ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

ദൈവത്തിന്റെ (കുടിയന്മാരുടെ) സ്വന്തം നാട് !

ഓഫീസിലെ മറ്റു രാജ്യക്കാരായ സുഹൃത്തുക്കളോട് നാടിനെ കുറിച്ച് പറയുമ്പോള്‍ എല്ലാ പ്രവാസികളെയും പോലെ എനിക്കും നൂറു നാവാണ്.കാലാവസ്ഥയും,പ്രകൃതി ഭംഗിയും സ്വര്‍ഗ്ഗ തുല്യമായതിനാല്‍ കേരളത്തിന് 'ദൈവത്തിന്റെ സ്വന്തം നാട്' എന്നൊരു പേരുണ്ടെന്ന് പറഞ്ഞാല്‍ ഈ സുഹൃത്തുക്കള്‍ ആദ്യമൊന്നു നെറ്റി ചുളിക്കും! പിന്നെ ആലപ്പുഴയുടെയും മൂന്നാറിന്റെയും ഒക്കെ ഫോട്ടോ ഗൂഗിളില്‍ കാണിച്ചു കൊടുത്താല്‍ "Wow ! What a Beautiful Place ! Its Really a Gods Own Country"എന്ന് അത്ഭുതപ്പെടും. പക്ഷെ ഇവര്‍ അറിയുന്നില്ലല്ലോ കേരളം ദൈവത്തിന്റെയല്ല കുടിയന്മാരുടെ സ്വന്തം നാടാണെന്ന് !! ഞാന്‍ പെരുപ്പിച്ചു പറയുകയാണെന്ന് ധരിക്കേണ്ട. ഇത്തവണ അവധിക്കു നാട്ടില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ അത്തരത്തില്‍ ഉള്ളതായിരുന്നു.

കുറച്ചു കാലം മുന്‍പ് വരെ പൊതു സ്ഥലങ്ങളില്‍ കുടിയന്മാരെ കാണുന്നത് അപൂര്‍വ്വമായിരുന്നു.പക്ഷെ ഇപ്പോള്‍ ഗ്രാമങ്ങളിലെ പുഴക്കരകളും, സ്കൂള്‍ മൈതാനങ്ങളും,ഒഴിഞ്ഞ പറമ്പുകളും, നഗരങ്ങളിലെ ബസ് സ്ടാന്റ്റ് ,റെയിവേ സ്റ്റേഷന്‍, സിനിമ തിയേറ്റര്‍, പാര്‍ക്ക് തുടങ്ങി പൊതു ജനങ്ങള്‍ കൂടുന്ന എല്ലാ സ്ഥലങ്ങളും കുടിയന്മാര്‍ കയ്യടക്കിയിരിക്കുകയാണ്. മുന്‍പൊക്കെ ഇത്തരക്കാരുടെ ഉപദ്രവവും, പരാക്രമണവും സ്വന്തം വീട്ടുകാര്‍ മാത്രം സഹിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇവരുടെ ചെയ്തികള്‍ സമൂഹം മുഴുവന്‍ സഹിക്കണം എന്ന ഗതികേടിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നത് !

വെറും രണ്ടാഴ്ച മാത്രം നാട്ടില്‍ നിന്ന എനിക്ക് നേരിട്ടോ അല്ലാതെയോ പല തവണ കുടിയന്മാരുടെ ചെയ്തികള്‍ക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഒരു സുഹൃത്തിന്റെ കല്യാണം കൂടാന്‍ ഫാമിലിയോടൊപ്പം തൃശ്ശൂരില്‍ പോയി തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ വെച്ചായിരുന്നു ആദ്യ അനുഭവം. ട്രെയിന്‍ ഷൊര്‍ന്നൂര്‍ എത്തിയപ്പോള്‍ മൂന്നാല് ചെറുപ്പക്കാര്‍ കയറി ഞങ്ങടെ അടുത്ത സീറ്റില്‍ ഇരുന്നു. ആദ്യമൊന്നും ഈ മാന്യന്മാര്‍ ഒരു കുഴപ്പവും ഉണ്ടാക്കിയില്ല. ഇടക്കെപ്പോഴോ മദ്യത്തിന്റെ മണം വന്നപ്പോള്‍ അതിന്റെ ഉറവിടം കണ്ടു പിടിക്കാന്‍ വേണ്ടി ഞാന്‍ എല്ലാരേയും ശ്രദ്ധിക്കാന്‍ തുടങ്ങി. 

അടുത്തിരിക്കുന്ന ചെറുപ്പക്കാര്‍ രണ്ടു പേരായിട്ട് ഇടയ്ക്കിടെ ടോയിലെറ്റിന്റെ ഭാഗത്തേക്ക്‌ പോകുന്നത് കണ്ണില്‍ പെട്ടപ്പോഴാണ് പട്ടാപകല്‍ ട്രെയിനില്‍ വെച്ച് വെള്ളമടിക്കുകയാണെന്ന സത്യം മനസ്സിലായത്.മൂന്നാല് പ്രാവശ്യം ടോയിലെറ്റില്‍ പോയി വന്നതിനു ശേഷം ഇവരുടെ സംസാരവും ചിരിയും കൈ കൊട്ടലും വളരെ ഉച്ചത്തില്‍ ആയി. അടുത്ത സീറ്റുകളില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്നൊരു ഭാവം തരിമ്പു പോലും അവരില്‍ കണ്ടില്ല. മറ്റു യാത്രക്കാര്‍ ആരെങ്കിലും ഒന്ന് പ്രതികരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചെങ്കിലും 'ഇതൊക്കെ സഹിക്കാന്‍ നമ്മള്‍ ശീലിച്ചിരിക്കുന്നു'എന്ന ഭാവേനെ എല്ലാരും അവരവരുടെ ലോകത്തില്‍ മുഴുകി ഇരുന്നു. മാറി ഇരിക്കാന്‍ വേറെ സീറ്റ് ഇല്ലാത്തത് കൊണ്ട് കോഴിക്കോട് വരെ അവരുടെ ഉപദ്രവം ഞങ്ങളും സഹിച്ചിരുന്നു !

വൈഫിന്റെ കൂടെ കാലിക്കറ്റ്‌ യൂനിവേര്സിടിയില്‍ പോയി തിരിച്ച് ബസ്സില്‍ വരുമ്പോള്‍ ഉണ്ടായ അനുഭവം ഓര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ഓക്കാനം വരും. രാമനാട്ടുകരയ്ക്ക് അടുത്തുള്ള ട്രാഫിക് സിഗ്നലില്‍ ബസ്‌ നിറുത്തിയിട്ടിരിക്കുകയാണ്. ഞാന്‍ സൈഡ് സീറ്റില്‍ ഇരുന്നു പുറം കാഴ്ചകള്‍ കാണുമ്പോഴാണ് എന്റെ ശ്രദ്ധ റോഡിന്റെ ഓരത്തുള്ള ഇലക്ട്രിക്‌ പോസ്റ്റില്‍ പിടിച്ചു നില്‍ക്കുന്നൊരു കുടിയനില്‍ പതിഞ്ഞത്. അയ്യപ്പ ബൈജുവിനെ ഓര്‍മിപ്പിക്കുന്ന പ്രകൃതം ഉള്ളത് കൊണ്ടാവാം സൈഡ് സീറ്റില്‍ ഇരിക്കുന്ന മിക്കവാറും പേര്‍ അവനെ തന്നെയാണ് നോക്കുന്നത്. പെട്ടെന്ന് അയാള്‍ പോസ്റ്റിലെ പിടി വിട്ട് ഉടു മുണ്ടഴിച്ച് ദൂരെ എറിഞ്ഞ് ഞങ്ങളെ നോക്കി സ്വതന്ത്രനായി നിന്നു. കണ്ണടയ്ക്കാന്‍ പോലും സമയം കിട്ടുന്നതിനു മുന്‍പ് ആ വൃത്തികെട്ട കാഴ്ച എനിക്ക് ഒരു നിമിഷത്തേക്കെങ്കിലും കാണേണ്ടി വന്നു. ബസ്സില്‍ കയറിയ ഉടനെ ഉറങ്ങുന്ന ശീലമുള്ളത് കൊണ്ട് വൈഫ്‌ ആ കാഴ്ച കാണാതെ രക്ഷപ്പെട്ടു.

ഈ രണ്ടു സംഭവങ്ങളും മാനസികമായി ചെറിയ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും ശാരീരികമായി എനിക്കോ വൈഫിനോ ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയല്ല. പക്ഷെ ലീവ് തീരുന്നതിന്റെ രണ്ടു ദിവസം മുന്‍പ് വൈഫിനെയും കൂട്ടി ഉസ്താദ് ഹോട്ടല്‍ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ഭര്‍ത്താവ് കൂടെയുണ്ടെങ്കിലും പൊതു സ്ഥലങ്ങളില്‍ സ്ത്രീ സുരക്ഷിതയല്ല എന്നെന്നെ പഠിപ്പിച്ചു .

