വെള്ളിയാഴ്‌ച, ജൂൺ 01, 2012

മാറിക്കൊണ്ട ചോദ്യം !

"ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരു മുറ്റത്തെത്തുവാന്‍ മോഹം". 

ആ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് തിരിച്ചു പോകാന്‍ ഒരു തവണയെങ്കിലും ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും!!ടെസ്റ്റ്‌ റിപ്പോര്‍ട്ടും, പ്രൊജക്റ്റ്‌ ഡെലിവറിയും, ബോസ്സിന്റെ കണ്ണുരുട്ടലും, മസാമാസമുള്ള ക്രെഡിറ്റ്‌ കാര്‍ഡ്‌ ബില്ലും, വ്യാഴായ്ചകളിലെ അമ്മായിയപ്പന്റെ ഫോണ്‍ കോളും ഇല്ലാതെ കളിച്ചും, ചിരിച്ചും, പഠിച്ചും, തല്ലു കൂടിയും ഒരു പൂമ്പാറ്റയെ പോലെ പാറി പറന്നു നടക്കാന്‍ പറ്റിയെങ്കില്‍ !! ശ്ശൊ... ഓര്‍ക്കുമ്പോള്‍ തന്നെ കുളിര്‌ കോരുന്നു.

ഞാന്‍ പഠിച്ചത് നാട്ടുമ്പുറത്തെ ഒരു സാധാരണ മലയാളം മീഡിയം സ്കൂളില്‍ ആയിരുന്നു. ഇവിടുത്തെ കുട്ടികളില്‍ ഭൂരിപക്ഷവും സാധാരണക്കാരുടെ മക്കള്‍ ആയിരുന്നു. പഠിച്ചു ഡോക്ടറോ, എഞ്ചിനീയറോ ആകണമെന്നുള്ള ആഗ്രഹമൊന്നും ഇല്ലാതെ "എങ്ങനെയെങ്കിലും തട്ടീം മുട്ടീം പത്താം ക്ലാസ്സ്‌ വരെ പഠിക്കണം. പത്തില്‍ പൊട്ടിയാല്‍ വല്ല പണിക്കും പോണം" എന്ന ചിന്താഗതിക്കാരായിരുന്നു മിക്കവരും. എന്റെ ക്ലാസ്സിലെ കുട്ടികളുടെ സ്ഥിതിയും മറിച്ചെല്ലാത്തതിനാല്‍ പഠിപ്പിന്റെ കാര്യത്തില്‍ ഈ 'നോസ് ലെസ്സ് പീപ്പിള്‍സിന്റെ' ഇടയില്‍ ഒരു 'ഹാഫ് നോസ് കിംഗ്‌ ' ആയിരുന്നു ഞാന്‍.

പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസ്സ് ആയില്ലെങ്കിലും എന്റെ ക്ലാസ്സില്‍ ഇരുപതു ബോയ്സിന് മുപ്പതു ഗേള്‍സ്‌ എന്നായിരുന്നു അനുപാതം. ഇനി ക്ലാസ്സിലെ കുട്ടികളെ പരിചയപ്പെടാം. ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു ടീച്ചേര്‍സിന്റെ തുപ്പല്‍ കുടിച്ചും, ചോക്ക് പൊടി വിഴുങ്ങിയും വയര്‍ നിറയ്ക്കുന്ന മര്യാദ രാമന്മാര്‍ ആര്‍ക്കും ഒരു ശല്യവുമില്ലാത്തവരാണ്. ഇക്കൂട്ടരെ എല്ലാരും 'കൂമ്പുകള്‍' അല്ലെങ്കില്‍ 'മന്നിപ്പുകള്‍' എന്നാണു വിളിച്ചിരുന്നത്‌.

