ഓഫീസിലെ മറ്റു രാജ്യക്കാരായ സുഹൃത്തുക്കളോട് നാടിനെ കുറിച്ച് പറയുമ്പോള്‍ എല്ലാ പ്രവാസികളെയും പോലെ എനിക്കും നൂറു നാവാണ്.കാലാവസ്ഥയും,പ്രകൃതി ഭംഗിയും സ്വര്‍ഗ്ഗ തുല്യമായതിനാല്‍ കേരളത്തിന് 'ദൈവത്തിന്റെ സ്വന്തം നാട്' എന്നൊരു പേരുണ്ടെന്ന് പറഞ്ഞാല്‍ ഈ സുഹൃത്തുക്കള്‍ ആദ്യമൊന്നു നെറ്റി ചുളിക്കും! പിന്നെ ആലപ്പുഴയുടെയും മൂന്നാറിന്റെയും ഒക്കെ ഫോട്ടോ ഗൂഗിളില്‍ കാണിച്ചു കൊടുത്താല്‍ "Wow ! What a Beautiful Place ! Its Really a Gods Own Country"എന്ന് അത്ഭുതപ്പെടും. പക്ഷെ ഇവര്‍ അറിയുന്നില്ലല്ലോ കേരളം ദൈവത്തിന്റെയല്ല കുടിയന്മാരുടെ സ്വന്തം നാടാണെന്ന് !! ഞാന്‍ പെരുപ്പിച്ചു പറയുകയാണെന്ന് ധരിക്കേണ്ട. ഇത്തവണ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ അത്തരത്തില്‍ ഉള്ളതായിരുന്നു.
കുറച്ചു കാലം മുന്‍പ് വരെ പൊതു സ്ഥലങ്ങളില്‍ കുടിയന്മാരെ കാണുന്നത് അപൂര്‍വ്വമായിരുന്നു.പക്ഷെ ഇപ്പോള്‍ ഗ്രാമങ്ങളിലെ പുഴക്കരകളും, സ്കൂള്‍ മൈതാനങ്ങളും,ഒഴിഞ്ഞ പറമ്പുകളും, നഗരങ്ങളിലെ ബസ് സ്ടാന്റ്റ് ,റെയിവേ സ്റ്റേഷന്, സിനിമ തിയേറ്റര്‍, പാര്‍ക്ക് തുടങ്ങി പൊതു ജനങ്ങള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളും കുടിയന്മാര് കയ്യടക്കിയിരിക്കുകയാണ്. മുന്‍പൊക്കെ ഇത്തരക്കാരുടെ ഉപദ്രവവും, പരാക്രമണവും സ്വന്തം വീട്ടുകാര്‍ മാത്രം സഹിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇവരുടെ ചെയ്തികള്‍ സമൂഹം മുഴുവന്‍ സഹിക്കണം എന്ന ഗതികേടിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത് !
വെറും രണ്ടാഴ്ച മാത്രം നാട്ടില്‍ നിന്ന എനിക്ക് നേരിട്ടോ അല്ലാതെയോ പല തവണ കുടിയന്മാരുടെ ചെയ്തികള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍ ഫാമിലിയോടൊപ്പം തൃശ്ശൂരില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ചായിരുന്നു ആദ്യ അനുഭവം. ട്രെയിന്‍ ഷൊര്ന്നൂര് എത്തിയപ്പോള്‍ മൂന്നാല് ചെറുപ്പക്കാര്‍ കയറി ഞങ്ങടെ അടുത്ത സീറ്റില്‍ ഇരുന്നു. ആദ്യമൊന്നും ഈ മാന്യന്മാര് ഒരു കുഴപ്പവും ഉണ്ടാക്കിയില്ല. ഇടക്കെപ്പോഴോ മദ്യത്തിന്റെ മണം വന്നപ്പോള്‍ അതിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ വേണ്ടി ഞാന്‍ എല്ലാരേയും ശ്രദ്ധിക്കാന്‍ തുടങ്ങി.
