വ്യാഴാഴ്‌ച, മേയ് 26, 2011

കുട്ടിയാലിയുടെ അറാംബറപ്പുകള്‍

അന്ധവിശ്വാസങ്ങളും ,അനാചാരങ്ങളും , മദ്യപാനവും , പിടിച്ചുപറിയും, ഗുണ്ടായിസവും, സ്ത്രീ പീഡനങ്ങളും അരങ്ങു തകര്‍ക്കുന്ന സമൂഹത്തില്‍ ശരിയേത് , തെറ്റേത്, നന്മയേത്, തിന്മയേത്, സത്യമേത് ,മിഥ്യയേത് എന്ന് തിരിച്ചറിയാന്‍ പറ്റാതെ  മിഴിച്ചു നില്‍ക്കുന്ന ഒരു കൊച്ചു കുട്ടി. "കുട്ടിയാലി ". എന്തിനും, ഏതിനും ചോദ്യങ്ങള്‍ ചോദിക്കുന്ന ,അറിഞ്ഞതിനും അപ്പുറം തേടുന്ന ആധുനിക ബാല്യത്തിന്റെ പ്രതീകം.. ഉത്തരം മുട്ടുന്നവര്‍ 'അറാംബറന്നവനെന്നോ ' , 'നിഷേധിയെന്നോ ' വിളിക്കുമ്പോഴും യാതൊരു സങ്കോജവുമില്ലാതെ കുട്ടിയാലിയുടെ ചോദ്യ ശരങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

ഒരു മന്ത്രവാദത്തിന്റെ കഥ !!


കുട്ടിയാലിയുടെ ആദ്യ ദിവസം ആരംഭിക്കുന്നത് ഓത്തുപള്ളിയില്‍ (മദ്രസയില്‍ ) നിന്നാണ് .
കുട്ടിയാലി : ഉസ്താദേ നിങ്ങക്ക് മന്ത്രവാദം അറിയോ?
ഉസ്താദ് : ഇഞ്ഞോടാരാ ഇത് പറഞ്ഞത്?
കുട്ടിയാലി : ഉമ്മ പറഞ്ഞതാ ..ഇങ്ങള് മന്തിരിച്ച്‌ കൊടുത്ത ചരട് അരേല് കെട്ടീട്ടാ വലിയുമ്മാന്റെ പനിയും വയറ്റോക്കും മാറിയെന്നു! 
ഉസ്താദ് : അത് നേരാ.....ഞമ്മള് മന്തിരിച്ചൂതിയ ചരട് കെട്ടിയാല്‍ എല്ലാ ദീനോം മാറും ...
കുട്ടിയാലി : ഉസ്താദേ നിങ്ങക്ക് ചരട് എല്ലാത്ത എന്തേലും പരിപാടിയുണ്ടോ ?
ഉസ്താദ് : ഞമ്മള് തകിടു മന്തിരിക്കും പിന്നെ മാറ്റലും നടത്തും.. ഞമ്മളു ചുട്ട കോയീനെ വരെ പറപ്പിച്ചിട്ടുണ്ട്!!
കുട്ടിയാലി : ചുട്ട കോയീനെ തിന്നുകയല്ലേ ഉള്ളു ഉസ്താദേ... ആരേലും പറപ്പിച്ചു കളയോ അയിനേ?
ഉസ്താദ് : എടാ ബലാലെ ഞമ്മളെ മന്ത്രത്തിനു അത്രേം ശക്തിയാണെന്നാ  ഞമ്മള്‍ പറഞ്ഞേന്റെ പൊരുള്‍ .
കുട്ടിയാലി : ഓ അങ്ങനെ ..ഈ തകിട് കൊണ്ടെന്താ ചെയ്യാ ഉസ്താദേ?
ഉസ്താദ് : ഞമ്മളു മന്തിരിച്ച ചെമ്പ് തകിട് പൊരേല് തൂക്കിയാല്‍ പൊരക്കും പോരക്കാര്‍ക്കും ബര്‍ക്കത്ത് ഉണ്ടാകും.
കുട്ടിയാലി : പോരേലെ കക്കൂസിലും,കുളിമുറിലും, ചായപ്പിലും എല്ലാം ഇങ്ങളെ തകിട് തൂക്കീട്ടത് ഞമ്മളു കണ്ടിനി...
ഉസ്താദ് : അങ്ങനെ തൂക്കിയത്‌ കൊണ്ടല്ലേ ഇന്ചെ ഇക്കാകാക്ക്  ദുഫായീല് ബല്യ പണി കിട്ടിയേ. 
കുട്ടിയാലി : ഉസ്താദേ ഓര് MBA പഠിച്ചോണ്ടല്ലേ പണി കിട്ടിയത്?
ഉസ്താദ് : നാട്ടില് കാക്ക തൊള്ളായിരം MBA കരില്ലേ? അതിറ്റിങ്ങളെ ചവിട്ടീറ്റ് വഴി നടന്നൂട!! എന്നിട്ട് ഓലിക്കെല്ലാം പണി കിട്ടീനോ? ഇന്ചെ ഇക്കാകാക്ക് മാത്രല്ലേ കിട്ടിയുള്ളൂ .
കുട്ടിയാലി : ആ ..അത് കാര്യാ ..അപ്പ എന്റെ ഇക്കാക്ക തിരു മണ്ടനാണെല്ലേ ?
ഉസ്താദ് : അതെന്താ ഇനിക്കിപ്പങ്ങനെ തോന്നാന്‍?
കുട്ടിയാലി : ഓര്‍ ബാംഗ്ലൂര്‍ പോയി MBA പഠിച്ചു വെറുതെ ബാപ്പാന്റെ പൈസ കളഞ്ഞു..10 കഴിഞ്ഞേരെ ഓര്‍ക്ക്‌ ഇങ്ങളെ തകിട് കെട്ടിയാ പോരായിരുന്നോ?
ഉസ്താദ് : ഹും ..

കുട്ടിയാലി : ഉസ്താദേ ഇങ്ങള് പറഞ്ഞില്ലേ ഇങ്ങള് മന്തിരിച്ചാല്‍ എല്ലാ രോഗോം മാറുമെന്നു?
ഉസ്താദ് : അയിനെന്താ ഇനിക്ക് ഒരു സംശയം.. ഇന്‍ചെ വലിയുമ്മാന്റെ പനി മാറില്ലേ? മീത്തലെ അന്ത്രുന്റെ കാല് കടച്ചില്‍ മാറില്ലേ?
കുട്ടിയാലി : അങ്ങനെയാണേല്‍ ഇങ്ങള് എന്റോടെ ഒരു സ്ഥലത്ത് വരുമോ?
ഉസ്താദ് : അതേടിയാ?
കുട്ടിയാലി : ഞമ്മളെ ഗവന്മേന്റ്റ് ആസ്പത്രീല് .
ഉസ്താദ് : അയിനു ഇനിക്കെന്താ ബരത്തം?
കുട്ടിയാലി :എനക്കല്ല ബരത്തം.
ഉസ്താദ് : പിന്നെ ഇന്‍ചെ ആരേലും ആട അഡ്മിറ്റ്‌ ആയിക്കാ?
കുട്ടിയാലി : ഞമ്മടെ ആരും അഡ്മിറ്റ്‌ ഇല്ല്ല.. വേറെ കൊറേ പേര് അഡ്മിറ്റ്‌ ഉണ്ട്!
 ഉസ്താദ് :  ഓലെ കണ്ടിട്ട് ഞമ്മക്ക് എന്ത് കിട്ടാനാ?
കുട്ടിയാലി : ഞമ്മക്ക് ഓലെ ഒന്ന് സഹായിക്കാലോ?
ഉസ്താദ് : ഞമ്മളു ഓലെ എങ്ങനെ സഹായിക്കാനാ? ഇഞ്ഞി തെളിച്ചു പറ.
കുട്ടിയാലി : ഞമ്മക്ക് ഓലെ എല്ലാരേം ഒരുമിച്ച് നിര്‍ത്തിയിട്ട് ഒരു കൂട്ട മന്തിരിക്കല്‍ നടത്താലോ? ഓലെ സൂക്കേട് മാറുവേം ചെയ്യും , കൊതു കടി കൊള്ളാതെ ഓലിക്കു പോരേല്‍ പോവേം ചെയ്യാം!! ഇങ്ങള്‍ക്ക് സൊര്‍ഗോം കിട്ടും :-)
ഉസ്താദ് : ഹമുക്കെ.. .ഇന്‍ച അറാംബറപ്പ് ഇത്തിരി കൂടുന്നുണ്ട് !

ശനിയാഴ്‌ച, മേയ് 21, 2011

അറിയാത്ത പിള്ളയുടെ സാന്റ്വിച്ച് തീറ്റ!!!

രണ്ട് ദിവസത്തെ ലീവ് കഴിഞ്ഞ് ഞായറാഴ്ച ഓഫീസിലോട്ട് പോകുമ്പോള്‍ ഒരു പുതിയ വീക്ക് തുടങ്ങിയതിന്റെ ഉന്മേഷമൊന്നുമില്ല. രണ്ട് ദിവസത്തെ ഉറക്ക ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു ശരീരത്തില്‍ മൊത്തതില്‍ ഒരു വേദന. പിന്നെ കമ്പനി അമ്മാവന്റെ വകയെല്ലാത്തതിനാലാ ബേഗുമെടുത്തു പതുക്കെ പുറപ്പെട്ടത്. 9 മണിക്ക് മുന്‍പേ ഓഫീസില്‍ എത്തി.ആള്‍ക്കാരോക്കെ വന്നു തുടങ്ങുന്നതേയുള്ളൂ. പ്രിഥ്വിരാജിന്റെ പടം കളിക്കുന്ന തീയറ്ററീലേതു പോലെ അവിടെ ഇവിടെയായി ഒന്നു രണ്ട് പേരിരിപ്പുണ്ട്. ബേഗ് തുറന്ന് ലാപ്ടോപ് എടുത്തു ഡെസ്കില്‍ വച്ച് കിച്ചണില്‍ പോയി ഒരു ചായയും എടുത്തോണ്ട് സീറ്റില്‍ വന്നിരുന്നു. പിന്നെ ലാപ്‌ടോപ് ഓപെണ്‍ ചെയ്ത് പതിവു പ്രോഗ്രാമുകള്‍. 'മാധ്യമ വിചാരം', 'ലോകം പോയ വാരം', 'സിനിമ ഡയറി'.അതു കഴിഞ്ഞ് ജീമെയില്‍,യാഹൂ,ഫേസ് ബുക് എന്നിവയിലൂടെയൊരു ഓട്ട പ്രതക്ഷിണം.പത്തു മണി ആയപ്പോഴേക്കും ഈ കലാപരിപാടികള്‍ ഒക്കെ തീര്‍ന്നു.

സണ്‍ഡേ ആയതിനാല്‍ പ്രോജക്റ്റ് മീറ്റിങ്ങുണ്ട്. UDF മീറ്റിങ്ങ് പോലെ വിശാലമായ ഒരു മീറ്റിങ്ങാണ്‌.എല്ലാ ഘടകകക്ഷികളും ഉണ്ടാവും. ഡെവലപ്‌മെന്റ് ടീമും, QA ടീമും,BA ടീമും അങ്ങനെ എല്ലാ പണ്ടാരങ്ങളും. ഈ മീറ്റിങ്ങിലാണ്‌ പണി കൊടുക്കല്‍, പണി വാങ്ങീക്കല്‍, പാര വയ്ക്കല്‍, മുന്നിന്നു കുത്തല്‍,പിന്നീന്ന് കുത്തല്‍ എന്നീ രാഷ്ട്രീയ കലാപരിപാടികള്‍ അരങ്ങേറുന്നത്‌. 