എന്റെ സ്വന്തം നാടായ വടകരയിലെ മുദ്ര തിയേറ്ററിലാണ് പടം കാണാന്‍ പോയത്. സെക്കന്റ്‌ ഷോ കാണാന്‍ ഫാമിലി ഓഡിയെന്‍സ്‌ ആണ് കൂടുതലും ഉണ്ടാവുക എന്ന മുന്‍വിധിയുള്ളത് കൊണ്ടാണ് രാത്രിയില്‍ ഇങ്ങനെ ഒരു സാഹസത്തിനു മുതിര്‍ന്നത്. ഞാന്‍ കണക്കു കൂട്ടിയത് പോലെ തന്നെ ഫാമിലി ഓഡിയെന്‍സ്‌ ആയിരുന്നു തിയേറ്ററില്‍ അധികവും.തിയേറ്ററിന്റെ മധ്യ ഭാഗത്തായി മറ്റൊരു ഫാമിലിയുടെ അടുത്തായി ഞങ്ങള്‍ ഇരുന്നു. സിനിമ തുടങ്ങാന്‍ ആയപ്പോള്‍ മുണ്ടൊക്കെ മടക്കിക്കുത്തി, പച്ചത്തെറിയും വിളിച്ചു കൂവി നാലഞ്ചു പേര്‍ അകത്തേക്ക് വന്നു. ആടിയാടിയുള്ള നടത്തം കണ്ടാല്‍ അറിയാം അടിച്ചു കോണ്‍ തെറ്റിയിട്ടാണ് വരവെന്ന്.

ഒരേ നിരയില്‍ സീറ്റ് കിട്ടാത്തത് കൊണ്ട് പല സ്ഥലങ്ങളില്‍ ആയിട്ടാണ് ഇവര്‍ ഇരുന്നത്. കൂട്ടത്തില്‍ ഒരുത്തന്‍ ഞങ്ങടെ പുറകിലെ സീറ്റിലും വന്നിരുന്നു.സിനിമ തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ ഉണ്ടായിരുന്ന ബഹളം ഒക്കെ അവസാനിപ്പിച്ച് എല്ലാരും സിനിമയില്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ദുല്‍ക്കരിന്റെയും തിലകന്റെയും അഭിനയത്തില്‍ കാണികള്‍ മതിമറന്നു ഇരിക്കുകയാണ്. 

ഇടക്കെപ്പോഴോ ഒരു ഉള്‍വിളി ഉണ്ടായത് കൊണ്ടാവാം എനിക്ക് തിരിഞ്ഞു നോക്കാന്‍ തോന്നിയത്. അല്ലെങ്കില്‍ ഞങ്ങടെ പിന്നില്‍ ഇരുന്ന കുടിയന്‍ ഒരു കാലു നീട്ടി വൈഫിന്റെ സീറ്റിന്റെ മേലെ വെച്ച് അവസ്ഥയ്ക്ക് സിനിമ കാണുന്നത് ഞാന്‍ കാണില്ലായിരുന്നു. അവള്‍ക്കു ഉയരം കുറവായത് കൊണ്ട്  ഇതൊന്നും അറിയുന്നില്ല. അയാളുടെ കാല് അവളുടെ തലയിലോ ചുമലിലോ ഒന്നും തട്ടുന്നില്ലെങ്കിലും അങ്ങനെയുള്ള ഇരുത്തം എനിക്ക് അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. ഞാന്‍ തിരിഞ്ഞിരുന്നു അവനോടു കാല് താഴ്ത്തി ഇടാന്‍ പറഞ്ഞു. ഉടനെ തന്നെ അവന്‍ കാല് താഴ്ത്തിയിട്ടു. വേറെ കുഴപ്പങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ട് ഞാന്‍ വീണ്ടും സിനിമ കാണാന്‍ തുടങ്ങി. പക്ഷെ എന്റെ ഒരു കണ്ണ് പുറകിലായിരുന്നു. അത് മനസ്സിലാക്കാതെ അവന്‍ വീണ്ടും കാല് എടുത്തു സീറ്റില്‍ വെച്ചു. ഞാന്‍ പിന്നിലേക്ക്‌ തിരിഞ്ഞതും അവന്‍ കാല് താഴ്ത്തിയിട്ടു. ഞാന്‍ കടുപ്പിച്ചൊന്നു നോക്കിയതിനു ശേഷം സിനിമയിലേക്ക് തന്നെ തിരിഞ്ഞു.

മൂന്നാമതും അവന്‍ കാലെടുത്ത് സീറ്റില്‍ വെച്ചപ്പോള്‍ എന്റെ കണ്ട്രോള്‍ പോയി. ഞാന്‍ എഴുനേറ്റു നിന്ന് പുറകിലേക്ക് തിരിഞ്ഞു നിന്ന് "നിന്നോടല്ലടാ പറഞ്ഞത് കാല് താഴ്ത്താന്‍" എന്നൊരു അലര്‍ച്ചയായിരുന്നു. ബഹളം കേട്ടതും അടുത്ത സീറ്റുകളില്‍ ഇരുന്ന പയ്യന്മാര്‍ ഓടി വന്നു എന്റെയടുത്ത് നിലയുറപ്പിച്ചു. "നീ എന്തിനാണ് പെണ്ണുങ്ങളുടെ സീറ്റില്‍ കാലു വെച്ചത്" എന്ന് ചോദിച്ചപ്പോള്‍ അവന്‍ ഒരു തെറിയാണ് ഉത്തരമായി തന്നത്. പിന്നെ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. ബാക്കി എല്ലാം ആ പയ്യന്മാര്‍ ചെയ്തു.കൂട്ടുകാരനെ സഹായിക്കാന്‍ വന്ന മറ്റു കുടിയന്മാര്‍ക്കും ആവശ്യത്തിനു കിട്ടി. അവസാനം തിയേറ്റര്‍കാര് വന്നു എല്ലാത്തിനേം തൂക്കിയെടുത്ത് പുറത്തെറിഞ്ഞു.

ഇതെല്ലാം കണ്ടു വൈഫ്‌ പേടിച്ചരണ്ടു പോയി. സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ ആ കുടിയന്മാര്‍ ആളുകളെയും കൂട്ടി വന്നു ഉപദ്രവിക്കുമെന്ന് പറഞ്ഞു പ്ലാന്‍ ചെയ്ത ഡിന്നര്‍ പോലും കഴിക്കാന്‍ അവള്‍ സമ്മതിച്ചില്ല. ഒടുക്കം വീട്ടില്‍ എത്തിയപ്പോഴാണ് അവള്‍ക്കു ശ്വാസം നേരെ വീണത്‌.

രണ്ടാഴ്ച കൊണ്ട് എനിക്ക് ഇത്രയും മോശപെട്ട അനുഭവങ്ങള്‍ ഉണ്ടായെങ്കില്‍ 365 ദിവസവും നാട്ടില്‍ നില്‍ക്കുന്നവരുടെ സ്ഥിതി എന്തായിരിക്കും? കുടുംബ സമേതം സ്വൈര്യമായി പുറത്തു പോകാന്‍ പറ്റാത്ത ഒരു നാടിനെയാണോ ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നത്‌ ? പൊതു സ്ഥലങ്ങളില്‍ അരാചകത്വം നടത്തുന്ന കുടിയന്മാരെ നിയന്ത്രിക്കൂന്ന വിധത്തില്‍ ശക്തമായ ഒരു നിയമം കേരളത്തില്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് ബ്രാന്‍ഡ്‌ ചെയ്യുന്ന കേരളത്തെ ഈ ടൂറിസ്റ്റുകള്‍ തന്നെ "കുടിയന്മാരുടെ സ്വന്തം നാട്" എന്ന് വിളിക്കുന്ന കാലം വിദൂരമല്ല !!!

ഫോട്ടോസിനു ഗൂഗിളിനോട് കടപ്പെട്ടിരിക്കുന്നു.

72 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

കേരളം മാനസിക രോഗികളുടെ നാടാണു

Ismail Chemmad പറഞ്ഞു...

ഒരു നര്മം പ്രതീക്ഷിച്ചാണ് വന്നത് .
ഇത് പക്ഷെ എന്റെ നാടിനെ കുറ്റം പറയുന്ന പോസ്റ്റ് ...
(ഹും ..)
ഇതാണ് മച്ചാ ഇപ്പോള്‍ നാടിന്റെ അവസ്ഥ .

Sruthi പറഞ്ഞു...