അടുത്തിരിക്കുന്ന ചെറുപ്പക്കാര്‍ രണ്ടു പേരായിട്ട് ഇടയ്ക്കിടെ ടോയിലെറ്റിന്റെ ഭാഗത്തേക്ക് പോകുന്നത് കണ്ണില്‍ പെട്ടപ്പോഴാണ് പട്ടാപകല്‍ ട്രെയിനില്‍ വെച്ച് വെള്ളമടിക്കുകയാണെന്ന സത്യം മനസ്സിലായത്.മൂന്നാല് പ്രാവശ്യം ടോയിലെറ്റില്‍ പോയി വന്നതിനു ശേഷം ഇവരുടെ സംസാരവും ചിരിയും കൈ കൊട്ടലും വളരെ ഉച്ചത്തില്‍ ആയി. അടുത്ത സീറ്റുകളില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നൊരു ഭാവം തരിമ്പു പോലും അവരില്‍ കണ്ടില്ല. മറ്റു യാത്രക്കാര്‍ ആരെങ്കിലും ഒന്ന് പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും 'ഇതൊക്കെ സഹിക്കാന്‍ നമ്മള് ശീലിച്ചിരിക്കുന്നു'എന്ന ഭാവേനെ എല്ലാരും അവരവരുടെ ലോകത്തില്‍ മുഴുകി ഇരുന്നു. മാറി ഇരിക്കാന്‍ വേറെ സീറ്റ് ഇല്ലാത്തത് കൊണ്ട് കോഴിക്കോട് വരെ അവരുടെ ഉപദ്രവം ഞങ്ങളും സഹിച്ചിരുന്നു !
വൈഫിന്റെ കൂടെ കാലിക്കറ്റ് യൂനിവേര്സിടിയില് പോയി തിരിച്ച് ബസ്സില്‍ വരുമ്പോള്‍ ഉണ്ടായ അനുഭവം ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഓക്കാനം വരും. രാമനാട്ടുകരയ്ക്ക് അടുത്തുള്ള ട്രാഫിക് സിഗ്നലില്‍ ബസ് നിറുത്തിയിട്ടിരിക്കുകയാണ്. ഞാന്‍ സൈഡ് സീറ്റില്‍ ഇരുന്നു പുറം കാഴ്ചകള്‍ കാണുമ്പോഴാണ് എന്റെ ശ്രദ്ധ റോഡിന്റെ ഓരത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ചു നില്ക്കുന്നൊരു കുടിയനില്‍ പതിഞ്ഞത്. അയ്യപ്പ ബൈജുവിനെ ഓര്‍മിപ്പിക്കുന്ന പ്രകൃതം ഉള്ളത് കൊണ്ടാവാം സൈഡ് സീറ്റില്‍ ഇരിക്കുന്ന മിക്കവാറും പേര് അവനെ തന്നെയാണ് നോക്കുന്നത്. പെട്ടെന്ന് അയാള്‍ പോസ്റ്റിലെ പിടി വിട്ട് ഉടു മുണ്ടഴിച്ച് ദൂരെ എറിഞ്ഞ് ഞങ്ങളെ നോക്കി സ്വതന്ത്രനായി നിന്നു. കണ്ണടയ്ക്കാന്‍ പോലും സമയം കിട്ടുന്നതിനു മുന്‍പ് ആ വൃത്തികെട്ട കാഴ്ച എനിക്ക് ഒരു നിമിഷത്തേക്കെങ്കിലും കാണേണ്ടി വന്നു. ബസ്സില്‍ കയറിയ ഉടനെ ഉറങ്ങുന്ന ശീലമുള്ളത് കൊണ്ട് വൈഫ് ആ കാഴ്ച കാണാതെ രക്ഷപ്പെട്ടു.