"ഇന്നത്തെ മീറ്റിങ്ങില്‍ ആ ഡെവെലെപെര്‍ക്കിട്ട് ഒരു ഒന്നൊന്നര പണി കൊടുക്കണം". ഞാന്‍ മനസ്സില്‍ കരുതി. ഏതു ഡെവെലെപര്‍ എന്നല്ലേ? ടീമില്‍ ഒരു ജോര്‍ദാനിയന്‍ ഡെവെലെപര്‍ ഉണ്ട്. അറബി ഭാഷ അറിയാവുന്നതു കൊണ്ട് അവന്റെയൊക്കെ വിജാരം അവന്മാരു മേലാളന്മാരും നമ്മള്‍ അടിയാളന്മാരുമാണെന്നാ. ഇവനൊക്കെ ദുബായില്‍ ഇപ്പോള്‍ വന്നല്ലേയുള്ളൂ. നമ്മള്‍ ഇന്ത്യക്കാരുടെ കഠിനാധ്വാനം കൊണ്ടാണ്‌ ദുബായ് ഇന്നത്തെ നിലയില്‍ ആയതെന്ന് ആ തെണ്ടിയ്ക്കറിയില്ലെന്നു തോന്നുന്നു. കുഴപ്പമില്ല ഞാന്‍ വഴിയേ അറിയിച്ചോളാം!!  

കഴിഞ്ഞ ദിവസം അവനോട് ഒരു ഡൗട്ട് ചോദിക്കാന്‍ ചെന്നപ്പോള്‍ എന്തായിരുന്നു അവന്റെ ജാഡ. "I am little busy now. Can u come after some time". അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ചെന്നപ്പോഴും അതെ 'template' തന്നെ. എന്തു ബിസി? ജീമെയിലും ഓപെണ്‍ ചെയ്തു ചാറ്റ് ചെയ്യുകയാ. ഞാന്‍ വരുന്നതു കണ്ടപ്പോഴേക്കും 'Visual Studio ' യിലേക്ക് സ്വിച്ച് ഓവര്‍ ചെയ്തതാണ്‌. എപ്പോള്‍ ഡൗട്ട് ചോദിച്ചാലും അവന്റെ മോന്തയിലെ ഭാവ പ്രകടങ്ങള്‍ കണ്ടാല്‍ തോന്നും ഞാനെന്തോ അവന്റെ പെങ്ങളെ കെട്ടിച്ചു തരുമോ എന്നാ ചോദിച്ചതെന്ന്.!! ഈ ലെവനിട്ടാണ്‌ ഞാന്‍ പണി കൊടുക്കാന്‍ പോണത്‌. 'ഡിഫക്റ്റ് റിപ്പോര്‍ട്' എന്ന വജ്രായുധം എന്റെ കയ്യില്‍ ഉള്ള കാലത്തോളം മീറ്റിങ്ങ് റൂമില്‍ അവന്‍ പാര്‍ലമെന്റില്‍ ഇരിക്കുന്ന 'അഴഗിരി'യെ പോലെയാണ്‌.മിണ്ടാട്ടം ഉണ്ടാവില്ല..എന്നോടാ അവന്റെ കളി!!

എന്തായാലും മാനേജര്‍ വന്നാലെ മീറ്റിങ്ങ് തുടങ്ങുള്ളൂ. ഞാന്‍ സീറ്റീന്ന് മുഴുവനായി എഴുനേല്‍ക്കാതെ ആസനം 4 ഇഞ്ച് പൊക്കി മാനേജരുടെ കേബിനിലോട്ട് എത്തി നോക്കി. അങ്ങേരെത്തിയിട്ടില്ല. അങ്ങേരുടെ വീട്ടിലെ കോഴിക്ക് 'കേന്‍സര്‍' ആണെന്നു തോന്നുന്നു.പുള്ളി എന്നും 11 മണിക്കെ എത്തുള്ളൂ. അതുകൊണ്ട് തന്നെയാ അങ്ങേരു മീറ്റിങ്ങ് 11 മണിക്കു വച്ചത്‌. അല്ലേലും മാനേജര്‍മാര്‍ "Regularly Irregular" ആണല്ലോ!! എന്തായാലും പുള്ളി പതിവുപോലെ 11 നു തന്നെ എത്തി. മീറ്റിങ്ങ് തുടങ്ങിയതും ബാക്കിയെല്ലാം പതിവു പോലെ. മിമിക്രി,മോണോ ആക്റ്റ്,ചവിട്ടു നാടകം etc.....ഇതിലും ഭേദം നിയമസഭയാണ്‌. പിന്നെ ആകെയുള്ള ആശ്വാസം എല്ലാരും പാന്റായതിനാല്‍ മുണ്ട് പൊക്കിക്കാണിക്കില്ല.ഒരു മണിക്കൂറെടുത്തു മീറ്റിങ്ങ് തീരാന്‍. കുറ്റം പറഞ്ഞും, ചീത്ത വിളിച്ചും, ചീത്ത കേട്ടും ആകെ അവശനായി. എനി എന്തായാലും ഒരു ചായയൂടെ കുടിച്ചിട്ടാവാം ബാക്കി ജോലി. ഓഫീസില്‍ ഒരു ദിവസം എല്ലാരും കൂടി കുടിക്കുന്ന ചായയുണ്ടേല്‍ നാട്ടില്‍ ഇടത്തരം കുടുംബത്തിനു ഒരു വര്‍ഷം മുഴുവന്‍ കുടിക്കാന്‍ പറ്റും.

എന്റെ ഓഫീസ് ബില്‍ഡിങ്ങ്
സാധാരണ എല്ലാ IT ക്കാരെയും പോലെ ഞാനും കുറച്ചു നേരം ജോലി ചെയ്തും, ബാക്കി നേരം ചാറ്റ് ചെയ്തും ,പഞ്ചാരയടിച്ചും ഒരു വിധം ഉച്ചയാക്കി. IT ക്കാര്‍ക്ക് ഞാനായിട്ട് ഒരു പേരുദോഷം ഉണ്ടാക്കരുതല്ലോ? ഇനി ലഞ്ച് ബ്രൈക്കാണ്‌. ടീം മാറ്റ്സ് എല്ലാരും ടിഫിന്‍ കൊണ്ട് വന്നിട്ടുണ്ട്. സാദാരണ ഞാനും ലഞ്ച് കൊണ്ട് വരാറുണ്ട്. ഫുഡ് ഉണ്ടാക്കിത്തരാറുള്ള ചേച്ചിക്ക് വയ്യാത്തതു കൊണ്ട് ലഞ്ച് കൊണ്ടുവരാന്‍ പറ്റിയില്ല.പുറത്തു പോയി കഴിക്കാതെ വേറെ വഴിയില്ല.

ഇനി എന്റെ ഓഫീസ് ബില്‍ഡിങിനെ കുറിച്ചൊരു ഐഡിയ തരാം. പത്തമ്പതു നിലയില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ആ ഹിഡുംബന്‍ കെട്ടിടത്തില്‍ എന്നെപ്പോലെ സാദാരണക്കാര്‍ കേരുന്ന ഹോട്ടെലോ, കഫ്റ്റീരിയയോ ഇല്ല. എല്ലാം 'ഹൈ ഫൈ' ഐറ്റെംസാണ്‌. SubWay, Pastaga, Costa. ഒരു മാതിരി വയറിളക്കത്തിന്റെ മരുന്നിന്റെ പേരുപോലെ. ഇതുവരെയായിട്ട് ഇവിടെയൊന്നും തലവെച്ച് കൊടുക്കേണ്ട ആവശ്യം വന്നിട്ടില്ല. 

ഇതിനു മുന്‍പ് ജബെല്‍ അലിയില്‍ ആയിരുന്നു. അവിടെ എല്ലാം മലയാളികളുടെ ഹോട്ടെല്‍സാണ്‌. മോട്ട റൈസും പൊറോട്ടയുമൊക്കെയാ അവിടുത്തെ ലഞ്ച് വിഭവങ്ങള്‍. അത് കൊണ്ട് തന്നെ ഈ സാന്റ്വിച് സംസ്കാരം നമുക്കു വല്യ പിടിയില്ല.ഈ ഓഫീസില്‍ ജോയിന്‍ ചെയ്തിട്ട് ഒരു മാസമേ ആയുള്ളൂ. ഇന്നാദ്യമായിട്ടാ പുറത്തുനിന്ന് കഴിക്കേണ്ടിയും വരുന്നത്‌.

എന്റെ പ്രൈമെറി അനാലിസിസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് 'SubWay' യാണ് കുറച്ചൂടെ എക്കണോമിക്. അപ്പോള്‍ അതു തന്നെ പരീക്ഷിക്കാം.എങ്കിലും ചെറിയ ഒരു പ്രശ്നമുണ്ട്. അവരുടെ 'മെനു' എനിക്ക് വശമില്ല.ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ മലയാളിയുടെ അഭിമാന ബോധം സമ്മതിക്കുന്നില്ല. "ങാ ..ഇങ്ങനെയൊക്കെയല്ലേ പഠിക്കുക. അല്ലാതെ ആരെയും 'SubWay' യുടെ കൗണ്ടറിലോട്ട് പെറ്റിടില്ലല്ലോ" എന്നു മനസ്സിലോര്‍ത്ത്‌ കൊണ്ട് പതുക്കെ കൗണ്ടറിലോട്ട് മാര്‍ച്ച് ചെയ്തു.

അത്യാവശ്യം തിരക്കുണ്ട്. ആളുകള്‍ 'Q' നിന്നാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ബീവറേജസിലെ 'Q' വിന്റെ അത്രേം ഇല്ലേലും സാമാന്യം വലുതാണ്‌ നമ്മുടെ 'Q' വും. 'Q' വില്‍ നില്‍ക്കുന്ന ഗ്യാപ്പില്‍ ഡിസ്പ്ലേ ബോര്‍ഡിലെ മെനുവിലോട്ട് ഞാന്‍ ഒന്നു കണ്ണോടിച്ചു. എല്ലാം കടും കട്ടി പേരുകള്‍ , പേരു മാത്രമല്ല വിലയും കട്ടിയാണ്‌. ആ കൂട്ടത്തില്‍ നിന്നും വായില്‍ കൊള്ളാവുന്ന പേരുള്ള  ഒന്ന് രണ്ട് ഐറ്റംസ് കണ്ടുപിടിച്ചു. 'ചിക്കന്‍ ടിക്ക സാന്റ്വിച്',' ട്യൂണ സാന്റ്വിച്'. വിലയും നോര്‍മലാണു. 16 ദിര്‍ഹം.എന്തായാലും ജട്ടിയില്‍ ഓട്ട വീഴില്ല. മീന്‍ എനിക്കു പണ്ടു മുതലേ അലര്‍ജിയായതിനാല്‍ ട്യൂണ വേണ്ട. ചിക്കന്‍ ടിക്ക തന്നെ പറയാം. 

എന്റെ ഊഴം എത്തിയതും കൗണ്ടറിലുള്ള ഫിലിപ്പീനി പതിവുപോലെ 'Good After Noon' ല്‍ തുടങ്ങി. സിനിമ കാണാനാണോ അതോ ഐസ് ക്രീം കഴിക്കാനാണോ പോവേണ്ടത്‌ എന്നു ചോദിച്ചാലോ എന്നാലോചിച്ചതാ. അവള്‍ ഫ്രെന്റ്സ് സിനിമ കണ്ടിട്ടുണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ വല്യ സാഹസത്തിനൊന്നും മുതിരാതെ തിരിച്ചു വിഷ് ചെയ്തു, അവളുടെ അടുത്ത ചോദ്യത്തിനായി കാത്തു നിന്നു.

അവള്‍ ചിരിച്ചോണ്ട് എന്റെ മുഖത്ത് നോക്കി നില്‍പ്പാണ്‌. എന്റെ മുഖത്തെ സൗന്ദര്യം ആസ്വദിച്ചു മതിയായതിനാലാണോ അതോ ഞാനൊന്നും മൊഴിയാത്തതിനാലാണോ എന്നറിയില്ല അവള്‍ തന്നെ സൈലന്‍സ് ബ്രൈക് ചെയ്തു. 'Yes Sir. Order Please '. യാതൊരു ശങ്കയും കൂടാതെ ഞാന്‍ ഓര്‍ഡര്‍ പറഞ്ഞു. വണ്‍ 'ചിക്കന്‍ ടിക്ക സാന്റ്വിച്'.

ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ നില്‍ക്കുമ്പോളാണ്‌ അവളുടെ അടുത്ത ശോദ്യം.Which Bread? ഏയ്  എനിക്ക് അങ്ങനെയൊന്നുമില്ല..അവള്‍ വിടാനുള്ള ഭാവമില്ല.വീണ്ടും എന്റെ മുഖത്ത് തന്നെ നോക്കി നില്പ്പാണ്‌. നേരത്തെ എന്റെ മുന്‍പില്‍ നിന്നിരുന്ന സായിപ്പ് 'വൈറ്റ്' ബ്രെഡെന്ന് പറയുന്നത്‌ കേട്ടിരുന്നു. തല്‍ക്കാലം ഞാനും അതു തന്നെ Copy Paste ചെയ്തു.

ഹോ രക്ഷപ്പേട്ടല്ലോ എന്നു കരുതി ആശ്വസിക്കുമ്പോഴാണ്‌ ലവളുടെ അടുത്ത ശോദ്യം. @#$%%!&*&*&^%$? എന്താ മോളെ? മനസ്സിലായില്ലല്ലോ.Can you repeat it? എന്ന് ചോദിക്കാന്‍ അഫിമാന ബോധം സമ്മതിക്കുന്നില്ല. രണ്ടും കല്പിച്ച് എന്‍ട്രന്‍സ് എക്സാമിനു കറക്കി കുത്തും പോലെ ഞാനും 'Yes' ല്‍ തന്നെ കുത്തി. തല്‍ക്കാലം ഈ കൗണ്ടറിലുള്ള കലാപരിപാടി കഴിഞ്ഞു.

രണ്ടാമത്തെ കൗണ്ടറിലുള്ള ഫിലിപ്പീനി ബ്രെഡിന്റെ അകത്ത് സാലഡും സോസുമൊക്കെ നിറയ്ക്കുകയാണ്‌.ഇവളെ കണ്ടാല്‍ നേരത്തെ കണ്ട ഫിലിപ്പീനിയുടെ ഫോട്ടോ സ്റ്റാറ്റ് ആണെന്നെ തോന്നുള്ളൂ.ഇവളുടെ വകയും ഒരു ചോദ്യം.സാന്റ്വിച്ചില്‍ എന്തൊക്കെ ചേര്‍ക്കണം? അയ്യേ....ഇതൊന്നും അറിയാതെയാണോ ഇറുങ്ങിയ ടീ ഷര്‍ട്ടും, തൊപ്പിയുമിട്ട് ഇളിച്ചോണ്ടിരിക്കുന്നത്.

ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അവള്‍ ചോദ്യം ആവര്‍ത്തിച്ചു. What u need in the sandwich? ഓഹോ..അതാണോ!.അല്ലാതെ എന്നോട് ട്യൂഷന്‍ എടുക്കാന്‍ ആവശ്യപ്പെട്ടതല്ലേ.. എന്റെ പൊന്നു പെങ്ങളേ വേറെ വഴിയില്ലാത്തതു കൊണ്ട് കേറിയതാണെ.നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചേര്‍ത്തോളൂ. അവള്‍ അതു വേണോ ഇതു വേണോ എന്ന് ചോദിച്ചതിനൊക്കെ ഞാന്‍ Yea...Yea തട്ടിവിട്ടു. അവസാനം സാന്റ്വിച്ച് ഡെലിവെറിക്ക് റെഡിയാണെന്നും അടുത്ത കൗണ്ടറില്‍ കാഷ് അടച്ച് കൈപ്പറ്റാമെന്നും അറിയിപ്പ് കിട്ടി.

അടുത്ത കൗണ്ടറിലെത്തി ബില്‍ കൈപ്പറ്റി ടോട്ടല്‍ നോക്കിയതും എന്റെ കണ്ണില്‍ ഇരുട്ട് കേറി.24 ദിര്‍ഹം. അതെങ്ങനെ സംഭവിച്ചു? 16 ആയിരുന്നല്ലോ ഡിസ്പ്ലേയില്‍. ഇതെന്ത് വെള്ളരിക്ക പട്ടണമോ? പകല്‍ കൊള്ള നടത്താന്‍ ഇതെന്താ സപ്ലൈകയുടെ സൂപ്പര്‍മാര്‍ക്കറ്റോ??? എന്നെപ്പോലെ ബുദ്ധിമാനായ ഒരു മലയാളിയെ പറ്റിക്കുന്നോ! വിടില്ല ഞാന്‍..വിടില്ല...ഡിസ്പ്ലേ ബോര്‍ഡിലേക്ക് കൈ ചൂണ്ടി കൊണ്ട് കേഷ് കൗണ്ടറില്‍ ഇരിക്കുന്ന ഫിലിപ്പീനി കൊച്ചിനോട് ഞാന്‍ കയര്‍ത്തു."How come 24 DHM? As per your board its 16 DHM only?"

"ഓഹോ ഇതാണോ വലിയ കാര്യം എന്ന ഭാവത്തില്‍ അവള്‍ വളരെ സിമ്പിളായി ആ നഗ്ന സത്യം വെളിപ്പെടുത്തി."Sir 16 DHM is for 6inch.You have ordered for footlong." അതെന്ത്‌ കോപ്പ്?? അതെപ്പോള്‍ സംഭവിച്ചു? എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്. ഞാന്‍ കറക്കിക്കുത്തിവിട്ട ആ ചോദ്യത്തിലാണോ പിഴച്ചത്. എന്തായാലും 'Recycle Bin' ല്‍ കെടന്ന ആ ചോദ്യം റീസ്റ്റോര്‍ ചെയ്തു ഒന്നൂടെ പ്ലേ ചെയ്തു നോക്കി. ദൂയു വാന്ത് ഫൂത്‌ലോങ് ? എന്തൂട്ട്!! സംഭവം അങ്ങട് ക്ലിയര്‍ ആവുന്നില്ല. ഒന്നൂടെ സ്ലോ മോഷനില്‍ പ്ലേ ചെയ്തു നോക്കി. ഇപ്പോ കാര്യങ്ങടെ കിടപ്പു ഏതാണ്ട്  പിടി കിട്ടി. "Do u want footlong?"  എന്ന ചോദ്യമാണ്‌ ഞാന്‍ 'Yes' പറഞ്ഞു വിട്ടത്.

അപ്പോള്‍ അമളി പറ്റിയത് എനിക്കാണല്ലേ! വേറെ ചോദ്യങ്ങളൊന്നും ചോദിക്കാതെ കാശു കോടുത്തപ്പോള്‍ ഫിലിപ്പീനിയുടെ ഒടുക്കത്തെ ചോദ്യം."Shall I make it a Meal? ". പിന്നെ ഒരു പൊതി ചോറും കൂടെ ഒരു മീന്‍ പൊരിച്ചതും തരട്ടെ എന്നോന്നുമല്ലല്ലോ, ഒരു ചെറിയ പെപ്സിയും 2 പീസ് ഫ്രൈസും തന്നിട്ട് 8 DHM അതിനും വാങ്ങാന്‍ അല്ലേ? എന്റെ പട്ടിക്ക് വേണം."No Thanks".

"വല്യ ചോദ്യങ്ങളൊന്നും ചോദിക്കാതെ ആ സാന്റ്വിച്ച്‌ ഇങ്ങോട്ട് തന്നാല്‍ എനിക്ക് പോകാമായിരുന്നു".

"ഇന്നാ കൊണ്ട് പോയി തിന്ന് പണ്ടാരമടങ്ങ്" എന്ന് പറ്ഞ്ഞ് ഒരു വലിയ ട്രേ എടുത്ത് എന്റെ കയ്യിലോട്ട് തന്നു. എന്റമ്മോ..ട്രേയിലെ സാന്റ്വിച് കണ്ടതും എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി ക്ലോക്കിന്റെ പെന്റുലം പോലെ ആടാന്‍ തുടങ്ങി..ക്രിക്കറ്റ് ബാറ്റിന്റെ വലുപ്പത്തില്‍ ഒരു മുഴുത്ത ഭീമാകാരന്‍ സാന്റ്വിച്. ചിരിക്കണോ കരയണോ എന്നറിയാതെ ട്രേയും എടുത്തു മൂലയിലെ ഒഴിഞ്ഞ സീറ്റില്‍ പോയിരുന്നു. കുറച്ചു നേരം സാന്റ്വിചിന്റെ ഭീമാകാരത്വവും മനോഹാരിതയും ആസ്വദിച്ച് പതുക്കെ കഴിക്കാന്‍ തുടങ്ങി. 

രണ്ട് പീസ് അകത്തായപ്പോഴേക്കും ദാഹിച്ചിട്ട് നാവു വരളാന്‍ തുടങ്ങി. പെപ്സിയെടുത്തോളാന്‍ ഫിലിപ്പീനി പറഞ്ഞതാ. ഞാനാ വേണ്ടാന്ന് പറഞ്ഞത്‌. വീണ്ടും പെപ്സി വാങ്ങിച്ചാല്‍ നാണക്കേടാണ്‌. മലയാളികളുടെ Dignity..ഹേയ്..അതു കളഞ്ഞു കുടിക്കാന്‍ പാടില്ല.

വേറെ എന്താണ്‌ വഴി? പാതി കഴിച്ചിട്ട് ബാക്കി കളഞ്ഞാലോ? ഏയ്..ഒരിക്കലും പാടില്ല. 24 DHM എന്നാല്‍ നാട്ടിലെ 300 രൂപയോളം വരും. അതോര്‍ത്തപ്പോള്‍ എനിക്കു വാശി അസ്ഥിക്ക് പിടിച്ചു. ചുമ്മാ വലിച്ചു വാരി തിന്നാല്‍ അപകടം വല്ലതും പറ്റുമോ? സന്തോഷ് പണ്ഡിറ്റിന്റെ 'ക്രിഷ്ണനും രാധയും' പാട്ട് കേട്ടിട്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ! അതിലും വലുതാണോ ഒരു സാന്റ്വിച് തിന്നിട്ട് അപകടം പറ്റാന്‍! 

സ്ലീപ്പിങ്ങ് പില്‍സ് കഴിച്ച് എന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ഹനുമാനെ, സുഘ്രീവന്‍ ആ പരിസരത്തൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെ വിളിച്ചെഴുനേല്പിച്ച് തന്റെ ശക്തിയേയും കഴിവിനേയും കുറിച്ച് ബോധിപ്പിച്ചു.

"മകനെ നീ ഹനുമാനാണ്‌. നിനക്കു നിന്റെ ശക്തി അറിയാത്തതു കൊണ്ടാണ്‌. നീ കുട്ടിയായിരുന്നപ്പോള്‍ നാട്ടിലെ കലാസമിതിയുടെ ഓണാഘോഷത്തിന്‌ നടന്ന 'ബ്രെഡ് തീറ്റ' മത്സരത്തില്‍ വെള്ളം കുടിക്കാതെ എന്തോരം ബ്രെഡ് അകത്താക്കിയിരിക്കുന്നു! അതിന്റെ അടയാളമാണ്‌ നിന്റെ മുമ്പില്‍ തൂങ്ങിക്കിടക്കുന്ന ചീന ഭരണി പോലത്തെ കുടവയര്‍. ആ പാരമ്പര്യവും അനുഭവ സമ്പത്തും ഉള്ള നിനക്കിതൊക്കെ വെറും 'ജുജുബി' കേസ്. നിന്നെ കൊണ്ടിതു ചെയ്യാന്‍ പറ്റും..Come On. Come On.."

