ഞായറാഴ്‌ച, ജൂൺ 26, 2011

നാലുകെട്ടിന്റെ കഥ !!


**************പതിവുപോലെ കുട്ടിയാലി ഇന്നും ഓത്തുപള്ളിയിലാണ്.***************

ഉസ്താദ് : നിക്കാഹിനെ പറ്റി ഞമ്മള് ഇന്നലെ പഠിപ്പിച്ചത് എല്ലാര്‍ക്കും തിരിഞ്ഞിനാ കുട്ടിയേളെ?

കുട്ടികള്‍ : തിരിഞ്ഞിനീം  തിരിഞ്ഞിനീം ഉസ്താദെ .

എനക്ക് തിരിഞ്ഞിക്കില്ല ഉസ്താദെ! എനക്ക് കൊറച്ചു സംശയങ്ങളുണ്ട്.

എന്താ കുട്ടിയാലി ഇഞ്ചെ മുടിഞ്ഞ സംശയം.. ഇഞ്ഞി ചോദിക്കീ..ഞമ്മള് കേക്കട്ടെ.

ഉസ്താദെ ഇങ്ങളല്ലേ പറഞ്ഞത് ഞമ്മളിയാക്ക് 4 മംഗലം കയിക്കാന്നു!!.

ഇമ്മള് പറഞ്ഞിനി..അയിനെന്താ ഇനിക്ക് സംശയം?

ഒരാണിനു ഒരു പെണ്ണല്ലേ പറ്റൂള്ളൂ. അതല്ലേ ശരി?.

ഇഞ്ഞു ശരീം തെറ്റൊന്നും പറേണ്ട..ചില സന്ദര്‍ഭങ്ങളില്‍ ഞമ്മളിയാക്ക് 4 വരെ കെട്ടാം.

ഹിന്ദുക്കളും ക്രിസ്തിയാനികളും ഒന്നല്ലേ കേട്ടുള്ളൂ?. ഓല നിയമം അങ്ങനെല്ലേ?

ഇഞ്ഞോടാരാ പറഞ്ഞെ ഓല നിയമം അങ്ങനെയാന്നു? ഇഞ്ഞു ശ്രീ കൃഷ്ണനെ കുറിച്ച് കേട്ടിനാ? ഓരെത്തിരയാ കെട്ടിയെന്ന് അറിയാവോ നിനക്ക്?

പതിനാറായിരത്തിയെട്ട് അല്ലെ ഉസ്താദെ ?

അതെ..ശ്രീ രാമന്റെ ബാപ്പ ദശരഥന്‍ എത്ര കേട്ടീന് എന്നറിയാമോ ഇനക്ക്?

മൂന്നാണ് എന്നാ ഞമ്മള് പഠിച്ചത് ..എന്നിട്ട് ഹിന്ദുക്കളെന്താ ഉസ്താദെ ഒന്ന് മാത്രം കെട്ടുന്നത്? ഓലിക്ക് ഒന്നേ പറ്റുള്ളൂന്നു നിയമം ഉണ്ടല്ലോ?

ഓലെ ആ നിയമം ഞമ്മളെ പാര്‍ലിമെന്റ് പാസ്സാക്കിയതാ!!. അല്ലാതെ ഓല അമ്പല കമ്മിറ്റിക്കാരോ ദേവസ്വം ബോഡോ അല്ല..

അപ്പം ഞമ്മക്കെന്താ അതുപോലത്തെ നിയമം ഇല്ലാത്തെ?


ഞമ്മളെ കാര്യം തീരുമാനിക്കുന്നത്‌ പാര്‍ലിമെന്റ് അല്ല..ഞമ്മക്ക് ഞമ്മടെതായ ശരിയത്ത് നിയമങ്ങള്‍ ഒക്കെ ഉണ്ട്.

അതെന്താ? ഞമ്മളും ഇന്ത്യയില്‍ അല്ലെ ജീവിക്കുന്നത്?

അതിനിക്ക് പറഞ്ഞാ തിരിയൂല..ഞമ്മടെ കാര്യം തീരുമാനിക്കാന്‍ ഞമ്മക്ക് ഞമ്മടെ വഖഫ് ബോര്‍ഡ് ഉണ്ട്.

എന്നിട്ട് ആ ബോര്‍ഡ് എന്താ ഞമ്മക്കും അങ്ങനത്തെ നിയമം കൊണ്ട് വരാത്തെ?

ഇഞ്ഞു ബിജാരിക്കും പോലെ എല്ലാര്‍ക്കും അപ്പാട് 4 കെട്ടാനൊന്നും പറ്റൂല..

പിന്നെ ??

അതിനെല്ലാം ചില കണ്ടീസന്‍സ് ഉണ്ട്.

എന്ത് കണ്ടീസന്‍?

ആദ്യത്തെ ഭാര്യ എഴുനേല്‍ക്കാന്‍ പറ്റാതെ തളര്‍ന്നു കിടക്കുവാണേല്‍ ഞമ്മളിയാക്ക് രണ്ടാമത് ഒരു പെണ്ണൂടെ കെട്ടാം.

ഉസ്താദെ അതെങ്ങനെയാ ശരിയാകുന്നത്? കെട്ടിയോള്‍ തളര്‍ന്നു കിടക്കുമ്പോളല്ലേ മരുന്ന് കൊടുക്കാനും ശുശ്രൂഷിക്കാനും കെട്ടിയോന്‍ വേണ്ടേ? അപ്പ ഓര്‍ വേറെ കെട്ടിയാല്‍ ഓളെന്താ ചെയ്യുവ?

ഇഞ്ഞോട് ഞമ്മളെങ്ങെനെയാ അത് പറയുവാ? ഓക്ക് ഓനെ തൃപ്തി പെടുത്താന്‍ പറ്റിയില്ലേല്‍ ഓന് വേറെ കെട്ടാം..അതാ ഞമ്മടെ നിയമം.

ഉസ്താദെ ഈ തൃപ്തിക്ക് വേണ്ടി മാത്രമാണോ ഞമ്മള് പെണ്ണ് കെട്ടുന്നത്?

അതൊന്നും ഇനിക്ക് ഇപ്പ പറഞ്ഞ തിരിയൂല. ഇനിക്ക് അത് തിരിയാനുള്ള വയസ്സായിക്കില്ല.

അതുപോട്ടെ.. വേറെ എന്തേലും കണ്ടീസന്‍ ഉണ്ടോ ഉസ്താദെ ?

പെണ്ണുങ്ങടെ എണ്ണം ആണുങ്ങളേക്കാള്‍ കൂടി പെണ്ണുങ്ങള്‍ പെഴച്ചു പോവാണ്ടിരിക്കാനും ഞമ്മക്ക് 4 വരെ കെട്ടാം .

അപ്പ പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞു ആണുങ്ങള്‍ കൂടിയാല്‍ പെണ്ണുങ്ങള്‍ക്കും 4 കെട്ടാമോ?

ഇഞ്ഞു ബെല്ലാണ്ട് കൊയക്കുന്ന ശോദ്യങ്ങളൊന്നും ശോദിക്കല്ലേ കുട്ടിയാലി!!

എന്നാ അത് പോട്ടെ ഉസ്താദെ ..ഞമ്മള് വേറൊന്നു ചോദിക്കാം! 

പെട്ടെന്ന് ശോദീര്.

ഇങ്ങളെ ഓള് കെടപ്പിലായാല്‍ ഇങ്ങളും വേറെ പെണ്ണു കേട്ടുവോ?

