ശനിയാഴ്‌ച, മേയ് 21, 2011

അറിയാത്ത പിള്ളയുടെ സാന്റ്വിച്ച് തീറ്റ!!!

രണ്ട് ദിവസത്തെ ലീവ് കഴിഞ്ഞ് ഞായറാഴ്ച ഓഫീസിലോട്ട് പോകുമ്പോള്‍ ഒരു പുതിയ വീക്ക് തുടങ്ങിയതിന്റെ ഉന്മേഷമൊന്നുമില്ല. രണ്ട് ദിവസത്തെ ഉറക്ക ക്ഷീണം കൊണ്ടാണെന്നു തോന്നുന്നു ശരീരത്തില്‍ മൊത്തതില്‍ ഒരു വേദന. പിന്നെ കമ്പനി അമ്മാവന്റെ വകയെല്ലാത്തതിനാലാ ബേഗുമെടുത്തു പതുക്കെ പുറപ്പെട്ടത്. 9 മണിക്ക് മുന്‍പേ ഓഫീസില്‍ എത്തി.ആള്‍ക്കാരോക്കെ വന്നു തുടങ്ങുന്നതേയുള്ളൂ. പ്രിഥ്വിരാജിന്റെ പടം കളിക്കുന്ന തീയറ്ററീലേതു പോലെ അവിടെ ഇവിടെയായി ഒന്നു രണ്ട് പേരിരിപ്പുണ്ട്. ബേഗ് തുറന്ന് ലാപ്ടോപ് എടുത്തു ഡെസ്കില്‍ വച്ച് കിച്ചണില്‍ പോയി ഒരു ചായയും എടുത്തോണ്ട് സീറ്റില്‍ വന്നിരുന്നു. പിന്നെ ലാപ്‌ടോപ് ഓപെണ്‍ ചെയ്ത് പതിവു പ്രോഗ്രാമുകള്‍. 'മാധ്യമ വിചാരം', 'ലോകം പോയ വാരം', 'സിനിമ ഡയറി'.അതു കഴിഞ്ഞ് ജീമെയില്‍,യാഹൂ,ഫേസ് ബുക് എന്നിവയിലൂടെയൊരു ഓട്ട പ്രതക്ഷിണം.പത്തു മണി ആയപ്പോഴേക്കും ഈ കലാപരിപാടികള്‍ ഒക്കെ തീര്‍ന്നു.

സണ്‍ഡേ ആയതിനാല്‍ പ്രോജക്റ്റ് മീറ്റിങ്ങുണ്ട്. UDF മീറ്റിങ്ങ് പോലെ വിശാലമായ ഒരു മീറ്റിങ്ങാണ്‌.എല്ലാ ഘടകകക്ഷികളും ഉണ്ടാവും. ഡെവലപ്‌മെന്റ് ടീമും, QA ടീമും,BA ടീമും അങ്ങനെ എല്ലാ പണ്ടാരങ്ങളും. ഈ മീറ്റിങ്ങിലാണ്‌ പണി കൊടുക്കല്‍, പണി വാങ്ങീക്കല്‍, പാര വയ്ക്കല്‍, മുന്നിന്നു കുത്തല്‍,പിന്നീന്ന് കുത്തല്‍ എന്നീ രാഷ്ട്രീയ കലാപരിപാടികള്‍ അരങ്ങേറുന്നത്‌. 

"ഇന്നത്തെ മീറ്റിങ്ങില്‍ ആ ഡെവെലെപെര്‍ക്കിട്ട് ഒരു ഒന്നൊന്നര പണി കൊടുക്കണം". ഞാന്‍ മനസ്സില്‍ കരുതി. ഏതു ഡെവെലെപര്‍ എന്നല്ലേ? ടീമില്‍ ഒരു ജോര്‍ദാനിയന്‍ ഡെവെലെപര്‍ ഉണ്ട്. അറബി ഭാഷ അറിയാവുന്നതു കൊണ്ട് അവന്റെയൊക്കെ വിജാരം അവന്മാരു മേലാളന്മാരും നമ്മള്‍ അടിയാളന്മാരുമാണെന്നാ. ഇവനൊക്കെ ദുബായില്‍ ഇപ്പോള്‍ വന്നല്ലേയുള്ളൂ. നമ്മള്‍ ഇന്ത്യക്കാരുടെ കഠിനാധ്വാനം കൊണ്ടാണ്‌ ദുബായ് ഇന്നത്തെ നിലയില്‍ ആയതെന്ന് ആ തെണ്ടിയ്ക്കറിയില്ലെന്നു തോന്നുന്നു. കുഴപ്പമില്ല ഞാന്‍ വഴിയേ അറിയിച്ചോളാം!!  

