ബുധനാഴ്‌ച, ഫെബ്രുവരി 01, 2012

സസ്പെന്‍സ് പൊളിയാത്ത ആദ്യ രാത്രി!!!

കേരളത്തിന്റെ പരമ്പരാഗത വസ്ത്രമായ മുണ്ട് ഉടുക്കുന്നവരോട് ചെറുപ്പം മുതലേ എനിക്ക് ഭയങ്കര ആരാധനയായിരുന്നു. "എടാ പുല്ലേ, ദാ അഴിച്ചിട്ടിരിക്കുന്ന ഈ മുണ്ടുണ്ടല്ലോ....ഇതെടുത്തു ആണുങ്ങളെ പോലെ അന്തസ്സായി മടക്കിക്കുത്താനും അറിയാം ജോസെഫിന്." എന്ന് പറഞ്ഞു മുണ്ടും മടക്കിക്കുത്തി മമ്മൂക്ക സ്ലോ മോഷനില്‍ നടന്നു വരുന്നത് കാണുമ്പോള്‍ ആവേശം മൂത്ത് ഞാനിപ്പോഴും രോമാഞ്ച കഞ്ചുകന്‍ ആകാറുണ്ട്. മുണ്ടുടുത്ത ആണുങ്ങളെ കാണാന്‍ തന്നെ ഒരു പ്രത്യേക ചന്തവും കുലീനതയും തോന്നാറുണ്ട്. മാത്രമല്ല ഏറ്റവും വേഗത്തില്‍ ഊരാനും ഉടുക്കാനും വിധത്തില്‍ 'ഹൈ സ്പീഡ് പ്ളഗ് ആന്‍ഡ്‌ പ്ളേ' ഫെസിലിറ്റി ഉള്ള ഒരേയൊരു വസ്ത്രവും മുണ്ടാണ്..  ഇതെല്ലാം പോരെങ്കില്‍ ആവശ്യത്തിനു  എയര്‍ സെര്‍ക്കുലേഷനും ഉണ്ടാകും. !!

ദൌര്‍ഭാഗ്യം എന്ന് പറയട്ടെ ചക്ക പോത്ത് പോലെ വളര്‍ന്നിട്ടും നാലാളുടെ മുന്നില്‍ ഇറങ്ങാന്‍ പാകത്തില്‍ മുണ്ടുടുക്കാന്‍ എനിക്കറിയില്ല. അത് കൊണ്ടാണല്ലോ ആറ്റ് നോറ്റുണ്ടായ നിക്കാഹിനു നോര്‍ത്ത് ഇന്ത്യക്കാരുടെ കുര്‍ത്തയും പൈജാമയും ഇടേണ്ടി വന്നത്. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചു തലേല്‍ തൊപ്പീം വെച്ച് നല്ല നാടന്‍ പുയ്യാപ്ലയായി നിക്കാഹിനു ഇരിക്കാന്‍ എനിക്കും ആഗ്രഹം ഉണ്ടായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മുണ്ടുടുക്കാന്‍ നിര്‍ബന്ധിച്ചതാണ്. പക്ഷെ എന്റെ ജീവിതത്തിലെ നാഴിക കല്ലാകാന്‍ പോകുന്ന നിക്കാഹിനു ഒരു പരീക്ഷണം നടത്താനുള്ള ചങ്കുറപ്പ് എനിക്കില്ലായിരുന്നു. കാരണം മുണ്ടുടുത്ത് എന്ന് പുറത്തു പോയിട്ടുണ്ടോ അന്നൊക്കെ ഇമെയില്‍ വിവാദത്തില്‍ കുടുങ്ങിയ സര്‍ക്കാരിനെ പോലെ ഞാന്‍ നാണം കെട്ട് പണ്ടാരമടങ്ങിയിട്ടുണ്ട്.

