വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഒരു പ്രവാസിയുടെ ജനനം!

വിസിറ്റ് വിസയില്‍ ദുബായില്‍ എത്തിയിട്ട് മോശമല്ലാത്ത ഒരു ജോലിയൊക്കെ കിട്ടി മെഡിക്കല്‍ ടെസ്റ്റ്‌, വിസ അടിക്കല്‍ എന്നീ പതിവ് കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞു പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വച്ച ആദ്യ നാളുകള്‍. ഭക്ഷണത്തിനും അത്യാവശ്യ ചിലവിനും ഉള്ള കാശ് മാറ്റിവെച്ച് ശമ്പളത്തിന്റെ ഏറിയ പങ്കും നാട്ടിലേക്ക് അയച്ച് കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തുന്ന കേരളത്തിന്റെ സാമ്പത്തിക ഘടനയെ താങ്ങി നിര്‍ത്തുന്ന ചുമതല മറ്റു ഗള്‍ഫ്കാരെ പോലെ ഞാനും നിറവേറ്റി തുടങ്ങി. വലിയ അല്ലലുകള്‍ ഒന്നും ഇല്ലാതെ ജീവിതം 'സില്‍സിലാ..ഹേ..സില്‍സിലാ" എന്ന രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് ആ വാര്‍ത്ത‍ കേട്ടത് .

ലേബര്‍ കാര്‍ഡിന് പുറമേ 'എമിറേറ്റ്സ് ഐഡി' എന്ന പേരില്‍ ഗവന്മേന്റ്റ് പുതിയ ഒരു തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ടുവരാന്‍ പോകുന്നു. വാര്‍ത്തയുടെ നേരും നെറിയും അറിയാന്‍ ഓഫീസിലെ ലോക്കല്‍ PRO വിനോട് ബന്ധപ്പെട്ടപ്പോള്‍ അങ്ങേരുടെ വക വിശദമായ ഒരു റിപ്പോര്‍ട്ട് തന്നെ കിട്ടി. 

"വാര്‍ത്ത‍ സത്യമാണ്. ഈ ഐ ഡി കാര്‍ഡ്‌ ഉണ്ടെങ്കില്‍ മാത്രമേ പുതുതായി ബാങ്ക് അക്കൗണ്ട്‌ തുടങ്ങാനും വണ്ടി വാങ്ങാനും വീട് വാടകയ്ക്ക് എടുക്കാനും ഒക്കെ പറ്റുള്ളൂ . 370 ദിര്‍ഹം ആണ് കാര്‍ഡിന്റെ ചാര്‍ജ്. വിസ പുതുക്കുമ്പോള്‍ കാര്‍ഡും പുതുക്കണം. പക്ഷെ കാര്‍ഡ്‌ എടുക്കാനോ പുതുക്കാനോ കമ്പനി കാശൊന്നും തരില്ല. എല്ലാം സ്വന്തമായിട്ട് ചെയ്തോളണം. 

PRO വിന്റെ അവസാനം വാചകം ഞാനടക്കമുള്ള പുതുതായി വന്ന മലയാളി എമ്പ്ലോയീസിനു തീരെ ദഹിച്ചില്ല. ഞങ്ങളുടെ അതൃപ്തി PRO വിനെ അറിയിക്കുകകയും ചെയ്തു. 

"ദിസ്‌ ഈസ്‌ കമ്പനി റൂള്‍. യു ഹാവ് ടു ഒബേ ഇറ്റ്‌". (You have to obey it).

അങ്ങേരുടെ മറുപടി കേട്ടതും കോപം,ദേഷ്യം,രോഷം,ക്രോധം എന്നീ വികാരങ്ങള്‍ കൊണ്ട് ഞങ്ങടെ മുഖങ്ങള്‍ ചുവന്നു തുടുത്തു......രക്തം തിളച്ചു. "കമ്പനി റൂള്‍ ആണ് പോലും. അങ്ങനെയെങ്കില്‍ ആ റൂള്‍ ഒന്ന് ബ്രേക്ക്‌ ചെയ്തിട്ട് തന്നെ കാര്യം". 

കൂടെയുള്ളവരൊക്കെ നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകാരാണ്. എനിക്കാണേല്‍ പ്ലസ്‌ ടു വരെ SFI യില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമുണ്ട്. "അലകിന്‍ അറ്റം ചെത്തി മിനുക്കി സര്‍ സിപിയുടെ പട്ടാളത്തെ എതിരേറ്റവരുടെ മക്കള്‍ ഞങ്ങള്‍" എന്ന് തൊണ്ട കീറി എന്തോരം മുദ്രാവാക്യം വിളിച്ചിരിക്കുന്നു. പ്രിന്‍സിപ്പല്‍ മുതല്‍ DEO നെ വരെ ഘരാവോ ചെയ്തിട്ടുണ്ട്. അപ്പോഴാ ഈ പീറ PRO !!!

"വിസയും മെഡിക്കലും ഇന്‍ഷുറണ്‍സും എല്ലാം കമ്പനിയുടെ ഉത്തരവാദിത്വം അല്ലെ? അപ്പോള്‍ കാര്‍ഡിനും കമ്പനി തന്നെ കാശു തരണം". ഞങ്ങളുടെ പ്രതിഷേധത്തിന്റെ സ്വരം കനത്തു. 370 ദിര്‍ഹം എന്നാല്‍ നാട്ടിലെ 5000 രൂപയാണ് !! ചുമ്മാ അങ്ങ് വിട്ടുകളയാന്‍ പറ്റുമോ?? 5000 രൂപയ്ക്ക് നാട്ടില്‍ എത്ര പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കാം !!

ഞങ്ങള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കു പോലും തയ്യാറാകാതെ ബൂര്‍ഷ്വാ PRO തന്റെ ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തു .

"സമരം ചെയ്യാന്‍ ഇത് നിങ്ങടെ നാടോന്നുമല്ല. ഇവിടെ ഞങ്ങള്‍ പറയുന്നതാ നിയമം. നിങ്ങള്‍ക്ക് ജോലി വേണോ അതോ ....................."

ആ അസ്ത്രം ഞങ്ങടെ നെഞ്ചത്ത്‌ തന്നെ തറിച്ചു. അങ്ങേര് വാചകം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഞങ്ങടെ മുഖത്ത് നേരത്തെ പ്രത്യക്ഷപ്പെട്ട multiple വികാരങ്ങള്‍ എല്ലാം 'ഗതികേട്' എന്ന single വികാരത്തിന് വഴി മാറിക്കൊടുത്തു . തലയും താഴ്ത്തി പുറത്തേക്കു നടന്ന ഞങ്ങള്‍ വാഷ്‌ റൂമില്‍ യോഗം ചേര്‍ന്ന് PRO വിന്റെ തന്തയ്ക്കും തന്തയുടെ തന്തയ്ക്കും വിളിച്ചു പ്രധിഷേധ പരിപാടികള്‍ അവസാനിപ്പിച്ച്‌ ജോലി തുടരാനായ് അവരവരുടെ സീറ്റുകളിലേക്ക് പോയി.

കാര്‍ഡിന് അപേക്ഷിക്കാനായി പിറ്റേ ദിവസം ഞാന്‍ ഒരു ടാക്സിയില്‍ എമിറേറ്റ്സ് ഐഡി ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ എത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആളുണ്ട്. രാവിലെ തന്നെ കയറും പൊട്ടിച്ചു വന്നോളും തെണ്ടികള്‍!! ഇവന്മാര്‍ക്കൊന്നും ഒരു പണിയുമില്ലേ!! ടോക്കെന്‍ എടുക്കാനുള്ള Q വിന്റെ അറ്റം ഓഫീസ്‌ വരാന്തയും കഴിഞ്ഞു മുറ്റത്ത്‌ എത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ Q എനിക്ക് അലര്‍ജിയാണെങ്കിലും വളരെ ഡീസന്റ് ആയി ഏറ്റവും പുറകില്‍ പോയി നിന്നു. ഇത്രയും ശാന്തമായ Q നാട്ടിലെ ബീവറേജിന്റെ മുന്നില്‍ അല്ലാതെ ലോകത്ത് വേറെയൊരിടത്തും കാണാന്‍ പറ്റിയെന്നു വരില്ല.

മൊബൈലില്‍ പാട്ട് കേട്ടത് കൊണ്ട് സമയം പോയതറിഞ്ഞില്ല. Q വില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി!! ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഇതെന്തു മറിമായം!! തൊട്ടു മുന്നില്‍ നില്‍ക്കുന്ന ചേട്ടനോട് ഞാനിക്കാര്യം തിരക്കി.

"ചേട്ടാ കുറെ നേരായല്ലോ നമ്മള്‍ നില്ക്കാന്‍ തുടങ്ങിയിട്ട്. വല്ലതും നടക്കുമോ?"

എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് ചേട്ടന്‍ ചോദിച്ചു "ദുബായിയില്‍ പുതിയതാണ് അല്ലെ?". 

'കുബ്ബൂസ് എത്ര എന്ന് ചോദിച്ചിട്ട് തൈര് രണ്ടു പാക്കറ്റ് ' എന്ന് പറഞ്ഞപോലെയാണല്ലോ ഈ ചേട്ടന്റെ കാര്യം. ഉത്തരം പറഞ്ഞില്ലേല്‍ മര്യാദകേട് അല്ലെ എന്ന് കരുതി 'അതെ' എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. 

"മോനെ ഇവിടെ അറബികള്‍ ജോലി ചെയ്യുന്നത് അവരുടെ മൂഡ്‌ അനുസരിച്ചാണ്. റിസെപ്ഷനില്‍ ഇരിക്കുന്ന ആ പെണ്ണുമ്പിള്ളയെ കണ്ടില്ലേ? നേരത്തെ ഒരു ബംഗാളി Q വില്‍ ഇടയ്ക്ക് കേറിയപ്പോള്‍ ടോക്കെന്‍ കൊടുക്കല്‍ നിര്‍ത്തി വച്ചതാണ് അവള്‍. ഇനി ടോക്കെന്‍ കൊടുത്തു തുടങ്ങണമെങ്കില്‍ അവളുടെ മൂഡ്‌ നേരെയാകണം".

