ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

സസ്പെന്‍സ് പൊളിയാത്ത ആദ്യ രാത്രി!!!

കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ട് ഉടുക്കുന്നവരോട് ചെറുപ്പം മുതലേ എനിക്ക് ഭയങ്കര ആരാധനയായിരുന്നു. "എടാ പുല്ലേ, ദാ അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ടുണ്ടല്ലോ....ഇതെടുത്തു ആണുങ്ങളെ പോലെ അന്തസ്സായി മടക്കിക്കുത്താനും അറിയാം ജോസെഫിന്." എന്ന് പറഞ്ഞു മുണ്ടും മടക്കിക്കുത്തി മമ്മൂക്ക സ്ലോ മോഷനില്‍ നടന്നു വരുന്നത് കാണുമ്പോള്‍ ആവേശം മൂത്ത് ഞാനിപ്പോഴും രോമാഞ്ച കഞ്ചുകന്‍ ആകാറുണ്ട്. മുണ്ടുടുത്ത ആണുങ്ങളെ കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തവും കുലീനതയും തോന്നാറുണ്ട്. മാത്രമല്ല ഏറ്റവും വേഗത്തില്‍ ഊരാനും ഉടുക്കാനും വിധത്തില്‍ 'ഹൈ സ്പീഡ് പ്ളഗ് ആന്‍ഡ്‌ പ്ളേ' ഫെസിലിറ്റി ഉള്ള ഒരേയൊരു വസ്ത്രവും മുണ്ടാണ്..  ഇതെല്ലാം പോരെങ്കില്‍ ആവശ്യത്തിനു  എയര്‍ സെര്‍ക്കുലേഷനും ഉണ്ടാകും. !!

ദൌര്‍ഭാഗ്യം എന്ന് പറയട്ടെ ചക്ക പോത്ത് പോലെ വളര്‍ന്നിട്ടും നാലാളുടെ മുന്നില്‍ ഇറങ്ങാന്‍ പാകത്തില്‍ മുണ്ടുടുക്കാന്‍ എനിക്കറിയില്ല. അത് കൊണ്ടാണല്ലോ ആറ്റ് നോറ്റുണ്ടായ നിക്കാഹിനു നോര്‍ത്ത് ഇന്ത്യക്കാരുടെ കുര്‍ത്തയും പൈജാമയും ഇടേണ്ടി വന്നത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു തലേല്‍ തൊപ്പീം വെച്ച് നല്ല നാടന്‍ പുയ്യാപ്ലയായി നിക്കാഹിനു ഇരിക്കാന്‍ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മുണ്ടുടുക്കാന്‍ നിര്‍ബന്ധിച്ചതാണ്. പക്ഷെ എന്റെ ജീവിതത്തിലെ നാഴിക കല്ലാകാന്‍ പോകുന്ന നിക്കാഹിനു ഒരു പരീക്ഷണം നടത്താനുള്ള ചങ്കുറപ്പ് എനിക്കില്ലായിരുന്നു. കാരണം മുണ്ടുടുത്ത് എന്ന് പുറത്തു പോയിട്ടുണ്ടോ അന്നൊക്കെ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങിയ സര്‍ക്കാരിനെ പോലെ ഞാന്‍ നാണം കെട്ട് പണ്ടാരമടങ്ങിയിട്ടുണ്ട്.