അയിലെന്താ ഇനിക്കൊരു സംശയം..ഞമ്മടെ ആദ്യത്തെ ബീവി തളര്‍വാദം പിടിച്ചു കേടപ്പായിട്ടു ഞമ്മള് വീണ്ടും കെട്ടിയില്ലേ!!! ഞമ്മള്  യഥാര്‍ത്ഥ മുസല്‍മാനല്ലേ????

ഉസ്താദെ ഇങ്ങള് തളര്‍വാദം വന്നു കേടപ്പിലായെന്നു നിരീക്കുവാ. അങ്ങനെയാണേല്‍ ഇങ്ങള്‍ക്കും ഇങ്ങളെ ബീവിനെ തൃപ്തിപ്പെടുത്താന്‍ പറ്റൂലല്ലോ? അപ്പോള്‍ ഇങ്ങള്‍ ഇങ്ങളെ ബീവിനെ  വേറെ മംഗലം കയിക്കാന്‍ സമ്മതിക്കോ?

അറാംബറന്നോനെ കൊത്തി കൊത്തി മൊറത്തില്‍ കേറി കൊത്തുന്നോ? ഇഞ്ചെ ബാപ്പാനെ ഞമ്മള്‍ കാണട്ടെ!!!!

വാല്‍ക്കഷ്ണം:

"സ്വന്തം ഭാര്യ മറ്റു പുരുഷന്മാരോട് പത്തു മിനുട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് സഹിക്കില്ല..അപ്പോള്‍ സ്വന്തം ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായി പങ്കിടേണ്ടി വരുന്ന ഒരു ഭാര്യയുടെ മാനസികാവസ്ഥ എന്തായിരിക്കും!! എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഏതൊക്കെ മത നിയമങ്ങള്‍ ഉദ്ധരിച്ചാലും ഒരു പെണ്ണിനും അത് മനസ്സ് കൊണ്ട് അംഗീകരിക്കാന്‍ പറ്റില്ല.
അല്ലെ?

ഇങ്ങനെയൊക്കെ പറഞ്ഞെന്നു വെച്ച് കുട്ടിയാലിയെ ആരും നഖം വെട്ടും മുടി വെട്ടും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കരുതേ!! പാവം ഉറക്കത്തില്‍ മുള്ളുന്ന അസുഖം ഉള്ളതാണേ!!"

കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം.

വ്യാഴാഴ്‌ച, ജൂൺ 16, 2011

ചക്കിനു വെച്ചത്...കുക്കിനു കൊണ്ടു !


ലാപ്ടോപും ടിഫിന്‍ ബോക്സും എടുത്തു കാബിനിലെ ലൈറ്റും ഓഫ്‌ ചെയ്തു പുറത്തേക്ക് നടക്കുമ്പോഴാണ് പുറകെ നിന്നും ഗോപന്റെ വിളി കേട്ടത്. "എന്താ രാജാ ഇന്ന് നേരത്തെ പോവാണോ? വൈകിട്ടെന്താ പരിപാടി?".  "ഹേയ് ഒന്നുമില്ലടാ. ഇന്നെങ്കിലും ഭാര്യേം മോളും ഉറങ്ങുന്നതിനു മുന്‍പ് വീടെത്തെണം അത്രയേ ഉള്ളൂ". ഗോപന്‍ അമര്‍ത്തിയോന്നു മൂളി.."ഹും..അപ്പോള്‍ നീ ഇന്ന് സുരേഷിന്റെ വെള്ളമടി പാര്‍ട്ടിക്ക് കൂടുന്നില്ലേ?"

ഇല്ലെടാ. ഞാനില്ല .. നിങ്ങള്‍ ആഘോഷിക്കു.. ഗോപന്‍ വിടാനുള്ള ഭാവമില്ല.
നീയില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം?
എടാ ഞാന്‍ സീരിയസ് ആയി പറഞ്ഞതാ.. ഞാനില്ല..എന്നാ നാളെ കാണാം ഗുഡ് നൈറ്റ്..
നീ പോണെങ്കില്‍ പോ..ഞാന്‍ രാവിലെ പറഞ്ഞ കാര്യം മറക്കണ്ട ഗോപന്‍ ഓര്‍മിപ്പിച്ചു.

സത്യം പറഞ്ഞാല്‍ പതിവിലും നേരത്തെ ജോലി തീര്‍ത്തു നേരത്തെ വീട്ടിലേക്കു ഇറങ്ങിയത്‌ ഗോപന്‍ പറഞ്ഞ കാര്യം മനസ്സില്‍ ഓര്‍ത്തു കൊണ്ട് തന്നെയാണ്. ടിവിയില്‍ പരസ്യം കണ്ടപ്പോഴേ ഒന്ന് വാങ്ങി പരീക്ഷിക്കണം എന്ന് തീരുമാനിച്ചതാ. ഇന്നലെ ഗോപന്‍ പിരി കേറ്റി വിട്ടപ്പോള്‍ എന്തായാലും ഇന്ന് വാങ്ങിക്കാം എന്ന് ഉറപ്പിച്ചു. "എടാ ഇതൊക്കെ നമ്മളെ പോലെ ജോലി തിരക്ക് കാരണം ആരോഗ്യത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്കുള്ള പ്രോഡക്ട്സ് ആണ്. ഞാന്‍ ഉപയോഗിച്ചിട്ടു എനിക്ക് നല്ല മാറ്റം ഉണ്ട്". അവനു മാറ്റം ഉണ്ടെന്നു കരുതി എനിക്കും മാറ്റമുണ്ടാകുമോ? അയാള്‍ ആലോചിച്ചു. ആ... ഒരു വിശ്വാസം അതല്ലേ എല്ലാം !!

കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോയിന്‍ ചെയ്ത ശേഷം മൊത്തം അലച്ചിലാണ് , സൈറ്റ് വിസിറ്റ്, പ്രൊജക്റ്റ്‌ വര്‍ക്ക്‌  അങ്ങനെ പോകുന്നു കാര്യങ്ങള്‍. മര്യാദിക്കു ഭക്ഷണം കഴിക്കാനോ റെസ്റ്റ് എടുക്കാനോ  ഒന്നിനും സമയം കിട്ടുന്നില്ല. മോളോട് മിണ്ടിയിട്ടു ദിവസങ്ങളായി. എല്ലാ ജോലിയും തീര്‍ത്തു വീട്ടിലെത്തുമ്പോഴെകും മോള്‍ ഉറങ്ങിയിട്ടുണ്ടാവും..ഇന്നലെ രാധയും പരാതി  പറഞ്ഞിരുന്നു. ചേട്ടനാകെ മാറിപോയി.."പഴയ പോലെ ഒന്നിലും ശ്രദ്ധിക്കുന്നില്ല." അവളുടെ പരാതിയും കൂടി തീര്‍ക്കാന്‍ വേണ്ടിയാ ഇന്ന് നേരത്തെ ഇറങ്ങിയത്‌.

ലിഫ്റ്റ്‌ ബേസ്മെന്റില്‍ ഇടിച്ചു നിന്നപ്പോഴാണ് രാജന്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നത്. ലിഫ്റ്റില്‍ നിന്ന് പുറത്തു കടന്നു കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു നേരെ മെഡിക്കല്‍ ഷോപ്പിലേക്ക് വച്ചു പിടിച്ചു. ഒരു ചെറിയ ചമ്മലോടെ ആവശ്യം അറിയിച്ചപ്പോള്‍ മെഡിക്കല്‍ ഷോപ്പിലെ ചേച്ചിയുടെ മുഖത്തൊരു വളിച്ച ചിരി അയാള്‍ കണ്ടു. ആ ചിരി മൈന്‍ഡ് ചെയ്യാതെ കാശും കൊടുത്തു, അവര്‍ തന്ന കവറും എടുത്തു അയാള്‍ പുറത്തേക്ക് നടന്നു. തൊട്ടടുത്തുള്ള കടയില്‍ നിന്ന് അത്യാവശ്യം പച്ചക്കറിയും വാങ്ങി എല്ലാം കൂടി കാറിലെ പുറകിലെ സീറ്റില്‍ വച്ചു.

 കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങമ്പോഴാ അയാള്‍ ആ കാര്യം ഓര്‍ത്തത്‌. മെഡിക്കല്‍ ഷോപ്പിന്റെ കവറും അകത്തുള്ള ബോട്ടിലിന്റെ ലാബെലും കീറിക്കളഞ്ഞേക്കാം. രാധയ്ക്കു ഒരു സസ്പെന്‍സ് ആയിക്കോട്ടെ!! പിന്നെ അമ്മയെങ്ങാനും കണ്ടാല്‍  നൂറു ചോദ്യങ്ങള്‍ ഉണ്ടാവും. മോന്റെ ആരോഗ്യ സ്ഥിതി ഓര്‍ത്തു സങ്കടപെടും. മര്യാദിക്കു ഭക്ഷണം കഴിപ്പിക്കാത്തതില്‍ രാധയോടു ചൂടാകും. അമ്മായിഅമ്മ മരുമകള്‍ പോരിനു താനായിട്ട് ഒരു വിഷയം ഉണ്ടാക്കി കൊടുക്കേണ്ട എന്ന് പിറുപിറുത്തു മെഡിക്കല്‍ ഷോപ്പിന്റെ കവര്‍ അയാള്‍ പുറത്തേക്ക് എറിഞ്ഞു . പിന്നെ ബോട്ടിലിന്റെ ലാബെല്‍ ഇളക്കി മാറ്റി എല്ലാം കൂടി പച്ചക്കറിയുടെ കവറില്‍ ഇട്ടു വണ്ടി പതുക്കെ വീട്ടിലോട്ടു വിട്ടു.

വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്ത് തന്നെ അമ്മയിരിപ്പുണ്ട്. പതിവിലും നേരത്തെ മോന്‍ എത്തിയതിലുള്ള ആശ്ചര്യം അമ്മ  മറച്ചു വച്ചില്ല.
"എന്താഡാ ഇന്ന് നേരത്തെ? അമേരിക്ക അഫ്ഗാനിലേക്ക് വിട്ട മിസൈല്‍ എങ്ങാനും നിന്റെ ഓഫീസില്‍ പതിച്ചോ? വൈകിട്ടത്തെ ന്യൂസ്‌ ഞാനും കണ്ടതാണല്ലോ അതിലൊന്നും പറഞ്ഞില്ലല്ലോ!!"
അമ്മയുടെ ചോദ്യത്തിലുള്ള പരിഹാസം മനസ്സിലായി." ഒന്നുമില്ല അമ്മേ, ചുമ്മാ ഇന്ന്  നേരത്തെ പോരാന്‍ തോന്നി. അമ്മയുടെ കൂടെയൊക്കെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ ഒരാഗ്രഹം!".
ഈ നമ്പരില്‍ എന്തായാലും അമ്മ വീണു. "എന്നാല്‍ മോന്‍ വേഗം കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറ്റി വാ നമുക്ക് എല്ലാര്‍ക്കും ഒരുമിച്ചിരുന്നു കഴിക്കാം ഇന്നു".
"ശരിയമ്മേ.ഇത് കുറച്ചു പച്ചക്കറിയാണ് അകത്തു വെച്ചേര്" എന്ന് പറഞ്ഞു അയാള്‍ പ്ലാസ്റ്റിക്‌ കവര്‍ അമ്മയുടെ കയ്യില്‍ കൊടുത്തു.

ഷൂ അഴിച്ചു വെച്ച് അകത്തേക്ക് നടക്കുമ്പോള്‍ ഭാര്യയെ അവിടെയൊന്നും കാണാത്തത് കൊണ്ട് അയാള്‍ അമ്മയോട് വിളിച്ചു ചോദിച്ചു.
"അമ്മേ രാധയെവിടെ? മോനെ അവള്‍ കുളിക്കുകയാ. അകത്തെ ബാത്ത് റൂമില്‍ ഉണ്ട്".
"ശരിയമ്മേ. അവള്‍ കുളിച്ചു കഴിയട്ടെ എന്നിട്ട് വേണം എനിക്ക് കുളിക്കാന്‍". എന്ന് പറഞ്ഞോണ്ട് അയാള്‍ റിമോട്ട് എടുത്തു ടിവി ഓണ്‍ ചെയ്തു. വാര്‍ത്ത കാണാമെന്നു വെച്ച് ഓണ്‍ ചെയ്തതാ.പരസ്യാണ്, ഇളയച്ഛനു പെണ്ണിനെ ഒപ്പിച്ചു കൊടുക്കുന്ന ബ്രോക്കെര്‍ പയ്യന്റെ പരസ്യം. ഇത്രയും വെറുപ്പിക്കുന്ന ഒരു പരസ്യം. പരസ്യങ്ങളെ ഇഷ്ടപെടുന്ന തനിക്കു പോലും ഇത്രേം വെറുപ്പാണേല്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും എന്ന് പിറുപിറുത്തു കൊണ്ട് അയാള്‍ ചാനെല്‍ മാറ്റി.

അധികം വൈകാതെ തന്നെ രാധ കുളി കഴിഞ്ഞു പുറത്തേക്ക് വന്നു. ഈറന്‍ മുടിയില്‍ തോര്‍ത്തു ചുറ്റി നേര്‍ത്ത തൂവെള്ള നിറത്തിലുള്ള നൈറ്റിയും ഇട്ടു ജയഭാരതി സ്റ്റൈലില്‍ മന്ദം മന്ദം നടന്നു വരുന്ന ഭാര്യയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ ലഡു പൊട്ടി ഒന്നല്ല അഞ്ചാറെണ്ണം; അതും പല വലുപ്പത്തിലും പല നിറത്തിലും!!

അസമയത്ത് റൂമില്‍ ഭര്‍ത്താവിനെ കണ്ടപ്പോള്‍ അവള്‍ ഒന്ന് ഞെട്ടി. പിന്നെ ഗ്രഹണി പിടിച്ച പിള്ളാര്‍ ചക്ക കൂട്ടാന്‍ കണ്ടപോലെ ആര്‍ത്തിയോടെയുള്ള അയാളുടെ നോട്ടവും കൂടിയായപ്പോള്‍ അവളൊന്നു ചൂളി.

ആ ചൂളല്‍ മാറ്റാനായി അവള്‍ ചോദിച്ചു. "ഇന്നെന്താ നേരത്തെയാണല്ലോ? "ആനന്ദം.". "എന്തൂട്ട് ?".. "പരമാനന്ദം"...."മനുഷ്യാ നിങ്ങള്‍ക്ക് വട്ടായോ? " ."നിര്‍മലാനന്ദം"....അതിനു മനുഷ്യാ നിങ്ങള്‍ കഴിഞ്ഞ ആഴ്ചയല്ലേ LIC യുടെ പോളിസി എടുത്തത്‌..ഇന്നു വീണ്ടും എടുത്തോണ്ട് വന്നോ ??
ഇത് LIC പോളിസിയും കൊടച്ചക്രോം ഒന്നുമല്ല...ഞാന്‍ അമ്മയുടെ കയ്യില്‍ ഒരു കവര്‍ കൊടുത്തിട്ടുണ്ട്..അതില്‍ നിനക്കൊരു സസ്പെന്‍സ് ഉണ്ട്..അത്രയും പറഞ്ഞു തോര്‍ത്തും എടുത്തു ബാത്ത് റൂമില്‍ കേറി അയാള്‍ കതകടച്ചു.