ഞാന്‍ ഏന്തി വലിഞ്ഞു റിസപ്ഷനിലെ മൂഡ്‌ പോയ ആ പെണ്ണുമ്പിള്ളയെ ഒന്ന് ദര്‍ശിച്ചു. തടിച്ച് ചീര്‍ത്ത് ശീമ പന്നിയെ പോലുള്ള ഒരു സാധനം. ഇവളുടെ മുന്‍പില്‍ നമ്മുടെ ഷക്കീലയൊക്കെ വെറും കൃമി കീടം. ഇത്രേം ആള്‍ക്കാര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത് ഒന്ന് മൈന്റ് പോലും ചെയ്യാതെ അവള്‍ അവസ്ഥയ്ക്കിരുന്നു സാന്റ്വിച് തിന്നുകയാണ്. മനുഷ്യന്മാരിവിടെ രാവിലെ മുതല്‍ പച്ച വെള്ളം കുടിച്ചിട്ടില്ല!!!!.

'ക്ഷമയുടെ നെല്ലിപ്പടി കണ്ടു' എന്ന് പലതവണ സ്കൂളില്‍ വാക്യത്തില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും വളരെ വിരളമായിട്ടെ ജീവിതത്തില്‍ അനുഭവപ്പെടാറുള്ളൂ. അങ്ങനെ ഒരനുഭവം പോണ്ടിച്ചേരിയില്‍ പഠിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്. യൂനിവേര്‍സിറ്റി ഫീസ്‌ അടയ്ക്കാന്‍ DD എടുക്കാനായിട്ട് ബാങ്കില്‍ പോയപ്പോള്‍ ഫോം ഫില്‍ ചെയ്തു കൌണ്ടറില്‍ കൊടുത്തു. അര മണിക്കൂര്‍ ആയിട്ടും കൌണ്ടറില്‍ ഇരിക്കുന്ന ഓഫീസര്‍ എന്നെ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ student ആണ്. പിന്നെ യൂനിവേര്‍സിറ്റി പരിസരത്ത് വേറെ ബാങ്കുമില്ല. ഞാന്‍ എങ്ങോട്ടും പോവില്ല എന്ന് അയാള്‍ക്ക്‌ നന്നായിട്ടറിയാം. കടത്തനാടന്‍ ചേകവന്‍മാരുടെയും കുഞ്ഞാലി മരക്കാരുടേയും നാട്ടിന്നു വന്ന എന്നോടാണ് അവന്റെ കളി!! കൌണ്ടറില്‍ ചെന്ന് തമിഴും ഇംഗ്ലീഷും മിക്സ്‌ ചെയ്തു കട്ടത്തെറി പറഞ്ഞപ്പോള്‍ മാനേജര്‍ കാബിനില്‍ നിന്നു ഇറങ്ങി വന്നു. ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പുള്ളി സ്നേഹത്തോടെ കാബിനില്‍ വിളിച്ചിരുത്തി അഞ്ചു മിനിട്ടിനുള്ളില്‍ DD എടുത്തു തന്നു.

ഇങ്ങനെ മൊട കണ്ടാല്‍ ഇടപെടുന്ന മഹത്തായ പാരമ്പര്യമുള്ള ഞാനാണ് പച്ചവെള്ളം കുടിക്കാതെ മൂന്ന് മണിക്കൂര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത്. കുറെ നേരമായി സഹിക്കുന്നു . ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല.!! അകത്തു ഏസിയില്‍ ഇരുന്നു സാന്റ്വിച് തിന്നുന്ന മഹാറാണിയോട് രണ്ടു ചോദിച്ചിട്ട് തന്നെ കാര്യം!!

സുരേഷ് ഗോപി സ്റ്റൈലില്‍ കയ്യും വീശി ആവേശത്തോടെ ഞാന്‍ ഡോര്‍ തുറന്നു റിസപ്ഷനിലോട്ടു പ്രവേശിച്ചു. എന്റെ വരവിന്റെ വേഗത കണ്ടിട്ടാണെന്ന് തോന്നുന്നു റിസെപ്ഷനില്‍ നില്‍ക്കുന്ന എല്ലാരുടെയും ശ്രദ്ധ എന്നിലേക്കായി. പച്ച യൂണിഫോമിട്ട പോലീസുകാരും ശുഭ്ര വസ്ത്ര ധാരികളായ അറബികളും  എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോള്‍ എനിക്കെന്തോ ഒരു വല്ലായ്മ!! ആവേശം കുറച്ചു ഓവറായോ എന്നൊരു തോന്നല്‍!! കൈകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. കാലുകളില്‍ ഒരു മരവിപ്പ്....നിക്കണോ പോണോ?? തവളയെ വിഴുങ്ങിയ പാമ്പിനെ പോലെ ഇറക്കണോ തുപ്പണോ എന്നറിയാതെ ഞാന്‍ അവിടെ നിന്ന് പരുങ്ങി. 

"വാട്ട്‌ യു വാണ്ട്‌'? (What you want)

ചോദ്യത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകള്‍ ഉടക്കിയത് റിസപ്ഷനില്‍ ഇരിക്കുന്ന ഹിഡുംബിയിലാണ്.അവള്‍ എന്നെ നോക്കി കണ്ണുരുട്ടുകയാണ്.എന്റെ ശേഷിച്ച ധൈര്യം കാറ്റുപോയ ബലൂണ്‍ പോലെ ശ്ര്‍ര്‍ര്‍ര്‍ര്‍ന്ന് ചോര്‍ന്നു!

"ഹലോ മിസ്ടര്‍ വാട്ട്‌ യു വാണ്ട്‌"? (Hello Mr what you want)

അവള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇനി വാ തുറക്കാതെ രക്ഷയില്ല...ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു....പിന്നെ ചോര്‍ന്നുപോയ ധൈര്യം എല്ലാം സംഭരിച്ച് "ബദരീങ്ങളെ കാത്തോളണേ" എന്ന് പ്രാര്‍ത്ഥിച്ചു ഒരൊറ്റ 
ചോദ്യം......

"Where is the toilet ?"

Toilet?? അവള്‍ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി. ഇവളെന്താ കക്കൂസില്‍ പോകാറില്ലേ!!!

യെസ്..Toilet. 

Its back side !! അവള്‍ അവജ്ഞയോടെ പിന്നിലേക്ക്‌ കൈ ചൂണ്ടി.

"താങ്ക് യു."................. ഞാന്‍ പുറകു വശത്തേക്ക് ഓടി.

മൂത്രം ഒഴിച്ച് Q വില്‍ പഴയ സ്ഥാനത്ത് വന്നു നിന്നപ്പോള്‍ മുന്നില്‍ നിന്ന ചേട്ടന്റെ വക ചോദ്യം.
"എവിടെ പോയതാ"?
"ഒന്ന് മൂത്രം ഒഴിക്കാന്‍ പോയതാ ചേട്ടാ"..പുള്ളി മൂത്രത്തില്‍ പിടിച്ചു കേറേണ്ട എന്ന് കരുതി ഞാന്‍വിഷയം മാറ്റി ."ചേട്ടാ ദിര്‍ഹത്തിന്റെ റേറ്റ് എത്രയാ ഇപ്പോള്‍?"
"ഇന്നലെ പന്ത്രണ്ടു ആയിരുന്നു..എന്താ മോനെ നാട്ടിലേക്ക് കാശ് അയക്കാനുണ്ടോ?"
"ഹേയ് ഇല്ല ചേട്ടാ..ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ."
മോനെ സത്യം പറയ്‌..നീ എന്താ ആ പെണ്ണിനോട് ചോദിച്ചത്?
കൊച്ചു ഗള്ളന്‍ എല്ലാം കണ്ടെന്നു തോന്നുന്നു!!
"ഒന്നുമില്ല ചേട്ടാ..ഞാന്‍ ടോയിലേറ്റ് എവിടെയാ എന്ന് ചോദിച്ചതാ"
"ടോയിലറ്റ് ബാക്ക് സൈഡില്‍ ആണെന്ന് ഇവിടെയൊക്കെ ചക്ക വലുപ്പത്തില്‍ എഴുതി വച്ചിട്ടുണ്ടല്ലോ!! പിന്നെന്തിനാ അവളോട്‌ ചോദിച്ചത്". ചേട്ടന്‍ വിടാനുള്ള ഉദ്ദേശം ഇല്ല.
"സത്യം പറയാലോ ചേട്ടാ..അവളെ രണ്ടു ചീത്തവിളിക്കാന്‍ പോയതാ..പക്ഷെ അവിടെ ചെന്നപ്പോള്‍ നാവ് പൊങ്ങിയില്ല". ഞാന്‍ ആയുധം വെച്ച് കീഴടങ്ങി!!

"നിന്റെ പോക്ക് കണ്ടപ്പോഴേ എനിക്ക് എന്തോ പന്തികേട്‌ തോന്നിയിരുന്നു..അനുഭവം കൊണ്ട് പറയാ മോനെ, ഇവിടെ പിടിച്ചു നില്‍ക്കണമെങ്കില്‍ ഭൂമിയോളം ക്ഷമ വേണം. ആത്മ സംയമനം പാലിക്കണം. എന്തും സഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം"
.
"ചേട്ടാ ഇതൊക്കെ എങ്ങനെയാ ഒന്ന് പഠിച്ചെടുക്കുക?"

"ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും".

ഐഡി കാര്‍ഡിനായുള്ള എന്റെ കാത്തിരിപ്പ്‌ പിന്നെയും മണിക്കൂറുകളോളം നീണ്ടു. ചേട്ടന്‍ പറഞ്ഞതുപോലെ മാസാവസാനം ഞാന്‍ അയക്കുന്ന പൈസ കിട്ടുമ്പോള്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങുന്ന ഉമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍, അനിയന്മാരുടെ സന്തോഷത്തോടെയുള്ള മെസ്സേജ് ഓര്‍ത്തപ്പോള്‍ ആ കാത്തിരിപ്പിനു ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.....