ഇനി അല്പം ഫ്ലാഷ് ബാക്ക് . സുന്നത്ത് കഴിഞ്ഞു പള്ളീല്‍ കൂടലിനാണ് ഞാന്‍ ആദ്യായിട്ട് മുണ്ട് ഉടുത്തത്. പച്ചക്കരയുള്ള ഒരു കുഞ്ഞി മുണ്ടും ഉടുത്ത് തലയില്‍ ഒരു ഉറുമാലും കെട്ടി പത്രാസില്‍ പള്ളീല്‍ പോയപ്പോള്‍ 'ഞാനും വലിയവനായി' എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. അതിനു ശേഷം പതിവ് വേഷമായ നിക്കര്‍ വലിച്ചെറിഞ്ഞ്‌ വീട്ടില്‍ ലുങ്കി ഉടുക്കാന്‍ തുടങ്ങി. താമസം ഉമ്മാമയുടെ കൂടെ തറവാട്ടില്‍ ആയതിനാല്‍ മാമന്‍ ഗള്‍ഫീന്ന് കൊണ്ട് വന്ന ചൈന സില്‍ക്കിന്റെ നല്ല പള പളാന്നുള്ള ലുങ്കിയെ കിട്ടുള്ളൂ ധരിക്കാന്‍..ഈ ലുങ്കികള്‍ എങ്ങനെ ഉടുത്താലും നേരെ നില്‍ക്കില്ല. എപ്പോഴും ഊരി താഴെ പോകും. ഈ ഊരലില്‍ നിന്ന് രക്ഷ നേടാന്‍ ഒരു പരിഹാരം ഞാന്‍ കണ്ടെത്തിയിരുന്നു. സധാരണ പോലെ ലുങ്കിയുടുത്ത് കോന്തല രണ്ടും വലിച്ചു പുറകില്‍ മുറുക്കി കെട്ടുക. രാവിലെ ഒരു കെട്ടു കെട്ടിയാല്‍ രാത്രി ഉറങ്ങുമ്പോള്‍ മാത്രം കെട്ടഴിച്ചാല്‍ മതി. അതിനിടയില്‍ ഒന്നും രണ്ടുമൊക്കെ ലുങ്കി അഴിക്കാതെ അഡ്ജസ്റ്റ് ചെയ്യണം. മിക്കപ്പോഴും ഈ കെട്ടു മുറുകിയിട്ടു അഴിക്കാനക്കാതെ അരിവാള് കൊണ്ട് കോന്തല അറക്കേണ്ടി വന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഉമ്മാമയുടെ ലുങ്കികള്‍ക്കൊന്നും കോന്തല ഉണ്ടായിരുന്നില്ല !!

അന്ന് പതിവ് പോലെ ലുങ്കിയും മടക്കിക്കുത്തി ചെരുപ്പ് വണ്ടിയും ഉരുട്ടി റോഡിലൂടെ പോകുമ്പോഴാണ് അമ്മദിക്കയുടെ വീടിന്റെ ഉമ്മറത്ത്‌ ഒരാള്‍ക്കൂട്ടത്തെ കണ്ടത്. അടുത്ത് ചെന്നപ്പോഴാണ് ടീവിയില്‍ ഏതോ സിനിമ ഇട്ടിരിക്കുകയാണെന്ന് മനസ്സിലായത്‌. ആ സമയത്ത് ടീവി ഒരപൂര്‍വ വസ്തു ആണ്. ഞങ്ങടെ നാട്ടില്‍ ഒന്നോ രണ്ടോ വീട്ടില്‍ മാത്രമേ ടീവിയുള്ളൂ.    അതിനാല്‍ എവിടെ ടീവി വെച്ചാലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആള്‍ക്കൂട്ടം പതിവാണ്.

വണ്ടി അമ്മദിക്കയുടെ വീട്ടു മുറ്റത്ത്‌ പാര്‍ക്ക് ചെയ്തു ഞാനും ടീവിയുടെ ഏറ്റവും മുന്‍പില്‍ പോയിരുന്നു. പതിവില്ലാത്ത വിധം ആള്‍ക്കൂട്ടം വരാനുള്ള ഗുട്ടന്‍സ് അപ്പോഴാണ്‌ പിടി കിട്ടിയത് . വീസിയാറിലാണ് പടം ഓടുന്നത്. നാട്ടിലെ പിള്ളാരെല്ലാരും ചേര്‍ന്ന് VCR വാടകയ്ക്കെടുത്തതാണ്. ഹിന്ദി പടമാണ്. 'ഫൂള്‍ ഓര്‍ ഖാണ്ട' എന്നാണ് പടത്തിന്റെ പേരെന്ന് അടുത്തിരിക്കുന്ന പയ്യന്‍ പറഞ്ഞറിഞ്ഞു.