കുടിയന്മാര്‍ ആയവരും അല്ലാത്തവരുമായ പലരില്‍ നിന്നും ഈ പറഞ്ഞതും അതിനെക്കാളും അനുഭവിച്ചാണ് കേരളത്തിലെ ഓരോ സ്ത്രീകളും യാത്ര ചെയ്യുന്നത്.. ഭാര്യ കൂടെ ഉള്ളതുകൊണ്ട് ആവും മുണ്ടോളി ഈ പ്രാവശ്യം ഇത് ശ്രദ്ധിച്ചത്... ഏതെന്കിലും ഒരുത്തന്‍ തോണ്ടാന്‍ വരാത്തതോ, അല്ലെങ്കില്‍ ഇതുപോലെ ഉള്ള ഒരു അനുഭവമെന്കിലും ജീവിതത്തില്‍ ഇല്ലാത്തതോ ആയ ഒരു പെണ്ണും നമ്മുടെ നാട്ടില്‍ ഉണ്ടാവില്ല!!! കേരളത്തില്‍ പബ്ലിക്‌ സ്ഥലങ്ങളില്‍ സുരക്ഷിതത്വം പ്രതീക്ഷിക്കുന്നതെ മണ്ടത്തരമാണ്...

നിസാരന്‍ .. പറഞ്ഞു...

മദ്യപാനം നമ്മുടെ നാടിന്റെ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്.. സ്വബോധം നഷ്ടപ്പെട്ട ഒരാളെ എങ്ങനെ കൈകാര്യം ചെയ്യാം എന്നറിയാതെ കുഴങ്ങുകയാണ് എല്ലാവരും.. ഏതൊരു നല്ല കാര്യവും അര നിമിഷം കൊണ്ട് മോശമാക്കാന്‍ അവര്‍ക്കാകുന്നു.. കുടിക്കുന്നത് തന്നെ ബോധം മരയാനും തോന്നിവാസം കാട്ടാനും ആണെന്നാണ് ഭൂരിഭാഗത്തിന്റെയും ധാരണ.. ശക്തമായ നിയമം. അതിലേറെ സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ഈ കാര്യത്തില്‍ ഉണ്ടാകണം. നമ്മുടെ നാടിനെ നമുക്ക് തിരിച്ചു പിടിക്കണ്ടേ.. നന്ദി ഷജീര്‍ .. നല്ലൊരു വിഷയം എഴുതിയതിനു

Peepybee പറഞ്ഞു...

മുണ്ടോളി ചെയ്തപോലെ എല്ലാവരും പ്രതികരിച്ചാല്‍ ഇത് കുറഞ്ഞേക്കും... അധികം ആള്‍ക്കാരും ഒന്നും മിണ്ടാതിരിക്കുന്നതാണ് ഇതിനൊക്കെ വളം ആകുന്നതു...

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

കുടിയോ കുടി . ഓരോ ആഘോഷങ്ങള്‍ വരുമ്പോഴും ഓരോ record തകര്‍ക്കപ്പെടുന്നു . ഒളിമ്പിക്സില്‍ ഇതൊരു മെഡല്‍ ഇനം ആക്കിയാല്‍ നമ്മുടെ മെഡല്‍ ക്ഷാമം തീരും.

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

ഇത് എവിടെ എത്തും എന്ന ഭയം തന്നെയാണ് എപ്പോഴും ,മദ്യപാനം മാത്രമല്ല എല്ലാ തിന്മകളും അഭിമാനത്തോടെ ചെയ്യുന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍

തിര പറഞ്ഞു...

എന്താണ് നമ്മള്‍ ചെയ്യുക...പ്രതികരിക്കാത്ത ഒരു സമൂഹവും രക്ഷപ്പെടുകയില്ല

വേണുഗോപാല്‍ പറഞ്ഞു...

നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ട് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇത് ഷജീര്‍ മാത്രം അനുഭവിക്കുന്ന സംഗതിയല്ല. ഇത് പോലുള്ള നിരവധി കേസുകള്‍ ആണ് കാണുന്നതും കേള്‍ക്കുന്നതും പത്രങ്ങളില്‍ വായിക്കുന്നതും. മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ എന്തെങ്കിലും നിയമ നിര്‍മ്മാണം നടത്തിയില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ ആയിരിക്കും വരും നാളുകളില്‍ നാം കാണേണ്ടി വരിക.

Unknown പറഞ്ഞു...

നാല് പേര്‍ കൂടിയാല്‍ ഇന്ന് കുടി തന്നെയാ പരിപാടി..വലുപ്പ ചെറുപ്പവും അതിനില്ല..ഒന്നിച്ചിരുന്നു അടിച്ചു അടുത്ത തിയെടരില്‍ പോയി ഒരു തല്ലെന്കിലും ഉണ്ടാക്കാതെ (കൊള്ളാതെ) അവന്മാര്‍ക്ക് ഉറകവും വരില്ല...

Jefu Jailaf പറഞ്ഞു...

പാമ്പുകൾക്ക്‌ മാളമുണ്ട്‌ എന്നത്‌ മാറ്റി പാമ്പുകൾക്ക്‌ ഒരു സംസ്ഥാനമുണ്ട്‌ എന്ന് പറയുന്നതാകും കൂടുതൽ ഉചിതം.

അറേബ്യന്‍ എക്സ്പ്രസ്സ്‌ പറഞ്ഞു...

ആനുകാലിക പ്രസക്തിയുള്ള വിഷയം. മലയാള സിനിമക്ക്‌ കുടുംബ പ്രേക്ഷകര്‍ നാമമാത്രമാകുന്നതിന്‍റെ യഥാര്‍ത്ഥ കാരണം ഇതൊക്കെ തന്നെയാണ്. വ്യാജ സിഡിക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നാഴികക്ക് നാല്പതു വട്ടം ഉരുവിട്ടുകൊണ്ടിരിക്കുന്ന 'ഗണേഷ്‌മാര്‍' തിയേറ്ററില്‍ പോയി സ്വൈര്യമായി സിനിമ ആസ്വദിക്കാനുള്ള സാഹചര്യം കേരളത്തില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു. സാമൂഹ്യദ്രോഹികള്‍ക്കെതിരെ ശക്തമായ നിയമനിര്‍മ്മാണം അത്യാവശ്യമാണ്.
നന്നായി അവതരിപ്പിച്ചു മുണ്ടോളി. അഭിനന്ദനങ്ങള്‍.

കൊമ്പന്‍ പറഞ്ഞു...

ഇതിനെ കുറിച്ചൊന്നും ഇവിടെ പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല മുണ്ടോളീ
ഒരു ഷവര്‍മ കഴിച്ചു അബദ്ധ വശാല്‍ ഒരാള്‍ മരിച്ചപ്പോള്‍ ഷവര്‍മ നിരോധിച്ച സര്‍ക്കാര്‍
ആയിരങ്ങള്‍ ഇതുകഴി ചു മരിച്ചിട്ടും വാ തുറക്കുന്നില്ല തുറക്കുകയും ഇല്ല കാരണം ഇത് കൈകാര്യം ചെയ്യുന്നത് സമ്പന്നര്‍ ആണ് എന്നത് തന്നെ ആണ് കാരണം

Joselet Joseph പറഞ്ഞു...

നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ഒരിടത്തും ഒരു സമയത്തും സുരക്ഷിതരല്ല. തമിഴ്‌ നാട്ടില്‍ ബസ്സിലെ പൂവലന്മ്മാരെ പിടിക്കാന്‍ മഫ്തി ലേഡി കൊന്‍സ്ടബില്സ് ഉണ്ടായിരുന്നതുപോലെ പൊതുസ്ഥലങ്ങളില്‍ കുടിച്ചും, അല്ലാതെയും അലമ്ബുണ്ടാക്കുന്നവരെ ഉടനെ തൂക്കിയെടുക്കാനുള്ള നിയമവും സംവിധാനവും നിലവില്‍ വരണം.

കുറെ കൂതരകള് കാരണം മാന്യമായി മദ്യപിക്കുന്നവര്‍ക്ക് പോലും ജീവിക്കാനാവില്ല ഈ നാട്ടില്‍ എന്ന് വച്ചാല്‍.........:)

mhdedy പറഞ്ഞു...

ഇങ്ങിനെ ഉള്ള രോഗികളുടെ മനസ്സ്‌ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിലും ഭേതം കണ്ടു നില്‍ക്കുന്നവരൊക്കെ ഇടപെടലാണ്‌ എന്ന് തോന്നുന്നു. അങ്ങിനെ എങ്കില്‍ എതിര്‍ക്കാന്‍ ധൈര്യം എല്ലാവരിലും ഉണ്ടാകും. പൊതിരേ തല്ല് കിട്ടുംബോള്‍ ഒരു പരിധി വരെ കുറയുമെന്നും കരുതാം ! വൈകുന്നേരം ആറ്‌ മണിക്ക്‌ ശേഷം കുടുംബത്തോടൊപ്പം നമ്മുടെ അടുത്ത പ്രദേശത്തുള്ള ടൌണുകളില്‍ പോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്‌ ഇന്നുള്ളത്‌ എന്നത്‌ അധിക പേരും അറിയാത്തതായി നടിക്കുന്നു... അതാണ്‌ സത്യം !

ഫൈസല്‍ ബാബു പറഞ്ഞു...

