊല്ല്!! 

പങ്കെടുക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. ...ഡിസംബര്‍ ഒന്നിന് ശേഷം എന്നെ ഈ നമ്പരില്‍ വിളിക്കാം 9539565345..അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ....അനുഗ്രഹിക്കുക... ആശിര്‍വദിക്കുക. ..