സെക്കന്റ്‌ ബെഞ്ചിലെ ആദ്യ സ്ഥാനത്താണ് എന്റെ ഇരിപ്പ്. പഠിപ്പിസ്റ്റുകളുടെ ആസ്ഥാന സീറ്റാണത് എന്നൊരു വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ആ സീറ്റ് എന്റെ കുത്തകയാണ്. എന്റെ തൊട്ടടുത്താണ് സംശയം കേശു എന്ന് ഞങ്ങള്‍ വിളിക്കുന്ന റഫീക്ക് ഇരിക്കുന്നത്. പേര് സൂചിപ്പിക്കും പോലെ ടീച്ചേര്‍സ് എന്ത് പഠിപ്പിച്ചാലും അവനു ഒടുക്കത്തെ സംശയമാണ് !! അവന്റെ ചില സംശയങ്ങള്‍ കേട്ടാല്‍ ഭാവിയിലെ നോബല്‍ പ്രൈസ് വിന്നെര്‍ ആണല്ലോ അടുത്തിരിക്കുന്നത് എന്ന് പോലും തോന്നിപ്പോകും. എങ്ങനെയെങ്കിലും പരീക്ഷയില്‍ എന്നേക്കാള്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി ക്ലാസ്സിലെ ആസ്ഥാന പഠിപ്പിസ്റ്റ് പട്ടവും, എന്റെ കുത്തക സീറ്റും കൈക്കലാക്കുക എന്നതാണ് അവന്റെ ലക്‌ഷ്യം. 

ഈ റഫീക്കിന്റെ നാക്ക് കൊണ്ടുള്ള ആക്രമണം സഹിക്കാമെങ്കിലും ബാക്ക് കൊണ്ടുള്ള ആക്രമണം അണ്‍സഹിക്കബിള്‍ ആണ്. അങ്ങനെയുള്ള സമയങ്ങളില്‍ ഞാന്‍ ബാക്ക് ബെഞ്ചില്‍ അഭയം തേടും. ബാക്ക് ബെഞ്ചില്‍ പോയി ഇരിക്കുന്നത് കൊണ്ട് രണ്ടുണ്ട് കാര്യം ! ഒന്ന് മൂക്കിനു ആശ്വാസം കിട്ടും; മറ്റേതു എന്താണെന്ന് വഴിയെ പറയാം ! ബാക്ക് ബെഞ്ചില്‍ ഇരിക്കുന്ന ചേട്ടന്മാര്‍ എല്ലാ ക്ലാസ്സിലും രണ്ടും മൂന്നും വര്‍ഷം പഠിച്ചു നല്ല ഇരുത്തം വന്നത് കൊണ്ട് സിലബസ്സിലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ വലിയ താല്പര്യമൊന്നുമില്ല.

'ഔട്ട്‌ ഓഫ് സിലബസ്' ആയ കാര്യങ്ങളെ കുറിച്ച് റിസേര്‍ച്ച് നടത്തി, സിലബസ് മാത്രം ഫോളോ ചെയ്യുന്ന എന്നെപോലെയുള്ളവര്‍ക്ക് 'ഡൊമൈന്‍ സെഷന്‍' നടത്തലാണ്‌ ഇവരുടെ മെയിന്‍ ഹോബി. ബാക്ക് ബെഞ്ച്‌ അസോസിയേഷന്റെ പ്രസിഡണ്ട്‌ ആയ ബിനില്‍ ആണ് ഈ ഡൊമൈന്‍ സെഷന്‍ നടത്തിയിരുന്നത്. തിയറിയില്‍ ഒതുക്കാതെ കൊച്ചു റഫറന്‍സ് പുസ്തകങ്ങളും, മള്‍ട്ടി കളര്‍ സ്ക്രീന്‍ ഷോട്ടുകളുള്ള യൂസര്‍ ഗൈഡും ഉപയോഗിച്ച് ശാസ്ത്രീയമായാണ് ബിനില്‍ സെഷന്‍ നടത്തിയിരുന്നത്. കണ്ണിനെ കുറിച്ചും, തലച്ചോറിലെ സെരിബ്രം, സെറിബെല്ലത്തെ കുറിച്ചുമൊക്കെ ക്ലാസ്സ്‌ എടുക്കുന്ന ബയോളജി ടീച്ചറെക്കാളും വിവരം ബിനിലിനു ഉണ്ടെന്നു തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ല. റഫീക്കിന്റെ നാറ്റം ബോംബ്‌ ആക്രമണം ഉണ്ടാകുമ്പോള്‍ ഞാന്‍ ബാക്ക് ബെഞ്ചിലേക്ക് ഓടുന്നതിന്റെ മറ്റൊരു റീസണ്‍ ബയോളജി ടീച്ചര്‍ പഠിപ്പിക്കാത്ത ഈ കൊച്ചു കാര്യങ്ങള്‍ ബിനിലില്‍ നിന്നും പഠിക്കാനുള്ള ത്വരയാണ് !!