************************************************************************************************************
ജാഗ്രത:-
ടൈപ്പിംഗ്‌ സെന്ററിലെ തരുണീമണികളുടെ ടൈപ്പിംഗ്‌ വിശേഷവും ബയോ മെട്രിക്സ് സെന്ററില്‍ വെച്ച് എന്നെ പറ്റിച്ച അറബി യുവാക്കളുടെ ഇന്ത്യന്‍ സിനിമയെ കുറിചുള്ള അപാര ജ്ഞാനത്തിന്റെയും സംഭവ ബഹുലമായ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ വായിക്കാം.

86 അഭിപ്രായങ്ങൾ:

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

"ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും".

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും".

one thousand like !

ശ്രീജിത് കൊണ്ടോട്ടി. പറഞ്ഞു...

പ്രവാസികളുടെ പ്രയാസങ്ങള്‍ രസകരമായി അവതരിപ്പിച്ചു ഷജീര്‍. പ്രതികരണ ശേഷി വളരെ കൂടിയ ഇനത്തില്‍ പെട്ട ഒരാള്‍ ആയിരുന്നു ഞാനും. അബുദാബിയില്‍ എത്തുന്നതിന് മുന്‍പ്‌ വരെ..:)

തേങ്ങ ആദ്യം നീതന്നെ അടിച്ച സ്ഥിതിക്ക് ഞാന്‍ ഒരു ചിരട്ട അടിക്കാം -:)

വി.എ || V.A പറഞ്ഞു...

അറബി(ച്ചി)കളുടെ ഈ ഉദാസീനത പ്രവാസികളുടെ നിത്യാനുഭവങ്ങൾതന്നെ. എങ്കിലും അവിടെ ചെന്ന സ്ഥിതിക്ക് മറ്റ് ഒരു വാചകമെങ്കിലും പറയാമായിരുന്നു. എല്ലാം സഹിക്കുകതന്നെ ഉത്തമം, അല്ലേ? ഇവിടെ സൌദിയിലും ഇതുതന്നെ സ്ഥിതി......

വാല്യക്കാരന്‍.. പറഞ്ഞു...

ക്യൂബാ മുകുന്ദനെ ഓര്‍മ്മ വന്നു, 'അറബിക്കഥ'യിലെ മുഹൂര്‍ത്തങ്ങള്‍ ഓര്‍മ്മ വന്നു....
ലാല്‍ ജോസിന്റെ സംവിധാനത്തില്‍ ശ്രീനിവാസന്‍ അഭിനയിച്ച ആ ചിത്രം ശരിയായി തന്നെയാണ് ചിത്രീകരിച്ചതെന്നു തോന്നുന്നു ഇപ്പോള്‍..

പിന്നെ ആ വായിച്ചപ്പോള്‍ എനിക്കിങ്ങനെ ദേഷ്യം തെരുത്തു വന്നതാ..
ആ ഷക്കീലക്കിട്ടു ബാങ്കോഫീസരോട് കാച്ചിയ പോലെ നാലെണ്ണം കാച്ചാമായിരുന്നില്ലേ..
(എനിക്കെന്തും പറയാം. ഞാന്‍ പ്രവാസിയല്ലല്ലോ ലേ..)

the man to walk with പറഞ്ഞു...

നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും".

Best Wishes

A പറഞ്ഞു...

ഓര്‍ക്കുകയാണെങ്കില്‍ പ്രവാസത്തിന്റെ ഓരോ നിമിഷവും നോവ്‌ നിറഞ്ഞതാത്. അത് കൊണ്ടാണ് ദുബായിക്കാരന്‍ പറയാനുപയോഗിച്ച നര്‍മ്മവാക്കുകളില്‍ നനവ്‌ പടരുന്നത്.

Arjun Bhaskaran പറഞ്ഞു...

ഈ പറയുന്ന പാര്‍ട്ടി പ്രവര്‍ത്തനം ഒക്കെ മാസ്റര്‍ ഡിഗ്രിക്ക് പഠിക്കുന്ന കാലത്തോളം എനിക്കും ഉണ്ടായിരുന്നു.. കൂടിയ തരം തന്നെ..ഇപ്പോള്‍ ഒരു പ്രവാസി തന്നെ.. ആഫ്രിക്കയില്‍.. ഇത് പോലെ അടങ്ങി ഒതുങ്ങി ജീവിക്കുന്നു. നന്നായി കൈകാര്യം ചെയ്തു വിഷയം..ആശംസകള്‍

bijoponnen പറഞ്ഞു...

"സത്യം പറയാലോ ചേട്ടാ..അവളെ രണ്ടു ചീത്തവിളിക്കാന്‍ പോയതാ..പക്ഷെ അവിടെ ചെന്നപ്പോള്‍ നാവ് പൊങ്ങിയില്ല". ഞാന്‍ ആയുധം വെച്ച് കീഴടങ്ങി!!

Echmukutty പറഞ്ഞു...

പ്രവാസിയുടെ നൊമ്പരങ്ങൾ.....നർമ്മത്തിലും കണ്ണീരു പുരട്ടുന്നു.

ajith പറഞ്ഞു...

നാട്ടിലാണെങ്കില്‍ ചില കുറുക്കുവഴികളെങ്കിലുമുണ്ടായിരുന്നു..അല്ലേ? (എന്നിട്ട് കാര്‍ഡ് കിട്ടിയോ?)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഞാനൊരു ടൈപ്പിങ്ങ് സെന്ററിലാണ് ഫയൽ ആക്കിയത്, അതോണ്ട് വലിയ ക്യൂ ഒന്നും വേണ്ടി വന്നില്ല.
അറബിച്ചികളുടെ കാര്യം പറയാതിരിക്കുകയാ ഭേദം. രണ്ട് മൂന്ന് ബ്ളാക്ക് ബെറി കാണും കയ്യിൽ , ഇതിൽ മാറി മാറി പ്രയോഗിക്കുന്നതിന്റെ ഇടയിൽ സമയം കിട്ടിയാൽ മുന്നിൽ വന്നവനെ നോക്കും.

ഇവിടെ സർക്കാർ ഒഫീസ് സ്വർഗ്ഗരാജ്യമാണെന്ന് പ്രചരിപ്പിക്കുന്ന യു എ എ ബ്ളോഗർമാരെ ഒന്ന് നേരിട്ട് കാണണം.
:)

രമേശ്‌ അരൂര്‍ പറഞ്ഞു...

മരുഭൂമി ഒരു സര്‍വ കലാശാലയല്ലേ ..വലിയ പഠിപ്പുകള്‍ തരുന്ന സര്‍വകലാശാല !
ഷെബീര്‍ ..ഗംഭീരമായി പറഞ്ഞു .:)

mayflowers പറഞ്ഞു...

ആ ചേട്ടന്റെ ഉപദേശത്തില്‍ എല്ലാമുണ്ട്.എല്ലാം..
കരഞ്ഞു കൊണ്ട് ചിരിക്കാന്‍ പഠിച്ചവരാണല്ലോ പ്രവാസികള്‍..

Unknown പറഞ്ഞു...

that was really good.. i really njoyed it!! so u have been through all that huh???

രഞ്ജിത്ത് കണ്ണൻകാട്ടിൽ പറഞ്ഞു...

ഷജീറിക്കാ...
ഞാനും പ്രതികരണശേഷി അല്പം കൂടിയ ടൈപ്പാ....
അവിടെ വരാൻ പറ്റുവാണേൽ വന്നിട്ട് മാറാട്ടാ...
കേരളത്തില് ഇതില്ലാതെ നോ നടപ്പ്.....

പ്രവാസിയെ പ്രസവിച്ചു.....:).ഇഷ്ടായി.....

Manoraj പറഞ്ഞു...

എല്ലാ പ്രവാസിക്കുമുണ്ട് ഇതുപോലെ ഓരോ കഥകള്‍.. നന്നായി പറഞ്ഞു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

അനുഭവിക്കാന്‍ നമ്മടെ ജീവിതം പിന്നെയും ബാക്കി.
എന്നാല്‍ നിര്‍ത്തി പോയ്ക്കൂടെ എന്ന ചോദ്യം വരും. അതിനുള്ള ഉത്തരമാണ് ഷജീര്‍ അവസാനം പറഞ്ഞത്.
പ്രവാസത്തിലെ ജീവിതാനുഭങ്ങള്‍ , തമാശകള്‍ എല്ലാം എല്ലാവരും പറയും. ഒരിക്കലും അത് വിരസമാകാറുമില്ല.
നമ്മള്‍ അടുത്തറിയുന്ന ചുറ്റുപാടുകളെ നന്നായി പറയാന്‍ നമുക്കല്ലേ പറ്റൂ.
ഈ പോസ്റ്റ്‌ രസകരമായി.
വരട്ടെ പുതിയ വിശേഷങ്ങള്‍.
ആശംസകളോടെ

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ഒരുതേങ്ങയല്ല ഒരു ചാക്ക് തേങ്ങ ഉടച്ചിരിക്കുന്നു - യാധാര്‍ഥ്യം സരസമായി അവതരിപ്പിച്ചതിന്

Pradeep Kumar പറഞ്ഞു...

പ്രവാസത്തിന്റെ അനുഭവജ്ഞാനമില്ലെങ്കിലും എല്ലാം മനസിലാവുന്നുണ്ട്.പോണ്ടിച്ചേരിയില്‍ വെച്ച് സ്വന്തം രാജ്യം എന്ന ഒരു ആത്മവിശ്വാസമുണ്ടായിരുന്നു അല്ലെ?., വിദേശരാജ്യമാവുമ്പോള്‍ അതു നഷ്ടമാവുന്നു.പ്രതികരണശേഷി കൂച്ചുവിലങ്ങിടപ്പെടുന്നു.

ആകര്‍ഷണീയമായ ഭാഷ. അഭിനന്ദനങ്ങള്‍.

തരുണീമണികളുടെ ടൈപ്പിംഗ്‌ വിശേഷത്തിന്റെയും അറബി യുവാക്കളുടെ ഇന്ത്യന്‍ സിനിമജ്ഞാനത്തിന്റെയും സംഭവ ബഹുലമായ വിവരണങ്ങള്‍ക്കായി കാത്തിരിക്കുന്നു.