എനിക്കന്നും ഹിന്ദി 'തോട തോട മാലൂം' ആയതിനാല്‍ കുറച്ചു നേരം പടം കണ്ടപ്പോഴേക്കും ബോറടിച്ചു തുടങ്ങി. 'ഇതിലും ഭേദം വണ്ടിയോടിച്ചു നാട് ചുറ്റല്‍ ആണെന്ന്' മനസ്സില്‍ പറഞ്ഞു ഞാന്‍ എഴുന്നേറ്റു മുറ്റത്തേക്ക് ഓടി. പിന്നാലെ മാലപ്പടക്കത്തിനു തീ കൊളുത്തിയത് പോലെ ഒരു ശബ്ദം ഞാന്‍ കേട്ടു. ടീവി കണ്ടിരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും ഈച്ചയും പൂച്ചയും അടങ്ങുന്ന സകലമാന ചരാചരങ്ങളും എന്നെ നോക്കി നെഞ്ചത്തടിച്ചു ചിരിക്കുന്നതിന്റെ ശബ്ദമാണ് ഞാന്‍ കേട്ടത് എന്ന് മനസ്സിലാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വന്നില്ല.

ചിരിയുടെ റൂട്ട് കോസ് അറിയാതെ അന്തം വിട്ടു പോയ ഞാന്‍ ഒരു നിമിഷം താഴേക്ക്‌ നോക്കിയപ്പോള്‍ സ്ക്രീന്‍ ഷോട്ട് സഹിതം അതിന്റെ ഉത്തരം കിട്ടി. ടീവിയുടെ മുന്നില്‍ നിന്നും പുറത്തേക്കോടിയപ്പോള്‍ ലുങ്കി അഴിഞ്ഞു താഴെ പോയത് ഞാനറിഞ്ഞിരുന്നില്ല. ഒരിക്കലും അഴിഞ്ഞു പോകില്ല എന്ന് ഞാന്‍ വിശ്വസിച്ച എന്റെ കോന്തലക്കെട്ട് അഴിഞ്ഞിരിക്കുന്നു. 'വിശ്വാസം അതല്ലേ എല്ലാം' എന്ന് പറഞ്ഞ ബാലാലിനെ കൈ കിട്ടിയെങ്കില്‍ വെടി വെച്ച് കൊല്ലണം!!

"അകത്തു പോയി ലുങ്കി എടുക്കണോ? അതോ പിറന്ന പടി വീട്ടിലേക്കോടണോ" എന്ന കന്ഫ്യൂഷനില്‍ നില്‍ക്കുമ്പോള്‍ കളിയാക്കി ചിരിക്കുന്നവരുടെ കൂട്ടത്തില്‍ നിന്ന് എന്നോട് സഹതാപം തോന്നിയ ആരോ ലുങ്കി മുറ്റത്തേക്ക് എറിഞ്ഞു തന്നു. കമാന്ന് ഒരക്ഷരം ഉരിയാടാതെ  ലുങ്കിയെടുത്ത് അരയില്‍ ചുറ്റി വണ്ടിയെടുത്തു കക്ഷത്ത്‌ വെച്ച് ഉള്ള ജീവനും കൊണ്ട് ഞാന്‍ വീട്ടിലേക്കോടി. ഞാനന്നോടിയ വഴിയില്‍ ഇപ്പോഴും പുല്ലു മുളച്ചിട്ടില്ല എന്ന് എല്ലാരും പറയും പോലെ ഞാനും പറയുന്നു. അല്ലേലും താറിട്ട റോഡില്‍ പുല്ലു മുളയ്ക്കില്ലല്ലോ!!