പൊക്കി വിടാന്‍ ആളുണ്ടേല്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ വരെ പോകാം.അപ്പോഴാണോ ഈ ഞാന്‍! അങ്ങനെ എന്റെ കഴിവും ശക്തിയും തിരിച്ചറിഞ്ഞ ഞാന്‍  20 മിനിറ്റിനുള്ളില്‍ നമ്മുടെ സാന്റ്വിചിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്തയിലാക്കി.മഴക്കാലത്ത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന പോലെ എന്റെ കണ്ണീന്നും മൂക്കീന്നും ചീറ്റിയ വെള്ളമൊക്കെ ടിഷ്യൂ വെച്ച് തുടച്ച് ക്ലീനാക്കി ഒരു മുട്ടന്‍ ഏംബക്കവുമിട്ട് പതുക്കെ പുറത്തേക്ക് നടന്നു.

ഈ ലോകത്തിനു ഒന്നും സംഭവിക്കാത്ത മട്ടില്‍ ഓഫീസിലെത്തി സീറ്റിലിരുന്നപ്പോള്‍ അറിയാതെ ഓര്‍ത്തുപോയി. "അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും" എന്നു പറഞ്ഞ ആ മഹാനെ നേരിട്ടു കാണാന്‍ പറ്റിയെങ്കില്‍ ഒരു ഷേക് ഹാന്റ് കൊടുക്കാമായിരുന്നു...


വാല്‍ക്കഷ്ണം:
എന്നെപ്പോലെ അബദ്ധം പറ്റാതിരിക്കാന്‍ SubWay യുടെ മെനു താഴെ കൊടുത്തിരിക്കുന്നു.





തിങ്കളാഴ്‌ച, മേയ് 09, 2011

പാല്‍ വില വര്‍ദ്ധനയും പശുക്കളുടെ തൊഴുത്ത് ബഹിഷ്കരണ സമരവും !!


പാലിന് ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചതില്‍ പ്രധിഷേദിച്ച് നാളെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ഓള്‍ കേരള കറവ പശു അസോസിയേഷന്‍ തീരുമാനിച്ചു. ഇന്നു രാവിലെയാണ്‌ മില്‍മ ചെയര്‍മാന്‍ ഗോപാലക്കുറുപ്പ് വില വര്‍ദ്ധന പ്രഖ്യാപിച്ചതു്‌. ഇതോട പാലിന്റെ വില 23 രൂപയില്‍ നിന്ന് 28 രൂപയാകും. വര്‍ദ്ധിപ്പിക്കുന്ന അഞ്ച് രൂപയില്‍ നാല് രൂപ 20 പൈസ കര്‍ഷകര്‍ക്കും 20 പൈസ സഹകരണസംഘങ്ങള്‍ക്കും 20 പൈസ മേഖലാ യൂണിയനുകള്‍ക്കും ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഈ വാര്‍ത്ത വന്നതിനു ശേഷം 'കറവ പശു' അസോസിയേഷന്‍ അടിയന്തരമായി 'പശുക്കടവില്‍' യോഗം ചേര്‍ന്ന് ഹര്‍ത്താലിനു ആഹ്വാനം ചെയ്യുകയായിരുന്നു. ഹര്‍ത്താലിന്റെ ഭാഗമായി നാളെ എല്ലാ കറവ പശുക്കളും പാല്‍ ചുരത്താതെ തൊഴുത്തു ബഹിഷ്കരിക്കുമെന്നും വൈകുന്നേരം ക്രിഷി മന്ത്രിയുടെ വീട്ടു പടിക്കല്‍ ചാണകം ഇട്ട് പ്രധിഷേദിക്കുമെന്നും അസോസിയേഷന്‍ പ്രസിഡെന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

പിഞ്ചു പൈതങ്ങളെയും, ഗര്‍ഭിണികളെയും, പ്രായം ചെന്നവരെയും ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനു കാരണമായി പശുക്കള്‍ പറയുന്നതു ഒരു ലിറ്റെര്‍ പാലിനു 28 രൂപ ഉപഭോഗ്താവിനോട് ഈടാക്കുംമ്പോള്‍ പശുക്കള്‍ക്ക് കിട്ടുന്നതു കാലാകാലങ്ങളായുള്ള കാടി വെള്ളവും ഒണക്ക വൈക്കോലുമാണ്‌. പത്തു കാശിനു ഉപകാരമില്ലാത്ത പട്ടികളെയും പൂച്ചകളെയും വീട്ടില്‍ ഏസിയില്‍ കിടത്തുംമ്പോള്‍ പാലും ചാണകവും നല്‍കുന്ന പശുക്കളെ ഒരു ദയാ ദാക്ഷിണ്യവുമില്ലാതെ പറമ്പിലുള്ള തൊഴിത്തിലാണ്‌ കെട്ടുന്നത്. വെറും പട്ടികള്‍ക്കു നല്‍കുന്ന പരിഗണന പോലും സമൂഹം പശുക്കള്‍ക്ക്‌ നല്‍കുന്നില്ല. ഇങ്ങനെ പശുക്കളോട് സമൂഹവും ഗവണ്മെന്റും കാണിക്കുന്ന അവഗണനയില്‍ മനം നൊന്താണ്‌ പശുക്കള്‍ ഹാര്‍ത്താലിനു്‌ ആഹ്വാനം ചെയ്തത്‌. നാളത്തെ ചാണകമിടല്‍ സമരത്തിനു ശേഷം പശു പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ട് പത്ത് ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. പശുക്കളുടെ ആവശ്യങ്ങള്‍ ഇവയോക്കെയാണ്‌.

1) കാടി വെള്ളത്തിനു പകരം 3 നേരവും വിറ്റാമിന്‍സും പോഷകങ്ങളും ചേര്‍ത്ത സമീക്രുത ലായനി നല്‍കണം.

2) വൈക്കോലും കാലിത്തീറ്റയും നിര്‍ത്തലാക്കി ഫ്രൂറ്റ്സും വെജ്റ്റബ്ള്‍ സാന്റ്വിച്ചും നല്‍കണം.

3) ദിവസം ഒരു പശുവില്‍ നിന്നു പരമാവധി കറക്കാവുന്ന പാല്‍ 8 ലിറ്റെര്‍ ആക്കി നിജപ്പെടുത്തുക.

4) ദിവസം 3 നേരം കറവ എന്നതു 2 നേരം ആക്കി ചുരുക്കുക.

5) കറവ നിറുത്തിയ പശുക്കള്‍ക്ക് പെന്‍ഷനും മച്ചി പശുക്കള്‍ക്ക്‌ തൊഴിലില്ലായ്മ വേതനവും നല്‍കണം.

6) പ്രായമായ പശുക്കളെ അറവുകാരില്‍ നിന്നും സംരക്ഷിക്കാന്‍ സൗജന്യ ജീവന്‍ രക്ഷാ പോളിസി വേണം.

7) ചൂടു കാലത്ത് കാലിത്തൊഴുത്തില്‍ ഏസി വെക്കണം, തണുപ്പുകാലത്തു സ്വെറ്റര്‍ നല്‍കണം, മഴക്കാലതു റെയിന്‍ കോട്ട് നല്‍കണം.

8) പട്ടികളെയും പൂച്ചകളെയും പോലെ പശുക്കള്‍ക്കും വീട്ടില്‍ സ്വൈര്യ വിഹാരം നടത്താനുള്ള അനുവാദം നല്‍കുക.

9) വന്യ മ്രിഗമായ കടുവയ്ക്കു പകരം പശുവിനെ ദേശീയ മ്രിഗമായി പ്രഖ്യാപിക്കുക.

10) പാലിനും പാല്‍ ഉല്പ്പന്നങ്ങള്‍ക്കും പേറ്റന്റ് നല്‍കുക.

ഞായറാഴ്‌ച, മേയ് 08, 2011

ദുബായ് മെട്രോയും ഉള്‍നാടന്‍ ജലപാതയും 1

ഭാഗം 1
____________________________________________________________________________

അന്നു ഒരു ശനിയാഴ്ചയായിരുന്നു.അവധി ദിവസം ആയതിനാല്‍ 10 മണിക്കെ എഴുനേറ്റുള്ളൂ. കുളിയും തേവാരവും ഒക്കെ കഴിഞ്ഞ്‌ ഒരു ഹാഫ് നിക്കറും അഥവ ഷൊര്‍ട്സും ഇട്ടു, ടിവിയും കണ്ടു, പഴയ സിനിമകളില്‍ ജയഭാരതിയും ഷീലയും ഒക്കെ കിടക്കുന്നതു പോലെ കട്ടിലില്‍ വിസ്താരമായി മലര്‍ന്നു കിടക്കുകയായിരുന്നു. ശനിയാഴ്ചകളില്‍ റൂമില്‍ ഞാന്‍ ഒറ്റയ്കാണ്‌. റൂം മാറ്റ്സിനു ലീവില്ല.പാവങ്ങള്‍! ഗവന്മേന്റ് കമ്പനി ആയതിനാല്‍ എനിക്കു രണ്ട് ദിവസം ലീവുണ്ട്. അതു കൊണ്ട് തന്നെ ശനിയാഴ്ചകളില്‍ എന്റെ ഭരണമാണ്‌ റൂമില്‍. ഭരണ പക്ഷവും പ്രതിപക്ഷം ഒക്കെ ഞാന്‍ തന്നെ.ഒരു കണക്കിനു നോക്കുകയാണേല്‍ നമ്മുടെ മുഖ്യമന്ത്രിയെ പോലെ. പുള്ളിയെ പറഞ്ഞിട്ട് കാര്യം ഉണ്ടോ ; പ്രതിപക്ഷത്തിരിക്കുന്നവര്‍ അവരുടെ പണി ചെയ്യാത്തതു കൊണ്ടല്ലേ അതും കൂടി പുള്ളി ചെയ്യുന്നതു!! ഞാന്‍ പറഞ്ഞു വരുന്നതു എന്താനെന്നു വച്ചാല്‍ ഈ ശനിയാഴ്ചകലില്‍ ആണ്‌ എന്റേതായ കലാപരിപാടികള്‍ റൂമില്‍ അരങ്ങേറുന്നത്‌.എന്തു കലാപരിപാടി എന്നാവും അല്ലെ? അലക്ക്‌,തേപ്പ്,ഷേവിങ്, ഷൂ പോളിഷിങ്, പിന്നെ നാട്ടിലെ ഫ്രന്റ്സിന്റെ നമ്പറില്‍ ഒക്കെ മിസ്സ് കാള്‍ കൊടുത്ത്‌ ശല്യപ്പെടുത്തുക..ഇതൊക്കെയാണ്‌ സംഭവങ്ങള്‍.

മേല്‍പ്പറഞ്ഞതൊക്കെ പാര്‍ട് ടൈം ആണ്. പേരിനു ബാച്ചിലര്‍ ആണേലും കല്യാണം ഉറപ്പിച്ചു വച്ചിട്ടുണ്ട്. ഇപ്പൊള്‍ ഒരു വിധം കാര്യം മനസ്സിലായി കാണുമല്ലോ? എന്താണ്‌ ഫുള്‍ ടൈം പണി എന്നല്ലേ? അതെ അതു തന്നെ. ഫിയാന്‍സിയുമയി  ഫോണില്‍ 'സൊള്ളല്‍'. ഈ കല്യാണം ഉറപ്പിച്ചു വച്ച പെണ്ണിന്‌ എന്താണാവോ മലയാളത്തില്‍ പറയുക? എഴുത്തച്ഛന്റെ കാലത്തു ആരും കല്യാണം ഉറപ്പിക്കാറില്ലെ ആവോ? അല്ലേലും മലയാളതിന്റെ കാര്യം ഇങ്ങനെയാണ്‌. ആവശ്യം വരുമ്പോള്‍ വാക്കുകള്‍ കിട്ടില്ല. നാക്കിന്റെ തുമ്പില്‍ വരുമെങ്കിലും തുപ്പാന്‍ പറ്റില്ല. ചിലപ്പോള്‍ വാക്കുകള്‍ കിട്ടിയാലും ഉപയോഗിക്കാന്‍ പറ്റണ്ടേ? വൈദ്യത ആഗമന  നിഗമന നിയന്ത്രണ യന്ത്രം എന്നാല്‍ ഇത്തിരി പോന്ന 'സ്വിച്ച്' ന്റെ മലയാളം വാക്കാണെന്നു പറഞ്ഞാല്‍ ആരേലും വിശ്വസിക്കുമോ? മലയാള ഭാഷ പെറ്റമ്മയുടെ മുലപ്പാല്‍ ആണെന്നും ബാക്കിയുള്ള ഭാഷയൊക്കെ കവര്‍ പാലാണെന്നും അറിയാഞ്ഞിട്ടെല്ല. എന്തായാലും കവര്‍ പാല്‍ മില്‍മ പാല്‍ ആകാന്‍ വഴിയില്ല. മുലപ്പാലിനേക്കാള്‍ വിലയല്ലേ മില്‍മ പാലിന്‌ ! അപ്പോള്‍ കേമന്‍ മില്‍മ പാല്‍ അല്ലേ?