എണ്ണത്തില്‍ കൂടുതല്‍ ഉണ്ടെങ്കിലും ഓര്‍ത്തെടുക്കാന്‍ പറ്റിയ  'മിനിമം സ്പെസിഫിക്കേഷനോട്‌' കൂടിയ ഒരു മഹിളാമണി പോലും ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല. കോങ്കണ്ണും,കൊന്ത്രം പല്ലും, വക്ക് പൊട്ടിയതും, ചളുങ്ങിയതുമായ ഐറ്റംസ് ആയിരുന്നു മിക്കതും. എന്നിട്ടും ഇവറ്റകള്‍ക്ക് അഹങ്കാരത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി ,ശാലിനി ലെവലില്‍ ആയിരുന്നു സംസാരവും നടത്തവും!! ക്ലാസ്സിലെ ചെക്കന്മാരെയൊന്നും മൈന്‍ഡ് ചെയ്യാത്ത ഇവരുടെ നോട്ടപ്പുള്ളികള്‍ കുഞ്ചാക്കോ ബോബനും, ദിലീപും, മധു മോഹനും ഒക്കെയായിരുന്നു. പഠിത്തത്തെക്കാള്‍ ഇവരുടെ ശ്രദ്ധ പരദൂഷണം, പേന്‍ നോട്ടം, മംഗളം വായന തുടങ്ങിയ ഗേള്‍സ്‌ ഓണ്‍ലി കലാ പരിപാടികളില്‍ ആയിരുന്നു.

ക്ലാസിനെ കുറിച്ച് ഏകദേശ ധാരണ കിട്ടിയ സ്ഥിതിക്ക് എനിക്ക് പണി കിട്ടിയ ആ സംഭവത്തിലേക്ക് ഇനി കടക്കാം. അദ്ധ്യായന വര്‍ഷത്തിലെ അവസാന നാളുകളിലെ ഒരു ദിവസം. കെമിസ്ട്രി സാര്‍ ആണ് ക്ലാസ്സില്‍..  

"നമ്മുടെ പോര്‍ഷന്‍സ് എല്ലാം തീര്‍ന്നു. ഇനി മോഡല്‍ എക്സാം ആണ്. ആര്‍ക്കേലും എന്തേലും സംശയം ഉണ്ടെങ്കില്‍ ചോദിക്കാം".

"സര്‍, ചോദ്യ പേപ്പര്‍ ഏത് പ്രെസ്സിലാ അടിക്കാന്‍ കൊടുത്തത്?" ബാക്ക് ബെഞ്ചില്‍ നിന്ന് ഏതോ വിരുതന്‍ പതിവ് ചോദ്യം തന്നെ ചോദിച്ചു തുടങ്ങി.

"അതറിഞ്ഞിട്ടു നീ എന്ത് ചെയ്യാനാ? കെമിസ്ട്രിയേതാ ബയോളജി ഏതാന്നു തിരിച്ചറിയാന്‍ നിന്നെ കൊണ്ടു പറ്റുമോ!!" സാറും നല്ല ഫോമില്‍ ആണ്. "ഇങ്ങനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ അല്ലാതെ വേറെ ആര്‍ക്കും ഒന്നും ചോദിക്കാനില്ലേ"?

ആരും ഒന്നും ചോദിക്കാത്തത് കൊണ്ടാണോ, ഞങ്ങള്‍ക്കെല്ലാം മനസ്സിലായിരിക്കുന്നു എന്ന് ബോധ്യമായത് കൊണ്ടാണോ എന്നറിയില്ല സാര്‍ അടുത്ത പ്രഖ്യാപനം നടത്തി. 

"സിലബസിലുള്ള കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ക്ക് അറിയാവുന്ന സ്ഥിതിക്ക് ജനറല്‍ ആയ എന്തെങ്കിലും ചോദിക്കാം".