ചെറിയ കുട്ടിയായതിനാല്‍ അന്നത്തെ വസ്ത്രാക്ഷേപം എന്റെ ഇമേജിന് വലിയ ഡയമേജ് ഒന്നും ഉണ്ടാക്കിയില്ല. പക്ഷെ നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന മറ്റൊരു സംഭവം എന്റെ ഇമേജ് ഡയമേജ് ആക്കുക മാത്രമല്ല എന്റെ മുണ്ടുടുക്കാനുള്ള ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണും ഇട്ടു. വടകരയിലെ ഞങ്ങടെ ഇംഗ്ലീഷ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ഓണാഘോഷം നടക്കുകയാണ്. ഞാനും കുറച്ചു സുഹൃത്തുക്കളും ആണ് സംഘാടകര്. ഓണമായത് കൊണ്ട് എല്ലാരും പരമ്പരാഗത വേഷത്തില്‍ വരണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. വാപ്പ ഉടുക്കുന്ന മുണ്ടുകളെല്ലാം പോളിസ്റ്റെര്‍ ആയതിനാല്‍ അയല്‍വാസി അനീഷിന്റെ കോട്ടന്‍ മുണ്ട് കടം വാങ്ങിയിട്ടാണ് ഞാന്‍ ഉടുത്തത്. 

"ഞാന്‍ മുണ്ട് ഉടുത്താല്‍ ശരിയാവില്ല ഊരിപ്പോകും" എന്ന് പറഞ്ഞു ഒഴിയാന്‍ നോക്കിയപ്പോള്‍ "ബെല്‍റ്റ്‌ കെട്ടി ടൈറ്റ് ആക്കിയാല്‍ മതി. ഇങ്ങനെയല്ലേ എല്ലാരും മുണ്ടുടുത്ത് പഠിക്കുക" എന്ന് പറഞ്ഞു സുഹൃത്തുക്കളാണ് എനിക്ക് ആത്മ വിശ്വാസം തന്നത്. അല്ലേലും ഇതുപോലെയുള്ള സുഹൃത്ത് തെണ്ടികള്‍ ആണല്ലോ എല്ലാ നായകന്മാരെയും കുഴിയില്‍ ചാടിക്കുന്നത്!! 

ഓണാഘോഷം തകൃതിയായി നടന്നു. അടുത്തത് ഓണ സദ്യയാണ്. സദ്യ ഉണ്ടാക്കിയിരുന്നത് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അടുത്തുള്ള എന്റെയൊരു സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ്. ഉച്ചയായപ്പോള്‍ ഞങ്ങള്‍ സംഘാടകര്‍ എല്ലാരും ചേര്‍ന്ന് ഭക്ഷണം എടുക്കാന്‍ പോയി. 

ചോറും പാത്രവും എടുത്താല്‍ മുണ്ടില്‍ കരിയാകുമെന്നു പറഞ്ഞു അതിന്റെ ഉത്തരവാദിത്വം ഞാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി. കറികളും മറ്റു വിഭവങ്ങളും ചെറിയ പാത്രങ്ങളില്‍ ആണ് ഉള്ളത് . ഒരാള്‍ക്ക് രണ്ടു കയ്യിലും കൂടി രണ്ടു പാത്രങ്ങള്‍ എടുക്കാം. ഞാന്‍ പായസവും കൂട്ട് കറിയും എടുക്കാമെന്നേറ്റു. മുണ്ട് മടക്കിക്കുത്തി രണ്ടു കയ്യിലും പാത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു ഞാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലേക്ക് നടന്നു. വടകര വില്ല്യാപ്പള്ളി റോഡ്‌ ക്രോസ് ചെയ്തു വേണം ഇന്‍സ്റ്റിട്ട്യൂട്ടില്‍ എത്താന്‍. തിരക്കുള്ള റോഡിലൂടെ നാലഞ്ചു പേര്‍ കഷ്ടപ്പെട്ട് ഭക്ഷണം കൊണ്ട് പോകുന്നത് കണ്ടപ്പോള്‍ അലിവു തോന്നിയ ട്രാഫിക് പോലീസുകാരന്‍ വണ്ടികളെല്ലാം നിറുത്തിച്ചു ഞങ്ങള്‍ക്ക് വഴിയൊരുക്കി തന്നു.