തല്‍ക്കാലം പാല്‍ അവിടുന്ന്‌ തിളക്കട്ടെ. നമ്മുടെ കാര്യത്തിലോട്ട് വരാം. എന്തൊക്കെ പറഞ്ഞാലും ചില സന്ദര്‍ഭങ്ങളില്‍ മലയാളത്തേക്കാള്‍ എളുപ്പം ഇംങ്ളീഷ് വാക്കുകള്‍ ഉപയോഗിക്കാനാണ്‌.ആയതിനാല്‍ കെട്ടാന്‍ പോന്ന പെണ്ണിനെ തല്‍ക്കാലം 'ഫിയാന്‍സി' എന്നു തന്നെ വിളിക്കാം അല്ലേ? ആ അവള്‍ കാലികറ്റ് സര്‍വകലാശാലയില്‍ എം ഫിലിനു പഠിക്കയാണ്‌.വിഷയം കെമിസ്ട്രിയാണ്‌. എന്റോസല്‍ഫാനു പകരം പുതിയ കീടനാശിനി കണ്ടു പിടിക്കുക എന്നതാണു പോലും അവളുടെ ജീവിതാഭിലാഷം. എന്തു നല്ല ആഗ്രഹം അല്ലെ! അനിയത്തി പ്രാവില്‍ ജനാര്‍ദനന്‍ കീടനാശിനി പരീക്ഷണം കുഞ്ചാക്കോ ബോബന്റെ മേലെ ചെയ്തതു പോലെ അവളുടെ പരീക്ഷണം എന്റെ മേലെ ആവുമോ ആവോ! അതു കൊണ്ട് തന്നെ പരീക്ഷണം ഒക്കെ കല്യാണത്തിനു മുന്‍പു തീര്‍ത്തോളാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.തീവ്രവാദികള്‍ക്കു പാക്കിസ്താന്റെ മണ്ണില്‍ അഭയം നല്‍കരുതെന്ന ഇന്ത്യയുടെ ശാസനം പാക്കിസ്താന്‍ തള്ളിക്കളയുന്നതു പോലെ എന്റെ ഈ ശാസനവും എന്താകും എന്നറിയില്ല!
       
ഇത്പോലെയുള്ള ശാസനകളും, അപേക്ഷകളും, വഴക്കുകളും,ഭാവിയില്‍ ജനിക്കാന്‍ പോന്ന കുട്ടികള്‍ക്കു പേരിടലും, കല്യാണ കത്തിന്റെ നിറം തീരുമാനിക്കലും ഒക്കെ ഈ ശനിയാഴ്ചകളിലാണ്‌. ആരുമില്ലാത്ത നേരത്തല്ലേ ഇങ്ങനെയൊക്കെ സ്വൈര്യമായി സൊള്ളാന്‍ പറ്റുള്ളൂ. അല്ലേലും കല്യാണം ഉറപ്പിച്ചു കഴിഞ്ഞാല്‍ എല്ലാരും ഇതൊക്കെ തന്നെയല്ലെ സംസാരിക്കുന്നത്‌? അല്ലാതെ ഇന്ത്യ പാക് സമാധാന കരാറിനെ കുറിച്ചോ, ലിബിയയിലെ ആഭ്യന്തര കലാപത്തെ കുറിച്ചോ ആരേലും സംസാരിക്കുമോ? ഇതെന്താ ഏഷ്യാനെറ്റിലെ വിദേശ വിജാരം പരിപാടിയോ? പിന്നെ എന്റെ കാര്യത്തില്‍ ചെറിയ ഒരു വിത്യാസം ഉണ്ട്. ഇന്റെര്‍നാഷനല്‍ കാളാണ്. അവളുടെ കാലിക്കറ്റ് യൂനിവേര്‍സിറ്റി വിശേഷവും എന്റെ ദുബായ് വിശേഷവും ഒക്കെ പറഞ്ഞു വരുമ്പോഴേക്കും മണിക്കൂര്‍ 2,3 വേണ്ടി വരും. നേരായ വഴിക്കു ഫോണ്‍ ചെയ്താല്‍ ശമ്പളം അതിനെ തികയുള്ളു. എന്നെ പോലെയുള്ള പാവങ്ങളെ സഹായിക്കനാണ്‌ ഏതോ ഒരു മഹാന്‍ ഇന്റെര്‍നെറ്റ് കാള്‍ അഥവ വോയ്പ് കാള്‍ കണ്ട് പിടിച്ചത്. ആ മഹാന്‌ ഈ വര്‍ഷത്തെയോ അടുത്ത വര്‍ഷത്തെയോ നോബെല്‍ പ്രൈസ് സമ്മാനിക്കണമെന്ന്‌ എല്ലാ ഗള്‍ഫ്കാര്‍ക്കും വേണ്ടി ഞാന്‍ ശക്തി യുക്തം ആവശ്യപ്പെടുകയാണ്‌. നോബെല്‍ പ്രൈസിനെ കുറിച്ചു കഴിഞ്ഞ വര്‍ഷം വരെ നല്ല അഭിപ്രായം ആയിരുന്നു. ബരാക്‌ ഒബാമയ്ക്കു സമാധാനത്തിനുള്ള നോബെല്‍ സമ്മാനം കൊടുത്തതോടെ ആ അഭിപ്രായം അങ്ങു മാറി കിട്ടി. അല്ലേലും ഒബാമയേക്കാള്‍ ഈ സമ്മാനത്തിന്‌ അര്‍ഹനായ ഒരു വ്യക്തി നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ!! അതാരാണാവോ എന്നാവും അല്ലേ? വേരെ ആരും അല്ല നമ്മുടെ പ്രധാനമന്ത്രി തന്നെ. ഇത്രയും സമാധാനകാംക്ഷിയായ വേറെ ആരാണ്‌ ലോകത്തുള്ളത്‌? വായില്‍ കയ്യിട്ടാല്‍ പോലും കടിക്കില്ല.ഒരു ഭാഗത്ത്‌ നിന്ന്‌ രാജയും മറ്റേ ഭാഗത്ത്‌ നിന്ന്‌ കല്‍മാഡിയും കൂടി കോടികള്‍ കട്ട് മുടിച്ചപ്പോഴും പാവങ്ങളല്ലേ വീട്ടിലെ കഷ്ടപ്പാട്‌ കൊണ്ടല്ലേ എന്നുകരുതി മിണ്ടാതിരുന്ന പുള്ളിയാണ്‌. അപ്പോള്‍ പുള്ളിക്കല്ലെ നോബെല്‍ പ്രൈസ്‌ കൊടുക്കേണ്ടത് !



ദുബായ് മെട്രോയും ഉള്‍നാടന്‍ ജലപാതയും 2

ഭാഗം 2
____________________________________________________________________________

സ്പെക്ട്റം കള്ളന്‍ രാജയെ കുറിച്ചു ആലോജിച്ചതേയുള്ളൂ അപ്പോഴേക്കും മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി. ഏതോ ലാന്റ്ഫോണ്‍ നമ്പറാണ്‌. വല്യ പരിജയം ഇല്ല. സാധാരണ ലാന്റ്ഫോണില്‍ നിന്നും വിളി വരുന്നത്‌ 2 കാര്യത്തിനാണ്‌. ഒന്നുകില്‍ ഇന്റെര്‍വ്യു കോളായിരിക്കും അല്ലേല്‍ ഏതേലും ബാങ്കിന്ന്‌ ക്രെഡിറ്റ് കാര്‍ഡ് ഫ്രീ ആയി തരാന്‍ വേണ്ടി അയിരിക്കും. രണ്ടും മെച്ചമുള്ള കാര്യം ആയതുകൊണ്ട് അറ്റെന്റ് ചെയ്യാതിരിക്കുന്നതു മണ്ടത്തരമാണ്‌. അതു കൊണ്ടുതന്നെ സകല ഈശ്വരന്മാരെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ആ കാള്‍ ഞാന്‍ അറ്റെന്റ്‌ ചെയ്തു.പക്ഷെ ഇപ്രാവശ്യം പണികിട്ടി. ഓഫീസില്‍ നിന്ന്‌ ടീം ലീഡാണ്‌. മോബൈലില്‍ നിന്നും, അങ്ങേരുടെ ലാന്റ് ഫോണില്‍ നിന്നും വിളിച്ചാല്‍ ഞാന്‍ അറ്റെന്റ് ചെയ്യില്ല എന്നറിഞ്ഞ്‌ കൊണ്ട് വേറെ ആരുടെയോ കാബിനില്‍ നിന്നും വിളിച്ചതാണ്‌.അത്യാവശ്യമായി ഓഫീസിലോട്ട് ചെല്ലാന്‍. ഏതോ ഒരു സോഫ്റ്റ്വേര്‍ ശ്വാസം കിട്ടാതെ അത്യാസന്ന നിലയില്‍ ടെസ്റ്റിങ്ങിനു വേണ്ടി ഐസിയുവില്‍ കിടക്കുന്നുണ്ട് പോലും. ഞാന്‍ ചെന്നു ഡ്രിപ്പ് കൊടുത്താല്‍ ചിലപ്പോള്‍ രക്ഷപ്പെടും പോലും. അവന്റെ അമ്മൂമ്മയുടെ ഒരു സോഫ്റ്റ്വേര്‍. ഞാന്‍ ഉടനെ ചെന്ന്‌ ടെസ്റ്റി ഇല്ലേല്‍ സുനാമി ഒന്നും അടിക്കില്ലല്ലോ. ഞാറായ്ഴ്ച രാവിലെ ചെയ്താല്‍ പോരെ എന്ന്‌ ചോദിച്ചതാണ്‌. ഉടനെ വന്ന്‌ ടെസ്റ്റ് ചെയ്താലെ അപ്ലിക്കേഷന്‍ പ്രൊഡക്‌ഷനില്‍ ഇടാന്‍ പറ്റുള്ളൂ എന്ന് അങ്ങേര്‌ വാശി പിടിക്കയാണ്‌.