ഫാമിലി കൂടെയുള്ളപ്പോള്‍ ഇവന്മാരോട് മിണ്ടാതിരിക്കുന്നതാ ബുദ്ധി ,എന്തേലും പറഞ്ഞല്‍ പിന്നെ ഡിക്ഷനറിയില്‍ ഇല്ലാത്ത വാക്കുകള്‍ കൊണ്ടായിരിക്കും മറുപടി നല്‍കുക ,,ചുരുങ്ങിയ ലീവിന് നാട്ടില്‍ പോകുന്നവര്‍ക്ക് ഇതൊരു കാര്യമായി തോന്നുമെങ്കിലും നാട്ടില്‍ ഉള്ളവര്‍ക്ക് ഇതൊക്കെ ഒരു ശീലമായി എന്നതാണ് സത്യം ,,പകല് തന്നെ ഫാമിലി യുമായി സിനിമ കാണാന്‍ പോവാന്‍ പറ്റുന്നില്ല ,രാത്രി പോയത് എന്തായാലും സാഹസികമായിപ്പോയി ,ഒന്നും സംഭവിക്കാതെ വീട്ടിലെത്തി യല്ലോ അത് തന്നെ ആശ്വാസം !!

അജ്ഞാതന്‍ പറഞ്ഞു...

കുടിയന്മാരുടെ സ്വന്തം നാട് തന്നെ ....

Ajesh Krishnan പറഞ്ഞു...

ഒരു പരിധിവരെ നാം ഓരോരുത്തരും നിസ്സഹായരാണ് ഈ കാര്യത്തില്‍ . മുന്‍പ് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാരായം എടുത്തു കളയുന്നതിലൂടെ മദ്യത്തിനെതിരായി നീങ്ങുന്നു എന്ന ഒരു തോന്നലുണ്ടാക്കി എങ്കിലും പിന്നീട് വന്ന ഒരു സര്‍ക്കാരുകളും ആ നയം പിന്തുടര്‍ന്നില്ല എന്നുമാത്രമല്ല മദ്യവ്യവസായത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.സര്‍ക്കാരിന് കൂടുതല്‍ വരുമാനം കിട്ടുന്ന മേഖല എന്ന നിലയില്‍ അധികാരികള്‍ കണ്ണടയ്ക്കുമ്പോള്‍ തകര്‍ന്നു പോകുന്നത് ഒരു ശക്തമായ സംസ്കാരവും ,സാമൂഹിക വ്യവസ്ഥിതിയുമാണ്...വ്യക്തിസ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് നാട്ടില്‍ നടമാടുന്ന ഈ തോന്ന്യാസങ്ങള്‍ .ഈ സാമൂഹിക വിപത്തിനെതിരെ യുവജന സംഘടനകള്‍ പോലും ഒന്നും മിണ്ടുന്നില്ല.അവര്‍ക്കറിയാം ഇനി അഥവാ മിണ്ടിയാല്‍ പിന്നെ അണികളുടെ എണ്ണം സാരമായി കുറയും എന്ന്...ഘോരഘോരം പ്രസംഗിക്കുന്നതിന് പകരം ഓരോരുത്തരും ഈ വിപത്തിനെതിരെ പ്രതികരിക്കുക...അങ്ങിനെയെങ്കിലും ചെറിയ ചലനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാവട്ടെ...
കുറച്ചുകാലമായി തമാശ കഥകള്‍ മാത്രം പറയുന്ന ഷജീര്‍ ഒരു ഗൌരവകരമായ വിഷയവുമായി വന്നപ്പോള്‍ സ്ഥിരമായി ചിരിച്ച് അര്‍മാദിക്കാന്‍ വരുന്ന ആളുകള്‍ ഒന്ന് നിരാശരായി...
കാലിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍ ..

faiz പറഞ്ഞു...

പ്രിയപ്പെട്ട മുണ്ട്ടോളി കുടിയന്മാരേ പറ്റി പറയരുത്.അവര്‍ നമ്മുടെ ഗവേന്മേന്റിന്റെ സാമ്പത്തിക അടിത്രയാണ്.നമ്മള്‍ മാറി നില്‍ക്കുക.കാരണം അത് നമ്മള്‍ സ്വപ്നം കണ്ട നാടല്ല

അജ്ഞാതന്‍ പറഞ്ഞു...

പണ്ടുകാലത്ത (ഒരു പത്തിരുപത് കൊല്ലം മുമ്പ്) ഒരാൾ കള്ളുകുടിയനാണെന്ന് അറിയുമ്പോൾ അയാളെ സമൂഹം നോക്കിയിരുന്ന അതേ കണ്ണുകൊണ്ടാണ്, കള്ളുകുടിക്കാത്ത ഒരാളെ ഇന്ന് നോക്കുന്നത്! അന്നൊക്കെ കള്ളുകുടിക്കുന്ന ഒരു ചെറുസമൂഹം നമുക്കിടയിൽ ഉണ്ടായിരുന്നു, ഇന്ന് കള്ളുകുടിക്കാത്ത ഒരു ചെറുസമൂഹമുണ്ടെന്ന് പലരും പറയുന്നുണ്ട്, സത്യമാണെന്ന് തോന്നുന്നു!

ഈ മദ്യവിപത്തിൽ നിന്നും കൊച്ചുകേരളത്തെ കൈപിടിച്ചുണർത്തി ഒന്നു കുളിപ്പിച്ച് ബോധം വരുത്താൻ എവിടുന്നെങ്കിലും ഒരു നവവിപ്ലവകാരി ഉയർത്തെഴുന്നേൽക്കേണ്ടതുണ്ട്! അല്ലെങ്കിൽ നമ്മുടെ ഭരണാധികാരികൾ സമൂഹത്തിന്റെ സമാധാനം കള്ള് വരുമാനത്തിനായി പണയം വെക്കും!

പൊതുനിരത്തിൽ ഉടുമുണ്ടഴിക്കുന്നവരും തിയറ്ററിൽ മദ്യക്കൂത്താട്ടം നടത്തുന്നവരും, ഫ്ലാറ്റിലിരുന്ന് സ്വന്തം മക്കൾക്ക് മുന്നിൽ വിദേശമദ്യം നുണയുന്നവരും ആ കുടിസമൂഹത്തിലെ അംഗങ്ങൾ തന്നെ.

alimajaf പറഞ്ഞു...

ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും കേരളത്തില്‍ ഒരു സംഭവമേ അല്ല എന്നതാണ് സത്യം. ഇതൊക്കെ ആരോടെങ്കിലും പറഞ്ഞാ അവര് നമ്മെ കളിയാക്കും.

പട്ടേപ്പാടം റാംജി പറഞ്ഞു...

എത്ര വലിയ കാര്യമാണെങ്കിലും അല്പം കഴിയുമ്പോള്‍ അത് ജീവിതത്തിന്റെ ഒരു ഭാഗം എന്ന നിലക്കാണ് ഇന്ന് കാണുന്നത്.

ആചാര്യന്‍ പറഞ്ഞു...

ഹഹ...നല്ല കാര്യായി...ഈ കുടിച്ചു മത്തായവന്മാരെ അകത്തിട്ടു പെരുമാരേണ്ട ഏമാന്മാര്‍ തന്നെ കുടിച്ചു ആ പണികള്‍ക്ക് പോകുന്ന നാട്ടില്‍ വല്ലതും പറഞ്ഞിട്ട് കാര്യമില്ല മുണ്ടോളീ..ലവന്മാര്‍ മുണ്ടൂരി കളയും അതെന്നെ ...

സ്വന്തം സുഹൃത്ത് പറഞ്ഞു...

മദ്യത്തിന്റെ കാര്യമാകുമ്പോ ഒരച്ചായന്‍ പറയുന്നത് ആള്‍ക്കാര് ശ്രദ്ധയോടെ കേള്‍ക്കും ..അല്ലെ :)

നയം വ്യക്തമാക്കുന്ന 'മദ്യ' സ്ഥനെ ഇവിടെ കാണാം
http://swanthamsuhruthu.blogspot.com/2011/08/blog-post.html

- സോണി - പറഞ്ഞു...

മുണ്ടോളി പറഞ്ഞ ഈ മൂന്നു സംഭവങ്ങളും (ട്രെയിന്‍, റോഡ്‌, തിയേറ്റര്‍) ഫലത്തില്‍ നേരിട്ട് ദേഹോപദ്രവം ഉണ്ടാക്കിയില്ലെങ്കിലും മാനസികമായി വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നതാണ്.

കുറച്ചുനാള്‍ മുന്‍പ്‌ എനിക്കൊരു അനുഭവമുണ്ടായി. ഇവിടെയുള്ള നല്ല ഒരു തിയേറ്ററില്‍ മാറ്റിനിയ്ക്ക് പോയി ഞങ്ങള്‍. കുടുംബപ്രേക്ഷകര്‍ ഉണ്ടെങ്കിലും ബാല്‍ക്കണി ഫുള്‍ അല്ല. ഫിലിം തുടങ്ങി ഇന്റര്‍വെല്‍ കഴിഞ്ഞപ്പോള്‍ മുതല്‍ നേരെ പിന്നിലുള്ളതിന് (ആ സീറ്റ്‌ ഒഴിഞ്ഞു കിടക്കുന്നു) അടുത്ത സീറ്റില്‍ ഇരിക്കുന്ന ആളുടെ മൊബൈല്‍ഫോണില്‍ നിന്ന് പാട്ടും ചില ശബ്ദങ്ങളും കേള്‍ക്കാന്‍ തുടങ്ങി.