"ഞാനാണ് ഓണവും, ഓണ സദ്യയും കണ്ടു പിടിച്ചത് " എന്ന ഭാവത്തില്‍ തലയും ഉയര്‍ത്തിപ്പിടിച്ചു നാട്ടുകാരുടെയും വണ്ടിക്കാരുടെയും മുന്നിലൂടെ പാത്രങ്ങളും പൊക്കിപ്പിടിച്ച് ഞാന്‍ ഗമേല് നടക്കുകയാണ്. പുറകെ എന്റെ സുഹൃത്തുക്കളും. പെട്ടെന്ന് അതിലൊരുത്തന്‍ 'എടാ മുണ്ടോളീ' എന്ന് പരിഭ്രമത്തോടെ വിളിച്ചു.

"എന്താടാ വിളിച്ചു കൂവുന്നത്..പെട്ടെന്ന് റോഡ്‌ ക്രോസ് ചെയ്യാന്‍ നോക്ക്." എനിക്ക് ദേഷ്യം വന്നു.
"മുണ്ടോളി നിന്റെ മുണ്ട്..."

അവന്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്‍പേ അപകടം മണത്ത ഞാന്‍ 'ആസ് സൂണ്‍ ആസ് പോസ്സിബിള്‍' താഴേക്ക്‌ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഹൃദയ ഭേദകം ആയിരുന്നു. പകുതിയോളം അഴിഞ്ഞ എന്റെ മുണ്ട് മുല്ലപ്പെരിയാര്‍ ഡാം പോലെ എപ്പോള്‍ വേണേലും താഴെ പതിക്കാം എന്ന സ്ഥിതിയില്‍ ആണ്. ഡാം താഴെ പോയാല്‍ അഞ്ചു ജില്ലകളെ പോവുള്ളൂ. അതുപോലെയാണോ മുണ്ട് ? അത് പോയാല്‍ കേന്ദ്രത്തെ മൊത്തം ബാധിക്കില്ലേ !!!

ഊരിപ്പോയതിന്റെ ബാക്കി പാതി കൂടി താഴെ പോകുന്നതിനു മുന്‍പ് അര്‍ജെന്റ്റ് ആക്ഷന്‍ എടുത്തേ പറ്റൂ. പക്ഷെ മുണ്ട് നേരെയാക്കണമെങ്കില്‍ കൈ ഫ്രീ ആകണം. കൈ ഫ്രീ ആകാന്‍ പാത്രങ്ങള്‍ താഴെ വെക്കണം. പാത്രങ്ങള്‍ താഴെ വെക്കാന്‍ കുനിഞ്ഞാല്‍ മുണ്ട് മൊത്തത്തില്‍ അഴിഞ്ഞു വീഴും. ആകെ ഒരു ഡെഡ് ലോക്ക് സിറ്റുവേഷന്‍.!!....

ഇപ്പോള്‍ തന്നെ ജട്ടിയുടെ കളര്‍ നാട്ടുകാര്‍ കാണുന്നുണ്ട്. സൈസും ബ്രാന്‍ഡും ആരേലും വിളിച്ചു പറയുന്നതിന് മുന്‍പ് എന്തേലും ചെയ്യണം. ജഗതിയുടെ കമന്റ്‌ കേട്ട രഞ്ജിനിയെ പോലെ അതി ദയനീയമായി ഞാന്‍ പുറകെ വരുന്ന സുഹൃത്തുക്കളെ നോക്കി സഹായിക്കാന്‍ കണ്ണ് കൊണ്ട് ആക്ഷന്‍ കാട്ടി.  സാധാരണ ഹീറോയുടെ ശിങ്കിടികള്‍ ചെയ്യുമ്പോലെ എന്ത് ചെയ്യണമെന്നറിയാതെ കുന്തം വിഴുങ്ങിയത് മാതിരി അവരും അന്താളിച്ചു നിന്നു. അല്ലേലും ഇങ്ങനെയുള്ള അപകട ഘട്ടങ്ങളില്‍ ഇവന്മാരെ കൊണ്ട് എന്തെങ്കിലും ഉപകാരം കിട്ടാറുണ്ടോ!!!