ഈ രണ്ടു സംഭവങ്ങളും മാനസികമായി ചെറിയ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ശാരീരികമായി എനിക്കോ വൈഫിനോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയല്ല. പക്ഷെ ലീവ് തീരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് വൈഫിനെയും കൂട്ടി ഉസ്താദ് ഹോട്ടല്‍ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും പൊതു സ്ഥലങ്ങളില്‍ സ്ത്രീ സുരക്ഷിതയല്ല എന്നെന്നെ പഠിപ്പിച്ചു .
എന്റെ സ്വന്തം നാടായ വടകരയിലെ മുദ്ര തിയേറ്ററിലാണ് പടം കാണാന്‍ പോയത്. സെക്കന്റ് ഷോ കാണാന്‍ ഫാമിലി ഓഡിയെന്‍സ് ആണ് കൂടുതലും ഉണ്ടാവുക എന്ന മുന്‍വിധിയുള്ളത് കൊണ്ടാണ് രാത്രിയില്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്. ഞാന്‍ കണക്കു കൂട്ടിയത് പോലെ തന്നെ ഫാമിലി ഓഡിയെന്‍സ് ആയിരുന്നു തിയേറ്ററില്‍ അധികവും.തിയേറ്ററിന്റെ മധ്യ ഭാഗത്തായി മറ്റൊരു ഫാമിലിയുടെ അടുത്തായി ഞങ്ങള്‍ ഇരുന്നു. സിനിമ തുടങ്ങാന്‍ ആയപ്പോള്‍ മുണ്ടൊക്കെ മടക്കിക്കുത്തി, പച്ചത്തെറിയും വിളിച്ചു കൂവി നാലഞ്ചു പേര് അകത്തേക്ക് വന്നു. ആടിയാടിയുള്ള നടത്തം കണ്ടാല്‍ അറിയാം അടിച്ചു കോണ്‍ തെറ്റിയിട്ടാണ് വരവെന്ന്.
ഒരേ നിരയില്‍ സീറ്റ് കിട്ടാത്തത് കൊണ്ട് പല സ്ഥലങ്ങളില്‍ ആയിട്ടാണ് ഇവര്‍ ഇരുന്നത്. കൂട്ടത്തില്‍ ഒരുത്തന് ഞങ്ങടെ പുറകിലെ സീറ്റിലും വന്നിരുന്നു.സിനിമ തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ബഹളം ഒക്കെ അവസാനിപ്പിച്ച് എല്ലാരും സിനിമയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ദുല്ക്കരിന്റെയും തിലകന്റെയും അഭിനയത്തില്‍ കാണികള്‍ മതിമറന്നു ഇരിക്കുകയാണ്.
ഇടക്കെപ്പോഴോ ഒരു ഉള്‍വിളി ഉണ്ടായത് കൊണ്ടാവാം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത്. അല്ലെങ്കില്‍ ഞങ്ങടെ പിന്നില്‍ ഇരുന്ന കുടിയന് ഒരു കാലു നീട്ടി വൈഫിന്റെ സീറ്റിന്റെ മേലെ വെച്ച് അവസ്ഥയ്ക്ക് സിനിമ കാണുന്നത് ഞാന്‍ കാണില്ലായിരുന്നു. അവള്‍ക്കു ഉയരം കുറവായത് കൊണ്ട് ഇതൊന്നും അറിയുന്നില്ല. അയാളുടെ കാല് അവളുടെ തലയിലോ ചുമലിലോ ഒന്നും തട്ടുന്നില്ലെങ്കിലും അങ്ങനെയുള്ള ഇരുത്തം എനിക്ക് അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. ഞാന്‍ തിരിഞ്ഞിരുന്നു അവനോടു കാല് താഴ്ത്തി ഇടാന്‍ പറഞ്ഞു. ഉടനെ തന്നെ അവന് കാല് താഴ്ത്തിയിട്ടു. വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ട് ഞാന്‍ വീണ്ടും സിനിമ കാണാന്‍ തുടങ്ങി. പക്ഷെ എന്റെ ഒരു കണ്ണ് പുറകിലായിരുന്നു. അത് മനസ്സിലാക്കാതെ അവന് വീണ്ടും കാല് എടുത്തു സീറ്റില്‍ വെച്ചു. ഞാന്‍ പിന്നിലേക്ക് തിരിഞ്ഞതും അവന് കാല് താഴ്ത്തിയിട്ടു. ഞാന്‍ കടുപ്പിച്ചൊന്നു നോക്കിയതിനു ശേഷം സിനിമയിലേക്ക് തന്നെ തിരിഞ്ഞു.