ചിത്രത്തില്‍ മുഴുകി ഇരുന്നതിനാല്‍ ആദ്യം ശ്രദ്ധിച്ചില്ല. കുറേസമയം കഴിഞ്ഞപ്പോഴും അതങ്ങനെ തന്നെ കേട്ടുകൊണ്ടിരുന്നു. ഇടയില്‍, ഇതെന്താ ഇങ്ങനെ, എന്നോര്‍ത്ത് ചെറുതായി ഒന്ന് തലതിരിച്ചു നോക്കിയപ്പോള്‍ അയാള്‍ ഫോണ്‍ മുന്നോട്ടു നീട്ടി പിടിച്ചിരിക്കുന്നു, വെറുതെ ഒന്ന് ചരിഞ്ഞുനോക്കിയാല്‍ക്കൂടി കാണാവുന്നപോലെ.

എന്താണ് എന്ന് കണ്ടില്ലെങ്കില്‍ക്കൂടി അപ്പോഴാണ്‌ അതില്‍നിന്നു വന്ന ശബ്ദങ്ങള്‍ ശ്രദ്ധിക്കുന്നത്... അതൊരു മോശം വീഡിയോ ആയിരുന്നു...

പക്ഷെ എനിക്ക് പ്രതികരിക്കാന്‍ പറ്റിയില്ല ആ ഒരു സ്റ്റേജില്‍. കാരണം, അയാള്‍ എന്നെ നേരിട്ട് ഉപദ്രവിക്കുന്നില്ല, ഒരു രീതിയിലും. അയാളുടെ ഫോണില്‍ അയാള്‍ എന്ത് പ്ലേ ചെയ്താലും എനിക്കൊന്നുമില്ല. ആരെങ്കിലും കേട്ടാല്‍ത്തന്നെ, ഞാന്‍ എന്തിനാണ് ആ വശത്തേയ്ക്ക് (പിന്നിലേയ്ക്കല്ല എങ്കിലും) ചരിഞ്ഞുനോക്കിയത് എന്നാവും ചോദിക്കുക. ഇത് അറിഞ്ഞുകൊണ്ടല്ലല്ലോ നോക്കിയത്, അത് വളരെ കാഷ്വല്‍ ആയി സംഭവിച്ചതാണ്.

അതുപോലെ നേരില്‍ ശല്യം ഉണ്ടാവാത്തതുകൊണ്ട് മാത്രം പ്രതികരിക്കാന്‍ പറ്റാത്ത രീതിയിലുള്ള പീഡനങ്ങളും ഉണ്ടാവുന്നുണ്ട് ഇവിടെ.

Akbar പറഞ്ഞു...

കുടിയന്മാരുടെ സ്വന്തം നാട് :)

ശജീര്‍. നാട്ടിക്ക് ഇതൊക്കെ ഇപ്പൊ വാര്‍ത്ത അല്ലാതായിരിക്കുന്നു.

Akbar പറഞ്ഞു...

ശജീര്‍. നാട്ടില്‍ ഇതൊക്കെ ഇപ്പൊ വാര്‍ത്ത അല്ലാതായിരിക്കുന്നു.

കുടിയന്മാരുടെ സ്വന്തം നാട് :)

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

എന്റെ ഈ എളിയ പോസ്റ്റ്‌ വായിച്ച എല്ലാര്‍ക്കും നന്ദി.

സുമേഷ്, ഇസ്മയില്‍ ഭായ്, ശ്രുതി, നിസാര്‍, ബാലേട്ടാ, മന്സൂരിക്ക ,അഷ്‌റഫ്‌ ഭായ്, വേണുവേട്ടാ ,നിസാര്‍ ഭായ്,ജെഫു ,മുനീര്‍ ,കൊമ്പന്‍ ,ജോസ് ,കുഞ്ഞു, ഫൈസല്‍ ,നാട്ടുകാരന്‍ ,ഫൈസ് ,അന്‍വര്‍ ,അലിമ്ജഫ് ,രാംജി ചേട്ടന്‍ ,ഇമ്തി ,ജിമ്മിച്ചന്‍ ,അജേഷ് ,സോണി ചേച്ചി ,അക്ബര്‍ ഇക്ക വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

Biju Davis പറഞ്ഞു...

ഇതില്‍ മൂന്നാമത്തേത് ആണ് ഏറ്റവും അപകടം പിടിച്ച സന്ദര്‍ഭം. ശജീര്‍ തടി കേടാകാതെ രക്ഷപ്പെട്ടത് ഒരു പക്ഷേ, അയാള്‍ മദ്യപിച്ചിരുന്നത് കൊണ്ടാണെന്ന് ഞാന്‍ പറയും. മദ്യപാനിയോടുള്ള ഒരു പൊതുവികാരമായിരുന്നിരിക്കണം പയ്യന്മാര്‍ അയാളെ കൈകാര്യം ചെയ്യാന്‍ കാരണം.

മദ്യപിക്കാതെ ശല്യം ചെയ്യുന്നവര്‍ ആണ് കൂടുതല്‍ അപകടകാരികള്‍! അവര്‍ കൂടുതല്‍ പ്രീപെയേര്‍ഡ് ആയിരിയ്ക്കും.ഒരു വിധം പഴുത്തടച്ചുള്ള ഓപ്പറേഷന്‍! സോണിയുടെ കമന്റില്‍ ഇതിന്റെ സൂചന കാണാം.

ശജീര്‍, ഈ പോസ്റ്റ് മദ്യപാനത്തെക്കാള്‍ വിരല്‍ ചൂണ്ടുന്നത് സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിലേക്ക് അല്ലേ?

രമേശ്‌ അരൂര്‍ പറഞ്ഞു...

സാമൂഹിക ബോധം ഉണരാതെ ഇതിനൊന്നും പരിഹാരമാകില്ല ..നിയമം ഇല്ലാഞ്ഞിട്ടല്ല .അത് നടത്താന്‍ ബാധ്യതയുള്ളവര്‍ പാലിക്കുന്ന നിസംഗതയാണ് പ്രശനം ...നമ്മുടെ യുവജന സാമൂഹിക/രാഷ്ട്രീയ സംഘടന കള്‍ക്ക് ഈ വക കാര്യങ്ങളിലൊന്നും
ഒരഭിപ്രായവും നിലപാടും ഇല്ലാത്തതും പ്രശ്നമാണ് .

സമീരന്‍ പറഞ്ഞു...

എന്ത് ചെയ്യാം പ്രബുദ്ധ കേരളം ഇങ്ങിനൊയൊക്കെയാണ്..
എന്ത് ആവേശത്തോടെയാണ് ഓരോരുത്തരും കുടിക്കുന്നത്..!!
പണ്ട് തലയില്‍ മുണ്ടിട്ട് ഷാപ്പില്‍ പോയിരുന്നപ്പോള്‍ ഇന്ന് തല ഉയര്‍ത്തി സ്റ്റാറ്റസ് സിമ്പല്‍ കാണിക്കുന്ന ഗര്‍വ്വോടെയാണ് എല്ലാവരും ബാറില്‍ പോകുന്നത്..
ബീവറേജസിന് മുന്നിലെ ക്യൂ നോക്കൂ..
കുടിക്കാന്‍ വേണ്ടി ഭാര്യയെ വില്‍ക്കുന്നു..
മകളെ വില്‍ക്കുന്നു..
അമ്മയെ തല്ലുന്നു...
കുടിച്ചാല്‍ ഇതൊക്കെ പോരാഞ്ഞ് നാട്ടിലെ പെണ്ണുങ്ങള്‍ക്ക് നേരേയും..!!
ഈ മാനസിക രോഗികളില്‍ നിന്നും മലയാളിക്കിനി ഒരു മോചനമുണ്ടോ..?

A പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
A പറഞ്ഞു...