എന്താ ചെയ്യാ പോവാതിരിക്കാന്‍ പറ്റുമോ? എല്ലാത്തിനും കാരണം ഡെവലപ്പേര്‍സ് തെണ്ടികളാണ്‌. മര്യാദയ്ക്കു വ്യാഴായ്ച്ഛ തന്നെ അവരുടെ പണി കഴിച്ചിരുന്നേല്‍ ഇങ്ങനെ ഒരു അവധി ദിവസം നശിപ്പിക്കേണ്ടിവരില്ലായിരുന്നു. വല്ല ഡോക്ടറും ആയിരുന്നേല്‍ ഒരു കൂട്ട സിസേറിയന്‍ നടത്തി വീട്ടില്‍ ഇരിക്കാമായിരുന്നു. അടുത്ത ജന്മമെങ്കിലും ഒരു ഡോക്ടറര്‍ ആയി ജനിപ്പിക്കണേ ദൈവമേ!! ഇതു സോഫ്റ്റ്വേര്‍ അയതു കൊണ്ട് ഡെവലപേര്‍സ് റിലീസ് തന്നാല്‍ അല്ലെ ടെസ്റ്റാന്‍ പറ്റുള്ളൂ! വേറെ ഒരു വല്യ പ്രശ്നം ഉണ്ട്‌. ഗവന്മേന്റ് അപ്ളികേഷനാണ്‌. പ്രൊഡക്ഷനില്‍ പോയില്ലേല്‍ ഭയങ്കര പ്രശ്നമായിരിക്കും.അല്ലേലും സാമ്പത്തിക മാന്ദ്യത്തില്‍ ദുബായ് ആകെ ആടി ഉലഞ്ഞിരിക്കുകയാണ്‌. അബുദാബിയുടെ കരുണ കൊണ്ടാണ്‌ തട്ടീം മുട്ടീം ജീവിച്ചു പോണത്‌. ബുര്‍ജ്‌ ഖലീഫയടക്കം കാശിന്‌ കൊള്ളാവുന്ന എല്ലാ വസ്തു വകകളുടെയും ഉടമസ്താവകാശം മീശമാധവനിലെ ജഗദിയെ പോലെ അബുദാബി എഴുതി വാങ്ങിച്ചിരിക്കയാ! ഇനി മീശയും പിരിച്ചു ദിലീപ് അവതരിച്ചാലെ വല്ല രക്ഷയും ഉള്ളൂ. അങ്ങനെയുള്ള ദുബായിയെ ഞാന്‍ എങ്ങനെയാ കൈ വിടുക? ഒന്നുമില്ലേലും എന്നെപ്പോലെയുള്ള കുറേ മലയാളികളുടെ അന്ന ദാതാവല്ലേ. അത്‌ കൊണ്ട്‌ തന്നെ അവധി ദിവസം ആയിട്ടും ഓഫീസില്‍ ചെന്നു അപ്ലികേഷന്‍ ടെസ്റ്റ് ചെയ്യാം എന്നേറ്റു.

പാക്കിസ്താനിയായ ടീം ലീഡിന്റെ തന്തക്ക്‌ വിളിച്ച് കൊണ്ട് ഡ്രെസ്സ് മാറ്റി പോകാന്‍ ഒരുങ്ങി.സാദാരണ പാക്കിസ്താനികളെ നമ്മള്‍ മലയാളികള്‍ വിളിക്കുന്നതു 'പച്ചകള്‍' എന്നാണ്‌. അതുപൊലെ മലയാളികള്‍ പരക്കെ അറിയപ്പെടുന്നത്‌ 'മലബാറികള്‍' എന്നാണ്‌. പച്ചയായത്‌ കൊണ്ടല്ല ടീം ലീഡിന്റ്റെ തന്തക്ക്‌ വിളിച്ചത്. അതിപ്പോള്‍ ഇന്ത്യക്കാരന്‍ ആണേലും വിളിച്ചേനെ. അല്ലേലും ഈ പച്ചകളിലും നമ്മളെപ്പോലെ മനുഷ്യന്മാരുണ്ട്. എല്ലാരും തീവ്രവാദികള്‍ അല്ല! സാധാരണക്കാര്‍ക്കൊന്നും തീവ്രവാദികളോടോ തീവ്രവാദത്തോടോ വല്യ താല്പര്യമൊന്നും ഇല്ല.അല്ലേലും ഒരു യഥാര്‍ത്ത ഇസ്ലാം മതവിസ്വാസിക്ക്‌ ഇതൊന്നും അങ്ങീകരിക്കാന്‍ പറ്റില്ലല്ലോ!! പച്ചകളെ കുറിച്ചു പറഞ്ഞപ്പോഴാ വേറെ ഒരു കാര്യം ഓര്‍മ വന്നത്. നമ്മള്‍ മലയാളികള്‍ക്ക് പണ്ട് മുതലേ ഒരു ധാരണയുണ്ട്. നമ്മള്‍ രണ്ട് നേരം ചോറ് തിന്നുന്നവര്‍ ഭയങ്കര ബുദ്ധിമാന്മാര്‍. ബാക്കിയെല്ലാരും മണ്ടന്മാര്‍. ഇഡ്ലിയും സാംബാറും കഴിക്കുന്ന തമിഴന്മാരെ നമുക്കു പണ്ടേ പുച്ഛമാണല്ലോ! അതു പോലെയാണ്‌ പച്ചകളെ കുറിച്ചും. അവര്‍ റൊട്ടിയും പരിപ്പും കഴിക്കുന്നവര്‍.ബുദ്ധിയില്ലാത്തവര്‍.അതൊക്കെ പണ്ട് ഇന്ന്‍ കഥ മാറി.മലയാളികള്‍ കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന IT യിലെയും മറ്റു പല sector ലെയും വലിയ പോസ്റ്റുകള്‍ ഒക്കെ പച്ചകളുടെയും തമിഴന്മാരുടെയും തെലുങ്കന്മാരുടെയും ഒക്കെ കയ്യിലാണ്‌.നാട്ടിലെ സ്കൂലിലെ തലയെണ്ണല്‍ പോലെ എന്റെ ഓഫീസിലെയും തലയെണ്ണല്‍ കണക്കെടുത്തപ്പോള്‍ പച്ചകള്‍  ആയിരുന്നു മുന്‍പില്‍. ഇവിടെ കേരള പോലീസ് ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയാണ്‌ തലയെണ്ണല്‍ കര്‍മം നിര്‍വഹിച്ചത്‌. പച്ചകളാണ്‌ എണ്ണത്തില്‍ മുന്‍പില്‍ എങ്കിലും മലയാളികളും, തമിഴന്മാരും,തെലുങ്കന്മാരും ,ഹിന്ദിക്കാരും എല്ലാരും ചേര്‍ന്നാല്‍ നമ്മള്‍ ഇന്ത്യാക്കാരാണ്‌ മുന്‍പില്‍. അല്ലേലും ഭാഷയുടെയും സംസ്ഥാനങ്ങളെയും പേരില്‍ വിഭജിച്ചെങ്കിലും നമ്മള്‍ എല്ലാരും ഇന്ത്യക്കാര്‍ അല്ലേ!! എങ്ങനെയുണ്ട് എന്റെ നിലപാട് മാറ്റം? കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വപരവും പ്രായോഗികവുമായ സമീപനമാണു സ്‌റ്റോക്കോം കണ്‍വന്‍ഷനില്‍ വിജയം കണ്ടതെന്നു ഒരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ അത്രേം വരില്ല അല്ലേ!! ഹ ഹാ..ജീവിച്ചു പോണ്ടേ?

ഡ്രെസ്സും മാറി ലാപ് ടോപും എടുത്ത്‌ പുറത്തേക്ക്‌ ഇറങ്ങുംമ്പോള്‍ തന്നെ ഫിയാന്‍സിയെ വിളിച്ചു ഓഫീസില്‍ അത്യാസന്ന നിലയില്‍ ഉള്ള അപ്പ്ളികാഷനെ കുറിച്ചും ഉടനെ  തന്നെ ഓഫീസില്‍ എത്തേണ്ട ആവശ്യകതയെ കുറിച്ചും അറിയിച്ചു. ശ്ശോ എപ്പോള്‍ നോക്കിയാലും ഒരു ഓഫീസ്.ലീവുള്ള ദിവസം എങ്കിലും വീട്ടില്‍ ഇരുന്നൂടെ എന്നൊക്കെ ചോദിച്ചു അവളുടെ പ്രധിഷേധം അവള്‍ അറിയിച്ചു. വിശദീകരിച്ചു പറഞ്ഞ് കൊടുത്തപ്പോള്‍ അവള്‍ക്കു കാര്യം മനസ്സിലായി.നേരത്തെ ഇറങ്ങമെന്നും തിരിച്ചുവന്നിട്ടു വിളിക്കാം എന്നും പറഞ്ഞു കാള്‍ കട്ട് ചെയ്തിട്ട് മെട്രോ സ്‌റ്റേഷനെ ലക്ഷ്യമാക്കി നടന്നു. കരാമ ഹോട്ടെലിന്റെ മുന്നില്‍ എത്തിയപ്പോഴാണ്‌ വല്ലതും കഴിച്ചിട്ട് പോകാമെന്ന്‌ കരുതിയത്. സാദാരണ അവധി ദിവസങ്ങളില്‍ ബ്രേക് ഫാസ്റ്റ് കഴിക്കാറില്ല. ഉച്ചയ്ക്ക് ഹെവിയായി ബിരിയാണിയോ പൊറാട്ടയോ ഒക്കെയാണ്‌ പതിവ്. ഓഫീസിലെത്തിയിട്ട് അവിടുന്നു കഴിക്കാന്‍ നിന്നാല്‍ ശരിയാവില്ല. കാരണം അവിടെ ആകെയൊരു 'Subway' മാത്രമേയുള്ളു. അവിടുന്നു കഴിച്ചാല്‍ കളസം കീറും.അതു കൊണ്ട് തന്നെ രണ്ടാമതൊന്ന്‌ ആലോജിക്കാതെ നേരെ കരാമ ഹോട്ടെലില്‍ കേരി മലയാളികളുടെ ദേശീയ ഭക്ഷണമായ 'പൊറോട്ട' യും മുട്ട റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. പൊറോട്ടയുടെ കാര്യം പറയാതിരിക്കുന്നതാണു ഭേദം.പണ്ട് പ്ലസ്ടുവിനു പഠിക്കുമ്പോള്‍ മടപ്പള്ളി 'പ്രവീണ്‍' റെസ്റ്റോറന്റില്‍ നിന്നും തുടങ്ങിയ തീറ്റിയാണ്‌. ഇതുവരെ നിറുത്തിയില്ല എന്നുമാത്രമല്ല മടുപ്പും വന്നില്ല. അങ്ങനെയുള്ള പൊറോട്ടയുടെ കാര്യം പറഞ്ഞാണ്‌ ആദ്യമായി ഫിയാന്‍സിയുമായി ഉടക്കിയത്‌! കെമിസ്ട്റിക്കാരിയായ അവളുടെ കണ്ണില്‍ പൊറോട്ടയില്‍ പോഷകങ്ങള്‍ ഒന്നും ഇല്ല പോലും. കടുവയെ കൊണ്ട് ഉപയോഗം ഒന്നും ഇല്ലങ്കിലും ഇപ്പോഴും ദേശീയ മ്രിഗം കടുവ തന്നേയല്ലേ അല്ലാതെ പശുവല്ലല്ലോ :-) അതാണ്‌ പറയുന്നതു എല്ലാത്തിനും അതിന്റേതായ ഒരിതുണ്ട്. ആയതിനാല്‍ കേരളീയരുടെ ദേശീയ ഭക്ഷണം എന്നും പൊറോട്ട തന്നെയായിരിക്കും. അതുകൊണ്ട് തന്നെ പൊറോട്ടാ തിന്നാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും ഞാന്‍ പാഴാക്കാറില്ല. വീയെസ്സിനെ പോളിറ്റ്ബ്യൂറോയില്‍ നിന്നും, തിലകനെ അമ്മയില്‍ നിന്നും പുറത്താക്കിയതു പോലെ കല്യാണം കഴിഞാല്‍ അവള്‍ എന്റെ ജീവിതത്തില്‍ നിന്നും പൊറോട്ടയെ പുറത്താക്കുമെന്നു  ഞാനും ഭയക്കുന്നു.അവള്‍ക്ക്‌ നല്ല ബുദ്ധി കൊടുക്കണമേ എന്റെ ദൈവമേ!

ഫുഡും കഴിച്ചു നേരെ മെട്റോ സ്റ്റേഷനിലോട്ട് നടന്നു. ദിവസേന പോയി വരുന്നതാണെലും ഈ സ്റ്റേഷന്‍ എന്നും എനിക്കൊരു അദ്ഭുതമാണു. കടല്‍ പോലെ കെട്ടി വെച്ചിരിക്കുന്ന ഈ ബില്‍ഡിങ്ങിനെ വെറും 4 ഇരുമ്പു തൂണുകളാണ്‌ താങ്ങി നിര്‍ത്തുന്നത്. കോട്ടയം അയ്യപ്പാസ് പോലെ പുറത്ത് നിന്ന്‌ നോക്കുമ്പോള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും സ്റ്റേഷന്റെ അകത്ത് കടന്നാല്‍ അതി വിശാലമായ ഷോറൂമാണ്‌! ഇന്റെര്‍നെറ്റ് സിറ്റിയിലോട്ട് പോകാന്‍ ജബെല്‍ അലി പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ അടുത്ത ട്രൈയിന്‍ വരാന്‍ എനിയും 3 മിനിറ്റ്സുണ്ട്. നമ്മുടെ ഇന്ത്യന്‍ റെയില്‍വയെ പോലെ 3 മിനിറ്റ്സ് എന്നു പറഞ്ഞാല്‍ 3 മണിക്കൂര്‍ കഴിഞ്ഞ് 3 മിനിറ്റ്സല്ല. 3 മിനിറ്റ്സിനുള്ളില്‍ എപ്പോള്‍ വേണേലും ട്രൈയിന്‍ വരാം. നല്ല തറവാട്ടില്‍ പിറന്ന ട്രൈയിന്‍  ആയതുകൊണ്ട് 2 മിനിറ്റ്സ് ആയപ്പൊ തന്നെ എത്തി. അവധി ദിവസമായതിനാല്‍ ട്രൈയിനില്‍ യാത്രക്കര്‍ കുറവാണ്‌. സീറ്റുകള്‍ ഒക്കെ കാലിയാണ്. ഉള്ളതില്‍ നല്ല ഒരു വിന്‍ഡോ സീറ്റില്‍ ഞാനും ഇരുന്നു. എല്ലാവരെയും പോലെ വിന്‍ഡോ സീറ്റ് എനിക്കും പണ്ടേ ഒരു വീക്നെസ്സാണ്‌. എനിക്ക്‌ ഈ വീക്നെസ് തുടങ്ങിയത് കോയംബത്തൂരില്‍ പടിക്കുന്ന കാലത്ത്‌ മന്‍ഗലാപുരം ലോക്കലില്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന സമയം മുതലാണ്‌. അന്നു നമ്മള്‍ ഫ്രന്റ്സ് വിന്‍ഡോ സീറ്റിനു വേണ്ടി തല്ലു കൂടുമായിരുന്നു. വേറെ ഒന്നിനും വേണ്ടിയല്ല പാലക്കട് മുതല്‍ കുറ്റിപ്പുറം വരെ ഭാരതപുഴയിലെ കുളി സീന്‍ കാണാന്‍ വേണ്ടിയാണ്‌! ഞാന്‍ പിന്നെ എക്സ്ട്റ ഡീസ്ന്റ് ആയതിനാല്‍ തല്ലിലൊന്നും പങ്കെടുക്കാതെ ഒഴിഞ്ഞു മാറി ഡോറില്‍ ഇരുന്നായിരുന്നു സീന്‍ പിടുത്തം! ഇപ്പോള്‍ ഭാരതപ്പുഴയില്‍  വെള്ളത്തിനു പകരം മണലും, മണല്‍ മാഫിയക്കാരുടെ ലോറിയും മാത്രമെയുള്ളു എന്നു ഈയിടെ ഏതൊ ഒരു സിന്‍ഡികേറ്റ് ചാനലില്‍ ഇന്‍വെസ്റ്റികേഷന്‍ റിപ്പോര്‍ട് ഉണ്ടായിരുന്നു. അല്ലേലും ഈ ചാനലുകാരിങ്ങനെയാ. ഒന്നു സ്വൈര്യമായി മണല്‍ കക്കാനോ, പെണ്ണു പിടിക്കാനോ, എന്തിനു ചൂടു സഹിക്കാതെ വന്നാല്‍ ഒരു ഐസ് ക്റീം കുടിക്കാന്‍ പോലും സമ്മതിക്കില്ല. ചുമ്മ ഒരു പണിയും ഇല്ലാതെ കേമറയും എടുത്തു ഇറങ്ങിക്കോളും. പാവം നമ്മുടെ രാഷ്ട്രീയക്കാരും മന്ത്രിമാരും!

ശനിയാഴ്‌ച, മേയ് 07, 2011

ദുബായ് മെട്രോയും ഉള്‍നാടന്‍ ജലപാതയും 3

ഭാഗം 3

_____________________________________________________________________________


അടുത്ത സ്റ്റേഷന്‍ ജാഫിലിയ ആണ്‌. വണ്ടി നിറുത്തിയതും എന്റെ കമ്പാര്‍ട്ടുമെന്റിലോട്ട് കുറെ ഫിലിപ്പൈനികള്‍ ഇടിച്ച്‌ കേറി. ആവശ്യത്തിലേറെ സീറ്റുണ്ടായിട്ടും സീറ്റ് പിടിക്കാനുള്ള അവരുടെ ആക്രാന്തം കണ്ടപ്പോള്‍ ചാനലുകാരെ കാണുംബോള്‍ ആവേശം കാണിക്കുന്ന മുഖ്യമന്ത്രിയെയാണ്‌ ഓര്‍മ വരുന്നത്‌ ! എന്റെ തൊട്ടടുത്ത സീറ്റ് ഇപ്പോഴും കാലിയാണ്‌. ഈ ജാഫിലിയ സ്റ്റേഷന്റെ അടുത്തുള്ള പ്രധാനപ്പെട്ട റെസിഡെന്‍ഷ്യല്‍ ഏര്യയാണ്‌ സത്‌വ. ഇവിടെയാണ്‌ ഫിലിപ്പൈനികള്‍ കൂട്ടത്തോടെ ജീവിക്കുന്നത്‌. മാത്ര്‌രാജ്യം കഴിഞ്ഞാല്‍ ഫിലിപ്പൈനികളെ ഏറ്റവും കൂടുതല്‍ കാണാന്‍ പറ്റുന്ന സ്ഥലമാണ്‌ സത്‌വ. നമ്മള്‍ മലയാളികളെ പോലെ സൗരയൂഥം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന പാരമ്പര്യമൊന്നും അവര്‍ക്ക്‌ അവകാശപ്പെടാനില്ല. പിന്നെ രസകരമായ ഒരു കാര്യം ഇവന്മാരെല്ലാരും കാണാന്‍ ഒരേ പോലെയാണ്‌. ഇരട്ട പെറ്റതാണെന്നേ തോന്നുള്ളൂ. പക്ഷെ കയ്യിലിരുപ്പ് വച്ചു നോക്കുകയാണേല്‍ ഏതേലും പരട്ട പെറ്റതാണെന്നേ തോന്നുള്ളൂ !!

ബുര്‍ജ് ഖലീഫ സ്റ്റേഷന്‍ ആയപ്പോള്‍ ഒരു സായിപ്പ് എന്റെ അടുത്ത്‌ വന്നിരുന്നു. കണ്ടിട്ട് ഏതോ ടൂറിസ്റ്റ് ആണെന്ന് തോന്നുന്നു. കയ്യില്‍ വലിയ ചാക്കുപോലെയുള്ള ഒരു ബാഗും ചക്കയുടെ വലിപ്പമുള്ള ഒരു കേമറയും ഉണ്ട്. പുള്ളി ഇരുന്നതും കൊണ്ടു പുറ്ത്തേക്കു നോക്കിയിരിപ്പാണു. ഇടയ്ക്കു ഫോട്ടോയും എടുക്കുന്നുണ്ട്. ഞാന്‍ മനസ്സില്‍ വിജാരിച്ചു ഇങ്ങേരു ഈ ബില്‍ഡിങ്ങ്സ്‌ കാണുമ്പോള്‍ ഇങ്ങനെയാണേല്‍ കേരളത്തില്‍ വന്നാല്‍ എന്താവും സ്ഥിതി? ഓരോ സ്റ്റേഷനിലും ആള്‍ക്കാര്‍ ഇറങ്ങുകയും കേരുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ എല്ലാ സീറ്റും ഫുള്ളാണ്. മിക്ക സീറ്റിലും ആണുങ്ങളും പെണ്ണുങ്ങളും മിക്സായിട്ടാണിരിക്കുന്നത്‌. നമ്മുടെ മന്ത്രിമാരെ പോലെ ആരും സഹയാത്രികയെ സീറ്റിന്റെ ഇടയിലൂടെ തോണ്ടാറില്ലവിടെ! എന്തിനു ഓഫീസ് ഹവേര്‍സില്‍ കാലുകുത്താന്‍ ഇടമില്ലാത്ത സന്ദര്‍ഭങ്ങളില്‍ പോലും പെണ്ണുങ്ങളെ മുട്ടിയുരുമ്മി നില്‍ക്കാനോ, വേറെ സാഹസത്തിനോ ആരും മുതിരാറില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഏതോ ഒരു ഞരമ്പ്‌ രോഗി കാലികട് യൂനിവേര്‍സിറ്റി ജീവനക്കാരി പി ഇ ഉഷയോട്‌ ചെയ്തതു പോലെ ഇവിടെ ആരേലും ചെയ്താല്‍ അവന്റെ സുനാപ്പി കണ്ടിച്ച് കഴുകന്മാര്‍ക്ക് തീറ്റകൊടുക്കും. അതാണ്‌ അറബി നിയമം. ഇങ്ങനെയുള്ള ശക്തവും കടുപ്പമുള്ളതുമായ നിയമങ്ങള്‍ നമ്മുടെ നാട്ടിലും വന്നലേ നമ്മുടെ അമ്മ പെങ്ങന്മാര്‍ക്ക്‌ സമാധാനത്തോടെ വഴി ഇറങ്ങി നടക്കാനും ബസ്സിലും ട്രൈനിലും ഒക്കെ യാത്ര ചെയ്യാനും പറ്റുള്ളൂ. അല്ലേല്‍ സൗമ്യമാരും ഉഷമാരും കേരളത്തില്‍ ഇനിയും ആവര്‍ത്തിക്കും.