ഇനി അല്പം ഫ്ലാഷ് ബാക്ക് . സുന്നത്ത് കഴിഞ്ഞു പള്ളീല്‍ കൂടലിനാണ് ഞാന്‍ ആദ്യായിട്ട് മുണ്ട് ഉടുത്തത്. പച്ചക്കരയുള്ള ഒരു കുഞ്ഞി മുണ്ടും ഉടുത്ത് തലയില്‍ ഒരു ഉറുമാലും കെട്ടി പത്രാസില്‍ പള്ളീല്‍ പോയപ്പോള്‍ 'ഞാനും വലിയവനായി' എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അതിനു ശേഷം പതിവ് വേഷമായ നിക്കര്‍ വലിച്ചെറിഞ്ഞ്‌ വീട്ടില്‍ ലുങ്കി ഉടുക്കാന്‍ തുടങ്ങി. താമസം ഉമ്മാമയുടെ കൂടെ തറവാട്ടില്‍ ആയതിനാല്‍ മാമന്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ചൈന സില്‍ക്കിന്റെ നല്ല പള പളാന്നുള്ള ലുങ്കിയെ കിട്ടുള്ളൂ ധരിക്കാന്‍..ഈ ലുങ്കികള്‍ എങ്ങനെ ഉടുത്താലും നേരെ നില്‍ക്കില്ല. എപ്പോഴും ഊരി താഴെ പോകും. ഈ ഊരലില്‍ നിന്ന് രക്ഷ നേടാന്‍ ഒരു പരിഹാരം ഞാന്‍ കണ്ടെത്തിയിരുന്നു. സധാരണ പോലെ ലുങ്കിയുടുത്ത് കോന്തല രണ്ടും വലിച്ചു പുറകില്‍ മുറുക്കി കെട്ടുക. രാവിലെ ഒരു കെട്ടു കെട്ടിയാല്‍ രാത്രി ഉറങ്ങുമ്പോള്‍ മാത്രം കെട്ടഴിച്ചാല്‍ മതി. അതിനിടയില്‍ ഒന്നും രണ്ടുമൊക്കെ ലുങ്കി അഴിക്കാതെ അഡ്ജസ്റ്റ് ചെയ്യണം. മിക്കപ്പോഴും ഈ കെട്ടു മുറുകിയിട്ടു അഴിക്കാനക്കാതെ അരിവാള് കൊണ്ട് കോന്തല അറക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉമ്മാമയുടെ ലുങ്കികള്‍ക്കൊന്നും കോന്തല ഉണ്ടായിരുന്നില്ല !!

അന്ന് പതിവ് പോലെ ലുങ്കിയും മടക്കിക്കുത്തി ചെരുപ്പ് വണ്ടിയും ഉരുട്ടി റോഡിലൂടെ പോകുമ്പോഴാണ് അമ്മദിക്കയുടെ വീടിന്റെ ഉമ്മറത്ത്‌ ഒരാള്‍ക്കൂട്ടത്തെ കണ്ടത്. അടുത്ത് ചെന്നപ്പോഴാണ് ടീവിയില്‍ ഏതോ സിനിമ ഇട്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. ആ സമയത്ത് ടീവി ഒരപൂര്‍വ വസ്തു ആണ്. ഞങ്ങടെ നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമേ ടീവിയുള്ളൂ.    അതിനാല്‍ എവിടെ ടീവി വെച്ചാലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആള്‍ക്കൂട്ടം പതിവാണ്.

വണ്ടി അമ്മദിക്കയുടെ വീട്ടു മുറ്റത്ത്‌ പാര്‍ക്ക് ചെയ്തു ഞാനും ടീവിയുടെ ഏറ്റവും മുന്‍പില്‍ പോയിരുന്നു. പതിവില്ലാത്ത വിധം ആള്‍ക്കൂട്ടം വരാനുള്ള ഗുട്ടന്‍സ് അപ്പോഴാണ്‌ പിടി കിട്ടിയത് . വീസിയാറിലാണ് പടം ഓടുന്നത്. നാട്ടിലെ പിള്ളാരെല്ലാരും ചേര്‍ന്ന് VCR വാടകയ്ക്കെടുത്തതാണ്. ഹിന്ദി പടമാണ്. 'ഫൂള്‍ ഓര്‍ ഖാണ്ട' എന്നാണ് പടത്തിന്റെ പേരെന്ന് അടുത്തിരിക്കുന്ന പയ്യന്‍ പറഞ്ഞറിഞ്ഞു.

എനിക്കന്നും ഹിന്ദി 'തോട തോട മാലൂം' ആയതിനാല്‍ കുറച്ചു നേരം പടം കണ്ടപ്പോഴേക്കും ബോറടിച്ചു തുടങ്ങി. 'ഇതിലും ഭേദം വണ്ടിയോടിച്ചു നാട് ചുറ്റല്‍ ആണെന്ന്' മനസ്സില്‍ പറഞ്ഞു ഞാന്‍ എഴുന്നേറ്റു മുറ്റത്തേക്ക് ഓടി. പിന്നാലെ മാലപ്പടക്കത്തിനു തീ കൊളുത്തിയത് പോലെ ഒരു ശബ്ദം ഞാന്‍ കേട്ടു. ടീവി കണ്ടിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഈച്ചയും പൂച്ചയും അടങ്ങുന്ന സകലമാന ചരാചരങ്ങളും എന്നെ നോക്കി നെഞ്ചത്തടിച്ചു ചിരിക്കുന്നതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല.