സ്വന്തം സുഹൃത്ത് പറഞ്ഞു...

രസകരമായ അവതരണം..!
ഒത്തിരി ഇഷ്ടപ്പെട്ടു :)
എന്നിട്ടെന്തായ് ID കിട്ടിയൊ?
താമസിച്ചെത്തിയതില്‍ ക്ഷമിക്കുക :) അടുത്ത് ഞെട്ടിക്കലിനായ് കാത്തിരിക്കുന്നു.............

salimhamza പറഞ്ഞു...

നന്നായിരിക്കുന്നു , അഭിനന്ദനങള്‍

Hashiq പറഞ്ഞു...

ആ തടിച്ചി അവിടെ തന്നെ ഇരുന്നോട്ടെ, അങ്ങനെ പണിയൊന്നും ചെയ്യാതെ. 'Q' നിന്ന് കുറച്ച് കാലു കഴച്ചാലും ഈ മെല്ലെപ്പോക്ക് നാം പ്രോത്സാഹിപ്പിക്കുക തന്നെ വേണം. ഇവരൊക്കെ ഇങ്ങനെ ആയതുകൊണ്ടല്ലേ നമ്മളൊക്കെ ഇവിടെ ജോലി ചെയ്യുന്നത്. അവസാനം പറഞ്ഞ കാര്യങ്ങളെല്ലാം അക്ഷരംപ്രതി സത്യമാണ് കേട്ടോ.

കുസുമം ആര്‍ പുന്നപ്ര പറഞ്ഞു...

പ്രവാസികള്‍ക്ക് അപ്പോള്‍ നല്ലക്ഷമയാണല്ലേ..

Unknown പറഞ്ഞു...

ഞങ്ങടെ മുഖത്ത് നേരത്തെ പ്രത്യക്ഷപ്പെട്ട multiple വികാരങ്ങള്‍ എല്ലാം 'ഗതികേട്' എന്ന single വികാരത്തിന് വഴി മാറിക്കൊടുത്തു . hi hi hi..... ഇതിന്റെ പേരാണ് "multiple syndrome via single atrophy mania"..
ചിരിച്ചു ചിരിച്ചു .....
പ്രവാസിയകുകയനെകില്‍ ജപ്പാന്‍ പ്രവാസി ആവണം.. ഒരു ചൂട് ഉരുള കിയങ്ങും ചവച്ചു സര്‍ക്കാര്‍ ഓഫീസില്‍ പോയാല്‍ എല്ലാം ശെരിയവും..

majeed alloor പറഞ്ഞു...

പ്രവാ(യാ)സങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും ..
അഭിനന്ദനങ്ങള്‍ ...!

വര്‍ഷിണി* വിനോദിനി പറഞ്ഞു...

ചിന്തിപിച്ച് ചിരിപ്പിച്ച പ്രവാസ നൊമ്പര കഥ..നന്നയി അവതരിപ്പിച്ചു...ആശംസകള്‍

Mohamed Ali Kampravan പറഞ്ഞു...

എല്ലാ പ്രവാസിക്കും ഉണ്ടാകുന്ന ആദ്യനുഭവങ്ങള്‍. സൌദിയിലും സ്ഥിതി മറിച്ചല്ല. രസകരമായ അവതരണം ചിരിപ്പിച്ചു. നന്ദി.

ചെറുത്* പറഞ്ഞു...

ഹ്ഹ്ഹ്ഹ്ഹ് ഇങ്ങനാണേല്‍‍ ഇങ്ങള് കൊറേ ടോയ്‍ലറ്റ് കാണേണ്ടി വരും.
മോനേ ദുബായ്ക്കാരാ, ജ്ജ് ബെര്‍തേനെ തടി കേടാക്കണ്ടാട്ടാ. നാട്ടീപോയി കെട്ടാനുള്ളതാ. സ്മരണ ബേണം സ്മരണ ;)
ഇവ്ടെ പെണ്ണുങ്ങള്‍‍ടെ കാര്യൊക്കെ ഈ പറഞ്ഞപോലാ. പക്ഷേ എടപെടാന്‍‍ ഏറ്റവും നല്ലടീമുകള്‍ ലോക്കല്‍‍ അറബികളാണെന്ന് തോന്നിയിട്ടുണ്ട്. അതും പുരുഷന്‍‍മാര്‍‍!
ന്തായാലും പോസ്റ്റ് വായിച്ച് ചിരിച്ച്. ആശംസോള്ട്ടാ :)

ഷാജു അത്താണിക്കല്‍ പറഞ്ഞു...

കഷ്ടപാട്ണീ പ്രവാസം,
ഇന്നലെ വൈകുന്നേരം അമ്മാവന്റെ ബകാലയില്‍ ഇരികുമ്പോള്‍ ഒരു കറുപ്പന്‍(സോമാലി) ചെക്കന്‍ വന്നു തെറി വിളി തുടങ്ങി അമ്മാവന്റെ മുമ്പില്‍ നിന്നും എനിക്ക് കേള്‍ക്കാന്‍ പറ്റാതതും ഞന്‍ ഇന്നേവരെ കേള്‍ക്കാത്ത തെറി,
ഞന്‍ മെല്ലെ കടയുടെ പുറത്തിറങ്ങി അവന്‍ പുറത്തിറങ്ങിയപ്പോള്‍ ഒന്ന് മോന്തകിട്ടും കൊടുത്തു
ഇന്ന് ഇനി ഓഫീസ് കഴിഞാന്‍ അമ്മാവനെ കാണാന്‍ പോകേണ്ട അടി ഉറപ്പ :)

Prabhan Krishnan പറഞ്ഞു...

“ഹും...!എനിക്കീ ചീത്തേം തെറീം പേടിപ്പീരും ഒക്കെ സഹിച്ച് ഇവിടെ ജോലി ചെയ്യേണ്ട ഒരു കാര്യോമില്ല..! പിന്നെ..കുടുംബം പഷ്ണിയാവണ്ടാന്നു കരുതീട്ടാ..!
നീയൊക്കെ ഞങ്ങടെ നാട്ടിലോട്ടുവാടാ കാണിച്ചുതരാം..!“

കലിതുള്ളുന്ന സാറന്മാരോട് ഇങ്ങനെ മനസ്സിലെങ്കിലും പറയാത്ത പ്രവാസി മലയാളിയായിരിക്കില്ല..!

തുഫായ് ക്കാരാ നന്നായി എഴുതിട്ടോ..!
പ്രവാസിയുടെ ചിരിക്കുന്ന മുഖമ്മൂടിക്കുള്ളില്‍..
ഇനിയും എത്രയെത്ര ഭാവങ്ങള്‍..!

sheethal pk പറഞ്ഞു...

പ്രവാസിയുട കണ്ണീരില്‍ ചാലിച്ച പുഞ്ചിരി
മനസിലായി..... അതുകൊണ്ട് ഒരു പ്രവസിയായ്‌ മാറാതിരിക്കാന്‍ ശ്രമിക്കാം.............

ManzoorAluvila പറഞ്ഞു...

പ്രവാസ അനുഭവം സരസമായ് അവതരിപ്പിച്ചു...നല്ല അവതരണം..ആശംസകൾ

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌..മിക്കവാറും ഗള്‍ഫില്‍ എല്ലായിടത്തും ഇങ്ങനെ ഒക്കെ തന്നെ.

പ്ലസ്‌ ട കഴിഞ്ഞപ്പോ രാഷ്ട്രീയം നിര്‍ത്തിയത് നന്നായി ( അത് കൊണ്ട് പാഴായി പോയില്ല ഹ ഹ )

Naseef U Areacode പറഞ്ഞു...

ഏതായാലും ദുബായിലെ റിസപ്ഷനിസ്റ്റിനു മൂഡൂ തിരിച്ചു വന്നല്ലോ.. ഇവിടെ സൗദിയിലാണെങ്കിൽ മൂഡു പോയിട്ടു ആളെ തന്നെ കാണാൻ കിട്ടിയെന്നു വരില്ല .. എന്തെങ്കിലും കിട്ടിയാൽ മതി വീട്ടിലോ അല്ലെങ്കിൽ വേറെ കാബിനിലോ പോയി സിഗരറ്റും ചായയും ആയി ഇരുന്നോളും.....

രസകരമായി പൊസ്റ്റ്.. ആശംസകൾ

African Mallu പറഞ്ഞു...

നല്ല രസകരമായി എഴുതി .ഓര്‍മ്മയില്‍ വരുന്നത് പണ്ട് എറണാകുളം റെയില്‍വേ സ്റെഷനില്‍ എന്ക്വയറിയില്‍ അവന്റെ ഇന്ഫോര്‍മെഷന്‍ പറഞ്ഞു തരാനുള്ള വൈമനസ്യം കണ്ടു നല്ല കാര്യമായി തെറി വിളിച്ചതാണ് .അതോകെ ഒരു കാലം ഇപ്പൊ ഞാനും ആത്മസംയമനായി.

ആചാര്യന്‍ പറഞ്ഞു...

"ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും"...അതെന്നെ കേട്ടാ...നന്നായി എന്റെ ദുബായിക്കാരാ..

Najeeba പറഞ്ഞു...

വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും"....നാട്ടിലുള്ള കേടികളൊക്കെ ഇവിടെ വരുന്മ്പോള്‍ പാവം പൂച്ചകളാകുന്നു.

Biju Davis പറഞ്ഞു...

പ്രവാസിയുടെ പ്രശ്നങ്ങൾ സരസമായി അവതരിപ്പിച്ചു, ഷജീർ!

ഇവിടത്തുകാരുടെ ജോലിയിലെ അലസതയും, പിടിപ്പുകേടും അതു മൂലം പ്രവാസികൾ അനുഭവിയ്ക്കുന്ന യാതനകളും അംഗീകരിയ്ക്കുമ്പോൾ തന്നെ, അതു കൊണ്ടു തന്നെയാണു നമ്മൾക്കിവിടെ സാദ്ധ്യതകളുള്ളതും എന്ന് വിസ്മരിയ്ക്കരുത്‌.

ഈയിടെ ഞങ്ങളുടെ വിഭാഗത്തിൽ പുതുതായി വന്ന ഒരു മാനേജരുടെ കഴിവുകേടുകളെ പറ്റി ഞങ്ങൾ ചർച്ച ചെയ്യുന്നതിനിടെ ഒരു സഹപ്രവർക‍ത്തക‍ന്റെ കമന്റ്‌: " കുറച്ച്‌ വേയ്സ്റ്റ്‌ ആളുകൾ ഡിപ്പാർട്ട്‌മെന്റിൽ ഉണ്ടാകട്ടെ; എന്നാലെ നമ്മുടെ പ്രൊഡക്റ്റിവിറ്റി മുകളിലുള്ളവർ അറിയൂ...."

Paavam പറഞ്ഞു...

Very very nice..kalyanam kazhikunnegil gulf payyane venda enna ente theerumanam shariyanenn onnu kude urapichuVery very nice..kalyanam kazhikunnegil gulf payyane venda enna ente theerumanam shariyanenn onnu kude urapichu

ചീരാമുളക് പറഞ്ഞു...

നാട്ടിൽ ആവശ്യത്തിനും അനാവശ്യത്തിനുംമ്നാക്കു കൊണ്ടും കൈകൊണ്ടും കല്ലുകൊണ്ടും പ്രതികരിക്കുന്ന നാം മറുനാട്ടിലെ നനഞ്ഞപൂച്ചയായി മാറുന്നതും ധാർമ്മികരോഷം ഇറ്റുപോലും പുറത്ത് വീഴാതെ അടക്കിപ്പിടുക്കുന്നതും അത്യത്ഭുതം തന്നെ! ഈ ക്ഷമയുടെ നാലിലൊന്നെങ്കിലും സ്വന്തം നാട്ടിൽ കാണിച്ചിരുന്നെങ്കിൽ ഒരുപാട് പൊതുമുതലും പലരുടെയും എല്ലുകളും എന്നേ രക്ഷപ്പെട്ടേനെ!

ഏപ്രില്‍ ലില്ലി. പറഞ്ഞു...

പുലി പോലെ പോയവന്‍...എലി പോലെ മടങ്ങി അല്ലെ.. അവസാന ഭാഗങ്ങളില്‍ എഴുതിയ സത്യം ആണ് എല്ലാവരെയും ക്ഷമ പഠിപ്പിക്കുന്നത്‌ സുഹൃത്തെ.. നന്നായിട്ടുണ്ട്.

Vp Ahmed പറഞ്ഞു...

"ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും". ഈ പറഞ്ഞത് വളരെയധികം ശരിയാണ്. പക്ഷെ ദുബായിലെ ക്യു കേരളത്തിലെ ക്യുവിനെക്കാള്‍ എത്രയോ ഭേദമാണ്. ഈ പറഞ്ഞ കാര്‍ഡ്‌ എടുക്കാന്‍ ക്യുവില്‍ നിന്നിട്ടും എനിക്ക് ചെലവായത് ഇരുപത്തിരണ്ടു മിനുട്ട് ആണ്. സ്വന്തം നാട്ടില്‍ കിട്ടാത്ത പല സൌകര്യങ്ങളും ആസ്വദിക്കുന്നതിന്റെ അഹങ്കാരം ആണ് പൊതുവേ ഗള്‍ഫിനെ പറ്റി മോശമായി ചിത്രീകരിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്നത്.

Jefu Jailaf പറഞ്ഞു...

ഈ എമിരേറ്റ്സ് ഐ ഡി എടുക്കാന്‍ പോയവരെല്ലാം തന്നെ നെല്ലിപ്പലക നല്ല പോലെ കണ്ടവരാ. ഇവിടെ മുദ്രാവാക്യം വിളിച്ചാല്‍ അടുത്ത വിളി നാട്ടില്‍ വെച്ചു വിളിക്കേണ്ടി വരുമല്ലോ എന്നാ ഒറ്റ കാരണം.. കമാ എന്നാ രണ്ടക്ഷരം മുന്ടാതെ ജീവിക്കുന്നു ഓന്‍ എത്ര വലിയ സുജായി ആണെങ്കിലും.. ആശംസകള്‍ രസകരമായ പോസ്റ്റ്‌.. :)

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

പ്രവാസജീവിതത്തിന്റെ പ്രയാസങ്ങൾ രസകരമായി അവതരിപ്പിച്ചു. അടുത്ത പോസ്റ്റിനു കാത്തിരിക്കുന്നു.

ഫൈസല്‍ ബാബു പറഞ്ഞു...

വിസയും മെഡിക്കലും ഇന്‍ഷുറണ്‍സും എല്ലാം കമ്പനിയുടെ ഉത്തരവാദിത്വം അല്ലെ? അപ്പോള്‍ കാര്‍ഡിനും കമ്പനി തന്നെ കാശു തരണം
----------------------------
"ഒരു പെണ്ണും കൂടി കെട്ടിച്ചു തരാം മതിയോ " (ഇത് എന്റെ ബോസ്സ് ആണെങ്കിലുള്ള മറുപടി )

സമരം ചെയ്യാന്‍ ഇത് നിങ്ങടെ നാടോന്നുമല്ല. ഇവിടെ ഞങ്ങള്‍ പറയുന്നതാ നിയമം. നിങ്ങള്‍ക്ക് ജോലി വേണോ അതോ ....................."
--------------------------------
"വേണ്ട സാര്‍ ഒന്ന് പേടിപ്പിച്ചു വിട്ടാല്‍ മതി ഞങള്‍ നന്നായികൊള്ളും"

ഇത്രേം ആള്‍ക്കാര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത് ഒന്ന് മൈന്റ് പോലും ചെയ്യാതെ അവള്‍ അവസ്ഥയ്ക്കിരുന്നു സാന്റ്വിച് തിന്നുകയാണ്. മനുഷ്യന്മാരിവിടെ രാവിലെ മുതല്‍ പച്ച വെള്ളം കുടിച്ചിട്ടില്ല!!!!.
-----------------------------------
" അവിടെ നിക്കടാ ,,വല്ല ബോണസോ ,ലീവ്‌ സാംക്ഷനോ ആണെകില്‍ നീ ഇങ്ങോട്ട് കൊണ്ട് വരില്ലേ ഈ പച്ചവെള്ളം "

ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല.!! അകത്തു ഏസിയില്‍ ഇരുന്നു സാന്റ്വിച് തിന്നുന്ന മഹാറാണിയോട് രണ്ടു ചോദിച്ചിട്ട് തന്നെ കാര്യം!!
--------------------------------
"ഇങ്ങോട്ട് വാ ഇവിടെ എടുത്തു വച്ചിട്ടിണ്ട് "

ചോര്‍ന്നുപോയ ധൈര്യം എല്ലാം സംഭരിച്ച് "ബദരീങ്ങളെ കാത്തോളണേ" എന്ന് പ്രാര്‍ത്ഥിച്ചു ഒരൊറ്റ ചോദ്യം......
"Where is the toilet ?"
-------------------------------
ആ കൂളിംഗ് ഗ്ലാസും വെച്ച് നീ കയറിയപ്പോഴേ എനിക്ക് തോന്നി "കുഞ്ഞാലി മരക്കാരല്ല നീ കീരേരി അച്ചു മലപ്പുറം കത്തിയുമായിട്ടാ വരണത് എന്ന് "
-----------------------------------
നല്ല പോസ്റ്റിനു നല്ല അഭിന്ദനം ,

sreee പറഞ്ഞു...

നർമ്മത്തിൽ പൊതിഞ്ഞ് പ്രവാസിയുടെ നൊമ്പരം മനോഹരമായി എഴുതി. പ്രതികരിക്കാനാവാതിരിക്കുക വളരെ വിഷമം തന്നെ, പ്രത്യേകിച്ചും അന്യായം കാണുമ്പോൾ.

- സോണി - പറഞ്ഞു...

കണ്ണില്‍ പടര്‍ന്നുകിടക്കുന്ന നനവിന് മേലേകൂടി ചിരിക്കുന്ന ഒരുപാട് ആള്‍ക്കാരുടെ നൊമ്പരങ്ങള്‍...
രസകരമായി അവതരിപ്പിച്ചു. ഏറ്റവും അധികം വേദന സഹിച്ചിട്ടുള്ളവര്‍ക്കാണ് ഏറ്റവും മനോഹരമായി ചിരിക്കാന്‍ കഴിയുക എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. അതുപോലെ....

- സോണി - പറഞ്ഞു...

പിന്നെ, ആ കൌണ്ടറില്‍ ഇരുന്ന പെണ്ണുമ്പിള്ളയ്ക്ക് മലയാളം അറിയില്ല എന്നുറപ്പാണല്ലോ അല്ലെ?

anupama പറഞ്ഞു...

പ്രിയപ്പെട്ട ഷജീര്‍,
ചില സത്യങ്ങള്‍ നമ്മെ മൌനിയാക്കുന്നു...പ്രിയപ്പെട്ടവരുടെ പുഞ്ചിരിയും സ്നേഹവും മരുഭൂമി മലര്‍വാടി ആക്കുന്നു!അപ്പോള്‍ ഹിഡുംബി, മേനക ആകുന്നു!:)
ഒരു പാട് പ്രതികരിച്ചിട്ടുണ്ട്..പലപ്പോഴും!
ഈ നര്‍മം കൈമോശം വരാതിരിക്കട്ടെ!പോസ്റ്റ്‌ ഒത്തിരി ഇഷ്ടമായി!

സസ്നേഹം,
അനു

--

Lipi Ranju പറഞ്ഞു...

അപ്പൊ ക്ഷമയുടെ നെല്ലിപ്പലക കാണാന്‍ ‍ അവിടെ വന്നാ മതിയല്ലേ !!!
നല്ല രസമുള്ള അവതരണം... ഇനി ടൈപ്പിംഗ്‌ സെന്ററിലെ തരുണീമണികളുടെ ടൈപ്പിംഗ്‌ വിശേഷവും, അറബി യുവാക്കളുടെ ഇന്ത്യന്‍ സിനിമയെ കുറിചുള്ള അപാര ജ്ഞാനവും ഒക്കെ വായിക്കാന്‍ കാത്തിരിക്കുന്നു... :)

Anil cheleri kumaran പറഞ്ഞു...

അന്നു ടോയിലറ്റിൽ പോയില്ലായിരുന്നെങ്കിൽ ചിലപ്പോ ഇന്ന് നാട്ടിലുണ്ടാകുമായിരുന്നു അല്ലേ.. :)

Manoj vengola പറഞ്ഞു...

വായിച്ചു.
ചിരിച്ചു.
ചിന്തിച്ചു.
വേദനിച്ചു.

നന്മകള്‍ നേരുന്നു.അടുത്ത പോസ്റ്റിനു കാക്കുന്നു.

കൊമ്പന്‍ പറഞ്ഞു...

ഫൈസല്‍ പറഞ്ഞപോലെ നിനക്ക് ഒരു പെണ്ണും കൂടി കെട്ടിച്ചു തരും കമ്പനി ഏതയാലും ദുബായ് സര്‍ക്കാരിന്റെ ഐ ഡി കാര്‍ഡിന് ഞങ്ങളും ചിരിക്കേണ്ടി വന്നല്ലോ പടച്ചോനെ

ഏതായാലും ആ പെണ്ണിന്റെ മുന്പില്‍ ആണിന്റെ വിലകലഞ്ഞല്ലോ പഹയാ നീ

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ, ജബ്ബാറിക്ക ആദ്യ കമെന്റ്റിനും ആയിരം ലൈക്കിനും നന്ദി.

@ശ്രീജിത് കൊണ്ടോട്ടി. ശ്രീജിത്തെ തേങ്ങ ജബ്ബാറിക്കയുടച്ചു..ഉടച്ചവര്‍ മാറിനിന്നു ഉടക്കാത്തവര്‍ക്കു അവസരം കൊടുക്കൂ..ഗള്‍ഫിലേക്ക് വരുന്ന പ്രതികരണ ശേഷി കൂടിയവന്മാര്‍ക്ക് ഇത് ഒരു പാഠമാകട്ടെ.

@വി.എ || V.A ,"അവിടെ ചെന്ന സ്ഥിതിക്ക് മറ്റ് ഒരു വാചകമെങ്കിലും പറയാമായിരുന്നു." എന്നിട്ട് വേണം അടുത്ത ഫ്ലൈറ്റില്‍ നാട്ടിലോട്ടു പോകാന്‍ അല്ലെ!! അഭിപ്രായത്തിനു നന്ദി.

@വാല്യക്കാരന്‍.. മോനെ മുബാശിറെ നിയൊക്കെ പഠിക്കാന്‍ വേണ്ടിയാ ഞാന്‍ ഇത് പോസ്റ്റിയത്..കാരണം ഒരിക്കല്‍ നീയും ഇങ്ങോട്ട് വരേണ്ടി വരും..അഭിപ്രായത്തിനു നന്ദി.

@the man to walk with ,അഭിപ്രായത്തിന് നന്ദി.

@Salam ,ഈ നല്ല അഭിപ്രായത്തിനു നന്ദി.
@mad|മാഡ് ,അര്‍ജുന്‍, നാട്ടിലെ പുലികള്‍ പ്രവാസിയായാല്‍ എലികള്‍ ആകും..നല്ല അഭിപ്രായത്തിനു നന്ദി.

@bijoponnen ,അഭിപ്രായത്തിന് നന്ദി.

@Echmukutty ,സ്നേഹവരവിനും നല്ല അഭിപ്രായത്തിനു നന്ദി.

@ajith ,അജിത്തേട്ടാ ഇവിടെ നേരായ വഴി തന്നെ നടക്കുന്നില്ല..പിന്നെ കുറുക്കുവഴിയുടെ കാര്യം പറയണോ!! കാര്‍ഡ്‌ കിട്ടി..അതിന്റെ കഥയൊക്കെ അടുത്ത പോസ്റ്റില്‍ പറയാം.

@അനില്‍@ബ്ലോഗ് // anil , ഇവിടെ സർക്കാർ ഒഫീസ് സ്വർഗ്ഗരാജ്യമാണെന്ന് പ്രചരിപ്പിക്കുന്ന യു എ എ ബ്ലോഗര്‍മാര്‍ സോനപ്പൂരില്‍ മെഡിക്കല്‍ എടുക്കാന്‍ ഒരു പ്രാവശ്യം പോയാല്‍ പിന്നെ ഒരിക്കലും അങ്ങനെ പറയില്ല. അറബിച്ചികളുടെ കാര്യം അടുത്ത പോസ്റ്റില്‍ പറയാനിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല.നല്ല അഭിപ്രായത്തിനു നന്ദി.

@രമേശ്‌ അരൂര്‍ ,രമേശേട്ട വളരെ ശരിയാണ് മരുഭൂമി ഒരു സര്‍വ കലാശാലയാണ്..ജീവിതത്തെ കുറിച്ചുള്ള പല പല കോഴ്സുകള്‍ പഠിപ്പിക്കുന്ന മഹത്തായ സര്‍വ കലാശാല.നല്ല അഭിപ്രായത്തിനു നന്ദി.

@ mayflowers , ഇവിടെ വന്നാല്‍ കരഞ്ഞു കൊണ്ട് ചിരിക്കാന്‍ മാത്രമല്ല ചിരിച്ചു കൊണ്ട് കരയാനും പഠിക്കും...നല്ല അഭിപ്രായത്തിനു നന്ദി ഇത്താ.

@Niya , yes sister I have gone through all of these tough times :-(

സീത* പറഞ്ഞു...

ശ്ശോ..വരാൻ വൈകി ട്ടോ...പക്ഷേ വന്നതിലൊട്ടും നഷ്ടമില്ല..നല്ലൊരൂട്ടം വായിക്കാനൊത്തു..പ്രവാസിയുടെ നിസ്സഹായത...കുടുംബത്തെ ഓർക്കുമ്പോ എന്തും ചെയ്യും...

ഓ:ടോ: ഇബടെ ഫോളോ ചെയ്യാൻ വഴിയില്ലേ ആവോ..
ന്നാലും സീത പഞ്ചവടീന്നു ഇടയ്ക്കൊക്കെ വന്നു നോക്കിക്കോളാം ട്ടാ...ഹിഹി..ലേറ്റാ വന്താലും ലേറ്റസ്റ്റാ താൻ വരുവേൻ

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@രഞ്ജിത്ത് കലിംഗപുരം ,മോനെ രണ്‍ജിത്തെ ഇങ്ങോട്ട് വരുന്നുണ്ടേല്‍ പ്രതികരണ ശേഷിയൊക്കെ നാട്ടില്‍ വെച്ചിട്ട് വന്നാല്‍ മതി..സ്നേഹ വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@Manoraj , ഈ സ്നേഹ വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@ചെറുവാടി , മണ്‍സൂറിക്ക പറഞ്ഞത് നേരാണ്.പ്രവാസത്തിലെ ജീവിതാനുഭങ്ങള്‍ , തമാശകള്‍ എത്ര പറഞ്ഞാലും തീരില്ല..ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.

@അനില്‍ഫില്‍ (തോമാ) ,മാഷെ തേങ്ങയ്ക്കൊകെ നല്ല വിലയാ..ചുമ്മാ ഉടച്ചു തീര്‍ക്കേണ്ട !!ഈ സ്നേഹ വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@Pradeep Kumar ,മാഷ് പറഞ്ഞത് നേരാണ്. പോണ്ടിച്ചേരി വേറെ സംസ്ഥാനം ആണെങ്കില്‍ കൂടി സ്വന്തം രാജ്യം എന്ന ഒരു ആത്മവിശ്വാസമുണ്ടായിരുന്നു.ഇവിടെ പ്രതികരണശേഷി കൂച്ചുവിലങ്ങിടപ്പെടുന്നു. ബാക്കി വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ ഉണ്ടാകും.ഈ സ്നേഹ വരവിനും, പ്രോത്സാഹനത്തിനും ഒരായിരം നന്ദി.

@സ്വന്തം സുഹൃത്ത് , ഇത്ര സഹിച്ചിട്ടു ഐഡി കിട്ടിയോന്നോ? വാങ്ങാതെ പോവോ ജിമ്മിച്ചാ ഞാന്‍ ! ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.

@salimhamza ,ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@ ഹാഷിക്ക് , അതെ മാഷെ..അറബികളുടെ അലസതയും മെല്ലെപ്പോക്കും കൊണ്ട് തന്നെയാണ് നാം ഒക്കെ ഇപ്പോഴും ഇവിടെ ജോലിചെയ്യുന്നത്. ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@കുസുമം ആര്‍ പുന്നപ്ര, അതെ ചേച്ചി..പ്രവാസികള്‍ക്ക് നല്ല ക്ഷമയാണ്..വായില്‍ കയ്യിട്ടാല്‍ പോലും കടിക്കില്ല..ഇനി ആരേലും കടിച്ചാല്‍ എന്നോട് ചോദിക്കരുതേ:-)

@ YUNUS.COOL ,"multiple syndrome via single atrophy mania".അതുകൊള്ളാം..ജപ്പാന്‍ പ്രവാസി ആകാനോ ഇല്ല മോനെ !! ഇവിടെ കുറച്ചു ചൂടും പിന്നെ അറബികളുടെ ആട്ടും സഹിച്ചാല്‍ മതി..അവിടെ സുനാമിയം ഭൂകമ്പവും സഹിക്കേണ്ടേ? ഇതാ ഭേദം.

@മജീദ് അല്ലൂര്‍ ,ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@വര്‍ഷിണി , ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി സഹോദരി.

@Mohamed Ali Kampravan , ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

ഒറ്റയാന്‍ പറഞ്ഞു...

ദുബായിക്കാരാ,

നന്നായെഴുതി. കുറേ ചിരിച്ചു.

എനിക്കേറ്റവും ഇഷ്ടപ്പെട്ടത്‌ "അവളുടെ മുന്നില്‍ ഷക്കീല വെറുമൊരു കൃമി" എന്ന്‌ വായിച്ചപ്പോഴാണ്‌.

(National ID ഇവിടെ Fujairah യില്‍ ൧൫ മിനിറ്റുകൊണ്ട്‌ apply ചെയ്യാന്‍ കഴിഞ്ഞു.)

Anurag പറഞ്ഞു...

പ്രവാസിയുടെ നൊമ്പരങ്ങൾ..

sreenadh പറഞ്ഞു...

ഉഷാറായി...കത്തിക്കേറിക്കോടാ മോനേ... നിന്നിലെ ബ്ലോഗറെ ഉണര്ത്തിയ ദുഭായിക്കു നന്ദി...!

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

ഷക്കീലയ്‌ക്കെന്താ മോനേ കൊയപ്പം?

അനശ്വര പറഞ്ഞു...

പ്രവാസത്തിന്‌ എന്തെന്ത് മുഖങ്ങളാല്ലെ?...വായിക്കുമ്പൊ ശരിക്കും പ്രതികരിക്കാന്‍ കഴിയാത്തതില്‍ വായനക്കാര്‍ക്ക് കൂടി അമര്‍ഷം വരുന്നു....അവിടന്ന് മലയാളത്തിലെങ്കിലും വല്ലൊം പറയാരുന്നു ല്ലെ?
ശ്ശെ പോട്ട്..ഇനീം വരും അവസരം..പാഴാക്കികളയല്ല്...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അസ്സലായിട്ടുണ്ട് ...
ചിരിപ്പിച്ചിട്ട് ചിന്തിപ്പിക്കുവാൻ ഇടനൽകുന്ന പ്രവാസനൊമ്പരങ്ങൾ കേട്ടൊ ഭായ്

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ചെറുത്*, മോനെ ചെറുതേ നാട്ടീപോയി കെട്ടണം എന്ന സ്മരണ ഉള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ടോയിലറ്റില്‍ പോയത്... അല്ലെങ്കില്‍ കാണായിരുന്നു..വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദിയുണ്ട്.

@ഷാജു അത്താണിക്കല്‍ ,ഹ ഹ ...ഷാജു ആള് പുലിയാണല്ലോ!! സോമാലി ചെറുക്കനെ പൊട്ടിച്ചിട്ട് അമ്മാവന്‍ എന്ത് പറയുന്നു? ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി.

@പ്രഭന്‍ ക്യഷ്ണന്‍ , "ഹും...!എനിക്കീ ചീത്തേം തെറീം പേടിപ്പീരും ഒക്കെ സഹിച്ച് ഇവിടെ ജോലി ചെയ്യേണ്ട ഒരു കാര്യോമില്ല..! പിന്നെ..കുടുംബം പഷ്ണിയാവണ്ടാന്നു കരുതീട്ടാ..!നീയൊക്കെ ഞങ്ങടെ നാട്ടിലോട്ടുവാടാ കാണിച്ചുതരാം.." അല്ല പിന്നെ ..പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിയൊന്നു എണ്ണിത്തിട്ടപ്പെടുത്തട്ടെ!!! എന്നിട്ട് വേണം ഇവര്‍ക്ക് പണി കൊടുക്കാന്‍. ഈ സ്നേഹവരവിനും അഭിപ്രായത്തിനും ഒരായിരം നന്ദി.

@sheethal kumar ,മകളെ ശീതളെ ആരും പ്രവാസിയാകാന്‍ ഇഷ്ടപ്പെടുന്നില്ല..പിറന്ന നാടും വീട്ടുകാരെയും പിരിഞ്ഞു നില്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ല..സാഹചര്യമാണ് ഞാന്‍ അടക്കമുള്ള എല്ലാരേയും പ്രവാസത്തില്‍ എത്തിക്കുന്നത്. ഈ സ്നേഹവരവിനും അഭിപ്രായത്തിനും നന്ദി.

@ManzoorAluvila , ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@Villagemaan/വില്ലേജ്മാന്‍ , പ്ലസ് ടു വിലെ രാഷ്ട്രീയം ഒരു ആവേശത്തിന്റെ പുറത്തുള്ളതായിരുന്നു.. അല്ലാതെ ആദര്‍ശം കൊണ്ടൊന്നുമല്ല..ബുദ്ധി വന്നപ്പോള്‍ അതൊക്കെ ഉപേക്ഷിച്ചു..അതോണ്ട് ഇവിടം വരെ എത്തി. ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി ശശിയേട്ട.

@ Naseef U Areacode ,സൌദിയിലും ദുബായിലും ജോലിയുടെ കാര്യം വരുമ്പോള്‍ അറബികള്‍ എല്ലാം ഒരുപോലെയാ.. ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@AFRICAN MALLU , നമ്മുടെ നാട്ടില്‍ റെയില്‍വേ സ്റെഷനില്‍ എന്ക്വയറിയില്‍ ഇരിക്കുന്നവനും ബാങ്കില്‍ ഇരിക്കുന്നവനും പ്രത്യേകിച്ച് SBT യില്‍ ഒക്കെ ഇരിക്കുന്നവര്‍ക്കൊകെ ഒടുക്കത്തെ ജടയാണ്..ആരായാലും ഇവരെ തെറി വിളിച്ചു പോകും.ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി

@ആചാര്യന്‍ , ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി ഇംതി.

@നജീബ , അതെ നാട്ടിലെ സിന്ഗങ്ങള്‍ എല്ലാം ഇവിടെ വന്നാല്‍ വെറും പൂച്ചകള്‍ ആകുന്നു..ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി സഹോദരി.

@Biju Davis , ബിജു പറഞ്ഞത് നേരാണ്. ഇവിടത്തുകാരുടെ ജോലിയിലെ അലസതയും, പിടിപ്പുകേടും ഒക്കെയാണ് നമുക്ക് അവസരങ്ങള്‍ ഉണ്ടാക്കുന്നത്‌..പക്ഷെ ഇവരുടെ ധാര്‍ഷ്ട്യം സഹിക്കാന്‍ അഭിമാനിയായ ഒരാള്‍ക്കും കഴിയില്ല..പിന്നെ ദിര്‍ഹത്തിന്റെ മൂല്യം ഓര്‍ത്തും വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്തും എല്ലാരും എല്ലാം സഹിച്ചു പിടിച്ചു നില്‍ക്കുന്നു.ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.

@Paavam , ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@ ചീരാമുളക് , അന്‍വര്‍ നാം മറുനാട്ടിലെ നനഞ്ഞപൂച്ചയായി മാറുന്നത് ആരെയും പേടിച്ചിട്ടല്ല..ഇവിടുത്തെ ദിര്‍ഹത്തിന്റെ മൂല്യം ഓര്‍ത്തും വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്തും തന്നെയാണ്..അല്ലെങ്കില്‍ ഇവിട്യൊരു ചോരപ്പുഴ ഒഴുകിയേനെ.ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@ഏപ്രില്‍ ലില്ലി. , ജോസേട്ട ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി.

@ Vp Ahmed അഹമ്മദിക്ക ഇപ്പോള്‍ ഈ കാര്‍ഡ്‌ എടുക്കാന്‍ വലിയ q ഒന്നുമില്ല..ഞാന്‍ എടുത്തത്‌ രണ്ടു വര്‍ഷം മുന്‍പാണ്..ആ സമയം കാര്‍ഡ്‌ വന്നേയുള്ളൂ..ഗള്‍ഫിലെ സൌകര്യങ്ങള്‍ എല്ലാം മികച്ചതാണ്..പക്ഷെ ഇവിടുത്തെ ആള്‍ക്കാരുടെ മാനസികാവസ്ഥയാണ് മാറേണ്ടത്..ഈ ഗള്‍ഫ്‌ നാടുകള്‍ ഇങ്ങനെയാകാന്‍ നമ്മലെപോലെയുള്ള കുറെ പ്രവാസികളുടെ കഠിനാധ്വാനം ഉണ്ട്..പക്ഷെ അതൊന്നും ഇവിടുത്തുകാര്‍ ഓര്‍ക്കാറില്ല. ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

കൂടുതൽ വായനക്കാരിലേക്കെത്തിക്കുവാൻ വേണ്ടി ഇതിന്റെ ലിങ്ക് ഞങ്ങൾ ‘ബിലാത്തിമലയാളി’യുടെ വരാന്ത്യത്തിൽ കൊടുത്തിട്ടുണ്ട് കേട്ടൊ ഗെഡീ...ദേ..ഇവിടെ https://sites.google.com/site/bilathi/vaarandhyam

പഥികൻ പറഞ്ഞു...

നല്ല രസകരമായി പറഞ്ഞു..ആശംസകൾ..

ലോകത്തിന്റെ പലഭാഗങ്ങളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാരൻ എന്ന രീതിയിലെ പ്രകടമായ അവഹേളനം ദുബായിൽ നിന്നു മാത്രമേ എനിക്കുണ്ടായുള്ളു...ഇതു വായിച്ചപ്പോൾ അക്കാര്യം ഓർമ്മ വന്നു..

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@Jefu Jailaf , ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി ഇക്ക .

@^^ ^^ വേനൽപക്ഷി ^^ ^^, ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@ faisalbabu , എന്റെ വിവാഹ നിശ്ചയം കഴിഞ്ഞുപോയി അല്ലേല്‍ ഒരു കൈ നോക്കാമായിരുന്നു. എന്റെ കൂളിംഗ്‌ ഗ്ലാസ്സിനെന്താഡാ പ്രശ്നം? ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി .

@sreee , ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@- സോണി - കൌണ്ടറില്‍ ഇരുന്ന പെണ്ണുമ്പിള്ളയ്ക്ക് മലയാളം അറിയില്ല എന്നുറപ്പായത് കൊണ്ടല്ലേ ഇത്ര ആവേശം കാണിച്ചത്..ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി .

@anupama , ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി അനു.

@Lipi രണ്ഞു, ടൈപ്പിംഗ്‌ സെന്ററിലെ തരുണീമണികളുടെ ടൈപ്പിംഗ്‌ വിശേഷമൊക്കെയുള്ള പോസ്റ്റ്‌ പെരുന്നാള്‍ കഴിഞ്ഞു പ്രസിദ്ധീകരിക്കും. ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി വക്കീലെ.

@കുമാരന്‍ | കുമാരന്‍, സത്യം..അന്ന് ടോയിലെറ്റില്‍ പോയില്ലേല്‍ ഇന്ന് നാട്ടില്‍ ഇരുന്നേനെ. ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@മനോജ്‌ വെങ്ങോല, ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@കൊമ്പന്‍, ഒരു പെണ്ണും കൂടി കെട്ടിച്ചു തന്നാല്‍ എനിക്ക് ബുദ്ധിമുട്ടില്ല കൊമ്പാ..ആണിന്റെ വിലയും നോക്കിയിരുന്നാല്‍ നാട്ടില്‍ പോയി അട്ടം നോക്കേണ്ടി വരും. ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@സീത*, ഫോളോ ചെയ്യാൻ പറ്റിയല്ലോ ഇപ്പോള്‍ !! ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി പഞ്ചവടി സീതേ.

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

@ഒറ്റയാന്‍ , National IDഫുജൈറയിലും മറ്റു എമിരറ്റ്സുകളില്‍ പെട്ടെന്ന് കിട്ടുമായിരുന്നു. പക്ഷെ ദുബായില്‍ ഇപ്പോഴും ഭയങ്കര തിരക്കായിരുന്നു.ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@അനുരാഗ്, ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@ശങ്കരനാരായണന്‍ മലപ്പുറം , ശങ്കരേട്ടാ ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

@അനശ്വര , സമയം കിട്ടുമ്പോഴൊക്കെ മലയാളത്തില്‍ തെറി പറയാറുണ്ട്‌. ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി സഹോദരി.

@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം ,ഈ നിറഞ്ഞ സ്നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി മുരളിയേട്ട.

@പഥികൻ ,ഈ സ്നേഹര വരവിനും നല്ല അഭിപ്രായത്തിനും നന്ദി.

‍ആയിരങ്ങളില്‍ ഒരുവന്‍ പറഞ്ഞു...

നാട്ടീക്കാണിക്കുന്ന ആവേശമൊക്കെ നാടു വിടുമ്പോൾ തനിയെ ചോരും.. പിന്നെ ജീവിക്കാനുള്ള തത്രപ്പാടായിരിക്കും..!! അപ്പോൾ ഈ അറബികൾ എല്ലായിടത്തും ഒന്നുപോലെ തന്നെ അല്ലെ?? ഒറ്റക്ക് പോകാതെ ക്യൂവിൽ നിൽക്കുന്നവരെ സംഘടിപ്പിച്ച് യൂണിയനായി മൂത്രപുര അന്വഷിക്കാമായിരുന്നു.. നല്ല ഭാഷ.. !!

പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
പഞ്ചാരകുട്ടന്‍ -malarvadiclub പറഞ്ഞു...

അടിപൊളി പോസ്റ്റ്‌.....
എന്നിട്ട് ID കിട്ടിയൊ?
നാട്ടില്‍ ആയിരുന്നെങ്കില്‍ കാശ് കൊടുത്തെങ്കിലും ഇതൊക്കെ പെട്ടന്ന് ഒപ്പിക്കാമായിരുന്നു

dilshad raihan പറഞ്ഞു...

assalamu alikkum

ikka njan comment kandooto

narmmathilanavadaripichadekilum othiri veshmayi

ikkayude basha assalayittund

raihan7.blogspot.com

dilshad raihan പറഞ്ഞു...

assalamu alikkum

ikka njan comment kandooto

narmmathilanavadaripichadekilum othiri veshmayi

ikkayude basha assalayittund

raihan7.blogspot.com

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

രസകരമായ ഭാഷ ,പ്രയാസങ്ങള്‍ നമ്മില്‍ ഉണര്‍ത്തുന്ന ഉപ്പുള്ള ചിരി ,

MT Manaf പറഞ്ഞു...

പ്രവാസത്തിന്‍റെ അനുഭവ പുസ്തകത്തില്‍ ഓരോരുത്തരും തുന്നിച്ചേര്‍ക്കുന്ന അദ്ധ്യായങ്ങള്‍ക്ക് സമാനതയുടെ മുഖമാണെങ്കിലും അടുത്തറിയുമ്പോള്‍ വ്യത്യസ്തമായിരിക്കും!

ആസാദ്‌ പറഞ്ഞു...

കൊള്ളാം... അപ്പോള്‍ ഇന്കിലാബിന്റെ സ്ഥാനത്തു വകതിരിവോക്കെ വന്നു അല്ലെ. കൊള്ളാം. നല്ല രചന.. നല്ല സബ്ജക്റ്റ്. നന്നായി പറയുകയും ചെയ്തു.

kochumol(കുങ്കുമം) പറഞ്ഞു...

പ്രവാസിയുടെ നൊമ്പരങ്ങൾ.....എന്തായാലും പോസ്റ്റ് വായിച്ച് ചിരിച്ചുട്ടോ ....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ക്ഷമയുടെ 'നെല്ലിപ്പടി' ആരും നാട്ടില്‍ നിന്ന് ഇങ്ങോട്ട് കൊണ്ടുവരാരില്ല. കാരണം ഇവിടെ കിണറില്ലല്ലോ ....
നാട്ടില്‍ തേരാപ്പാര നടക്കുന്ന ക്ഷുഭിതയൌവ്വനങ്ങളെ ഗള്‍ഫിലേക്ക് കൊണ്ടുവന്നാല്‍ ക്ഷമ പഠിച്ചു ശാന്തരാവാം..
അനുഭവം രസിപ്പിച്ചു.വിഷമിച്ചത് നിങ്ങളാനെങ്കിലും !

വേണുഗോപാല്‍ പറഞ്ഞു...

അഞ്ചു കൊല്ലം പട്ടാമ്പി കോളേജില്‍ കയ്യ് മാനത്ത് ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച ഞാന്‍ ആദ്യം ബോംബയ്കാരന്‍ ആയപ്പോള്‍ പിരിച്ചു വിട്ട ഒരു സ്ടാഫിനെ തിരിചെടുപ്പിക്കാന്‍ പോയി. ഓന്റെ കൂടെ കമ്പനി ഞമ്മലേം പറഞ്ഞു വിട്ടു . അന്നത്തോടെ ആദര്‍ശം കളസതിന്റെ പോക്കറ്റിലിട്ടു. പ്രവാസിയായാല്‍ ഒന്നിന് പിറകെ ഒന്നായി വരുന്ന ജീവിത പ്രാരബ്ധങ്ങളെ നേരിട്ട് ചാവുന്ന വരെ ജീവിക്കുക . നന്നായി എഴുതി ഷജീര്‍.....ആശംസകള്‍

ഷൈജു.എ.എച്ച് പറഞ്ഞു...

അനുഭവങ്ങള്‍ ഗുരു..അനുഭവങ്ങള്‍ പാലിച്ചാല്‍..എല്ലാം ഇതില്‍ ഉണ്ട്..വളരെ അനന്നായി. പ്രവാസിയുടെ ബദ്ധപ്പാടുകള്‍ വളരെ സരസമായി അവതരിപ്പിച്ചു..അഭിനന്ദനങ്ങള്‍..
ഈ ദുബായിക്കാരന് എല്ലാ ഭാവുകങ്ങളും നേരുന്നു..സസ്നേഹം..

www.ettavattam.blogspot.com

Yasmin NK പറഞ്ഞു...

നന്നായിട്ടുണ്ട്. അടുത്ത പോസ്റ്റ് ഉടനെ പോന്നോട്ടെ..

ഉമ്മു അമ്മാര്‍ പറഞ്ഞു...

ഇതും പ്രവാസത്തിന്റെ മറ്റൊരു മുഖം .. എല്ലാ ദുഖങ്ങള്‍ക്കും ഒരു മറു കര കാണാന്‍ അല്ലെ ഈ പ്രവാസം അപ്പൊ ക്ഷമയൊക്കെ താനേ വന്നോളും ... അടുത്ത പോസ്റ്റു പെട്ടെന്ന് വന്നോട്ടെ..ആശംസകള്‍..

ജിത്തു പറഞ്ഞു...

ഇന്നാണ് ഇവിടെ എത്തിപെട്ടത്
ഈ പോസ്റ്റ് പല സ്തലത്തും ചിരിച്ചു പോയ്
തമാശരൂപത്തില്‍ പ്രവാസത്തിന്‍റെ കഷ്ടതകള്‍ ഭംഗിയായ് പറഞ്ഞു ...

Jenith Kachappilly പറഞ്ഞു...

Narmmam membodiyaayulla ee post ishttayi tto :) Pravasa nombarangal ithupolulla postukaliloodeyaanu njan kooduthalum vaayichittullathu. Palathum vaayikkumbol ningalodokkeyulla bahumanam koodum.

Aashamsakalode
http://jenithakavisheshangal.blogspot.com/

ഒരു ദുബായിക്കാരന്‍ പറഞ്ഞു...

‍ആയിരങ്ങളില്‍ ഒരുവന്‍ ,
മേഘമല്‍ഹാര്‍(സുധീര്‍),
പഞ്ചാരകുട്ടന്‍-മലര്വടിക്ലുബ്,
dilsha,
സിയാഫ് അബ്ദുള്‍ഖാദര്‍ ,
MT Manaf ,
kochumol(കുങ്കുമം),
ഇസ്മായില്‍ കുറുമ്പടി (തണല്‍),
(പേര് പിന്നെ പറയാം),
oduvathody ,
ഷൈജു.എ.എച്ച്,
മുല്ല ,
ഉമ്മു അമ്മാര്‍,
ജിത്തു ,
Jenith Kachappilly
ഈ എളിയവന്റെ പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായങ്ങള്‍ അറിയച്ചതിനും ഒരായിരം നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