എന്റെ നിസ്സഹായാവസ്ഥ കണ്ടു മനസ്സലിഞ്ഞ ട്രാഫിക് പോലീസുകാരന്‍ ഓടി വന്നു രംഗം കൂടുതല്‍ വഷളാകുന്നതിനു മുന്‍പ് പാത്രങ്ങള്‍ വാങ്ങി കൈ റിലീസ് ആക്കിത്തന്നു. അഴിഞ്ഞു വീണ മുണ്ട് നേരെയാക്കി പോലീസുകാരന് നന്ദിയും പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാന്‍ സ്പോട്ടില്‍ നിന്ന് എസ്കേപ് ആയി.!

ഇനി മേലില്‍ മുണ്ട് ഉടുക്കില്ലാന്നു അന്ന് തീരുമാനിച്ചതാണ്. ആ തീരുമാനത്തിന്റെ പുറത്താണ് നിക്കാഹിന് മുണ്ടിനു പകരം കുര്‍ത്തയാക്കിയത്. അത് കൊണ്ട് എന്തുണ്ടായി?? നാട്ടുകാരുടെ മുന്‍പില്‍ വെച്ച് പുതിയാപ്ലയുടെ മുണ്ടഴിഞ്ഞ് ഫസ്റ്റ് നൈറ്റിനു മുന്‍പേ സസ്പെന്‍സ് പൊളിഞ്ഞില്ല :-) ഇനി ഫസ്റ്റ് നൈറ്റില്‍ എന്ത് നടന്നു എന്നാവും നിങ്ങടെ ചോദ്യം.........അമ്പട മുത്തേ.......അത് തല്‍ക്കാലം സസ്പെന്‍സ് ആയി തന്നെയിരിക്കട്ടെ :-)


സമര്‍പ്പണം:

ദുബായിയില്‍ പോയതിനു ശേഷം എനിക്ക് ജാഡയും അഹങ്കാരവുമാണെന്നും, പരമ്പരാഗത ആചാരങ്ങളോടു പുച്ഛമാണെന്നും, അതു കൊണ്ടാണ് മുണ്ട് ഒഴിവാക്കിയതെന്നും പറഞ്ഞു നടക്കുന്ന നാട്ടിലെ എല്ലാ പരദൂഷണ തെണ്ടികള്‍ക്കും ഈ പോസ്റ്റ്‌ ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു!!!

ഫോട്ടോ കടപ്പാട് ഫേസ് ബുക്ക്‌ പിന്നെ എന്റെ സ്വന്തം വിവാഹ ആല്‍ബം.

ഞായറാഴ്‌ച, നവംബർ 27, 2011

മുണ്ടോളിക്കും മംഗല്യം..എല്ലാരും ബന്നോളീ.. കോയി ബിരിയാണി തിന്നോളി..

പ്രിയപ്പെട്ടവരേ, 'ഒരു ദുബായിക്കാരന്‍' എന്ന ഞാന്‍ ബൂലോകത്ത് എത്തിയിട്ട് ഏതാണ്ട് ആറു മാസമാകുന്നു. ബ്ലോഗിങ്ങിന്റെ abcd അറിയാത്ത എനിക്ക് ബ്ലോഗ്‌ തുടങ്ങാന്‍ പ്രോത്സാഹനം തന്ന എന്റെ സുഹൃത്ത്‌ ദീപ്തിക്കും, ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങള്‍ പറഞ്ഞു തന്ന എന്റെ സീനിയറും ബ്ലോഗറുമായ അമ്ജിത് ഇക്കയ്ക്കും, എന്റെ പോസ്റ്റുകള്‍ വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുന്ന എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും അറിയിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.

വിരലില്‍ എണ്ണാവുന്ന പോസ്റ്റുകള്‍ മാത്രമേ എന്റേതായി പുറത്തു വന്നിട്ടുള്ളൂ..അത് തന്നെ ഒപ്പിച്ചെടുക്കാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ.!! ഈ പോസ്റ്റുകള്‍ എല്ലാം ഉദാത്തവും ഉത്കൃഷ്ടവും മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പുഷ്ടീകരിക്കുന്ന അമൂല്യ മുത്തുകള്‍ ആണെന്നുമുള്ള ബുദ്ധി ജീവി അവകാശ വാദങ്ങള്‍ ഒന്നും എനിക്കില്ല. ഇനി ഉണ്ടാകാനും പോന്നില്ല!! എന്റെ തോന്നലുകളും അനുഭവങ്ങളും എനിക്ക് പറ്റിയ അക്കിടികളും ഹാസ്യ രൂപേനെ അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായത്.