ഇത് കേട്ടതും  മൈക്ക് കണ്ട മണിയാശാനെ പോലെ എല്ലാരും ആവേശത്തിലായി. രണ്ടായിരത്തില്‍ ലോകം അവസാനിക്കുമോ , കുഞ്ചാക്കോ ബോബന്‍ ശാലിനിയെ കല്യാണം കഴിക്കുമോ,ഫെയര്‍ ആന്‍ഡ്‌ ലൌലി തേച്ചാല്‍ വെളുക്കുമോ എന്നിങ്ങനെ അവരവരുടെ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ള പല ചോദ്യങ്ങള്‍ വന്നു തുടങ്ങി.

പെട്ടെന്നാണ് നമ്മുടെ സംശയം കേശു ചാടി എണീറ്റത്. "സാര്‍ ,എനിക്കൊരു സംശയം" 

"അതൊരു പുതിയ കാര്യമാണോ ! നീ ചോദിക്ക് "

എഴുനേറ്റു നിന്നതിനു ശേഷം നിസ്കാരത്തില്‍ സലാം വീട്ടുന്നത് പോലെ രണ്ടു സൈഡിലേക്കും തല തിരിച്ച് എല്ലാരുടെയും ശ്രദ്ധ തന്നിലേക്ക് ആവാഹിച്ചതിനു ശേഷം അവന്‍ മാക്സിമം വോളിയത്തില്‍ ചോദിച്ചു.

"സാര്‍ , ഇപ്പ ടീവില് 'വിസ്പെര്‍ന്ന്' പറഞ്ഞു നീല കവറുള്ള ഒരു സാധനത്തിന്റെ പരസ്യം ഉണ്ടല്ലോ ! അതെന്തിനാ ഉപയോഗിക്കുന്നത് ?"

അവന്റെ ചോദ്യം കേട്ടതും സാറിന്റെ മുഖത്തെ ഭാവ മാറ്റം ഞാന്‍ ശ്രദ്ധിച്ചു. ഒപ്പം പെണ്‍ കുട്ടികളുടെ സൈഡില്‍ നിന്നും എന്തൊക്കെയോ കുശു കുശുപ്പും കേട്ടു. 

"നീ വന്നെ...ഇതിന്റെ ഉത്തരം ഞാന്‍ നിനക്ക് സ്റ്റാഫ് റൂമിന്ന്‍ പറഞ്ഞു തരാം" സാര്‍ അവനേം കൂട്ടി ക്ലാസിനു പുറത്തേക്കു നടന്നു. ബ്ലോഗിലെ കവിത വായിച്ചു അര്‍ഥം മനസ്സിലാകാതെ വല്ലവന്റേം കമന്റിനു വെയിറ്റ് ചെയ്യുന്ന ബ്ലോഗറെ പോലെ, റഫീക്കിന്റെ ചോദ്യത്തിന് സാര്‍ ക്ലാസ്സില്‍ വെച്ച് ഉത്തരം പറയാത്തത്തിന്റെ കാരണം എനിക്കും മനസ്സിലായില്ല. അപ്പോഴാണ്‌ ബാക്ക് ബെഞ്ച്‌ ലീഡര്‍ ബിനില്‍ എന്റെയടുത്തു വന്നു ആ സീക്രെട്ട് റിവീല്‍ ചെയ്തത്. 

"ഞാനാ അവനോട് അങ്ങനെയൊരു ചോദ്യം ചോദിയ്ക്കാന്‍ പറഞ്ഞത്!! സംഭവം എനിക്ക് നേരത്തെ അറിയായിരുന്നു. എന്നാലും ഒന്നുറപ്പിക്കാന്‍ വേണ്ടി ചോദിച്ചതാ. ഇപ്പ ഉറപ്പായി"

"അതു ശരി. പക്ഷെ സാറെന്തിനാ അവനെ സ്റ്റാഫ്‌ റൂമില്‍ കൊണ്ടു പോയത്?" ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു.