ദൈവമേ ഇന്നെന്താണാവോ വാങ്ങി വന്നിട്ടുണ്ടാവുക? പരസ്യോം കണ്ടു ദിവസവും എന്തേലും വാങ്ങിച്ചോണ്ട് വരും!  ഇങ്ങേരുടെ പരസ്യ പ്രാന്ത് എന്നാണാവോ തീരുന്നത്!! എന്ന് പിറു പിറുത്തോണ്ട് അവള്‍ അടുക്കളയിലോട്ടു നടന്നു.

കുളി കഴിഞ്ഞു പുറത്തിറങ്ങിയ അയാള്‍ കണ്ണാടിയുടെ മുന്നില്‍ നിന്ന് കൊഴിഞ്ഞുപോയ മുടിയുടെ കണക്കെടുക്കുകയായിരുന്നു. അടുക്കളയില്‍ നിന്നും ഭാര്യ പഴയ കോളാമ്പി മൈക്ക് സെറ്റിലെന്ന പോലെ ചെവി പൊട്ടുന്ന സൌണ്ടില്‍ വിളിച്ചു കൂവി. "എനിക്ക് സസ്പെന്‍സ് ആക്കാന്‍ വേണ്ടി നിങ്ങള്‍ എന്തോ സാധനം കൊണ്ട് വന്നൂന്ന് പറഞ്ഞില്ലേ? അതു കടയില്‍  നിന്നും എടുത്തില്ലാന്ന തോന്നുന്നത്! ആ കവറില്‍ പച്ചകറിയും മുത്തച്ഛന്റെ കൊഴമ്പും മാത്രമേ ഉള്ളൂന്നാ അമ്മ പറഞ്ഞതു".

രാധേ നീ ഇങ്ങോട്ട് വന്നേ.

എന്താ ? ഞാന്‍ ഫുഡ്‌ എടുത്തു വെക്കുന്ന തിരക്കിലാ.

നീ എന്തോ മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം പറഞ്ഞല്ലോ?

ആ കവറില്‍ മുത്തച്ഛനുള്ള ധന്വന്തരി കൊഴമ്പുണ്ടായിരുന്നെന്നു അമ്മയാ പറഞ്ഞതു. അമ്മ അതു മുത്തച്ചന് പുരട്ടിയും കൊടുത്തു.

എടീ..പണി പാളിയല്ലോ ..മുത്തച്ഛന്റെ കൊഴമ്പിന്റെ കാര്യം എനിക്ക് ഓര്‍മയില്ലായിരുന്നു.. ഇത് സാധനം വേറെയാ..

പിന്നെ ഇതെന്തു കുന്തമാ?

എടീ നീയല്ലേ പറഞ്ഞത് എനിക്ക് പഴയ പോലെ ഒന്നിനും ഒരു താല്പര്യം ഇല്ലെന്നു. അതോണ്ട് ഒരു കുപ്പി 'ആയൂ കെയര്‍ വാജി തൈലം' വാങ്ങിയതാ!!

എന്റെ ദൈവമേ!! അപ്പ അതാണോ മുത്തച്ഛന്റെ മേത്ത് പുരട്ടിയത്?

എടീ നീ മുത്തച്ഛന്റെ റൂം പുറത്ത്ന്നു പൂട്ടിയേരു. പുള്ളി പുറത്തേക്കിറങ്ങി കുഴപ്പമൊന്നും ഉണ്ടാക്കേണ്ട. പുള്ളിയിപ്പോള്‍ ഒരു ബജാജ് ചേതക് ആണേലും ആയ കാലത്ത് ഒരു റോയല്‍ എന്‍ഫില്‍ഡ് ആണെന്നാ കേട്ടത്!.

തോര്‍ത്തു മാറ്റി ബെഡ് റൂമിന്റെ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഭാര്യയുടെ അടുത്ത കൂവല്‍.. "ദേ ഇങ്ങോട്ട് വന്നേ..മുത്തച്ഛനെ റൂമില്‍ കാണാനില്ല". രണ്ടുപേരും കൂടി എല്ലാ റൂമുകളും അരിച്ചു പെറുക്കി നോക്കിയിട്ടും മുത്തച്ഛന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. വീട്ടില്‍ ഇത്രേം കോലാഹലങ്ങള്‍ നടന്നിട്ടും പ്രധാന മന്ത്രി സ്റ്റൈലില്‍ ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ എന്ന കണക്കെ സീരിയല്‍ കണ്ടോണ്ടിരിക്കുന്ന അമ്മയെ കണ്ടപ്പോള്‍ രാജന് കലി കേറി.
"അമ്മേ മുത്തച്ഛന്‍ ഇങ്ങോട്ടെങ്ങാനം വന്നിരുന്നോ?"
ടിവി സ്ക്രീനില്‍ നിന്നും കണ്ണെടുക്കാതെ അമ്മ പറഞ്ഞു. "കൊഴമ്പു പുരട്ടിയത് കൊണ്ട് കുളിക്കാനായി പുറത്തെ കുളിമുറിയിലേക്ക്  പോണ കണ്ടു..വെള്ളം കോരിക്കൊടുക്കാന്‍ എന്നെ വിളിച്ചതാ..എനിക്ക് സീരിയല്‍ ഉള്ളോണ്ട് പണിക്കാരി കമലാക്ഷിയെ കൂടെ പറഞ്ഞു വിട്ടിട്ടുണ്ട്. എന്താടാ എന്തേലും പ്രശ്നം ഉണ്ടോ?"
ഹേയ് ഒന്നുമില്ല ..അമ്മ സീരിയല്‍ നിറുത്തേണ്ട എന്ന് പറഞ്ഞു അയാള്‍ പുറകു വശത്തെ കുളിമുറിയുടെ ഭാഗത്തേക്ക് ഓടി.

കുളിമുറിയുടെ അടുത്തെത്തിയപ്പോള്‍ അകത്തു നിന്നും കുറ്റിയിട്ടിരിക്കുന്ന കതകു കണ്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ അയാള്‍ അന്തിച്ചു നിന്നു..തൊട്ടു പിറകെ ഓടി കിതച്ചെത്തിയ രാധ അയാളുടെ നില്പ് കണ്ടപ്പോള്‍ ചൂടായി. "മനുഷ്യാ നിങ്ങള്‍ ഇങ്ങനെ നിന്നു സമയം കളയാതെ മുത്തച്ഛനേം കമലാക്ഷിയെയും കണ്ടുപിടിക്കാന്‍ നോക്ക്".
"എടി അവരെങ്ങടും പോയിട്ടില്ല രണ്ടും അകത്തുണ്ട് ..എത്ര വിളിച്ചിട്ടും പുറത്തു വരുന്നില്ല..ഇനി തൈലത്തിന്റെ പവര്‍ തീരും വരെ വെയിറ്റ് ചെയ്യാം.. അല്ലാതെ വേറെ വഴിയില്ല". ഒരു ചെറു ചിരിയോടു അയാള്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ നിസ്സാരമായ മറുപടി കേട്ടപ്പോള്‍ രാധയ്ക്ക് കണ്ട്രോള്‍ നഷ്ടപ്പെട്ടു." കിടന്നു ഇളിക്കാതെ മനുഷ്യാ..ടിവിയിലെ പരസ്യോം കണ്ടു ഓരോ കുന്ത്രാണ്ടം വാങ്ങി വരും..മുത്തച്ചനും കമലാക്ഷിയും അകത്തു....ശ്ശൊ..എനിക്ക് ആലോചിക്കാന്‍ വയ്യ ..പാവം കമലാക്ഷി .."

രാധയുടെ ദേഷ്യം കണ്ടപ്പോള്‍ നേരത്തെ വന്ന ചെറു ചിരി ഒരു പൊട്ടിച്ചിരിയാക്കി മാറ്റി അയാള്‍ പറഞ്ഞു.."എടീ കമലാക്ഷിയുടെ കാര്യം ആലോചിച്ചു നീ വിഷമിക്കേണ്ട ..ഒരു ചെയിഞ്ച് ആര്‍ക്കാ  ഇഷ്ടപ്പെടാത്തത്?"

ഭര്‍ത്താവിന്റെ തമാശ എരി തീയില്‍ എണ്ണ ഒഴിച്ച പോലെ രാധയുടെ ദേഷ്യം കൂട്ടിയതേയുള്ളൂ.. "മനുഷ്യാ ഇത്രയൊക്കെ ആയിട്ടും നിങ്ങള്‍ക്ക് ഈ പരസ്യ പ്രാന്ത് ഉപേക്ഷിക്കാനായില്ലേ? പവര്‍ കൂട്ടാനും തടി കുറയ്ക്കാനും എന്നൊക്കെ പറഞ്ഞു കണ്ട കൊഴമ്പും തൈലോം വാങ്ങി തേച്ച്‌ ഉള്ള ആരോഗ്യം കളയാതെ നിങ്ങള്‍ നിങ്ങളായിട്ട്‌  ജീവിക്കാന്‍ നോക്ക്..അല്ലെങ്കില്‍ പരസ്യത്തില്‍ പറയും പോലെ ശിഷ്ട കാലം 'കിഴി' വെച്ച്  ജീവിച്ചു തീര്‍ക്കേണ്ടി വരും...

വെള്ളിയാഴ്‌ച, ജൂൺ 03, 2011

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ നേതാക്കന്മാര്‍!!

മാഡംജിയുടെ നമ്പര്‍ പത്തു ജനപഥിലെ വീട്. സമയം അര്‍ധരാത്രി 12 മണി. എങ്ങും കൂരിരുട്ട്. നിശീഥിനിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുറിയില്‍ മൊബൈല്‍ ഫോണ്‍ ചിലച്ചു . "ട്രിം ട്രിം  മെസ്സേജ് വന്നെ . മെസ്സേജ് വന്നെ" . ഉറക്കം ഞെട്ടിയ മാഡംജി പിറുപിറുത്തു ഏതു അല്പനാണാവോ അര്‍ധരാത്രി SMS അയച്ചത്? മാഡംജി മോന്റെ കട്ടിലിലേക്ക് നോക്കി. നല്ല ഉറക്കത്തിലാണ്. പോത്ത് പോലെ വളര്‍ന്നെങ്കിലും ഇപ്പോളും കൊച്ചു കൊച്ചു കുട്ടിയുടെ മനസ്സാ. റിങ്ങര്‍ ടോണ്‍ കേട്ടില്ലേ ഒരു മാതിരി ചന്ത പിള്ളാരുടെ പോലെ.

പിറ്റേന്ന് രാവിലെ  മാഡംജി ചന്ദ്രിക പത്രം വായിച്ചോണ്ടിരിക്കുകയായിരുന്നു. ഉറക്കച്ചടവോടെ കയ്യില്‍ മൊബൈലും എടുത്തു അമ്മയുടെ അടുത്തുവന്നു നിന്ന് മോന്‍ ചിണുങ്ങി.

മമ്മിയെന്തിനാ ലീഗിന്റെ പത്രമായ ചന്ദ്രിക വായിക്കുന്നത്?

മോനെ ഇനി കേരളത്തിലെ കാര്യങ്ങള്‍ അറിയണമെങ്കില്‍ ഇത് വായിച്ചാലെ രക്ഷയുള്ളൂ. കാര്യങ്ങള്‍ ഒക്കെ തീരുമാനിക്കുന്നത്‌ പാണക്കാട് തങ്ങള്‍ അല്ലെ? അല്ലാതെ നമ്മള്‍ ഹൈ കമാന്‍ഡ് അല്ലല്ലോ!!


ബൈ ദി ബൈ , മമ്മി ഈ എം കെ ഗാന്ധിയെന്ന പുള്ളിയേതാ?

എന്റെ പൊന്നേ! നിനക്ക് അറിയില്ലേ പുള്ളിയെ? മഹാത്മാ ഗാന്ധി, നമ്മുടെ രാഷ്ട്രപിതാവ്. അതൊക്കെ പോട്ടെ നീ എന്തിനാ അങ്ങേരെ കുറിച്ചറിയുന്നത്? സാധാരണ നമ്മള്‍ കോണ്‍ഗ്രസ്‌കാര്‍ ഒക്ടോബര്‍ 2 നും ജനുവരി 30 നും അല്ലെ അങ്ങേരെ കുറിച്ച് ഓര്‍ക്കുന്നതും പ്രസംഗിക്കുന്നതും!.

മമ്മി, ഈ ഗാന്ധിയുടെ പടമല്ലേ 500 രൂപ നോട്ടില്‍ ഉള്ളത്. കഷണ്ടിയോക്കെയായി ഒരു വട്ട കണ്ണാടിയൊക്കെ വച്ച ഒരു ഓള്‍ഡ്‌ മാന്‍.

മോന്റെ ജനറല്‍ നോളെജില്‍ അഭിമാനം പൂണ്ട മമ്മി പറഞ്ഞു. "എസ് ഡിയര്‍ ദി സെയിം പേലോ".

മമ്മി, നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് ഈ ഗാന്ധിയോടുള്ള സ്നേഹം കൊണ്ടാണോ 5൦൦ ന്റെ നോട്ടിനോട്‌ ഭയങ്കര ആര്‍ത്തി??

മോനെ അറിയാതെ പോലും നോട്ടിന്റെ കാര്യം മിണ്ടിയേക്കരുത്‌. ആ ചാനെലുകാര്‍ എവിടെയൊക്കെയാ ഒളി ക്യാമറ വച്ചിരിക്കുന്നത് എന്ന് പറയാന്‍ പറ്റില്ല.സ്വന്തം ഇയര്‍ ഫോണിനെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാ ഇത് . നീ കണ്ടതല്ലേ ആ കനിമൊഴി കുഞ്ഞും നീര റാഡിയയും കൂടിയുള്ള ടെലിഫോണ്‍ സംഭാഷണം എപിസോഡുകളായിട്ടല്ലേ ആ ചാനലുകാര്‍ ടെലികാസറ്റ്‌  ചെയ്തത്. പൊങ്കലും ഇഡിലിയും വടയും കഴിച്ചോണ്ട് നടന്ന കുട്ടിയല്ലേ ! ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കിടന്നു ഗോതമ്പുണ്ട തിന്നുകയാ. പാവം കുട്ടി. അതിനെ ചതിച്ചവരോട് ദൈവം ചോദിക്കും.

അതിനു മമ്മി എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്? മമ്മിയും നീര റാഡിയയും തമ്മില്‍ വല്ല അവിഹിത ബന്ധോം ഉണ്ടോ?

നീര റാഡിയയുമായി എനിക്ക് ബന്ധം ഒന്നുമില്ല ഡിയര്‍. പക്ഷെ നമ്മുടെ ഏഷ്യാനെറ്റിലെ ഷാജഹാനെ ഞാന്‍ ഇടയ്ക്കിടെ 'കോണ്ടാക്റ്റ്‌' ചെയ്യാറുണ്ട്. മോനെ ഞാന്‍ ഒരു രഹസ്യം പറയാം. ബിന്‍ ലാദനെ വധിച്ചതിനു ശേഷം അമേരിക്കയുടെ അടുത്ത ലക്‌ഷ്യം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കലാണ്‌. എനിക്കാണ് ആ ഓപറേഷന്റെ ചുമതല. ഷോര്‍നൂരെ MR മുരളിയെയും ഒഞ്ചിയത്തെ ചന്ദ്രശേഖരനെയും ഞങ്ങളല്ലേ പൊക്കി വിട്ടത്!! ഒഞ്ചിയത്തെ റെവല്യൂഷനറിക്കാരുടെ ഏജെന്റല്ലേ ഷാജഹാന്‍!! ഒബാമയുടെ നിര്‍ദേശ പ്രകാരം ഒഞ്ചിയം ബാങ്കിന്റെ അടുത്തുള്ള കലുങ്കില്‍ പോസ്റ്റര്‍ ഒട്ടിക്കാനും ഓര്‍ക്കാട്ടേരി ജീപ്പ് സ്റ്റാന്റില്‍ ബാനര്‍ കെട്ടാനും ഞാനല്ലേ ഷാജഹാനെ വിളിച്ചു പറഞ്ഞത്!

ഇതെങ്ങാനും ആ ഇന്ത്യാവിഷന്‍ ചോര്‍ത്തിയിട്ടുണ്ടാകുമോ എന്നാ എന്റെ പേടി. അങ്ങിനെയാണേല്‍ കുഞ്ഞാലിക്കുട്ടിക്കു പണി കൊടുത്തിട്ട് അവസാനം 'പപ്പണി' തിരിച്ചു കിട്ടിയ മുനീറിന്റെ സ്ഥിതി ആകുമോ എനിക്കും? പാവം ഒബാമ അങ്കിള്‍ ആണേല്‍ വികി ലീക്ക്സ് ഇതെങ്ങാനും ലീക് ചെയ്യുമോ എന്നോര്‍ത്ത് ടെന്‍ഷന്‍ അടിച്ചോണ്ടിരിക്കയാ.അവിടേം തെരഞ്ഞെടുപ്പു അടുത്തില്ലേ? അമേരിക്കന്‍ പ്രസിഡണ്ട്‌ ആണേലും നമ്മുടെ അയനിക്കര പഞ്ചായത്ത് പ്രസിഡണ്ട്‌ ആണേലും കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉടുമ്പിന്റെ സ്വഭാവമല്ലേ!.

മമ്മി , ഈ ഷാജഹാനെയല്ലേ കണ്ണൂര് വെച്ച് നമ്മുടെ ജയരാജന്‍ സഖാവ് ചാമ്പി വിട്ടത്.

അതെ മോനെ . പക്ഷെ അതൊരു കണക്കിന് തിരഞ്ഞെടുപ്പില്‍ നമുക്ക് ഗുണമായി. നാട്ടുകാരെല്ലാരും കൂടി സഖാവിന്റെ പാര്‍ട്ടിക്ക് പണി കൊടുത്തില്ലേ? സാധാരണ ഒരു സീറ്റ് കിട്ടുന്ന കണ്ണൂരില്‍ നമുക്ക് 3 സീറ്റ് കിട്ടിയില്ലേ!!

മമ്മി, അങ്ങനെയാണേല്‍ ആ ഷാജഹാനെ കേരളത്തിലെ എല്ലാ ജില്ലകളിലും പോയി തല്ലു കൊള്ളിച്ചായിരുന്നെങ്കില്‍ എല്ലാ സീറ്റും നമുക്ക് കിട്ടിയേനെ.

അയ്യോടാ, ഞാനത്രെയും ഓര്‍ത്തില്ല. മോന്റെ ഒരു ബുത്തി.അടുത്ത തിരഞ്ഞെടുപ്പില്‍ നമുക്ക് ഈ തന്ത്രം പ്രയോഗിക്കാം.

മമ്മി , ഞാന്‍ രാഷ്ട്രീയം മതിയാക്കിയാലോ എന്നാലോചിക്കയാ. എന്തോരം ജനസമ്പര്‍ക്ക പരിപാടി നടത്തിയിട്ടും , പാവങ്ങടെ കുടില്‍ സന്ദര്‍ശിച്ചിട്ടും ഒന്നും അങ്ങട് ക്ലിക്ക് ആവുന്നില്ല. 'അമുല്‍ ബേബി' എന്ന് പറഞ്ഞു കളിയാക്കുകയാ. എത്രയും പെട്ടെന്ന് വളര്‍ന്നു പ്രധാനമന്ത്രി ആകാന്‍ വേണ്ടി മമ്മി പറഞ്ഞിട്ടല്ലേ ഞാന്‍ കോമ്പ്ലാന്‍ കുടിക്കുന്നത് ! അപ്പോള്‍ ഞാന്‍ 'കോമ്പ്ലാന്‍ ബോയ്‌' അല്ലെ? ബേബി അല്ലല്ലോ !!

എടാ കോമ്പ്ലാന്‍ ബോയ്‌ മോനെ നീ പാവങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി അവരുടെ കുടിലില്‍ ചെന്ന് കഞ്ഞി കുടിച്ചിട്ടും, അവരുടെ കക്കൂസില്‍ തൂറിയിട്ടും, അവരുടെ കൊച്ചുങ്ങളുടെ മൂക്കട്ട ചീന്തിയിട്ടൊന്നും ഒരു കാര്യോമില്ല. കാരണം 'ഭൂമിയിലെ രാജാക്കന്മാര്‍' സിനിമ അവരും കണ്ടു കാണില്ലേ? നീ ഈ പഴയ സ്റ്റൈല്‍ മാറ്റി കുറച്ചു മോഡേണ്‍ ആകാന്‍ നോക്ക്.

മമ്മി എന്താ പറയുന്നത്? എന്നെ പോലെ മോഡേണ്‍ ആയ ഏതേലും രാഷ്ട്രീയ നേതാവ് ഈ ഇന്ത്യ മഹാരാജ്യത്ത്‌ വേറെയുണ്ടോ? എന്തിനു പാകിസ്ഥാനില്‍ പോലും കാണില്ല! കൂളിംഗ്‌ ഗ്ലാസും, ജീന്‍സും, ചെത്ത്‌ ടീ ഷര്‍ട്ടും ഇട്ടു ഫോറിന്‍ കാറില്‍ കേരളത്തിലെ കാമ്പസുകളില്‍ ഞാന്‍ നടത്തിയ 'ഷേക്ക്‌ ഹാന്‍ഡ്‌' കലാപ്രകടങ്ങള്‍ ഒന്നും മമ്മി കണ്ടില്ലായിരുന്നോ? പിത്തം പിടിച്ച അറബി ചെക്കന്മാര്‍ 'ചിക്കെന്‍ ബെര്‍ഗെര്‍' കണ്ടപോലെ ആയിരുന്നില്ലേ പെണ്‍പിള്ളേര്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ്‌ തരാന്‍ വേണ്ടി ആക്രാന്തം കാണിച്ചത്‌!!

എന്റെ പോന്നു മോനെ ഇമ്മാതിരി ജാഡ ഐറ്റംസ് ഒക്കെ തമിഴ്നാട്ടിലെ ചിലവാകുള്ളൂ. പ്രിഥ്വിരാജിന്റെ ജാഡ തന്നെ കേരളക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അതോണ്ട് നീ ഇങ്ങനെ കേരളത്തില്‍ പോയി ജാഡ കാണിച്ചാല്‍ നിനക്ക് 'കൈ' തന്ന പെണ്‍പിള്ളാര്‌ പോലും നമുക്ക് വോട്ട് തരില്ല. നീ ആ അച്ചുമ്മാമനെ കണ്ടു പടിക്ക്. എന്താ അങ്ങേരുടെ ഒരു ജനസമ്മതി?

അത് നേരാ മമ്മി. അത് ഞാനും കണ്ടിട്ടുണ്ട്. അങ്ങേരുടെ പ്രസംഗം കേള്‍ക്കാന്‍ എന്താ ജനക്കൂട്ടം! എന്റെ പ്രസംഗം കേള്‍ക്കാന്‍ കാശു കൊടുത്തിട്ടും ആരെയും കിട്ടുന്നില്ല എന്നാ യൂത്ത്കാര് പറഞ്ഞത്.

മോനെ നിനക്ക് എങ്ങനെ അച്ചുമ്മാമനെ പോലെയാകാമെന്ന് മമ്മി പഠിപ്പിച്ചു തരാം. എവിടെ 'മൊട കണ്ടാലും' കേറി ഇടപെടണം. പിന്നീടു മുഖ്യമന്ത്രി ആവുകയാണേല്‍ ആ മൊട കണ്ട ഏര്യയിലോട്ട് പോയിട്ട് ആ  ജില്ലയിലോട്ടു തന്നെ തിരിഞ്ഞു നോക്കരുത്.  പിന്നെ തനിക്കു ആളാകാന്‍ വേണ്ടി സ്വന്തം പാര്‍ട്ടിക്കാരെയും എതിര്‍ പാര്‍ട്ടിക്കാരെയും കുറിച്ച് ആരോപണം ഉന്നയിച്ചു അവരുടെ നടുപ്പുറത്ത് കേറി 20 20 (Twenty Twenty) കളിക്കണം.വാര്‍ത്താ സമ്മേളനം നടത്തുമ്പോള്‍ 'സാന്റ്വിച്ചിനു' തക്കാളിയെന്ന പോലെ ഇടയ്ക്കിടെ പഴഞ്ചൊല്ലുകള്‍ പറയണം. അതും ഓരോ വാക്കും കൊരവള്ളി പൊട്ടും വരെ നീട്ടിയും കുറുക്കിയും പറയണം.ഇടയ്ക്കിടെ പോത്ത് മുക്കറയിടും പോലെ ശബ്ദം പുറപ്പെടീക്കണം.വളരെ സിമ്പിള്‍ അല്ലെ മോനെ ?

മമ്മി എനിക്ക് അച്ചുമ്മാമനൊന്നും പഠിക്കേണ്ട.അങ്ങേരു എന്തോരം പോക്ക്രിത്തരങ്ങളാ വിളിച്ചു പറഞ്ഞിരിക്കുന്നത്? സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ അച്ഛനെ 'പട്ടി' എന്ന് വിളിച്ചു , സിന്ധു ജോയിയെ 'ഒരുത്തി' എന്ന് വിളിച്ചു,പിന്നെ ലതിക സുഭാഷിനെ വേറെയെന്തോ വിളിച്ചു. ഇതൊക്കെ ഒരു വയസ്സന്റെ ചെല്‍പ്പനങ്ങള്‍ ആയിട്ടല്ലേ ജനങ്ങള്‍ കണ്ടത്. അല്ലെങ്കില്‍ 'മലപ്പുറത്തെ കാക്കക്കുട്ടികള്‍ കോപ്പി അടിച്ചാണ് പരീക്ഷ പാസ്സാകുന്നത്' എന്ന് പറഞ്ഞത് ഞാനോ മറ്റോ ആണെങ്കില്‍ ലീഗിന്റെ ചെക്കന്മാര്‍ എന്റെ നെഞ്ചത്ത് ചിക്കെന്‍ ബിരിയാണി ഉണ്ടാക്കിയേനെ. പണ്ട് നമ്മുടെ ഒരു മുഖ്യമന്ത്രി ഇതുപോലെ എന്തോ പറഞ്ഞപ്പോള്‍ മൃഗീയവും പൈശാചികവും ആയിട്ടല്ലേ അങ്ങേരുടെ കസേര പോയത്. പിന്നെ അങ്ങേരെ കേരളത്തില്‍ നിന്നും പൂച്ചക്കുട്ടിയെ പോലെയല്ലേ നാടുകടത്തിയത്. ഇപ്പോള്‍ അങ്ങേരു കശ്മീര്‍ അതിര്‍ത്തിയില്‍ ഓലപ്പടക്കവും ഏറുണ്ടയും വിറ്റു നടക്കുവാ എന്നാ കേട്ടത്.

മോനെ നീ പറഞ്ഞതൊക്കെ ശരിയാണ്. പക്ഷെ ഇതൊന്നും അങ്ങേരുടെ ജനസമ്മതി കുറയ്ക്കുന്നില്ല. അങ്ങേര് ഒറ്റൊരുത്തന്‍ കൊണ്ടാണ് അവര്‍ക്ക് 68 സീറ്റ് കിട്ടിയത് എന്നുള്ള സത്യം നമുക്ക് കണ്ടില്ലാന്നു നടിക്കാന്‍ പറ്റുമോ?

മമ്മി , നമ്മള്‍ കണ്ടുന്നു നടിച്ചാല്‍ തന്നെ എന്താ കാര്യം? പുള്ളിയുടെ പാര്‍ട്ടിക്കാര്‍ കാണണ്ടേ? അങ്ങേരെ ഇപ്പോഴും അവര്‍ പോളിറ്റ് ബ്യൂറോയില്‍ എടുത്തിട്ടില്ലല്ലോ?

മോനെ, അത് അവരുടെ പാര്‍ട്ടിയിലെ വിഭാഗീയതയും അഭ്യന്തര പ്രശ്നങ്ങളും മൂലമാണ്. ഉള്‍പാര്‍ട്ടി  ജനാധിപത്യം അവരുടെ പാര്‍ട്ടിയില്‍ അനുവദിച്ചിട്ടുണ്ട്. അതോണ്ടല്ലേ അവരെല്ലാരും ഒരുമിച്ചിരുന്നു ദിനേശ് ബീഡി വലിക്കുന്നത്. എന്നുകരുതി പാര്‍ട്ടിയിലെ ബുദ്ധിജീവിയായ പാര്‍ട്ടി സെക്രെട്ടറിയെ അങ്ങേര് 'കൊഞ്ഞനം' കുത്താവോ?  അതോണ്ടല്ലേ അങ്ങേരെ തിരിച്ചു പോളിറ്റ് ബ്യൂറോയില്‍ എടുക്കാത്തത്.

മോനെ, പറഞ്ഞു പറഞ്ഞു നമ്മള്‍ ഫോറെസ്റ്റ് കേറി. നീ എന്തിനാ നേരത്തെ M K  ഗാന്ധിയെ കുറിച്ച് ചോദിച്ചത്?

മമ്മി, ഇന്നലെ എന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ ഒരു SMS വന്നിട്ടുണ്ട്.