ചിരിയുടെ റൂട്ട് കോസ് അറിയാതെ അന്തം വിട്ടു പോയ ഞാന്‍ ഒരു നിമിഷം താഴേക്ക്‌ നോക്കിയപ്പോള്‍ സ്ക്രീന്‍ ഷോട്ട് സഹിതം അതിന്റെ ഉത്തരം കിട്ടി. ടീവിയുടെ മുന്നില്‍ നിന്നും പുറത്തേക്കോടിയപ്പോള്‍ ലുങ്കി അഴിഞ്ഞു താഴെ പോയത് ഞാനറിഞ്ഞിരുന്നില്ല. ഒരിക്കലും അഴിഞ്ഞു പോകില്ല എന്ന് ഞാന്‍ വിശ്വസിച്ച എന്റെ കോന്തലക്കെട്ട് അഴിഞ്ഞിരിക്കുന്നു. 'വിശ്വാസം അതല്ലേ എല്ലാം' എന്ന് പറഞ്ഞ ബാലാലിനെ കൈ കിട്ടിയെങ്കില്‍ വെടി വെച്ച് കൊല്ലണം!!

"അകത്തു പോയി ലുങ്കി എടുക്കണോ? അതോ പിറന്ന പടി വീട്ടിലേക്കോടണോ" എന്ന കന്ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ കളിയാക്കി ചിരിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് എന്നോട് സഹതാപം തോന്നിയ ആരോ ലുങ്കി മുറ്റത്തേക്ക് എറിഞ്ഞു തന്നു. കമാന്ന് ഒരക്ഷരം ഉരിയാടാതെ  ലുങ്കിയെടുത്ത് അരയില്‍ ചുറ്റി വണ്ടിയെടുത്തു കക്ഷത്ത്‌ വെച്ച് ഉള്ള ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കോടി. ഞാനന്നോടിയ വഴിയില്‍ ഇപ്പോഴും പുല്ലു മുളച്ചിട്ടില്ല എന്ന് എല്ലാരും പറയും പോലെ ഞാനും പറയുന്നു. അല്ലേലും താറിട്ട റോഡില്‍ പുല്ലു മുളയ്ക്കില്ലല്ലോ!!

ചെറിയ കുട്ടിയായതിനാല്‍ അന്നത്തെ വസ്ത്രാക്ഷേപം എന്റെ ഇമേജിന് വലിയ ഡയമേജ് ഒന്നും ഉണ്ടാക്കിയില്ല. പക്ഷെ നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറ്റൊരു സംഭവം എന്റെ ഇമേജ് ഡയമേജ് ആക്കുക മാത്രമല്ല എന്റെ മുണ്ടുടുക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണും ഇട്ടു. വടകരയിലെ ഞങ്ങടെ ഇംഗ്ലീഷ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഓണാഘോഷം നടക്കുകയാണ്. ഞാനും കുറച്ചു സുഹൃത്തുക്കളും ആണ് സംഘാടകര്. ഓണമായത് കൊണ്ട് എല്ലാരും പരമ്പരാഗത വേഷത്തില്‍ വരണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. വാപ്പ ഉടുക്കുന്ന മുണ്ടുകളെല്ലാം പോളിസ്റ്റെര്‍ ആയതിനാല്‍ അയല്‍വാസി അനീഷിന്റെ കോട്ടന്‍ മുണ്ട് കടം വാങ്ങിയിട്ടാണ് ഞാന്‍ ഉടുത്തത്. 