"നീ ക്ലാസിലെ പഠിപ്പിസ്റ്റ് അല്ലെ! എന്നിട്ട് നിനക്കറിഞ്ഞൂടെ അതെന്തിനാ ഉപയോഗിക്കുന്നത് എന്ന്? "

സിലബസ് മുഴുവന്‍ കലക്കി കുടിച്ചു പബ്ലിക്‌ പരീക്ഷയ്ക്ക് ഡിസ്ടിന്ക്ഷന്‍ പ്രതീക്ഷിച്ചു ടൂട്ടോറിയല്‍കാരുടെ സപ്ലിമെന്റില്‍ കൊടുക്കാന്‍ വേണ്ടി കളര്‍ ഫോട്ടോ എടുത്തു വെച്ചിരിക്കുന്ന എന്നോടാണ് അവന്റെ ചീള് ചോദ്യം !! 

ഇതേ ചോദ്യം രണ്ടു ദിവസം മുന്‍പ് വീട്ടിലിരുന്നു ഫാമിലി ആയിട്ട് ടീവി കാണുമ്പോള്‍ ഞാന്‍ എന്റെ ആപ്പയോടു ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം മനസ്സില്‍ ഉള്ളത് കൊണ്ട് അവനു മറുപടി കൊടുക്കാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.

"വിസ്പെര്‍ന്നു പറഞ്ഞാല്‍ പുതുതായി ഇറങ്ങിയ ക്രീം കേക്ക് അല്ലെ ? അതാണോ ഇത്ര വലിയ കാര്യം?"

ജനറല്‍ നോലെട്ജിലുള്ള എന്റെ പരിജ്ഞാനം കണ്ടു അവന്‍ ഇളിംഭ്യനാകുമെന്നു ഞാന്‍ കരുതി. പക്ഷെ എന്റെ ഉത്തരം കേട്ടതും 'ഏറനാടന്‍ കൊക്ക കൊണ്ട് ആലപ്പുഴ മാങ്ങ പറിക്കാന്‍ നോക്കിയ ടീകെ ഹംസയെ വീ എസ് പരിഹസിച്ചത്‌ പോലെ' എന്റെ മുഖത്ത് നോക്കി "പഠിപ്പിസ്റ്റ് ആണ് പോലും പഠിപ്പിസ്റ്റ്............ഇവനോടൊക്കെ ചോദിച്ച എന്നെ വേണം തല്ലാന്‍" എന്ന് പിറുപിറുത്തു കൊണ്ട് അവന്‍ നടന്നു പോയി. അവന്റെ അണ്‍ യൂഷ്വല്‍ പെര്‍ഫോമന്‍സിന്റെ അര്‍ഥം മനസ്സിലാകാതെ ഞാന്‍ അന്തം വിട്ട കുന്തം പോലെ നിന്ന നില്‍പ്പിലായിപ്പോയി.!!!!!

------------------------------------------------------------------------------------------------------------------------------

Moods കോണ്ടത്തിന്റെ പരസ്യം കണ്ടു ആറാം ക്ലാസ്സുകാരാനായ തന്റെ കസിന്‍ അതെന്താ സാധനമെന്ന് ചോദിച്ചതായി എന്റെയൊരു സുഹൃത്ത്‌ പറഞ്ഞപ്പോഴാണ് എന്റെ പഴയ അനുഭവം ഓര്‍മ വന്നത്. ഇതുപോലെ പ്രായത്തിനതീതമായ സംശയങ്ങള്‍ കുട്ടികള്‍ ചോദിച്ചാല്‍ എങ്ങനെയാണ് പ്രതികരിക്കേണ്ടത്?. എന്റെ ആപ്പ എന്നോട്  ചെയ്തത് പോലെ കളവു പറഞ്ഞു പറ്റിക്കാമോ? അത് കുട്ടികളെ അബദ്ധങ്ങളില്‍ ചാടിക്കില്ലേ? ഇങ്ങനെയുള്ള സാഹചര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്തവര്‍ ആരെങ്കിലും ഉണ്ടേല്‍ കമെന്റിനോപ്പം ആ അനുഭവം കൂടി ഇവിടെ പങ്കു വെക്കുമെന്ന് പ്രതീക്ഷിക്കുന്നു ..!