മദ്യപാനത്തെ ഏറ്റവും കൂടുതല്‍ ഗ്ലോറിഫൈ ചെയ്യുന്നതു മലയാള സിനിമകളില്‍
ആണ്. ഇംഗ്ലീഷ് സിനിമയിലോ മറ്റു ലോക സിനികളില്‍ ഒന്നും തന്നെ
ഞാന്‍ ഇങ്ങിനെ കണ്ടിട്ടില്ല. നമ്മുടെ സിനിമയില്‍ മമ്മൂട്ടി മോഹന്‍ ലാല്‍
തുടങ്ങി എല്ലാ താരങ്ങളായവരെ വെച്ചും അല്ലാതെയും മദ്യപാന രംഗങ്ങള്‍
ഒരു വല്ലാത്ത ഗ്ലാമര്‍ പരിവേഷത്തില്‍ ആണ് അവതരിപ്പിക്കാറുള്ളത്.
(മൂന്നാമാത്തെ പെഗ്ഗില്‍ രണ്ടാമത്തെ ഐസ് ക്യൂബ് വീഴുമ്പോള്‍ ഞാനവിടെ
എത്തും, ശംഭോ... എന്നോ മറ്റോ ഉള്ള ഒരു ഡയലോഗ് ഒക്കെ
ഇല്ലേ?) കുടലും കരളും പൊള്ളിച്ചു അകാല മൃത്യുവിലേക്ക് മനുഷ്യനെ
കൊണ്ട് പോവുന്ന ഈ സാധനം കഴിക്കുന്നതിനെ ഇത്ര
ആഘോഷത്തിമിര്‍പ്പോടെ അവതരിപ്പിക്കുന്നത്‌ എന്തിനാണ് എന്ന് ഞാന്‍
ആലോചിച്ചു നോക്കാറുണ്ട്. മൃഗങ്ങളോ പക്ഷികാളോ ഈ ദ്രാവകം
കൊടുത്താല്‍ കഴിക്കുമെന്ന് തോന്നുന്നില്ല. വിശേഷ ബുദ്ധിയുണ്ട് എന്ന്
പറയുന്ന മനുഷ്യന്‍ ഇത് അടിച്ചു ഫിറ്റായി എന്നൊക്കെ പറഞ്ഞു
നിലത്തിഴയുന്നു. വീട്ടില്‍ കാത്തിരിക്കുന്നവരെ വന്നു തല്ലി ചതയ്ക്കുന്നു.
നാട്ടുകാരുടെ മുന്നില്‍ മുണ്ടുരിയുന്നു. മദ്യം കഴിക്കുന്ന മറ്റു നാടുകളില്‍ പോലും
നമ്മുടെ നാട്ടിലെ ഈ ആചാരങ്ങള്‍ കാണില്ല. ഈ പോസ്റ്റ്‌ വളരെ
നന്നായി ഷജീര്‍.

സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു പറഞ്ഞു...

പ്രകൃതിദത്തമായ വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ നമ്മുടെ നാട് ദൈവത്തിന്റെ സ്വന്തം നാട് തന്നെ. പക്ഷെ, അതില്‍ വസിക്കുന്ന ചില ചെകുത്താന്‍മാരാണ് പ്രശ്നം. പിന്നെ, കുത്തഴിഞ്ഞ വ്യവസ്ഥിതിയും. പോസ്റ്റ് അവസരോചിതമായി.

ഉസ്മാൻ കിളിയമണ്ണിൽ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഉസ്മാൻ കിളിയമണ്ണിൽ പറഞ്ഞു...

ജനകീയ പ്രതികരണങ്ങളെ സദാചാര പോലീസിംഗ് എന്ന് വിളിക്കുകയും, ഇടപെടാതിരിക്കുമ്പോൾ നിസ്സംഗതയായി വിലയിരുത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പിൽ ആണ് മലയാളി സാമൂഹികബോധം ആശയക്കുഴപ്പത്തിലാവുന്നത്. സാമൂഹിക ഇടപെടലുകളുടെ കൂമ്പൊടിയുന്നതും അവിടെ തന്നെ...

ഷബീര്‍ - തിരിച്ചിലാന്‍ പറഞ്ഞു...

മലയാളി കുടിയനാകുന്നതിന് പലരും ഗവണ്മെന്റിനെ കുറ്റം പറയുന്നത് കണ്ടു. കുടിക്കുന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. അതില്‍ ഗവണ്മെന്റിന് യാതൊരു പങ്കും ഇല്ല. കുടിക്കുന്നതും കുടിക്കാതിരിക്കുന്നതും തികച്ചും വ്യക്തികളില്‍ തന്നെ അധിഷ്ടിതമായ കാര്യമാണ്. കുടിക്കില്ലെന്ന് ഓരോരുത്തരും സ്വയം തീരുമാനിക്കാതെ ഒരു രക്ഷയുമില്ല. ഗവണ്മെന്റ് ഒരു സുപ്രഭാതത്തില്‍ കള്ള് നിരോധിച്ചാല്‍ വ്യാജ ചാരായ പ്രളയത്തില്‍ ജീവന്‍ വെടിയുന്നത് അനേകായിരമായിരിക്കും.

സിനിമക്ക് പോകുംബോള്‍ നൂറ് രൂപ കൂടുതല്‍ കൊടുത്ത് മള്‍ട്ടി പ്ലസ്സ് തീയറ്ററുകളില്‍ പോകുന്നതാണ് നല്ലത്. ഫാമിലിക്ക് പോയിട്ട് കുരുത്തംകെട്ട ചെക്കന്മാര്‍ വരെ ചെവി പൊത്തിപോകുന്ന തെറികളാണ് തീയറ്ററുകളില്‍നിന്നും കേള്‍ക്കുന്നത്.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

എന്തും അധിമാകുമ്പോള്‍ ആണ് ഇതുപോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.. അതുപോലെ തന്നെ എന്ത് വേണമെങ്കിലും ആവാം, ആരും ചോദിക്കാനില്ല എന്ന അവസ്ഥ വരുമ്പോഴും. ആ അവസ്ഥയാണ് ആദ്യം മാറേണ്ടത്.

Pradeep Kumar പറഞ്ഞു...

മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്നെ കഴിയേണ്ടി വരുന്ന എന്നെപ്പോലുള്ള ഹതഭാഗ്യരുടെ കാര്യം..!!!???

സത്യം പറയാലോ അനിയാ., പോവാൻ വേറൊരു ഇടമില്ലാത്തതുകൊണ്ടാണ് എല്ലാം സഹിച്ച് ഇവിടെയിങ്ങനെ കടിച്ചു തൂങ്ങുന്നത്......

Safeer CV പറഞ്ഞു...

വര്‍ത്തമാന കേരളത്തിന്റെ അവസ്ഥ വളരെ നല്ല രീതിയില്‍ വരച്ചു കാട്ടിയതില്‍ നന്ദി ......:)
ട്രെയിനും ....ബസും ... ഒക്കെ ഫമില്യ്ക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രീതിയില്‍ ആയി തീര്നിരിക്കുന്നു .....
ഫാമിലി ആയിട്ടു പോയ്‌ സമാധാനത്തോടെ സിനിമ കാണാന്‍ കൊള്ളുന്ന തിയെറ്റെര്‍ ഒക്കെ വളരെ ചുരുക്കം ....
ഒരു പ്രാവശ്യം നാട്ടില്‍ നിന്ന് ബസ്‌ യാത്ര ചെയ്യുമ്പോള്‍ ഒരു പാവം പെണ്‍കുട്ടിയെ വളരെ മോശം രീതിയില്‍ ഒരാള് ഉപദ്രവിക്കുന്നത് കണ്ടു
നില്‍കാന്‍ പറ്റാത്തത് കൊണ്ട് ഞാനും എന്റെ സുഹ്ര്തും അവനെ പെരുമാറുകയും അവസാനം അവനെ തല്ലിയതിന് പോലീസെ ഞങ്ങളുടെ പേരിലും കേസ് ചാര്‍ജ് ചെയ്യുകയാണ് ഉണ്ടായതു.... ഇതാണ് നമ്മുടെ നാടിന്‍റെ അവസ്ഥ ....:)‍

വെള്ളിക്കുളങ്ങരക്കാരന്‍ പറഞ്ഞു...

ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് എതിരെ പ്രതികരിച്ചാല്‍ തന്നെ മിക്ക സാഹചര്യങ്ങളിലും മുകളില്‍ പറഞ്ഞപോലെ നമ്മള്‍ ഒറ്റപ്പെട്ടു പോവുകയോ അല്ലെങ്കില്‍ ആക്രമിക്കപ്പെടുകയോ ചെയ്യാം...

libeesh പറഞ്ഞു...

കൂടെ ഉല്ലവരുടെ സുരക്ഷ ഓര്‍ത്തു നമ്മള്‍ പലപ്പോഴും പ്രതികരിക്കാറില്ല..ശജീര്‍ ചെയ്തപോലെ പ്രതികരിക്കുക്ക മാത്രമാണ് ഇതിനൊരു പ്രതിവിധി...

ഒരു തെലന്കാനക്കാരി പറഞ്ഞു...

ശരിയാണ്.... കേരളത്തിനു പുറത്തു പോയാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ മലയാളി പെണ്‍കുട്ടികള്‍ക്ക് കഴിയും...കാരണം സമൂഹം അവരുടെ കൂടെയായിരിക്കും...പക്ഷെ കേരളത്തില്‍ ആ ധൈര്യം പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നില്ല..

Revathi പറഞ്ഞു...

ഇതിപ്പോ മുണ്ടോളിയുടെ അനുഭവം കുടിയന്മാരില്‍ ഒതുങ്ങി.... കേരളത്തില്‍ കുടിക്കാതവര്‍ക്ക് സ്വഭോധം ഉണ്ടെന്നു വെക്കാന്‍ പറ്റുമോ??... ഞെരമ്പ് രോഗികളുടെം, കുടിയന്മാരുടെം, ബ്രാന്ദന്മാരുടെം ലോകമാണ് അവിടം..സുരക്ഷിതമായി വഴിനടക്കാന്‍ പറ്റാത്ത വിധത്തില്‍ അധപതിചിരിക്കുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ... നമ്മളൊക്കെ ഇത് എന്ന് അനുഭവിക്കാന്‍ തുടങ്ങിയതാ...നാടുവിട്ടപ്പോഴാ മനസമാദാനമായി പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം കിട്ടിയത്..നാട്ടിനെ കുറിച്ച് സ്വപ്നം കാണുന്നത് കൊള്ളാം.. പോവുന്നത് ആലോചിക്കുംബോഴേ പേടിയാ..നാടു എന്നും സ്വപ്നത്തിലെ പൂന്ഘാവനം ആയിത്തന്നെ ഇരിക്കട്ടെ എപ്പോഴും...

Revathi പറഞ്ഞു...

ഇതൊക്കെ എന്ത് .... എന്തൊക്കെ അനുഭവം..... ഇതിലും കഷ്ടമാണ് കണ്ണ് കൊണ്ടുള്ള വ്യഭിചാരം.. മനുഷ്യന്‍ നിന്ന നിപ്പില്‍ അലിഞ്ഞു പോകും വിധമാണ് നോട്ടം...

കല്യാണിക്കുട്ടി പറഞ്ഞു...

ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന് ബ്രാന്‍ഡ്‌ ചെയ്യുന്ന കേരളത്തെ ഈ ടൂറിസ്റ്റുകള്‍ തന്നെ "കുടിയന്മാരുടെ സ്വന്തം നാട്" എന്ന് വിളിക്കുന്ന കാലം വിദൂരമല്ല !!!
ഇപ്പോള്‍ തന്നെ അങ്ങനെ വിളിച്ചു തുടങ്ങാം.....നശിച്ചു പോയി ഈ നാട്..........എത്ര കുടുംബങ്ങള്‍,കുട്ടികള്‍,നിസ്സഹായരായ സ്ത്രീകള്‍..............

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

സമൂഹത്തിന്റെ ശോചനീയാവസ്ഥയില്‍ വേവലാതിപ്പെടുന്ന ഒരു മനസ്സിന്റെ അവസ്ഥകള്‍ വ്യക്തമാക്കിത്തരുന്നുണ്ട് ഈ വാക്കുകള്‍ .സത്യാവസ്ഥ ഇതിലും എത്രയോ ഭീകരമാണെന്ന വസ്തുത തല്‍ക്കാലത്തേക്ക് മറക്കാം..ഇപ്പോഴും എവിടെയൊക്കെയോ ഉണര്‍ന്നുകിടപ്പുള്ള ചില നന്മകളുടെ മുകുളങ്ങളിലാണ് നാളെകളുടെ വേരുകളുള്ളതെന്ന് വിശ്വസിക്കാന്‍ ശ്രമിക്കാം

ശ്രീക്കുട്ടന്‍ പറഞ്ഞു...

ഈ കുടിയമ്മാരിങ്ങിനെ തൊടങ്ങിയാല്‍ പിന്നെ മാന്യമ്മാര്‍ എങ്ങിനെ ജീവിയ്ക്കും. ഈ പുല്ലമ്മാരുടെ അലവലാതിത്തരം കാണാതിരിക്കണമെങ്കില്‍ അല്ലെങ്കില്‍ കണ്ടിട്ട് പ്രതികരിക്കാതിരിക്കണമെങ്കില്‍ മിനിമം രണ്ട് ലാര്‍ജ്ജെങ്കിലും അടിക്കണമെന്ന അവസ്ഥയാണു..മദ്യപാനികള്‍ തുലയട്ടെ..മദ്യമില്ലാത്ത ഒരു കേരളം. അതാണെന്റെ സ്വപ്നം..

എന്തു ചെയ്യാനാ മുണ്ടോള്യേ..ക്ഷമിച്ചേക്കുക. തടികേടാവിതിരുന്നതിന് ഒന്ന്‍ പ്രാര്‍ത്ഥിക്കുകകൂടി ചെയ്തോ.

African Mallu പറഞ്ഞു...

പണ്ടൊക്കെ ഇതിനെതിരെ പ്രതികരിക്കാന്‍ കഴിവുള്ള ഒരു യുവ ജന കൂട്ടായ്മ ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് എല്ലാവരും സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു വിഭാഗമായി. കേരളത്തില്‍ അല്ലെങ്കിലും ആര്‍ക്കും സ്വകാര്യത എന്നാ ഒരു സാധനം അനുവദിച്ചു കൊടുക്കുന്ന പതിവില്ലല്ലോ .

റിനി ശബരി പറഞ്ഞു...

പ്രീയ സുഹൃത്ത് നല്ലൊരു വിഷയമാണ്
കൈകാര്യം ചെയ്തത് , അതിലുപരി
അത് അനുഭവങ്ങളുമാകുമ്പൊള്‍ ..
എന്തിനും ഏതിനും മദ്യം ആവശ്യഘടകമായീ
മാറിയിരിക്കുന്നു , പണ്ട് ഒളിച്ചും പതുങ്ങിയും
കഴിച്ചിരുന്ന മദ്യം , അതും വര്‍ഷത്തിലൊരിക്കലൊക്കെ ,
ഇപ്പൊള്‍ വീടിന്റെ ഉമ്മറത്തും , തീന്‍ മേശയിലേ
വിഭവങ്ങള്‍ക്കൊപ്പം വരെ എത്തി .. എന്തൊ ഒരു ആര്‍ത്തിയാണ്
മലയാളികള്‍ക്ക് ശകലം മിനുങ്ങാനായിട്ട് ...
ബിവറേജില്‍ അച്ചടക്കത്തോട് ക്യൂ നില്‍ക്കുന്നവന്‍ ,
അര മണിക്കൂറ് കറണ്ട് ബില്ലടക്കാന്‍ നില്‍ക്കുമ്പൊള്‍
ഉദ്യൊഗസ്ഥ്യരുടെ തന്തക്ക് വിളിയാണ് ..
വളരുന്ന തലമുറയേ , ഒട്ടുമിക്ക ക്രൂകൃത്യങ്ങളിലേക്കും
തള്ളി വിടുന്നതില്‍ മദ്യത്തിനും മയക്കുമരുന്നിനുമുള്ള
സ്ഥാനം വളരേ കൂടുതലാണ്..
ഈയടുത്ത് ഒരു സ്ത്രീ പാമ്പായി നടക്കുന്നത് എഫ് ബീയില്‍ കണ്ടിരുന്നു ..
ദൈവത്തിന്റെ സ്വന്തം നാട് , പറഞ്ഞ പൊലെ ചിത്രങ്ങളില്‍ മാത്രമൊതുങ്ങുന്നു ..
മദ്യം നിയമപാലകരുടെയും നാവില്‍ വെള്ളം ഉറ്റിക്കുമ്പൊള്‍
എന്തു പറയാനാണ്... ഞാനും കഴിച്ചിട്ടുണ്ട് , കഴിക്കാറുമുന്റ് ..
പക്ഷേ ഇതൊക്കെ ഒരുമാതിരി .............

Unknown പറഞ്ഞു...

ദൈവത്തിന്റെ സ്വന്തം നാടിനെ നന്നായി അവതരിപ്പിച്ചു ...

kochumol(കുങ്കുമം) പറഞ്ഞു...

എറണാകുളത്ത് വച്ചു ഞങ്ങള്‍ക്കും ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട് മുണ്ടോളി ... അന്ന് അവിടെ തങ്ങാന്‍ പ്ലാന്‍ ചെയ്ത ഞങ്ങള്‍ ..എന്റെ നിര്‍ബന്ധം കാരണം ആ രാത്രി തന്നെ തിരിച്ചു കൊട്ടാരക്കര എത്തി ...അന്ന് വീടെത്തുന്നത് വരെ ഞാന്‍ അനുഭവിച്ച ടെന്‍ഷന്‍ പറഞ്ഞാല്‍ പോലും ആര്‍ക്കും മനസ്സിലാകില്ല ... എന്നെ പിന്നെ കളിയാക്കി കൊന്നു എല്ലാരും എന്നാലും സാരോല്ലാ വീടെത്തിയപ്പോളാണ്‌ു സമാധാനമായതെനിക്ക്

ഇസ്മയില്‍ അത്തോളി പറഞ്ഞു...