കഴിഞ്ഞ ദിവസം അവനോട് ഒരു ഡൗട്ട് ചോദിക്കാന്‍ ചെന്നപ്പോള്‍ എന്തായിരുന്നു അവന്റെ ജാഡ. "I am little busy now. Can u come after some time". അരമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ചെന്നപ്പോഴും അതെ 'template' തന്നെ. എന്തു ബിസി? ജീമെയിലും ഓപെണ്‍ ചെയ്തു ചാറ്റ് ചെയ്യുകയാ. ഞാന്‍ വരുന്നതു കണ്ടപ്പോഴേക്കും 'Visual Studio ' യിലേക്ക് സ്വിച്ച് ഓവര്‍ ചെയ്തതാണ്‌. എപ്പോള്‍ ഡൗട്ട് ചോദിച്ചാലും അവന്റെ മോന്തയിലെ ഭാവ പ്രകടങ്ങള്‍ കണ്ടാല്‍ തോന്നും ഞാനെന്തോ അവന്റെ പെങ്ങളെ കെട്ടിച്ചു തരുമോ എന്നാ ചോദിച്ചതെന്ന്.!! ഈ ലെവനിട്ടാണ്‌ ഞാന്‍ പണി കൊടുക്കാന്‍ പോണത്‌. 'ഡിഫക്റ്റ് റിപ്പോര്‍ട്' എന്ന വജ്രായുധം എന്റെ കയ്യില്‍ ഉള്ള കാലത്തോളം മീറ്റിങ്ങ് റൂമില്‍ അവന്‍ പാര്‍ലമെന്റില്‍ ഇരിക്കുന്ന 'അഴഗിരി'യെ പോലെയാണ്‌.മിണ്ടാട്ടം ഉണ്ടാവില്ല..എന്നോടാ അവന്റെ കളി!!

എന്തായാലും മാനേജര്‍ വന്നാലെ മീറ്റിങ്ങ് തുടങ്ങുള്ളൂ. ഞാന്‍ സീറ്റീന്ന് മുഴുവനായി എഴുനേല്‍ക്കാതെ ആസനം 4 ഇഞ്ച് പൊക്കി മാനേജരുടെ കേബിനിലോട്ട് എത്തി നോക്കി. അങ്ങേരെത്തിയിട്ടില്ല. അങ്ങേരുടെ വീട്ടിലെ കോഴിക്ക് 'കേന്‍സര്‍' ആണെന്നു തോന്നുന്നു.പുള്ളി എന്നും 11 മണിക്കെ എത്തുള്ളൂ. അതുകൊണ്ട് തന്നെയാ അങ്ങേരു മീറ്റിങ്ങ് 11 മണിക്കു വച്ചത്‌. അല്ലേലും മാനേജര്‍മാര്‍ "Regularly Irregular" ആണല്ലോ!! എന്തായാലും പുള്ളി പതിവുപോലെ 11 നു തന്നെ എത്തി. മീറ്റിങ്ങ് തുടങ്ങിയതും ബാക്കിയെല്ലാം പതിവു പോലെ. മിമിക്രി,മോണോ ആക്റ്റ്,ചവിട്ടു നാടകം etc.....ഇതിലും ഭേദം നിയമസഭയാണ്‌. പിന്നെ ആകെയുള്ള ആശ്വാസം എല്ലാരും പാന്റായതിനാല്‍ മുണ്ട് പൊക്കിക്കാണിക്കില്ല.ഒരു മണിക്കൂറെടുത്തു മീറ്റിങ്ങ് തീരാന്‍. കുറ്റം പറഞ്ഞും, ചീത്ത വിളിച്ചും, ചീത്ത കേട്ടും ആകെ അവശനായി. എനി എന്തായാലും ഒരു ചായയൂടെ കുടിച്ചിട്ടാവാം ബാക്കി ജോലി. ഓഫീസില്‍ ഒരു ദിവസം എല്ലാരും കൂടി കുടിക്കുന്ന ചായയുണ്ടേല്‍ നാട്ടില്‍ ഇടത്തരം കുടുംബത്തിനു ഒരു വര്‍ഷം മുഴുവന്‍ കുടിക്കാന്‍ പറ്റും.

എന്റെ ഓഫീസ് ബില്‍ഡിങ്ങ്
സാധാരണ എല്ലാ IT ക്കാരെയും പോലെ ഞാനും കുറച്ചു നേരം ജോലി ചെയ്തും, ബാക്കി നേരം ചാറ്റ് ചെയ്തും ,പഞ്ചാരയടിച്ചും ഒരു വിധം ഉച്ചയാക്കി. IT ക്കാര്‍ക്ക് ഞാനായിട്ട് ഒരു പേരുദോഷം ഉണ്ടാക്കരുതല്ലോ? ഇനി ലഞ്ച് ബ്രൈക്കാണ്‌. ടീം മാറ്റ്സ് എല്ലാരും ടിഫിന്‍ കൊണ്ട് വന്നിട്ടുണ്ട്. സാദാരണ ഞാനും ലഞ്ച് കൊണ്ട് വരാറുണ്ട്. ഫുഡ് ഉണ്ടാക്കിത്തരാറുള്ള ചേച്ചിക്ക് വയ്യാത്തതു കൊണ്ട് ലഞ്ച് കൊണ്ടുവരാന്‍ പറ്റിയില്ല.പുറത്തു പോയി കഴിക്കാതെ വേറെ വഴിയില്ല.

ഇനി എന്റെ ഓഫീസ് ബില്‍ഡിങിനെ കുറിച്ചൊരു ഐഡിയ തരാം. പത്തമ്പതു നിലയില്‍ നീണ്ട് നിവര്‍ന്ന് കിടക്കുന്ന ആ ഹിഡുംബന്‍ കെട്ടിടത്തില്‍ എന്നെപ്പോലെ സാദാരണക്കാര്‍ കേരുന്ന ഹോട്ടെലോ, കഫ്റ്റീരിയയോ ഇല്ല. എല്ലാം 'ഹൈ ഫൈ' ഐറ്റെംസാണ്‌. SubWay, Pastaga, Costa. ഒരു മാതിരി വയറിളക്കത്തിന്റെ മരുന്നിന്റെ പേരുപോലെ. ഇതുവരെയായിട്ട് ഇവിടെയൊന്നും തലവെച്ച് കൊടുക്കേണ്ട ആവശ്യം വന്നിട്ടില്ല. 

ഇതിനു മുന്‍പ് ജബെല്‍ അലിയില്‍ ആയിരുന്നു. അവിടെ എല്ലാം മലയാളികളുടെ ഹോട്ടെല്‍സാണ്‌. മോട്ട റൈസും പൊറോട്ടയുമൊക്കെയാ അവിടുത്തെ ലഞ്ച് വിഭവങ്ങള്‍. അത് കൊണ്ട് തന്നെ ഈ സാന്റ്വിച് സംസ്കാരം നമുക്കു വല്യ പിടിയില്ല.ഈ ഓഫീസില്‍ ജോയിന്‍ ചെയ്തിട്ട് ഒരു മാസമേ ആയുള്ളൂ. ഇന്നാദ്യമായിട്ടാ പുറത്തുനിന്ന് കഴിക്കേണ്ടിയും വരുന്നത്‌.

എന്റെ പ്രൈമെറി അനാലിസിസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് 'SubWay' യാണ് കുറച്ചൂടെ എക്കണോമിക്. അപ്പോള്‍ അതു തന്നെ പരീക്ഷിക്കാം.എങ്കിലും ചെറിയ ഒരു പ്രശ്നമുണ്ട്. അവരുടെ 'മെനു' എനിക്ക് വശമില്ല.ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍ മലയാളിയുടെ അഭിമാന ബോധം സമ്മതിക്കുന്നില്ല. "ങാ ..ഇങ്ങനെയൊക്കെയല്ലേ പഠിക്കുക. അല്ലാതെ ആരെയും 'SubWay' യുടെ കൗണ്ടറിലോട്ട് പെറ്റിടില്ലല്ലോ" എന്നു മനസ്സിലോര്‍ത്ത്‌ കൊണ്ട് പതുക്കെ കൗണ്ടറിലോട്ട് മാര്‍ച്ച് ചെയ്തു.

അത്യാവശ്യം തിരക്കുണ്ട്. ആളുകള്‍ 'Q' നിന്നാണ് ഓര്‍ഡര്‍ ചെയ്യുന്നത്. ബീവറേജസിലെ 'Q' വിന്റെ അത്രേം ഇല്ലേലും സാമാന്യം വലുതാണ്‌ നമ്മുടെ 'Q' വും. 'Q' വില്‍ നില്‍ക്കുന്ന ഗ്യാപ്പില്‍ ഡിസ്പ്ലേ ബോര്‍ഡിലെ മെനുവിലോട്ട് ഞാന്‍ ഒന്നു കണ്ണോടിച്ചു. എല്ലാം കടും കട്ടി പേരുകള്‍ , പേരു മാത്രമല്ല വിലയും കട്ടിയാണ്‌. ആ കൂട്ടത്തില്‍ നിന്നും വായില്‍ കൊള്ളാവുന്ന പേരുള്ള  ഒന്ന് രണ്ട് ഐറ്റംസ് കണ്ടുപിടിച്ചു. 'ചിക്കന്‍ ടിക്ക സാന്റ്വിച്',' ട്യൂണ സാന്റ്വിച്'. വിലയും നോര്‍മലാണു. 16 ദിര്‍ഹം.എന്തായാലും ജട്ടിയില്‍ ഓട്ട വീഴില്ല. മീന്‍ എനിക്കു പണ്ടു മുതലേ അലര്‍ജിയായതിനാല്‍ ട്യൂണ വേണ്ട. ചിക്കന്‍ ടിക്ക തന്നെ പറയാം. 

എന്റെ ഊഴം എത്തിയതും കൗണ്ടറിലുള്ള ഫിലിപ്പീനി പതിവുപോലെ 'Good After Noon' ല്‍ തുടങ്ങി. സിനിമ കാണാനാണോ അതോ ഐസ് ക്രീം കഴിക്കാനാണോ പോവേണ്ടത്‌ എന്നു ചോദിച്ചാലോ എന്നാലോചിച്ചതാ. അവള്‍ ഫ്രെന്റ്സ് സിനിമ കണ്ടിട്ടുണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ വല്യ സാഹസത്തിനൊന്നും മുതിരാതെ തിരിച്ചു വിഷ് ചെയ്തു, അവളുടെ അടുത്ത ചോദ്യത്തിനായി കാത്തു നിന്നു.