"ഞാന്‍ മുണ്ട് ഉടുത്താല്‍ ശരിയാവില്ല ഊരിപ്പോകും" എന്ന് പറഞ്ഞു ഒഴിയാന്‍ നോക്കിയപ്പോള്‍ "ബെല്‍റ്റ്‌ കെട്ടി ടൈറ്റ് ആക്കിയാല്‍ മതി. ഇങ്ങനെയല്ലേ എല്ലാരും മുണ്ടുടുത്ത് പഠിക്കുക" എന്ന് പറഞ്ഞു സുഹൃത്തുക്കളാണ് എനിക്ക് ആത്മ വിശ്വാസം തന്നത്. അല്ലേലും ഇതുപോലെയുള്ള സുഹൃത്ത് തെണ്ടികള്‍ ആണല്ലോ എല്ലാ നായകന്മാരെയും കുഴിയില്‍ ചാടിക്കുന്നത്!! 

ഓണാഘോഷം തകൃതിയായി നടന്നു. അടുത്തത് ഓണ സദ്യയാണ്. സദ്യ ഉണ്ടാക്കിയിരുന്നത് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അടുത്തുള്ള എന്റെയൊരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ്. ഉച്ചയായപ്പോള്‍ ഞങ്ങള്‍ സംഘാടകര്‍ എല്ലാരും ചേര്‍ന്ന് ഭക്ഷണം എടുക്കാന്‍ പോയി. 

ചോറും പാത്രവും എടുത്താല്‍ മുണ്ടില്‍ കരിയാകുമെന്നു പറഞ്ഞു അതിന്റെ ഉത്തരവാദിത്വം ഞാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി. കറികളും മറ്റു വിഭവങ്ങളും ചെറിയ പാത്രങ്ങളില്‍ ആണ് ഉള്ളത് . ഒരാള്‍ക്ക് രണ്ടു കയ്യിലും കൂടി രണ്ടു പാത്രങ്ങള്‍ എടുക്കാം. ഞാന്‍ പായസവും കൂട്ട് കറിയും എടുക്കാമെന്നേറ്റു. മുണ്ട് മടക്കിക്കുത്തി രണ്ടു കയ്യിലും പാത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് നടന്നു. വടകര വില്ല്യാപ്പള്ളി റോഡ്‌ ക്രോസ് ചെയ്തു വേണം ഇന്‍സ്റ്റിട്ട്യൂട്ടില്‍ എത്താന്‍. തിരക്കുള്ള റോഡിലൂടെ നാലഞ്ചു പേര്‍ കഷ്ടപ്പെട്ട് ഭക്ഷണം കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അലിവു തോന്നിയ ട്രാഫിക് പോലീസുകാരന്‍ വണ്ടികളെല്ലാം നിറുത്തിച്ചു ഞങ്ങള്‍ക്ക് വഴിയൊരുക്കി തന്നു.

"ഞാനാണ് ഓണവും, ഓണ സദ്യയും കണ്ടു പിടിച്ചത് " എന്ന ഭാവത്തില്‍ തലയും ഉയര്‍ത്തിപ്പിടിച്ചു നാട്ടുകാരുടെയും വണ്ടിക്കാരുടെയും മുന്നിലൂടെ പാത്രങ്ങളും പൊക്കിപ്പിടിച്ച് ഞാന്‍ ഗമേല് നടക്കുകയാണ്. പുറകെ എന്റെ സുഹൃത്തുക്കളും. പെട്ടെന്ന് അതിലൊരുത്തന്‍ 'എടാ മുണ്ടോളീ' എന്ന് പരിഭ്രമത്തോടെ വിളിച്ചു.

"എന്താടാ വിളിച്ചു കൂവുന്നത്..പെട്ടെന്ന് റോഡ്‌ ക്രോസ് ചെയ്യാന്‍ നോക്ക്." എനിക്ക് ദേഷ്യം വന്നു.
"മുണ്ടോളി നിന്റെ മുണ്ട്..."

അവന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ അപകടം മണത്ത ഞാന്‍ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍' താഴേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകം ആയിരുന്നു. പകുതിയോളം അഴിഞ്ഞ എന്റെ മുണ്ട് മുല്ലപ്പെരിയാര്‍ ഡാം പോലെ എപ്പോള്‍ വേണേലും താഴെ പതിക്കാം എന്ന സ്ഥിതിയില്‍ ആണ്. ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!

ഊരിപ്പോയതിന്റെ ബാക്കി പാതി കൂടി താഴെ പോകുന്നതിനു മുന്‍പ് അര്‍ജെന്റ്റ് ആക്ഷന്‍ എടുത്തേ പറ്റൂ. പക്ഷെ മുണ്ട് നേരെയാക്കണമെങ്കില്‍ കൈ ഫ്രീ ആകണം. കൈ ഫ്രീ ആകാന്‍ പാത്രങ്ങള്‍ താഴെ വെക്കണം. പാത്രങ്ങള്‍ താഴെ വെക്കാന്‍ കുനിഞ്ഞാല്‍ മുണ്ട് മൊത്തത്തില്‍ അഴിഞ്ഞു വീഴും. ആകെ ഒരു ഡെഡ് ലോക്ക് സിറ്റുവേഷന്‍.!!....

ഇപ്പോള്‍ തന്നെ ജട്ടിയുടെ കളര്‍ നാട്ടുകാര്‍ കാണുന്നുണ്ട്. സൈസും ബ്രാന്‍ഡും ആരേലും വിളിച്ചു പറയുന്നതിന് മുന്‍പ് എന്തേലും ചെയ്യണം. ജഗതിയുടെ കമന്റ്‌ കേട്ട രഞ്ജിനിയെ പോലെ അതി ദയനീയമായി ഞാന്‍ പുറകെ വരുന്ന സുഹൃത്തുക്കളെ നോക്കി സഹായിക്കാന്‍ കണ്ണ് കൊണ്ട് ആക്ഷന്‍ കാട്ടി.  സാധാരണ ഹീറോയുടെ ശിങ്കിടികള്‍ ചെയ്യുമ്പോലെ എന്ത് ചെയ്യണമെന്നറിയാതെ കുന്തം വിഴുങ്ങിയത് മാതിരി അവരും അന്താളിച്ചു നിന്നു. അല്ലേലും ഇങ്ങനെയുള്ള അപകട ഘട്ടങ്ങളില്‍ ഇവന്മാരെ കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടാറുണ്ടോ!!!

എന്റെ നിസ്സഹായാവസ്ഥ കണ്ടു മനസ്സലിഞ്ഞ ട്രാഫിക് പോലീസുകാരന്‍ ഓടി വന്നു രംഗം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് പാത്രങ്ങള്‍ വാങ്ങി കൈ റിലീസ് ആക്കിത്തന്നു. അഴിഞ്ഞു വീണ മുണ്ട് നേരെയാക്കി പോലീസുകാരന് നന്ദിയും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാന്‍ സ്പോട്ടില്‍ നിന്ന് എസ്കേപ് ആയി.!

ഇനി മേലില്‍ മുണ്ട് ഉടുക്കില്ലാന്നു അന്ന് തീരുമാനിച്ചതാണ്. ആ തീരുമാനത്തിന്റെ പുറത്താണ് നിക്കാഹിന് മുണ്ടിനു പകരം കുര്‍ത്തയാക്കിയത്. അത് കൊണ്ട് എന്തുണ്ടായി?? നാട്ടുകാരുടെ മുന്‍പില്‍ വെച്ച് പുതിയാപ്ലയുടെ മുണ്ടഴിഞ്ഞ് ഫസ്റ്റ് നൈറ്റിനു മുന്‍പേ സസ്പെന്‍സ് പൊളിഞ്ഞില്ല :-) ഇനി ഫസ്റ്റ് നൈറ്റില്‍ എന്ത് നടന്നു എന്നാവും നിങ്ങടെ ചോദ്യം.........അമ്പട മുത്തേ.......അത് തല്‍ക്കാലം സസ്പെന്‍സ് ആയി തന്നെയിരിക്കട്ടെ :-)


സമര്‍പ്പണം:

ദുബായിയില്‍ പോയതിനു ശേഷം എനിക്ക് ജാഡയും അഹങ്കാരവുമാണെന്നും, പരമ്പരാഗത ആചാരങ്ങളോടു പുച്ഛമാണെന്നും, അതു കൊണ്ടാണ് മുണ്ട് ഒഴിവാക്കിയതെന്നും പറഞ്ഞു നടക്കുന്ന നാട്ടിലെ എല്ലാ പരദൂഷണ തെണ്ടികള്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു!!!

ഫോട്ടോ കടപ്പാട് ഫേസ് ബുക്ക്‌ പിന്നെ എന്റെ സ്വന്തം വിവാഹ ആല്‍ബം.