ഇപ്പോള്‍ ചെകുത്താന്‍റെ സ്വന്തം നാട് തന്നെ കേരളം ..പ്രദീപ് മാഷു പറഞ്ഞ പോലെ ,പോകാനിടോല്ലാത്തോണ്ട് ഇവിടെ ഇങ്ങനെ ......
കാപ്പാടിനടുത്തുള്ള എന്‍റെ വീട് നില്‍ക്കുന്ന പുഴത്തീരം ഇപ്പോള്‍ കുടിയന്മാരുടെ പറുദീസയാണ് ..ആരോട് പരാതി പറയാന്‍ .ഇവിടെ എല്ലാ നിയമങ്ങളും നോക്ക് കുത്തി മാത്രം ..............

Sadique M Koya പറഞ്ഞു...

"365 ദിവസവും നാട്ടില്‍ നില്‍ക്കുന്നവരുടെ സ്ഥിതി എന്തായിരിക്കും?" നാട്ടിലുള്ളവര്‍ക്ക് ഇത് കാണുമ്പോള്‍ വലിയ പുതുമയൊന്നും ഉണ്ടാകൂല...അവര്‍ സ്ഥിരം കാണുന്നതല്ലേ

Arjun Bhaskaran പറഞ്ഞു...

നല്ല കുടിയന്മാരുമുണ്ടെന്നെ..സത്യായിട്ടും ;-)
ഈ വക സാധനങ്ങളാ പറയിപ്പിക്കാൻ ഉണ്ടായത്‌..

കാഴ്ചക്കാരന്‍ പറഞ്ഞു...

നാട്ടില്‍ പോകരുത് മുണ്ടോളീ
പോകരുത
അതാ നല്ലത് ..................

മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് പറഞ്ഞു...

ദൈവത്തിന്റെ സ്വന്തം നാട്............

:(

Mizhiyoram പറഞ്ഞു...

പണ്ടൊക്കെ (ഞാന്‍ പഠിക്കുന്ന കാലത്ത്) ചെറുപ്പകാര്‍ ബീടിയോ സിഗരെറ്റോ വലിക്കുന്നുണ്ടെങ്കില്‍, അത് എത്രയോ രഹസ്യമായിട്ടായിരുന്നു ചെയ്തിരുന്നത്. പൊതു ജനങ്ങളോട് ഭയവും ബഹുമാനവും ഉണ്ടായിരുന്നു അന്ന്. എന്നാല്‍ ഇന്നത്തെ അവസ്ഥമാറി. വെള്ളമടിക്കാത്ത ചെറുപ്പക്കാര്‍ കുറവാണ് എന്ന് മാത്രമല്ല അതും പരസ്യമായി ചെയ്യുന്നവര്‍ക്കെ മാര്‍ക്കെറ്റ്. മിക്യ കല്യാണ വീടുകളിലും രാത്രി രഹസ്യമായി ചെറുപ്പക്കാര്‍ക്കുള്ള വെള്ളമടി പാര്‍ട്ടി നടക്കാറുണ്ട് എന്ന ഇപ്പൊ നാട്ടില്‍ നിന്നും വന്ന ഒരു പയ്യന്‍ പറഞ്ഞത്. ഇനിയെന്തെല്ലാം നാം കാണേണ്ടിയിരിക്കുന്നു അല്ലെ?

പഥികൻ പറഞ്ഞു...

കള്ളു കുടിയന്മാരുടെ സ്വന്തം നാട്

ലംബൻ പറഞ്ഞു...

സത്യം പറഞ്ഞാല്‍ ഇപ്പോളാണ് ഞങ്ങള്‍ 'മദ്യപാനികള്‍ക്ക്' ഒരു സ്വീകാര്യത ഒക്കെ കിട്ടിയത്. രണ്ടെണ്ണം അടിച്ചോ കുഴപ്പം ഇല്ലെന്നെ എന്നോകെ കാമുകിമാരും ഭാര്യമാരും പറയാന്‍തുടങ്ങിട്ടുണ്ട്. കുറച്ചുപേരുടെ പെരുമാറ്റ ദൂഷ്യംകൊണ്ട് ഞങ്ങളെ അടച്ചു ആക്ഷേപിക്കരുത് എന്ന് ഒരു സ്മാള്‍ കുടിയന്‍.

K@nn(())raan*خلي ولي പറഞ്ഞു...

നിന്റേം ഭാര്യേടെം മാര്യേജ് സര്ട്ടിഫിക്കറ്റ് ചോദിച്ചില്ലല്ലോ., ഭാഗ്യം!
ഇപ്പൊ അതാ നാട്ടിലെ സ്ഥിതി.

ബൂലോകത്ത് ഉള്ളതുപോലെ ഭൂലോകത്തും ഉണ്ട് സദാചാര എമ്പോക്കികള്‍ എന്ന് മനസിലാക്കുക!

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

നിറഞ്ഞു കവിയട്ടെ കള്ളുകുടിയന്‍മാര്‍

നാമൂസ് പെരുവള്ളൂര്‍ പറഞ്ഞു...

ശരിക്കും പൌരബോധമുള്ളവര്‍ അവരിവരാണ്.!

kavootty പറഞ്ഞു...

aywa super machans super.... commentadicha muyuvan malayaalikalum nammude naadine kurichu kuttam paranhathallathe enthu kond ingane sambavikkunnu ithinu pradhividi enthu ennonnum oralum paranhu kandilla
theateril vechu avare sahaayicha cheruppakkareyum aarum paraamarshichu kandilla , ithanu malayaaliyude high ligt parasparam kuttam parayaanum paaravekkanum malayaalikalkulla kkayivu pravaasa lokathil ethapettittulla 99% aalkaarum manassilakkiyittundaakm, naattil kurachu kudiyanmaarundennu karuthi pravaasiyude aanukoolyam patti naattukaare muyuvan tharadichu kaanikkaam ennu aarelum karuthunnundenkil nadakkilla.
nattilundaaya mosham anubavam eyuthiya blogar nalla anubavathe kurichu eyuthi kaanilla , eyuthiyaal thanne supportinu itrem commentum kittilla thats mallu

ajith പറഞ്ഞു...

മുണ്ടാണ്ടിരുന്നാ കൊഴപ്പല്ലാതെ ജീവിച്ചുപൂവാം.
അദാപ്പൊ കണ്ടീഷന്‍

നളിനകുമാരി പറഞ്ഞു...

ദൈവത്തിന്റെ സ്വന്തം നാട്' എന്ന് ബ്രാന്‍ഡ്‌ ചെയ്യുന്ന കേരളത്തെ ഈ ടൂറിസ്റ്റുകള്‍ തന്നെ "കുടിയന്മാരുടെ സ്വന്തം നാട്" എന്ന് വിളിക്കുന്ന കാലം വിദൂരമല്ല !!!
Devanmar sura paanam cheythirunnu. angane veena pera ithu...

ലി ബി പറഞ്ഞു...

അല്ലേല്ലും കുട്യന്മാര്‍ക്ക് ചോയ്ക്കാനും പറയാനും ആരൂല്ലല്ലോ!!!!

Unknown പറഞ്ഞു...

കുടിയന്മാരെ തൊട്ടുകളിച്ചാൽ....അക്കളി തീക്കളി...

TOMS KONUMADAM പറഞ്ഞു...

ഈ പഴയ പോസ്റ്റ് ഫേസ്ബുക്കിൽ കണ്ടാണ്‌ വന്നത്.
സർക്കാർ തന്നെ കള്ള് വില്പന സുതാര്യമാക്കിയിരിക്കുകയാണ്.. അപ്പോൾ മിണ്ടാണ്ട്‌ ഒരു സ്ഥലത്ത് ഇരിക്കുകെ നിവൃത്തി ഉള്ളൂ. പിന്നെ സെക്കെന്റ് ഷോ കാണാൻ പോകുമ്പോൾ സുഹൃത്തുക്കളെയും കൂട്ടുക

ശിഹാബ് മദാരി പറഞ്ഞു...

ഒരു രക്ഷയുമില്ല - അത്യാവശ്യം ..പോക്രിത്തരവും .. ഇത്തിരി തോട്ടിത്തരവും കയ്യില ഇല്ലെങ്കിൽ കാര്യം പോക്ക് തന്നെ ... ഫാമിലിയുമായി പുറത്തു പോകുമ്പോൾ വല്ലാത്ത കണ്ണ് വേണം സുഹൃത്തെ ... നമ്മൾ വിദ്യ സംബന്നർ ആണല്ലോ :) :) .
കണ്ണ് വേണം .
കത്തിയും വേണം :D

aswany umesh പറഞ്ഞു...

ഇതാണിപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ അവസ്ഥ.

ഷെഫീക്ക് ലഹരി വിരുദ്ധ പ്രവര്‍ത്തകന്‍ പറഞ്ഞു...

താങ്കളുടെ ഈ സ്റ്റോറിയും കമന്റുകളും എഫ്.ബി സുഹൃത്തുക്കള്‍ ഞാന്‍ ഷെയര്‍ ചെയ്യുകയാണ്.ശരിക്കും നമ്മളെ ചിന്തിപ്പിക്കുന്ന ഒന്നായിരുന്നു ഇത് ഷെയര്‍ ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ .....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