അവള്‍ ചിരിച്ചോണ്ട് എന്റെ മുഖത്ത് നോക്കി നില്‍പ്പാണ്‌. എന്റെ മുഖത്തെ സൗന്ദര്യം ആസ്വദിച്ചു മതിയായതിനാലാണോ അതോ ഞാനൊന്നും മൊഴിയാത്തതിനാലാണോ എന്നറിയില്ല അവള്‍ തന്നെ സൈലന്‍സ് ബ്രൈക് ചെയ്തു. 'Yes Sir. Order Please '. യാതൊരു ശങ്കയും കൂടാതെ ഞാന്‍ ഓര്‍ഡര്‍ പറഞ്ഞു. വണ്‍ 'ചിക്കന്‍ ടിക്ക സാന്റ്വിച്'.

ഇതൊക്കെ നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ നില്‍ക്കുമ്പോളാണ്‌ അവളുടെ അടുത്ത ശോദ്യം.Which Bread? ഏയ്  എനിക്ക് അങ്ങനെയൊന്നുമില്ല..അവള്‍ വിടാനുള്ള ഭാവമില്ല.വീണ്ടും എന്റെ മുഖത്ത് തന്നെ നോക്കി നില്പ്പാണ്‌. നേരത്തെ എന്റെ മുന്‍പില്‍ നിന്നിരുന്ന സായിപ്പ് 'വൈറ്റ്' ബ്രെഡെന്ന് പറയുന്നത്‌ കേട്ടിരുന്നു. തല്‍ക്കാലം ഞാനും അതു തന്നെ Copy Paste ചെയ്തു.

ഹോ രക്ഷപ്പേട്ടല്ലോ എന്നു കരുതി ആശ്വസിക്കുമ്പോഴാണ്‌ ലവളുടെ അടുത്ത ശോദ്യം. @#$%%!&*&*&^%$? എന്താ മോളെ? മനസ്സിലായില്ലല്ലോ.Can you repeat it? എന്ന് ചോദിക്കാന്‍ അഫിമാന ബോധം സമ്മതിക്കുന്നില്ല. രണ്ടും കല്പിച്ച് എന്‍ട്രന്‍സ് എക്സാമിനു കറക്കി കുത്തും പോലെ ഞാനും 'Yes' ല്‍ തന്നെ കുത്തി. തല്‍ക്കാലം ഈ കൗണ്ടറിലുള്ള കലാപരിപാടി കഴിഞ്ഞു.

രണ്ടാമത്തെ കൗണ്ടറിലുള്ള ഫിലിപ്പീനി ബ്രെഡിന്റെ അകത്ത് സാലഡും സോസുമൊക്കെ നിറയ്ക്കുകയാണ്‌.ഇവളെ കണ്ടാല്‍ നേരത്തെ കണ്ട ഫിലിപ്പീനിയുടെ ഫോട്ടോ സ്റ്റാറ്റ് ആണെന്നെ തോന്നുള്ളൂ.ഇവളുടെ വകയും ഒരു ചോദ്യം.സാന്റ്വിച്ചില്‍ എന്തൊക്കെ ചേര്‍ക്കണം? അയ്യേ....ഇതൊന്നും അറിയാതെയാണോ ഇറുങ്ങിയ ടീ ഷര്‍ട്ടും, തൊപ്പിയുമിട്ട് ഇളിച്ചോണ്ടിരിക്കുന്നത്.

ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അവള്‍ ചോദ്യം ആവര്‍ത്തിച്ചു. What u need in the sandwich? ഓഹോ..അതാണോ!.അല്ലാതെ എന്നോട് ട്യൂഷന്‍ എടുക്കാന്‍ ആവശ്യപ്പെട്ടതല്ലേ.. എന്റെ പൊന്നു പെങ്ങളേ വേറെ വഴിയില്ലാത്തതു കൊണ്ട് കേറിയതാണെ.നിങ്ങള്‍ക്ക് ഇഷ്ടമുള്ളതൊക്കെ ചേര്‍ത്തോളൂ. അവള്‍ അതു വേണോ ഇതു വേണോ എന്ന് ചോദിച്ചതിനൊക്കെ ഞാന്‍ Yea...Yea തട്ടിവിട്ടു. അവസാനം സാന്റ്വിച്ച് ഡെലിവെറിക്ക് റെഡിയാണെന്നും അടുത്ത കൗണ്ടറില്‍ കാഷ് അടച്ച് കൈപ്പറ്റാമെന്നും അറിയിപ്പ് കിട്ടി.

അടുത്ത കൗണ്ടറിലെത്തി ബില്‍ കൈപ്പറ്റി ടോട്ടല്‍ നോക്കിയതും എന്റെ കണ്ണില്‍ ഇരുട്ട് കേറി.24 ദിര്‍ഹം. അതെങ്ങനെ സംഭവിച്ചു? 16 ആയിരുന്നല്ലോ ഡിസ്പ്ലേയില്‍. ഇതെന്ത് വെള്ളരിക്ക പട്ടണമോ? പകല്‍ കൊള്ള നടത്താന്‍ ഇതെന്താ സപ്ലൈകയുടെ സൂപ്പര്‍മാര്‍ക്കറ്റോ??? എന്നെപ്പോലെ ബുദ്ധിമാനായ ഒരു മലയാളിയെ പറ്റിക്കുന്നോ! വിടില്ല ഞാന്‍..വിടില്ല...ഡിസ്പ്ലേ ബോര്‍ഡിലേക്ക് കൈ ചൂണ്ടി കൊണ്ട് കേഷ് കൗണ്ടറില്‍ ഇരിക്കുന്ന ഫിലിപ്പീനി കൊച്ചിനോട് ഞാന്‍ കയര്‍ത്തു."How come 24 DHM? As per your board its 16 DHM only?"

"ഓഹോ ഇതാണോ വലിയ കാര്യം എന്ന ഭാവത്തില്‍ അവള്‍ വളരെ സിമ്പിളായി ആ നഗ്ന സത്യം വെളിപ്പെടുത്തി."Sir 16 DHM is for 6inch.You have ordered for footlong." അതെന്ത്‌ കോപ്പ്?? അതെപ്പോള്‍ സംഭവിച്ചു? എവിടെയോ ഒരു സ്പെല്ലിങ്ങ് മിസ്റ്റേക്ക്. ഞാന്‍ കറക്കിക്കുത്തിവിട്ട ആ ചോദ്യത്തിലാണോ പിഴച്ചത്. എന്തായാലും 'Recycle Bin' ല്‍ കെടന്ന ആ ചോദ്യം റീസ്റ്റോര്‍ ചെയ്തു ഒന്നൂടെ പ്ലേ ചെയ്തു നോക്കി. ദൂയു വാന്ത് ഫൂത്‌ലോങ് ? എന്തൂട്ട്!! സംഭവം അങ്ങട് ക്ലിയര്‍ ആവുന്നില്ല. ഒന്നൂടെ സ്ലോ മോഷനില്‍ പ്ലേ ചെയ്തു നോക്കി. ഇപ്പോ കാര്യങ്ങടെ കിടപ്പു ഏതാണ്ട്  പിടി കിട്ടി. "Do u want footlong?"  എന്ന ചോദ്യമാണ്‌ ഞാന്‍ 'Yes' പറഞ്ഞു വിട്ടത്.

അപ്പോള്‍ അമളി പറ്റിയത് എനിക്കാണല്ലേ! വേറെ ചോദ്യങ്ങളൊന്നും ചോദിക്കാതെ കാശു കോടുത്തപ്പോള്‍ ഫിലിപ്പീനിയുടെ ഒടുക്കത്തെ ചോദ്യം."Shall I make it a Meal? ". പിന്നെ ഒരു പൊതി ചോറും കൂടെ ഒരു മീന്‍ പൊരിച്ചതും തരട്ടെ എന്നോന്നുമല്ലല്ലോ, ഒരു ചെറിയ പെപ്സിയും 2 പീസ് ഫ്രൈസും തന്നിട്ട് 8 DHM അതിനും വാങ്ങാന്‍ അല്ലേ? എന്റെ പട്ടിക്ക് വേണം."No Thanks".

"വല്യ ചോദ്യങ്ങളൊന്നും ചോദിക്കാതെ ആ സാന്റ്വിച്ച്‌ ഇങ്ങോട്ട് തന്നാല്‍ എനിക്ക് പോകാമായിരുന്നു".

"ഇന്നാ കൊണ്ട് പോയി തിന്ന് പണ്ടാരമടങ്ങ്" എന്ന് പറ്ഞ്ഞ് ഒരു വലിയ ട്രേ എടുത്ത് എന്റെ കയ്യിലോട്ട് തന്നു. എന്റമ്മോ..ട്രേയിലെ സാന്റ്വിച് കണ്ടതും എന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി ക്ലോക്കിന്റെ പെന്റുലം പോലെ ആടാന്‍ തുടങ്ങി..ക്രിക്കറ്റ് ബാറ്റിന്റെ വലുപ്പത്തില്‍ ഒരു മുഴുത്ത ഭീമാകാരന്‍ സാന്റ്വിച്. ചിരിക്കണോ കരയണോ എന്നറിയാതെ ട്രേയും എടുത്തു മൂലയിലെ ഒഴിഞ്ഞ സീറ്റില്‍ പോയിരുന്നു. കുറച്ചു നേരം സാന്റ്വിചിന്റെ ഭീമാകാരത്വവും മനോഹാരിതയും ആസ്വദിച്ച് പതുക്കെ കഴിക്കാന്‍ തുടങ്ങി. 

രണ്ട് പീസ് അകത്തായപ്പോഴേക്കും ദാഹിച്ചിട്ട് നാവു വരളാന്‍ തുടങ്ങി. പെപ്സിയെടുത്തോളാന്‍ ഫിലിപ്പീനി പറഞ്ഞതാ. ഞാനാ വേണ്ടാന്ന് പറഞ്ഞത്‌. വീണ്ടും പെപ്സി വാങ്ങിച്ചാല്‍ നാണക്കേടാണ്‌. മലയാളികളുടെ Dignity..ഹേയ്..അതു കളഞ്ഞു കുടിക്കാന്‍ പാടില്ല.

വേറെ എന്താണ്‌ വഴി? പാതി കഴിച്ചിട്ട് ബാക്കി കളഞ്ഞാലോ? ഏയ്..ഒരിക്കലും പാടില്ല. 24 DHM എന്നാല്‍ നാട്ടിലെ 300 രൂപയോളം വരും. അതോര്‍ത്തപ്പോള്‍ എനിക്കു വാശി അസ്ഥിക്ക് പിടിച്ചു. ചുമ്മാ വലിച്ചു വാരി തിന്നാല്‍ അപകടം വല്ലതും പറ്റുമോ? സന്തോഷ് പണ്ഡിറ്റിന്റെ 'ക്രിഷ്ണനും രാധയും' പാട്ട് കേട്ടിട്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നില്ലേ! അതിലും വലുതാണോ ഒരു സാന്റ്വിച് തിന്നിട്ട് അപകടം പറ്റാന്‍! 

സ്ലീപ്പിങ്ങ് പില്‍സ് കഴിച്ച് എന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ഹനുമാനെ, സുഘ്രീവന്‍ ആ പരിസരത്തൊന്നും ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെ വിളിച്ചെഴുനേല്പിച്ച് തന്റെ ശക്തിയേയും കഴിവിനേയും കുറിച്ച് ബോധിപ്പിച്ചു.

"മകനെ നീ ഹനുമാനാണ്‌. നിനക്കു നിന്റെ ശക്തി അറിയാത്തതു കൊണ്ടാണ്‌. നീ കുട്ടിയായിരുന്നപ്പോള്‍ നാട്ടിലെ കലാസമിതിയുടെ ഓണാഘോഷത്തിന്‌ നടന്ന 'ബ്രെഡ് തീറ്റ' മത്സരത്തില്‍ വെള്ളം കുടിക്കാതെ എന്തോരം ബ്രെഡ് അകത്താക്കിയിരിക്കുന്നു! അതിന്റെ അടയാളമാണ്‌ നിന്റെ മുമ്പില്‍ തൂങ്ങിക്കിടക്കുന്ന ചീന ഭരണി പോലത്തെ കുടവയര്‍. ആ പാരമ്പര്യവും അനുഭവ സമ്പത്തും ഉള്ള നിനക്കിതൊക്കെ വെറും 'ജുജുബി' കേസ്. നിന്നെ കൊണ്ടിതു ചെയ്യാന്‍ പറ്റും..Come On. Come On.."

പൊക്കി വിടാന്‍ ആളുണ്ടേല്‍ ഏതു പട്ടിക്കും ചന്ദ്രനില്‍ വരെ പോകാം.അപ്പോഴാണോ ഈ ഞാന്‍! അങ്ങനെ എന്റെ കഴിവും ശക്തിയും തിരിച്ചറിഞ്ഞ ഞാന്‍  20 മിനിറ്റിനുള്ളില്‍ നമ്മുടെ സാന്റ്വിചിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്തയിലാക്കി.മഴക്കാലത്ത് മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്ന പോലെ എന്റെ കണ്ണീന്നും മൂക്കീന്നും ചീറ്റിയ വെള്ളമൊക്കെ ടിഷ്യൂ വെച്ച് തുടച്ച് ക്ലീനാക്കി ഒരു മുട്ടന്‍ ഏംബക്കവുമിട്ട് പതുക്കെ പുറത്തേക്ക് നടന്നു.

ഈ ലോകത്തിനു ഒന്നും സംഭവിക്കാത്ത മട്ടില്‍ ഓഫീസിലെത്തി സീറ്റിലിരുന്നപ്പോള്‍ അറിയാതെ ഓര്‍ത്തുപോയി. "അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും" എന്നു പറഞ്ഞ ആ മഹാനെ നേരിട്ടു കാണാന്‍ പറ്റിയെങ്കില്‍ ഒരു ഷേക് ഹാന്റ് കൊടുക്കാമായിരുന്നു...


വാല്‍ക്കഷ്ണം:
എന്നെപ്പോലെ അബദ്ധം പറ്റാതിരിക്കാന്‍ SubWay യുടെ മെനു താഴെ കൊടുത്തിരിക്കുന്നു.

21 അഭിപ്രായങ്ങൾ:

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

കഥയും കവിതയും സാമൂഹ്യ വിമര്‍ശനങ്ങളുമൊക്കെ നമുക്കു പറഞ്ഞ പണിയെല്ലാത്തതിനാലും, അതു അറിയാവുന്നവര്‍ മനോഹരമായി ചെയ്യുന്നതു കൊണ്ടും, അതിനൊന്നും മുതിരാതെ എനിക്കു പറ്റിയ മണ്ടത്തരങ്ങളും അമളികളും ഇവിടെ കുത്തികുറിക്കുന്നു.ഇഷടപ്പെട്ടാലും ഇല്ലേലും അഭിപ്രായം പറയുക.

ചെറുത്* പറഞ്ഞു...

അയ്യേ....ഇതൊന്നും അറിയാതെയാണോ ഇറുങ്ങിയ ടീ ഷര്‍ട്ടും, തൊപ്പിയുമിട്ട് ഇളിച്ചോണ്ടിരിക്കുന്നത്.
ഹ്ഹ്ഹ് സംഭവം ഇഷ്ടപെട്ട്. രസിപ്പിക്കുന്ന എഴുത്ത് തന്നെ ദുബായിക്കാരാ.
നിനക്കു നിന്റെ ശക്തി അറിയാത്തതു കൊണ്ടാണ്‌. ക്യാരിയോണ്‍ :)

Unknown പറഞ്ഞു...

എഴുത്ത് നന്നായിട്ടുണ്ട് . ഞാന്‍ സബ്വെയില്‍ പോയാലും ഇങ്ങനെ ഇരിക്കും . നമുക്ക് തട്ടുകടയിലെ ദോശയും ഒമ്ളെട്ടും മരച്ചീനിയും മീനും ചോറും സാമ്പാറും ഒക്കെയാണ് പറഞ്ഞിരിക്കുന്നത് .....അതിന്റെ സ്വാദിനടുതെതാന്‍ ഈ സന്ടവിച്ചു വിചാരിച്ചാല്‍ പറ്റുമോ .....കൊള്ളാം നല്ല സ്വാഭാവികമായ എഴുത്ത്

ചാണ്ടിച്ചൻ പറഞ്ഞു...

"പിന്നെ ആകെയുള്ള ആശ്വാസം എല്ലാരും പാന്റായതിനാല്‍ മുണ്ട് പൊക്കിക്കാണിക്കില്ല"
സിപ്പൂരി കാണിച്ചു കൂടെ :-)

നല്ല രസകരമായി എഴുതിയിരിക്കുന്നു....ഫാവിയുണ്ട്....

അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ....

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

ചെറുതേ, ആദ്യമായി വന്ന് കമന്റിയതിനു വളരെ നന്ദി..

ശാലിനി, ആക്ച്യലി ഞാനും നാടനാണ്‌. വേരെ ഗതിയില്ലാത്ത്‌ കൊണ്ടാ ഇവിടെയൊക്കെ കേറേണ്ടി വരുന്നത്‌..അഭിപ്രായത്തിന്‌ നന്ദി.

ചാണ്ടിച്ചായാ, സിപ്പിന്റെ കാര്യം ഞാനും ആലോചിച്ചതാ..പിന്നെ വേണ്ടാന്നു വച്ചു. എന്തായാലും നമ്മള്‍ രണ്ടും ഒരു വണ്ടിക്ക് കെട്ടാന്‍ പറ്റുന്ന ടീമാ :-)

അക്ഷരതെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ട്. വളരെക്കാലങ്ങള്‍ക്ക് ശേഷമാണ് മലയാളം എഴുതുന്നത്‌. അതോണ്ടാണ്‌ അക്ഷരത്തെറ്റ്. ഞാന്‍ വരമൊഴിയാണ്‌ മലയാളം ടൈപ് ചെയ്യാന്‍ ഉപയോഗിക്കുന്നത്‌. വേറെ ഏതേലും നല്ല എഡിറ്റെര്‍ നിര്‍ദേശിക്കാമോ?

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

Come On. Come On..

രമേശ്‌ അരൂര്‍ പറഞ്ഞു...

ഹ ഹ ..നന്നായിട്ടുണ്ട് ...ഇത്തരം മണ്ടത്തരങ്ങള്‍ പറ്റാത്ത ആരെങ്കിലും ഉണ്ടാകുമോ ? പഴം കഞ്ഞിയും മോര് കറിയും സാമ്പാറും ചാളയും(മത്തി ) ഒക്കെ മാത്രം കഴിച്ചു ശീലിച്ചിട്ടുള്ള നമ്മള്‍ മലയാളികള്‍ ക്ക് ആഹാര കാര്യത്തില്‍ അബദ്ധം പറ്റാന്‍ ദുഫായ് വരെയൊന്നും പോകേണ്ടി വരില്ല ദുഫായ്ക്കാരാ ..:)

Jazmikkutty പറഞ്ഞു...

nannaayi ezhuthiyirikkunnu..chirikkaan vakuppund..:)

ajith പറഞ്ഞു...

ദുബായ്ക്കാരാ, അമളിയും അതു വിവരിച്ച രീതിയും വളരെ നന്നായി. വാക്കുകള്‍ കൊണ്ട് അമ്മാനമാടുകയല്ലേ? കുറിക്ക് കൊള്ളുന്ന ഉപമകളും.

ദുബായിക്കാരന്‍ പറഞ്ഞു...

അഭിപ്രായം സൊന്ന എല്ലാ പെരിയോര്‍കള്‍ക്കും തായ്മാര്‍കള്‍ക്കും ദുബായിക്കാരനുടെ മികപ്പെരിയ നന്‍ട്രി :-)

sreee പറഞ്ഞു...