മൂന്നാമതും അവന് കാലെടുത്ത് സീറ്റില്‍ വെച്ചപ്പോള്‍ എന്റെ കണ്ട്രോള് പോയി. ഞാന്‍ എഴുനേറ്റു നിന്ന് പുറകിലേക്ക് തിരിഞ്ഞു നിന്ന് "നിന്നോടല്ലടാ പറഞ്ഞത് കാല് താഴ്ത്താന്‍" എന്നൊരു അലര്‍ച്ചയായിരുന്നു. ബഹളം കേട്ടതും അടുത്ത സീറ്റുകളില്‍ ഇരുന്ന പയ്യന്മാര് ഓടി വന്നു എന്റെയടുത്ത് നിലയുറപ്പിച്ചു. "നീ എന്തിനാണ് പെണ്ണുങ്ങളുടെ സീറ്റില്‍ കാലു വെച്ചത്" എന്ന് ചോദിച്ചപ്പോള്‍ അവന് ഒരു തെറിയാണ് ഉത്തരമായി തന്നത്. പിന്നെ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. ബാക്കി എല്ലാം ആ പയ്യന്മാര് ചെയ്തു.കൂട്ടുകാരനെ സഹായിക്കാന്‍ വന്ന മറ്റു കുടിയന്മാര്ക്കും ആവശ്യത്തിനു കിട്ടി. അവസാനം തിയേറ്റര്കാര് വന്നു എല്ലാത്തിനേം തൂക്കിയെടുത്ത് പുറത്തെറിഞ്ഞു.
ഇതെല്ലാം കണ്ടു വൈഫ് പേടിച്ചരണ്ടു പോയി. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആ കുടിയന്മാര് ആളുകളെയും കൂട്ടി വന്നു ഉപദ്രവിക്കുമെന്ന് പറഞ്ഞു പ്ലാന്‍ ചെയ്ത ഡിന്നര്‍ പോലും കഴിക്കാന്‍ അവള് സമ്മതിച്ചില്ല. ഒടുക്കം വീട്ടില്‍ എത്തിയപ്പോഴാണ് അവള്‍ക്കു ശ്വാസം നേരെ വീണത്.
രണ്ടാഴ്ച കൊണ്ട് എനിക്ക് ഇത്രയും മോശപെട്ട അനുഭവങ്ങള്‍ ഉണ്ടായെങ്കില്‍ 365 ദിവസവും നാട്ടില്‍ നില്ക്കുന്നവരുടെ സ്ഥിതി എന്തായിരിക്കും? കുടുംബ സമേതം സ്വൈര്യമായി പുറത്തു പോകാന്‍ പറ്റാത്ത ഒരു നാടിനെയാണോ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നത് ? പൊതു സ്ഥലങ്ങളില്‍ അരാചകത്വം നടത്തുന്ന കുടിയന്മാരെ നിയന്ത്രിക്കൂന്ന വിധത്തില്‍ ശക്തമായ ഒരു നിയമം കേരളത്തില്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് ബ്രാന്‍ഡ് ചെയ്യുന്ന കേരളത്തെ ഈ ടൂറിസ്റ്റുകള്‍ തന്നെ "കുടിയന്മാരുടെ സ്വന്തം നാട്" എന്ന് വിളിക്കുന്ന കാലം വിദൂരമല്ല !!!
ഫോട്ടോസിനു ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു.
ഫോട്ടോസിനു ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു.