"പാലത്തില്‍ നിന്ന് ബസ് പുഴയിലേക്ക് മറിഞ്ഞു" കേട്ടവര്‍ കേട്ടവര്‍ അപകട സ്ഥലത്തേക്ക് ഓടി. നാടിനെ ഞെട്ടിച്ച വാര്‍ത്ത കേട്ട് കുട്ടിയാലിയും എടവലക്കാരന്‍ ശുക്കൂറിന്റെ കൂടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പാലത്തിലും പുഴക്കരയിലും ജന പ്രവാഹമാണ്. പോലീസ് എത്തിയിട്ടില്ല. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ”ബൈന്നേരം സമയം അല്ലെ !! ബസില്‍ നെറച്ചും ആളുണ്ടെന്നാ തോന്നുന്നത്. സുമാര്‍ പത്തു പതിനഞ്ചു എണ്ണമെങ്കിലും കാഞ്ഞു പോവും” ശുക്കൂര്‍ കരി നാക്ക് വളച്ചു. തന്നെക്കാള്‍ മൂത്തവന്‍ അല്ലെ എന്ന് കരുതി കുട്ടിയാലി മിണ്ടാണ്ടിരുന്നു.
രക്ഷാ പ്രവര്‍ത്തകര്‍ ഓരോരുത്തരെയായി കരയ്ക്ക് എത്തിക്കുകയാണ്. അവരുടെ കൂടെ കൂടണം എന്ന് കുട്ടിയാലിക്കും ആഗ്രഹം ഉണ്ട്..പക്ഷെ കുട്ടിയായി പോയില്ലേ!!
കരക്കെത്തിച്ചവരെ വണ്ടികളില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ജീവനുണ്ടോ മയ്യത്തായോ എന്നൊന്നും മനസ്സിലാവുന്നില്ല. 'ആര്‍ക്കും ഒന്നും വരുത്തല്ലേ എന്റെ റബ്ബേ' എന്ന് ദുആ ചെയ്തു കുട്ടിയാലി രക്ഷാപ്രവര്‍ത്തനം നോക്കി നിന്നു.
ഇടയ്ക്ക് എപ്പോഴോ ആണ് ശുക്കൂറിലേക്ക് കുട്ടിയാലിയുടെ ശ്രദ്ധ തിരിഞ്ഞത്. കലുങ്കില്‍ കേറിനിന്ന് മൊബൈലില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഫോട്ടം പിടിക്കുന്ന തിരക്കില്‍ ആണ് പുള്ളി. ശുക്കൂറിക്ക ഒറ്റയ്ക്കല്ല മൊബൈല്‍ പിടിച്ചോണ്ട് ഫോട്ടം പിടിക്കാന്‍ ഒരുപാടു പേരുണ്ട് കലുങ്കിന്റെ മേലെ. നീന്തുന്നതിനടയില്‍ തോര്‍ത്ത് ഊരിപ്പോയ ഒരുത്തറെ നോക്കി തമാശിക്കുന്നുണ്ട് വേറെ ചിലര്‍. ഇങ്ങനെയും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്മാരോ പടച്ചോനെ!! ഉപകാരം ഒന്നും ചെയ്യുന്നില്ലേല്‍ മിണ്ടാതിരുന്നൂടെ ഇവര്‍ക്ക്!! കുട്ടിയാലിക്ക് അമര്‍ഷം തോന്നി.
കുട്ടിയാലി ശുക്കൂറിന്റെ അടുത്തു ചെന്ന് തന്റെ അറാംബറപ്പ് തുടങ്ങി.
ശുക്കൂറിക്ക ഇങ്ങള്‍ എന്തു പണിയാ ഈ കാണിക്കുന്നത്?
ഞമ്മള് ഫോട്ടം പിടിക്കുന്നത് ഇഞ്ഞ് കാണുന്നില്ലേ ?
ഇങ്ങള്‍ക്ക് നീന്തല് അറിഞ്ഞൂടെ. ഫോട്ടം പിടിക്കാണ്ട് ഇങ്ങക്ക് പൊയേലിറങ്ങി ആരെയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ ?
അയിനിപ്പം ക്ലബിന്റെം പാര്‍ട്ടീന്റേം എല്ലാം ആളില്ലേ? പോരാത്തതിനു പോലീസും ഫയര്‍ എഞ്ചിനും ഇപ്പം ഇങ്ങു എത്തും.
ഇങ്ങളപ്പോലെ ഓലും പോലീസ് വരുന്നേം കാത്തു നിന്നാല് എല്ലാരും മയ്യത്താവില്ലേ?
അങ്ങനെ മയ്യത്താവുന്നോല്‍ അങ്ങ് മയ്യത്താവട്ടെ. എന്ന് നിരീക്കാം അല്ലാണ്ട് എന്തു ചെയ്യാനാ.
ഒന്നുമില്ലേല്‍ ഇങ്ങക്ക് പടച്ചോന്റെ അട്ത്തുന്നു കൂലി കിട്ടൂലെ ഇക്ക?
ഇഞ്ഞ് ഒന്ന് മിണ്ടാണ്ടിരി കുട്ടിയാലി. കൊറച്ചു ഫോട്ടം എടുത്തു ഫേസ് ബുക്കില്‍ ഇട്ടാല്‍ പത്തഞ്ഞൂര്‍ കമന്റ് കിട്ടും...... പോരാത്തേന് എന്റെ ചങ്ങായിമാരും ഓല ചങ്ങായിമാരും ഒക്കെ കൂടി പത്തു രണ്ടായിരം ലൈക്കും കിട്ടും. ....പടച്ചോന്റെ കൂലി ഞമ്മള് ഹജ്ജിനു പോയി വാങ്ങിക്കോളാം.
ശുക്കൂറിക്ക പടച്ചോന് നെരക്കാത്ത കാര്യാ ഇങ്ങള് പറേന്നത്.......പടച്ചോന്‍ എല്ലാം കാണുന്നുണ്ടാകും.
ഇഞ്ഞ് ഒന്ന് മിണ്ടാണ്ട് ആടെങ്ങാനും കുത്തിരിക്കി.......ഞമ്മള് കൊറച്ചൂടെ ഫോട്ടം എടുക്കട്ടെ.
ഇവറോട് പറഞ്ഞിട്ട് കാര്യമില്ല..കൊണ്ടാലേ പടിക്കുള്ളൂ......കുട്ടിയാലി വീണ്ടും രക്ഷാ പ്രവര്‍ത്തനം നോക്കി നിന്നു. രണ്ടു രക്ഷാ പ്രവര്‍ത്തകര്‍ ചുമന്നു വണ്ടിയിലേക്ക് കൊണ്ടുപോകുന്ന വയസ്സനെ കണ്ടപ്പോള്‍ കുട്ടിയാലി ശുക്കൂറിനെ നോക്കി ഒരു സംശയം പറഞ്ഞു.
ഇക്കാ ഇപ്പം മേലേക്ക് കൊണ്ട് പോയ ആള്‍ ബീരാനിക്കയെ പോലെ ഇല്ലേ?
ഹേയ് ഇല്ല..... അത് ഇന്‍ജ വെറും തോന്നലാ കുട്ടിയാലി.
ഇങ്ങളൊന്നു അടുത്തു പോയി നോക്ക്. തലേക്കെട്ട് ഇല്ലാത്തതു കൊണ്ട് തിരിയാത്തതാണെങ്കിലോ?
ഇഞ്ഞ് പറഞ്ഞ സ്ഥിതിക്ക് ഞമ്മളൊന്നു 'സൂം' ചെയ്തു നോക്കട്ടെ.....അങ്ങോട്ട് പോവാനോന്നും കയ്യൂല.
എന്നാ പെട്ടെന്ന് നോക്കീന്‍ .
അള്ളോ......ഇത് ഞമ്മടെ ബാപ്പ തന്നെ......ക്യാമറ ഓഫ് ചെയ്തു മൊബൈല്‍ പൌച്ചില്‍ ഇട്ടു, പൌച്ച് പോക്കെറ്റില്‍ വച്ചതിനു ശേഷം ശുക്കൂര്‍ ബാപ്പാന്റെ മയ്യത്തിനു പുറകെ ഓടി.
കൂടെ ഓടുന്ന കുട്ടിയാലി പുറകെ നിന്നു വിളിച്ചു പറഞ്ഞു..
"ശുക്കൂറിക്ക ഇങ്ങള് ഒടുക്കം 'സൂം' ചെയ്തു എടുത്ത ഫോട്ടം ഫേസ് ബുക്കില്‍ ഇട്ടാല്‍ ഞമ്മളേം കൂടി ടാഗ് ചെയ്യണേ"
--------------------------------------------------------------------------------------------------------------------
കുട്ടിയാലിയെ അറിയാത്തവര്‍ക്കായി; കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം