ഭാഗം 2
____________________________________________________________________________
സ്പെക്ട്റം കള്ളന്‍ രാജയെ കുറിച്ചു ആലോജിച്ചതേയുള്ളൂ അപ്പോഴേക്കും മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യാന്‍ തുടങ്ങി. ഏതോ ലാന്റ്ഫോണ്‍ നമ്പറാണ്. വല്യ പരിജയം ഇല്ല. സാധാരണ ലാന്റ്ഫോണില്‍ നിന്നും വിളി വരുന്നത് 2 കാര്യത്തിനാണ്. ഒന്നുകില്‍ ഇന്റെര്‍വ്യു കോളായിരിക്കും അല്ലേല്‍ ഏതേലും ബാങ്കിന്ന് ക്രെഡിറ്റ് കാര്‍ഡ് ഫ്രീ ആയി തരാന്‍ വേണ്ടി അയിരിക്കും. രണ്ടും മെച്ചമുള്ള കാര്യം ആയതുകൊണ്ട് അറ്റെന്റ് ചെയ്യാതിരിക്കുന്നതു മണ്ടത്തരമാണ്. അതു കൊണ്ടുതന്നെ സകല ഈശ്വരന്മാരെയും മനസ്സില്‍ ധ്യാനിച്ചു കൊണ്ട് ആ കാള്‍ ഞാന്‍ അറ്റെന്റ് ചെയ്തു.പക്ഷെ ഇപ്രാവശ്യം പണികിട്ടി. ഓഫീസില്‍ നിന്ന് ടീം ലീഡാണ്. മോബൈലില്‍ നിന്നും, അങ്ങേരുടെ ലാന്റ് ഫോണില്‍ നിന്നും വിളിച്ചാല്‍ ഞാന്‍ അറ്റെന്റ് ചെയ്യില്ല എന്നറിഞ്ഞ് കൊണ്ട് വേറെ ആരുടെയോ കാബിനില്‍ നിന്നും വിളിച്ചതാണ്.അത്യാവശ്യമായി ഓഫീസിലോട്ട് ചെല്ലാന്‍. ഏതോ ഒരു സോഫ്റ്റ്വേര്‍ ശ്വാസം കിട്ടാതെ അത്യാസന്ന നിലയില്‍ ടെസ്റ്റിങ്ങിനു വേണ്ടി ഐസിയുവില്‍ കിടക്കുന്നുണ്ട് പോലും. ഞാന്‍ ചെന്നു ഡ്രിപ്പ് കൊടുത്താല്‍ ചിലപ്പോള്‍ രക്ഷപ്പെടും പോലും. അവന്റെ അമ്മൂമ്മയുടെ ഒരു സോഫ്റ്റ്വേര്‍. ഞാന്‍ ഉടനെ ചെന്ന് ടെസ്റ്റി ഇല്ലേല്‍ സുനാമി ഒന്നും അടിക്കില്ലല്ലോ. ഞാറായ്ഴ്ച രാവിലെ ചെയ്താല്‍ പോരെ എന്ന് ചോദിച്ചതാണ്. ഉടനെ വന്ന് ടെസ്റ്റ് ചെയ്താലെ അപ്ലിക്കേഷന്‍ പ്രൊഡക്‌ഷനില്‍ ഇടാന്‍ പറ്റുള്ളൂ എന്ന് അങ്ങേര് വാശി പിടിക്കയാണ്.
എന്താ ചെയ്യാ പോവാതിരിക്കാന്‍ പറ്റുമോ? എല്ലാത്തിനും കാരണം ഡെവലപ്പേര്‍സ് തെണ്ടികളാണ്. മര്യാദയ്ക്കു വ്യാഴായ്ച്ഛ തന്നെ അവരുടെ പണി കഴിച്ചിരുന്നേല്‍ ഇങ്ങനെ ഒരു അവധി ദിവസം നശിപ്പിക്കേണ്ടിവരില്ലായിരുന്നു. വല്ല ഡോക്ടറും ആയിരുന്നേല്‍ ഒരു കൂട്ട സിസേറിയന്‍ നടത്തി വീട്ടില്‍ ഇരിക്കാമായിരുന്നു. അടുത്ത ജന്മമെങ്കിലും ഒരു ഡോക്ടറര്‍ ആയി ജനിപ്പിക്കണേ ദൈവമേ!! ഇതു സോഫ്റ്റ്വേര്‍ അയതു കൊണ്ട് ഡെവലപേര്‍സ് റിലീസ് തന്നാല്‍ അല്ലെ ടെസ്റ്റാന്‍ പറ്റുള്ളൂ! വേറെ ഒരു വല്യ പ്രശ്നം ഉണ്ട്. ഗവന്മേന്റ് അപ്ളികേഷനാണ്. പ്രൊഡക്ഷനില്‍ പോയില്ലേല്‍ ഭയങ്കര പ്രശ്നമായിരിക്കും.അല്ലേലും സാമ്പത്തിക മാന്ദ്യത്തില്‍ ദുബായ് ആകെ ആടി ഉലഞ്ഞിരിക്കുകയാണ്. അബുദാബിയുടെ കരുണ കൊണ്ടാണ് തട്ടീം മുട്ടീം ജീവിച്ചു പോണത്. ബുര്‍ജ് ഖലീഫയടക്കം കാശിന് കൊള്ളാവുന്ന എല്ലാ വസ്തു വകകളുടെയും ഉടമസ്താവകാശം മീശമാധവനിലെ ജഗദിയെ പോലെ അബുദാബി എഴുതി വാങ്ങിച്ചിരിക്കയാ! ഇനി മീശയും പിരിച്ചു ദിലീപ് അവതരിച്ചാലെ വല്ല രക്ഷയും ഉള്ളൂ. അങ്ങനെയുള്ള ദുബായിയെ ഞാന്‍ എങ്ങനെയാ കൈ വിടുക? ഒന്നുമില്ലേലും എന്നെപ്പോലെയുള്ള കുറേ മലയാളികളുടെ അന്ന ദാതാവല്ലേ. അത് കൊണ്ട് തന്നെ അവധി ദിവസം ആയിട്ടും ഓഫീസില്‍ ചെന്നു അപ്ലികേഷന്‍ ടെസ്റ്റ് ചെയ്യാം എന്നേറ്റു.
പാക്കിസ്താനിയായ ടീം ലീഡിന്റെ തന്തക്ക് വിളിച്ച് കൊണ്ട് ഡ്രെസ്സ് മാറ്റി പോകാന്‍ ഒരുങ്ങി.സാദാരണ പാക്കിസ്താനികളെ നമ്മള്‍ മലയാളികള്‍ വിളിക്കുന്നതു 'പച്ചകള്‍' എന്നാണ്. അതുപൊലെ മലയാളികള്‍ പരക്കെ അറിയപ്പെടുന്നത് 'മലബാറികള്‍' എന്നാണ്. പച്ചയായത് കൊണ്ടല്ല ടീം ലീഡിന്റ്റെ തന്തക്ക് വിളിച്ചത്. അതിപ്പോള്‍ ഇന്ത്യക്കാരന്‍ ആണേലും വിളിച്ചേനെ. അല്ലേലും ഈ പച്ചകളിലും നമ്മളെപ്പോലെ മനുഷ്യന്മാരുണ്ട്. എല്ലാരും തീവ്രവാദികള്‍ അല്ല! സാധാരണക്കാര്‍ക്കൊന്നും തീവ്രവാദികളോടോ തീവ്രവാദത്തോടോ വല്യ താല്പര്യമൊന്നും ഇല്ല.അല്ലേലും ഒരു യഥാര്‍ത്ത ഇസ്ലാം മതവിസ്വാസിക്ക് ഇതൊന്നും അങ്ങീകരിക്കാന്‍ പറ്റില്ലല്ലോ!! പച്ചകളെ കുറിച്ചു പറഞ്ഞപ്പോഴാ വേറെ ഒരു കാര്യം ഓര്‍മ വന്നത്. നമ്മള്‍ മലയാളികള്‍ക്ക് പണ്ട് മുതലേ ഒരു ധാരണയുണ്ട്. നമ്മള്‍ രണ്ട് നേരം ചോറ് തിന്നുന്നവര്‍ ഭയങ്കര ബുദ്ധിമാന്മാര്‍. ബാക്കിയെല്ലാരും മണ്ടന്മാര്‍. ഇഡ്ലിയും സാംബാറും കഴിക്കുന്ന തമിഴന്മാരെ നമുക്കു പണ്ടേ പുച്ഛമാണല്ലോ! അതു പോലെയാണ് പച്ചകളെ കുറിച്ചും. അവര്‍ റൊട്ടിയും പരിപ്പും കഴിക്കുന്നവര്‍.ബുദ്ധിയില്ലാത്തവര്‍.അതൊക്കെ പണ്ട് ഇന്ന്‍ കഥ മാറി.മലയാളികള്‍ കാലങ്ങളായി കുത്തകയാക്കി വച്ചിരുന്ന IT യിലെയും മറ്റു പല sector ലെയും വലിയ പോസ്റ്റുകള്‍ ഒക്കെ പച്ചകളുടെയും തമിഴന്മാരുടെയും തെലുങ്കന്മാരുടെയും ഒക്കെ കയ്യിലാണ്.നാട്ടിലെ സ്കൂലിലെ തലയെണ്ണല്‍ പോലെ എന്റെ ഓഫീസിലെയും തലയെണ്ണല്‍ കണക്കെടുത്തപ്പോള്‍ പച്ചകള്‍ ആയിരുന്നു മുന്‍പില്‍. ഇവിടെ കേരള പോലീസ് ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയാണ് തലയെണ്ണല്‍ കര്‍മം നിര്‍വഹിച്ചത്. പച്ചകളാണ് എണ്ണത്തില്‍ മുന്‍പില്‍ എങ്കിലും മലയാളികളും, തമിഴന്മാരും,തെലുങ്കന്മാരും ,ഹിന്ദിക്കാരും എല്ലാരും ചേര്‍ന്നാല്‍ നമ്മള്‍ ഇന്ത്യാക്കാരാണ് മുന്‍പില്‍. അല്ലേലും ഭാഷയുടെയും സംസ്ഥാനങ്ങളെയും പേരില്‍ വിഭജിച്ചെങ്കിലും നമ്മള്‍ എല്ലാരും ഇന്ത്യക്കാര്‍ അല്ലേ!! എങ്ങനെയുണ്ട് എന്റെ നിലപാട് മാറ്റം? കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യത്വപരവും പ്രായോഗികവുമായ സമീപനമാണു സ്‌റ്റോക്കോം കണ്‍വന്‍ഷനില്‍ വിജയം കണ്ടതെന്നു ഒരു ഉളുപ്പുമില്ലാതെ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ അത്രേം വരില്ല അല്ലേ!! ഹ ഹാ..ജീവിച്ചു പോണ്ടേ?
ഡ്രെസ്സും മാറി ലാപ് ടോപും എടുത്ത് പുറത്തേക്ക് ഇറങ്ങുംമ്പോള്‍ തന്നെ ഫിയാന്‍സിയെ വിളിച്ചു ഓഫീസില്‍ അത്യാസന്ന നിലയില്‍ ഉള്ള അപ്പ്ളികാഷനെ കുറിച്ചും ഉടനെ തന്നെ ഓഫീസില്‍ എത്തേണ്ട ആവശ്യകതയെ കുറിച്ചും അറിയിച്ചു. ശ്ശോ എപ്പോള്‍ നോക്കിയാലും ഒരു ഓഫീസ്.ലീവുള്ള ദിവസം എങ്കിലും വീട്ടില്‍ ഇരുന്നൂടെ എന്നൊക്കെ ചോദിച്ചു അവളുടെ പ്രധിഷേധം അവള്‍ അറിയിച്ചു. വിശദീകരിച്ചു പറഞ്ഞ് കൊടുത്തപ്പോള്‍ അവള്‍ക്കു കാര്യം മനസ്സിലായി.നേരത്തെ ഇറങ്ങമെന്നും തിരിച്ചുവന്നിട്ടു വിളിക്കാം എന്നും പറഞ്ഞു കാള്‍ കട്ട് ചെയ്തിട്ട് മെട്രോ സ്‌റ്റേഷനെ ലക്ഷ്യമാക്കി നടന്നു. കരാമ ഹോട്ടെലിന്റെ മുന്നില്‍ എത്തിയപ്പോഴാണ് വല്ലതും കഴിച്ചിട്ട് പോകാമെന്ന് കരുതിയത്. സാദാരണ അവധി ദിവസങ്ങളില്‍ ബ്രേക് ഫാസ്റ്റ് കഴിക്കാറില്ല. ഉച്ചയ്ക്ക് ഹെവിയായി ബിരിയാണിയോ പൊറാട്ടയോ ഒക്കെയാണ് പതിവ്. ഓഫീസിലെത്തിയിട്ട് അവിടുന്നു കഴിക്കാന്‍ നിന്നാല്‍ ശരിയാവില്ല. കാരണം അവിടെ ആകെയൊരു 'Subway' മാത്രമേയുള്ളു. അവിടുന്നു കഴിച്ചാല്‍ കളസം കീറും.അതു കൊണ്ട് തന്നെ രണ്ടാമതൊന്ന് ആലോജിക്കാതെ നേരെ കരാമ ഹോട്ടെലില്‍ കേരി മലയാളികളുടെ ദേശീയ ഭക്ഷണമായ 'പൊറോട്ട' യും മുട്ട റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. പൊറോട്ടയുടെ കാര്യം പറയാതിരിക്കുന്നതാണു ഭേദം.പണ്ട് പ്ലസ്ടുവിനു പഠിക്കുമ്പോള്‍ മടപ്പള്ളി 'പ്രവീണ്‍' റെസ്റ്റോറന്റില്‍ നിന്നും തുടങ്ങിയ തീറ്റിയാണ്. ഇതുവരെ നിറുത്തിയില്ല എന്നുമാത്രമല്ല മടുപ്പും വന്നില്ല. അങ്ങനെയുള്ള പൊറോട്ടയുടെ കാര്യം പറഞ്ഞാണ് ആദ്യമായി ഫിയാന്‍സിയുമായി ഉടക്കിയത്! കെമിസ്ട്റിക്കാരിയായ അവളുടെ കണ്ണില്‍ പൊറോട്ടയില്‍ പോഷകങ്ങള്‍ ഒന്നും ഇല്ല പോലും. കടുവയെ കൊണ്ട് ഉപയോഗം ഒന്നും ഇല്ലങ്കിലും ഇപ്പോഴും ദേശീയ മ്രിഗം കടുവ തന്നേയല്ലേ അല്ലാതെ പശുവല്ലല്ലോ :-) അതാണ് പറയുന്നതു എല്ലാത്തിനും അതിന്റേതായ ഒരിതുണ്ട്. ആയതിനാല്‍ കേരളീയരുടെ ദേശീയ ഭക്ഷണം എന്നും പൊറോട്ട തന്നെയായിരിക്കും. അതുകൊണ്ട് തന്നെ പൊറോട്ടാ തിന്നാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും ഞാന്‍ പാഴാക്കാറില്ല. വീയെസ്സിനെ പോളിറ്റ്ബ്യൂറോയില്‍ നിന്നും, തിലകനെ അമ്മയില്‍ നിന്നും പുറത്താക്കിയതു പോലെ കല്യാണം കഴിഞാല്‍ അവള്‍ എന്റെ ജീവിതത്തില്‍ നിന്നും പൊറോട്ടയെ പുറത്താക്കുമെന്നു ഞാനും ഭയക്കുന്നു.അവള്‍ക്ക് നല്ല ബുദ്ധി കൊടുക്കണമേ എന്റെ ദൈവമേ!
ഫുഡും കഴിച്ചു നേരെ മെട്റോ സ്റ്റേഷനിലോട്ട് നടന്നു. ദിവസേന പോയി വരുന്നതാണെലും ഈ സ്റ്റേഷന്‍ എന്നും എനിക്കൊരു അദ്ഭുതമാണു. കടല്‍ പോലെ കെട്ടി വെച്ചിരിക്കുന്ന ഈ ബില്‍ഡിങ്ങിനെ വെറും 4 ഇരുമ്പു തൂണുകളാണ് താങ്ങി നിര്‍ത്തുന്നത്. കോട്ടയം അയ്യപ്പാസ് പോലെ പുറത്ത് നിന്ന് നോക്കുമ്പോള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും സ്റ്റേഷന്റെ അകത്ത് കടന്നാല്‍ അതി വിശാലമായ ഷോറൂമാണ്! ഇന്റെര്‍നെറ്റ് സിറ്റിയിലോട്ട് പോകാന്‍ ജബെല്‍ അലി പ്ലാറ്റ്ഫോമില്‍ എത്തിയപ്പോള്‍ അടുത്ത ട്രൈയിന്‍ വരാന്‍ എനിയും 3 മിനിറ്റ്സുണ്ട്. നമ്മുടെ ഇന്ത്യന്‍ റെയില്‍വയെ പോലെ 3 മിനിറ്റ്സ് എന്നു പറഞ്ഞാല്‍ 3 മണിക്കൂര്‍ കഴിഞ്ഞ് 3 മിനിറ്റ്സല്ല. 3 മിനിറ്റ്സിനുള്ളില്‍ എപ്പോള്‍ വേണേലും ട്രൈയിന്‍ വരാം. നല്ല തറവാട്ടില്‍ പിറന്ന ട്രൈയിന്‍ ആയതുകൊണ്ട് 2 മിനിറ്റ്സ് ആയപ്പൊ തന്നെ എത്തി. അവധി ദിവസമായതിനാല്‍ ട്രൈയിനില്‍ യാത്രക്കര്‍ കുറവാണ്. സീറ്റുകള്‍ ഒക്കെ കാലിയാണ്. ഉള്ളതില്‍ നല്ല ഒരു വിന്‍ഡോ സീറ്റില്‍ ഞാനും ഇരുന്നു. എല്ലാവരെയും പോലെ വിന്‍ഡോ സീറ്റ് എനിക്കും പണ്ടേ ഒരു വീക്നെസ്സാണ്. എനിക്ക് ഈ വീക്നെസ് തുടങ്ങിയത് കോയംബത്തൂരില്‍ പടിക്കുന്ന കാലത്ത് മന്‍ഗലാപുരം ലോക്കലില്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന സമയം മുതലാണ്. അന്നു നമ്മള്‍ ഫ്രന്റ്സ് വിന്‍ഡോ സീറ്റിനു വേണ്ടി തല്ലു കൂടുമായിരുന്നു. വേറെ ഒന്നിനും വേണ്ടിയല്ല പാലക്കട് മുതല്‍ കുറ്റിപ്പുറം വരെ ഭാരതപുഴയിലെ കുളി സീന്‍ കാണാന്‍ വേണ്ടിയാണ്! ഞാന്‍ പിന്നെ എക്സ്ട്റ ഡീസ്ന്റ് ആയതിനാല്‍ തല്ലിലൊന്നും പങ്കെടുക്കാതെ ഒഴിഞ്ഞു മാറി ഡോറില്‍ ഇരുന്നായിരുന്നു സീന്‍ പിടുത്തം! ഇപ്പോള്‍ ഭാരതപ്പുഴയില്‍ വെള്ളത്തിനു പകരം മണലും, മണല്‍ മാഫിയക്കാരുടെ ലോറിയും മാത്രമെയുള്ളു എന്നു ഈയിടെ ഏതൊ ഒരു സിന്‍ഡികേറ്റ് ചാനലില്‍ ഇന്‍വെസ്റ്റികേഷന്‍ റിപ്പോര്‍ട് ഉണ്ടായിരുന്നു. അല്ലേലും ഈ ചാനലുകാരിങ്ങനെയാ. ഒന്നു സ്വൈര്യമായി മണല്‍ കക്കാനോ, പെണ്ണു പിടിക്കാനോ, എന്തിനു ചൂടു സഹിക്കാതെ വന്നാല്‍ ഒരു ഐസ് ക്റീം കുടിക്കാന്‍ പോലും സമ്മതിക്കില്ല. ചുമ്മ ഒരു പണിയും ഇല്ലാതെ കേമറയും എടുത്തു ഇറങ്ങിക്കോളും. പാവം നമ്മുടെ രാഷ്ട്രീയക്കാരും മന്ത്രിമാരും!
4 അഭിപ്രായങ്ങൾ:
"കടുവയെ കൊണ്ട് ഉപയോഗം ഒന്നും ഇല്ലങ്കിലും ഇപ്പോഴും ദേശീയ മൃഗം കടുവ തന്നേയല്ലേ അല്ലാതെ പശുവല്ലല്ലോ"
ഇത് പറഞ്ഞകൊണ്ടാണോ " പശു ഹര്‍ത്താല്‍" നടത്തിയപോള്‍ ദേശീയ മൃഗം ആക്കണം എന്ന ആവശ്യം ഉന്നയിചെക്കം എന്ന് വെച്ചത്..ഹി ഹി..കൊള്ളാം കേട്ടോ..
ദുഫായിക്കര...നിങ്ങളുടെ കൈയില്‍ ഒരു വെടിക്കുള്ള മരുന്നല്ലല്ലോ ഉള്ളത്...തുടര്‍ന്നും എഴുതു!
ഭാവുകങ്ങള്‍
തുടക്കകാരനായ ഈ എളിയവന്റെ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയതിന് വളരെ നന്ദി. നിങ്ങളെ പോലെയുള്ള പുലികളുടെ പോസ്റ്റ് വായിച്ചാണ് വല്ലതും എഴുതിയാലോ എന്നു തോന്നിയതു തന്നെ. പിന്നെ കടുവയെ ദേശീയ മ്രിഗം ആക്കിയതിന്റെ ലോജിക് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.,അറിയാമെങ്കില്‍ ഒന്നു പറഞ്ഞു തരാമോ?
കണ്ടാ കണ്ടാ...അപ്പൊ ദുഫായിക്കാര്‍ക്കും അറിയാം, നുമ്മ അഫുദാവിക്കാരില്ലാരുന്നെങ്കില്‍ തെണ്ടി പോയേനേം ന്ന് ഹ്ഹ്ഹ്ഹ്
ഇതും ഇനീം അപ്രത്ത് പോയി വായിച്ചാലേ തീരുള്ളൂ ലെ. ഉം പോയി നോക്കട്ട് :)
പിന്നെ നിങ്ങള്‍ അഫുദാഫിക്കാര്‍ ഒരു സംഭവമല്ലേ!!!
കുറച്ചു നീളം കൂടിപ്പോയി അല്ലേ!! കടിഞ്ഞൂല്‍ പ്രസവം അല്ലെ ഒന്നു ക്ഷമി മാഷെ..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