എന്ത്? നിന്റെ മോബൈലിലോട്ട് M K  ഗാന്ധിയുടെ SMS ഓ ?

അതെ മമ്മി , ഞാന്‍ നെഹ്‌റു മുത്തച്ഛന്റെ BSNL സിം ആണല്ലോ ഉപയോഗിക്കുന്നത്! പുള്ളിയുടെ ലൈഫ് ലോങ്ങ്‌ വാലിഡിറ്റി സിം ആയിരുന്നല്ലോ!

ഓഹോ അങ്ങനെ., നീ ആ മെസ്സേജ് ഒന്ന് വായിച്ചേ.

ഇതാണ് മമ്മി ആ മെസ്സേജ് . "പ്രിയ നെഹ്‌റു , നമുക്ക് സ്വാതന്ത്ര്യം കിട്ടി. അഭിനന്ദനങ്ങള്‍ !! നാളെ വൈകിട്ടൊന്നു നമുക്ക് കൂടണ്ടേ"?

എന്റെ അന്ത്രോളീസ് പുണ്യാള!! 1947 ആഗസ്റ്റ്‌ 14 നു അര്‍ദ്ധരാത്രി അയച്ച മെസ്സേജ് ആണോ ഇന്നലെ അര്‍ദ്ധരാത്രിക്ക് കിട്ടിയത്? നമ്മുടെ BSNL ന്റെ ഒരു കാര്യമേ! ഇത്രയും ഫാസ്റ്റ് ആണെന്ന് ഞാന്‍ കരുതിയില്ല.

മമ്മി,ഞാന്‍ അന്നേ പറഞ്ഞതല്ലേ ഈ  BSNL ഉം കൂടി വല്ല റ്റാറ്റായ്ക്കോ ബിര്‍ളയ്ക്കോ തൂക്കി വില്‍ക്കാന്‍.

മോനെ നമ്മള്‍ ശ്രമിക്കാഞ്ഞിട്ടാണോ ? വെറുതെ കൊടുക്കാമെന്നു പറഞ്ഞിട്ട് പോലും ആര്‍ക്കും വേണ്ട. അല്ലേലും അവിടെ വിലപിടിപ്പുള്ള എന്തേലും ഉണ്ടോ? എല്ലാം സണ്‍ ടിവിയും കലൈഞ്ജര്‍ ടിവിയും കൊണ്ട് പോയില്ലേ?

എന്തായാലും നീ ഒരു കാര്യം ചെയ്. ആ പണ്ടാരം സെര്‍വര്‍ ഒന്ന് റീ സ്റ്റാര്‍ട്ട്‌ (restart ) ചെയ്യാന്‍ നമ്മുടെ രാജയോടു വിളിച്ചു പറയ്. അങ്ങനെയെങ്കിലും അതിന്റെ സ്പീഡ് ഒന്ന് കൂടട്ടെ.

ഈ മമ്മിയുടെ ഒരു കാര്യം. ഒരു മാതിരി പൊതുജനങ്ങളുടെ  ഓര്‍മ ശക്തിയാ.!! എല്ലാം പെട്ടെന്നങ്ങ് മറക്കും.രാജയെ അഴിമതിക്കേസില്‍ CBI ക്കാര്‍ പോക്കിയതൊക്കെ മമ്മി മറന്നോ? ഇങ്ങനെയണേല്‍ മമ്മി ജോതിഷ് ബ്രഹ്മി കുടിക്കേണ്ടി വരുമെന്ന തോന്നുന്നത്!!

എടാ, എടാ ,മോനെ നീ ഒരുമാതിരി കോണ്‍ഗ്രസ്കാരുടെ തനി ഗൊണം കാണിക്കാതെ! വാരി വാരി അവസാനം പെറ്റ തള്ളയുടെ കാലു വാരാതെ.

ഓ ഈ മമ്മിയുടെ ഒരു കാര്യം! പെട്ടെന്ന് ഫീല്‍ ആകും. മുരളീധരന്റെ മനസ്സാ!!

മതി.. മതി.. നീ മമ്മിയെ കൊച്ചാക്കിയത്. നീ മന്മോഹന്‍ജിയെ വിളിച്ചിട്ട്‌ ആ 'സെര്‍വര്‍' ന്റെ കാര്യം ഒന്ന് പറഞ്ഞേര് . അങ്ങേരു ഒരു പണിയും ഇല്ലാതെ അവിടെയെങ്ങാനും ഈച്ചയെ ആട്ടി ഇരിപ്പുണ്ടാകും!

മന്മോഹന്‍ജിയുടെ കാര്യം പറഞ്ഞപ്പോഴാ മമ്മി ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌. മമ്മിയല്ലേ റിമോട്ട് വെച്ച് പുള്ളിയെ കണ്ട്രോള്‍ ചെയ്യുന്നത്? എന്നിട്ട് 'രാജ' കയ്യിട്ടു വാരുമ്പോള്‍ മമ്മി അറിഞ്ഞില്ലായിരുന്നോ ?

മമ്മിയുടെ റിമോട്ടിന്റെ ബാറ്റെരി ഒരാഴ്ച ഡൌണ്‍ ആയിരുന്നല്ലോ! ആ ഒരാഴ്ച എനിക്ക് മന്മോഹന്‍ജിയുടെ മേലെ ഒരു കണ്ട്രോളും ഉണ്ടായിരുന്നില്ല. ആ സമയത്തല്ലേ രാജ ഈ നെറികെട്ട പണിയൊപ്പിച്ചത്  .

അപ്പോള്‍ മന്മോഹന്‍ജി എന്താ എതിര്‍ക്കാതിരുന്നത് മമ്മി?

അത് നിനക്ക് പുള്ളിയുടെ സ്വഭാവം അറിയാത്തത് കൊണ്ടാണ് മോനെ. അങ്ങേരു 'ഓള്‍ ഇന്ത്യ ഗാന്ധി ഫാന്‍സ്‌ അസോസിയേഷന്റെ' പ്രസിഡണ്ട്‌ അല്ലേ?

അങ്ങേരു ഗാന്ധി ഫാന്‍സിന്റെ പ്രസിഡണ്ട്‌ ആണേല്‍ ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ച് അഴിമതി തടയുകയല്ലേ വേണ്ടത്?

ആര് പറഞ്ഞു പുള്ളി ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ചില്ല എന്ന്? പുള്ളി ഗാന്ധിയുടെ വളരെ പ്രശസ്തമായ ഒരു തത്വം അല്ലേ ഫോളോ ചെയ്തെത്?

അതേതു തത്വം ? ടെന്‍ഷനാക്കാതെ ഒന്ന് പറ മമ്മി.

നീ കേട്ടിട്ടില്ലേ 'ഒരു കവിളത്തടിച്ചാല്‍ മറ്റേ കവിളും കാണിച്ചു കൊടുക്കണം' എന്ന ഗാന്ധി തത്വം? രാജയുടെ കാര്യത്തില്‍ പുള്ളി അത് തന്നെയാ ചെയ്തത്. "രാജ ഒരു കീശേല്‍ കയ്യിട്ടപ്പോള്‍ പുള്ളി മറ്റേ കീശയും കാണിച്ചു കൊടുത്തു" വെരി സിമ്പിള്‍!!!!


കടപ്പാട്:

BSNL ന്റെ SMS delay യെ കളിയാക്കി കൊണ്ട് മുമ്പെങ്ങോ വന്ന ഒരു ഫോര്‍വേഡ് മെസ്സജിനു. പിന്നെ ചിത്രങ്ങള്‍ക്ക് പതിവുപോലെ ഗൂഗിളിനു..