എന്നാണാവോ നമ്മുടെ നാട്ടിലും ഇങ്ങനെ ഒരു മെട്രോ വരുന്നത്‌? കേന്ദ്രവും കേരളവും ഒരു യോജിപ്പില്‍ എത്തിയാല്‍ ഉടനെ കൊച്ചിയില്‍ വരുമായിരിക്കാം! അവിടെ വന്നാല്‍ തന്നെ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്കെന്ത് പ്രയോജനം! ഞങ്ങള്‍ക്കും കൂടി പ്രയോജനം ഉള്ള ഒരു പദ്ധതി ഉടനെ വരുമെന്ന് ഈപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ആരോ പറയുന്നത്‌ കേട്ടിരുന്നു.അതെന്താണെന്നാണല്ലേ? കാസര്‍ക്കോട്ട് നിന്നും തിരുവനന്തപുരം വരെ ഒരു 'ഉള്‍നാടന്‍ ജലപാത'. ഇതെങ്ങാനം വരികയാണേല്‍ പിന്നെ ഞങ്ങള്‍ ഒക്കെ രാജാക്കാന്മാരയിരിക്കും. വേറെ ഒന്നും കൊണ്ടല്ല. മയ്യഴി പുഴയുടെ കൈവരിയായ ഒരു കനാല്‍ എന്റെ വീടിന്റെ മുമ്പിലൂടെയാണ്‌ ഒഴുകുന്നത്‌. മേല്പറഞ്ഞ പാത ഈ കനാല്‍ വഴിയാ കടന്നു പോകുകയെന്നാ നാട്ടിലുള്ള സംസാരം. ചിലപ്പോള്‍ സ്ഥലത്തിനു വില കൂട്ടാന്‍ ബ്രോക്കര്‍മാരുടെ ഒരു അടവായിരിക്കാം.! ഇങ്ങനെ പലതും ആലോജിച്ച് എപ്പോഴോന്നറിയില്ല ഞാന്‍ ഒന്നു മയങ്ങിപ്പോയി. ആ മയക്കത്തില്‍ നാടിനെ കുറിച്ചും ഉള്‍നാടന്‍ ജലപാതയെക്കുറിച്ചും ഞാന്‍ മനോഹരമായ ഒരു സ്വപ്നം കണ്ടു. കേന്ദ്രത്തിന്റേയും കേരളത്തിന്റെയും സംയുക്ത സംരമ്പമായി ഉള്‍നാടന്‍ ജലപാത നിലവില്‍ വന്നിരിക്കയാണ്‌. നാടിന്റെ മുഖച്ഛായ ആകെ മാറിയിരിക്കുന്നു. ഇപ്പോള്‍ നാടിനു ഒരു യൂറോപ്യന്‍ ലുക്കാണ്‌. ചെറു തോണികളിലും ഹൗസ് ബോട്ടുകളിലുമായി വിദേശികളും സ്വദേശികളുമായി യാത്രക്കാര്‍. കനാലിന്റെ 2 തീരത്തും മനോഹരമായ പൂന്തോട്ടങ്ങള്‍, ആള്‍ക്കാര്‍ക്കിരിക്കാന്‍ സിമന്റ് ബെഞ്ചുകള്‍, കുട്ടികള്‍ക്ക്‌ കളിക്കാന്‍ പാര്‍ക്ക്, ഐസ് ക്രീം പാര്‍ലറുകള്‍. എന്റെ സ്വപ്നം DYFI ക്കാരുടെ മനുഷ്യച്ചങ്ങലപ്പോലെ കണ്ണി കണ്ണികളായി നീണ്ടുപോവാണ്‌. പദ്ധതി വന്നതിനു ശേഷം നാട്ടുകാരയ ഞങ്ങടെ ജീവിതരീതി തന്നെ മാറി. എല്ലാരും അവരെകൊണ്ട് സാദിക്കും പോലെ പല പുതിയ സംരമ്പങ്ങളും തുടങ്ങി. എല്ലാം ബോട്ട് യാത്രക്കാരെയും ഫോറിന്‍ ടൂറിസ്റ്റുകളെയും മനസ്സില്‍  കണ്ടാണ്‌. എല്ലാരെപോലെയും ഞങ്ങളും ഒരു സംരമ്പം തുടങ്ങാന്‍ പോവാണ്‌. ഞങ്ങള്‍ എന്നു പരഞ്ഞാല്‍ ഞാനും എന്റെ അനിയന്മാരും വാപ്പയും ഒക്കെയുണ്ട്. നാട്ടില്‍ ഇത്രയൊക്കെ പുരോഗതിയുണ്ടായിട്ട് ഞാന്‍ ഗള്‍ഫില്‍ എന്തു തൊലിച്ചോണ്ടിരിക്കാനാ! അല്ലേലും സ്വന്തം നാട്ടിലേക്ക്‌ തിരിച്ച് പോകാന്‍ എന്തേലും ഒരു കാരണത്തിനു വേണ്ടി കാത്തിരിക്കയായിരുന്നു  എല്ലാ ഗള്‍ഫുകാരെപ്പോലെ ഞാനും. ആല്ലേലും സോഫ്റ്റ്വേര്‍ ടെസ്റ്റിങ് ഒരു പണിയാണോ? വല്ലവന്റേം തെറ്റും കുറ്റോം കണ്ട്പിടിക്കുക..ഛേയ്..അതു കൊണ്ട് തന്നെ ഗള്‍ഫിലെ പണിയും കളഞ്ഞ് റിസോര്‍ട് ബിസിനസ്സില്‍ ഞാനും ചേര്‍ന്നു. റിസോര്‍ട് എന്നു പരഞ്ഞാല്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനും കേരള രീതിയിലുള്ള ഭക്ഷണം കഴിക്കാനും ഒരു ഇടം . വീടിനോട് ചേര്‍ന്ന് കേരള മാത്രികയില്‍ ഓലയും പനമ്പട്ടയും ഒക്കെ കൊണ്ട് പണിത മനോഹരമായ ഒരു റിസോര്‍ട്. മലബാറിന്റെ തനാതായ രീതിയിലുള്ള നല്ല രുചിയുള്ള ഭക്ഷണം. നൈസ് പത്തിരി, ടയര്‍ പത്തിരി,കല്ലുമ്മക്കായ പൊരിച്ചത്, ചിക്കന്‍ ബിരിയാണി, ചിക്കന്‍ കറി,കൊഞച് കറി അങ്ങനെ പലതും. മീര ജാസ്മിനും ഭാവനയും കൂടി സ്വപ്നക്കൂടില്‍ ചെയ്തതുപോലെ പറ്റിക്കല്‍ കേസല്ല ഇത്. നല്ല ഒന്നാന്തരം ഹോംലി ഫുഡ്. 

അങ്ങനെ റിസോര്‍ടിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഇനി ഉത്ഘാടകന്‍ ആയ കേന്ദ്രമന്ത്രി മുല്ലപ്പള്ളിയുടെ സൗകര്യമുള്ള ഒരു സമയത്തിനു വേണ്ടിയാണ്‌ കാത്തിരിപ്പ്. ഞാന്‍ വിജാരിച്ചതും സ്വപ്നം കണ്ടതും പോലെ 12/12/12 നു ഉത്ഘാടനം നടത്താമെന്ന് മുല്ലപ്പള്ളി സമ്മതിച്ചു.ഈ ദിവസം തെരെഞ്ഞെടുക്കാന്‍ ഒരു കാര്യമുണ്ട്. ദുബായി മെട്രോ ആരംഭിച്ചത്‌ 09/09/09 നാണ്. അപ്പോള്‍ നമ്മളും ഒട്ടും കുറയ്ക്കരുതല്ലോ? തെരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണല്‍ ദിവസം കാത്തിരിക്കുന്ന സ്ഥാനാര്‍തികളെ പോലെ അവസാനം ഞാനും കാത്തിരുന്ന ആ ദിവസം വന്നെത്തി. എന്റെ റിസോര്‍ട്ടിന്റെ ഉത്ഘാടന ദിവസം. മുല്ലപ്പള്ളിയും മറ്റ് വിശിഷ്ട് വ്യക്തികളും എത്തിച്ചേര്‍ന്നിരിക്കയാണ്‌. ഉത്ഘാടന ചടങ്ങ്‌ ആരംഭിച്ചു .ആദ്യം നാടമുറിക്കലാണ്‌. നാട മുറിക്കാനുള്ള കത്രികയെടുത്ത് ഞാന്‍ മുല്ലപ്പള്ളിക്ക്‌ നേരെ നീട്ടി. എന്താണെന്നറിയില്ല നീട്ടിയിട്ടും നീട്ടിയിട്ടും മുല്ലപ്പള്ളിയുടെ കയ്യിലോട്ട് കത്രിക എത്തുന്നില്ല. എന്റെ എല്ലാ ശക്തിയും സമ്പരിച്ച് ഒരൊറ്റ നീട്ടല്‍ ആയിരുന്നു. പിന്നെ എന്താണ്‌ സംബവിച്ചത്  എന്നറിയാന്‍ എനിക്കു കുറിച്ചു സമയം വേണ്ടി വന്നു.

 ഞാന്‍ മുല്ലപ്പള്ളിക്ക്‌ നേരെ നീട്ടിയ കത്രിക കൊണ്ടത്‌ എന്റെ സഹയാത്രികനായ സായിപ്പിന്റെ മൂക്കിലാണ്‌. സായിപ്പാണേല്‍ വേദനയും ദേഷ്യവും കൊണ്ട് സുരേഷ്ഗോപിയെ പോലെ 3 ഷിറ്റും പിന്നെ 2 fu** ഉം. രംഗം വഷളാകണ്ട എന്നു കരുതി സായിപ്പിനോട് സോറി പറഞ്ഞ് കാര്യം മറ്റു യാത്രക്കാര്‍ അറിയാതെ ഒതുക്കി തീര്‍ത്തു. സോറി പറഞ്ഞിട്ടും സായിപ്പിന്റെ മുഖത്തൊരു ഭാവമാറ്റവുമില്ല. ദേഷ്യ ഭാവം തന്നെ. എന്നാലും ബാറ്റ്സ്മാന്‍ സിക്സര്‍ അടിച്ചാല്‍ ശ്രീശാന്തിന്റെ മുഖത്ത്‌ വിരിയാറുള്ള ഗൊറില്ല ലുക്കിന്റെ അത്രേം വരില്ല സായിപ്പിന്റെ ലുക്ക്. സായിപ്പറിയാതെ ഇടം കണ്ണിട്ട് അങ്ങേരുടെ മൂക്കിന്റെ പരുക്ക്‌ ഞാനൊന്നു വിലയിരുത്തി. നല്ല പഴുത്ത്‌ തുടുത്ത തക്കാളി പൊലെ മൂക്ക് ചുവന്നിട്ടുണ്ട്. ഒന്നു അറിയാതെ കൈ തട്ടിയാല്‍ ഇത്രേം ചുവക്കുമോ? ഹേയ് ഇതു അങ്ങേരുടെ ശരീരപ്രക്രുതിയുടെ പ്രശ്നമായിരിക്കാം. "Something fundamentally wrong with his genes".

എന്തായാലും ട്രൈന്‍ ഇന്റെര്‍നെറ്റ് സിറ്റി സ്റ്റേഷനില്‍ എത്തിയപ്പൊള്‍  സായിപ്പിന്റെ മുഖത്ത്‌ നോക്കാതെ ഞാന്‍ ഇറങ്ങി പുറത്തേക്ക്‌ നടന്നു. ഓഫീസില്‍ എത്തും വരെ സായിപ്പിനെയും അങ്ങേരുടെ പരുക്ക് പറ്റിയ മൂക്കിനെയും തല്‍ക്കാലം ഞാനങ്ങ് മറന്നു. ഓഫീസില്‍ എത്തി ജോലി ആരമ്പിച്ച് ഒന്നൊര മണിക്കൂര്‍ ആയപ്പോഴേക്കും റ്റീം ലീഡ് വന്ന് അപ്ഡേറ്റ് ചോദിച്ചു. എന്തോന്നാ ഇതു, ഐസ് ക്രീം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനോട് മുഖ്യമന്ത്രി അപ്ഡേറ്റ് ചോദിക്കും പോലെ. ജോലി കഴിഞ്ഞാല്‍ അതങ്ങോട്ട് വന്നു പറയില്ലേ? ഇങ്ങനെ ഇടയ്ക്കിടെ അപ്ഡേറ്റ് ചോദിക്കണോ? ക്രൈംബ്രാഞ്ച് D I G യെ പോലെ നീരസം പുറത്തേക്ക്‌ കാണിക്കാതെ എല്ലാം ഓകെയാണെന്നും ബാക്കി പണി കഴിഞ്ഞു പറയാമെന്നും റ്റീം ലീഡിനു അപ്ഡേറ്റ് കൊടുത്തു. ഉച്ഛയായപ്പോഴേക്കും ടെസ്റ്റിങ്ങ് കഴിഞ്ഞ്‌ സോഫ്റ്റ്വേര്‍ 'സ്റ്റേബ്ള്‍' ആണെന്ന റിപ്പോര്‍ട് റ്റീം ലീഡിനും ബാക്കിയെല്ലാര്‍ക്കും മെയില്‍ അയച്ചു കൊടുത്തു. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി ദേഹവിയോഗം ചെയ്ത സായി ബാബയെ പോലെ, ശനിയാഴ്ചയിലെ വരവിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയ നിര്‍വ്രിതിയുമായി എനിക്കു റൂമിലേക്ക്‌ മടങ്ങാം, അതേ മെട്രോ വഴി..മെട്രോയുടെ കാര്യം ഓര്‍ത്തപ്പോഴാണ്‌ സായിപ്പിന്റെ പരിക്കു പറ്റിയ ചുവന്ന മൂക്കിന്റെ കാര്യം മനസ്സിലേക്ക് വന്നത്. സോഫ്റ്റ്വേര്‍ 'സ്റ്റേബ്‌ള്‍' ആയതുപോലെ അങ്ങേരുടെ മൂക്കും 'സ്റ്റേബ്‌ള്‍' ആയിക്കാണുമോ ദൈവമേ!!!

ശുഭം