ചിരിക്കാതെ പോകാൻ കഴിയില്ലല്ലോ.അസ്സൽ നർമ്മം. ഇത്ര രസമായി ഒരു പോസ്റ്റ് ഈയിടെ വായിച്ചിട്ടില്ല.

ഹാപ്പി ബാച്ചിലേഴ്സ് പറഞ്ഞു...

ഹഹ. മുണ്ടൂരുന്നില്ല, പകരം തൊപ്പിയൂരുന്നു.
കലക്കൻ. പല സിമിലാരിറ്റികളും നമ്മൾ തമ്മിൽ ഉള്ളത് കൊണ്ടാകാം വളരെ ഇഷ്ടപ്പെട്ടു പോസ്റ്റ്. ചില പഞ്ചുകൾ ശരിക്കും കലക്കിട്ടാ. ഇനിയും വരട്ടെ ഇത്തരം മണ്ടത്തരങ്ങൾ.
ദുബായിക്കാരന്റെ മണ്ടത്തരങ്ങൾ!!

ചാണ്ടിച്ചൻ പറഞ്ഞു...

ഞാന്‍ ഉപയോഗിക്കുന്നത് google transliteration ആണ്... http://www.google.com/transliterate/malayalam
ഒന്ന് ശ്രമിച്ചു നോക്കൂ...മംഗ്ലീഷില്‍ ടൈപ്പിയാല്‍ മതി...എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ എഡിറ്ററില്‍ പോയി തിരുത്താം....

mayflowers പറഞ്ഞു...

ദുബായിക്കാരന്‍ കസറി..
ചിരിപ്പിക്കുന്ന ശൈലി വളരെയിഷ്ട്ടപ്പെട്ടു.
"ഓഫീസില്‍ ഒരു ദിവസം എല്ലാരും കൂടി കുടിക്കുന്ന ചായയുണ്ടേല്‍ നാട്ടില്‍ ഇടത്തരം കുടുംബത്തിനു ഒരു വര്‍ഷം മുഴുവന്‍ കുടിക്കാന്‍ പറ്റും."
ഈ സത്യം ഒരാളെങ്കിലും വിളിച്ചു പറഞ്ഞതില്‍ സന്തോഷം!!
വായിച്ചു തീര്‍ന്നതറിഞ്ഞില്ല..
ഇനിയും ഇത്തരം പോസ്റ്റുകള്‍ മിസ്സ്‌ ആവാതിരിക്കാന്‍ ഞാന്‍ ഫോളോ ചെയ്യുന്നു.

ദുബായിക്കാരന്‍ പറഞ്ഞു...

അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി ..

ചാണ്ടിച്ചായാ ഇത് കൊള്ളാം. നിര്‍ദേശത്തിനു ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു.

Unknown പറഞ്ഞു...

താങ്കളുക്ക് വണക്കം..അവിടെ വന്നു അഭിപ്രായം ശൊല്ലിയതിന് പെരിയ നന്ട്രി.

സാന്‍ഡ്വിച്ച് പുരാണം വളരെ രസകരമായി.
ഞാനും ഫോളോ ചെയ്തു,
നമ്മളൊരു വകുപ്പാണല്ലേ..എഴുത്തിന്‍റെ കാര്യത്തില്‍ സ്വന്തം കാര്യം സിന്ദാബാദ്..

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

അപ്പൊ സബ് വെയില്‍ കയറുന്നവര്‍ക്കൊക്കെ പറ്റുന്നതാ ഇത് അല്ലെ...ഹോ..സമാധാനമായി മാഷെ..

പോസ്റ്റ്‌ കലക്കി കേട്ടോ..ചിരിപ്പിച്ചു..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ ~ex-pravasini* ആവശ്യത്തിലേറെ മണ്ടത്തരങ്ങള്‍ പറ്റിയത് കൊണ്ട് തല്ക്കാലം സ്വന്തം കാര്യങ്ങള്‍ തന്നെ എഴുതാം. സ്റ്റോക് തീര്‍ന്നാല്‍ മറ്റുള്ളവരുടെ നോക്കാം :-)

@ വില്ലെജ്മാന്‍ ,അപ്പോള്‍ ഞാന്‍ മാത്രമല്ല അല്ലേ..ആശ്വാസമായി ..അഭിപ്രായത്തിനു നന്ദി ..

shammuz പറഞ്ഞു...

very very niceee ....eeetaaaa...eppo aduthonnum ethra nalla rasamulla oru story +anubhavam vaayichittilla....thnx..carry on
by ur sis

Mr.DEEN പറഞ്ഞു...

ഇനി ശ്രദ്ധിക്കണേ മച്ചു .......
www.vellarikkaappattanam.blogspot.com

Rashid പറഞ്ഞു...

അഡ്ഡഡ്ഡഡ്ഡഡ്ഡാ....ഈ സബ്‌വേ തന്നെയാണല്ലേ ചെന്നൈയിലുള്ള സബ്‌വേ..അതേ ലോഗോ...

പശ്ശേങ്കില് മഴ കൊള്ളാതിരിക്കാന്‍ പോലും അങ്ങോട്ട്‌ കയറിയിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