എന്റെ പരിമിതി മനസ്സിലാക്കി കൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് ബൂലോകത്ത് നിന്നും ഇതുവരെ നല്ല പ്രോത്സാഹാനമാണ് ലഭിച്ചത്. നിങ്ങളുടെയെല്ലാം നിറഞ്ഞ സ്നേഹവും പ്രോത്സാഹനവും കൊണ്ടാണ് പുലികളും സിംഹങ്ങളും വിരാചിക്കുന്ന ബൂലോകത്ത് ഇത്രയും നാള്‍ പിടിച്ചു നില്‍ക്കാന്‍ എന്നെ പോലെയുള്ള ഒരു എലിക്കുട്ടിക്കു പറ്റിയത്. ബ്ലോഗിലോ മ ഗ്രൂപ്പിലോ വെച്ച് വാക്കാലെയോ നോക്കാലെയോ കമെന്റാലെയോ നിങ്ങളെ ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചെങ്കില്‍ അതിനൊക്കെയിപ്പോള്‍ ക്ഷമ ചോദിക്കുന്നു. അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതെല്ലാം ചര്‍ച്ച ചെയ്ത വിഷയത്തില്‍ മാത്രമാണെന്നും വ്യക്തിപരമായി വിദ്വേഷമോ പിണക്കമോ ആരോടുമില്ല എന്നും ഞാന്‍ ഓര്‍മിപ്പിക്കുന്നു.

നന്ദി രേഖപ്പെടുത്തലും മാപ്പ് പറച്ചിലും കണ്ടപ്പോള്‍ ബ്ലോഗെഴുത്തും നിറുത്തി ഇവന്‍ നാടുവിടുകയാണെന്ന് കരുതി നിങ്ങള്‍ സന്തോഷിച്ചെങ്കില്‍ 'അത് വെറും അതിമോഹമാണ്'. ഇനിയും കുറേക്കാലം കൂടി നിങ്ങള്‍ എന്നെ സഹിച്ചേ പറ്റുള്ളൂ. 'കണ്ടക സാറ്റെര്‍ഡേ' കൊണ്ടേ പോകുള്ളൂ എന്നല്ലേ!! പിന്നെ ഈ നന്ദി പറച്ചിലും ക്ഷമ ചോദിക്കലുമൊക്കെ എന്തിനാണെന്ന് ചോദിച്ചാല്‍ ഉത്തരം വളരെ സിമ്പിള്‍ ആണ്. എന്റെ കല്യാണം പ്രമാണിച്ച് കുറച്ചു ദിവസത്തെ ഇടവേളയെടുക്കാന്‍ പോവാണ്.

"ഹമ്പടാ മുണ്ടോളി!!!!നിനക്ക് കല്യാണ പ്രായമൊക്കെ ആയോ" എന്ന് നിങ്ങള്‍ ആലോചിക്കുന്നുണ്ടാകും! സത്യം പറഞ്ഞാല്‍ അങ്ങനെ എനിക്കും തോന്നാതിരുന്നില്ല! നാട്ടുനടപ്പനുസരിച്ച് ഇപ്പോള്‍ തന്നെ ഞാന്‍ Over Aged ആണ് പോലും. കോയമ്പത്തൂരില്‍ എന്റെ സീനിയറായി പഠിച്ച ചേട്ടന്മാരും ചെന്നൈയില്‍ ഒരുമിച്ചു ജോലി ചെയ്ത സമ പ്രായക്കാരായ പെണ്‍കുട്ടികളും ഇപ്പോഴും അവിവാഹിതരായി സന്തോഷത്തോടെ കഴിയുന്നു. പക്ഷെ എന്റെ നാട്ടില്‍ 18 വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളെയും 24 വയസ്സ് കഴിഞ്ഞാല്‍ ആണ്‍കുട്ടികളെയും കെട്ടിക്കണം. അല്ലെങ്കില്‍ നാട്ടുകാര്‍ക്ക് ചൊറിച്ചില്‍ തുടങ്ങും. സ്വന്തം വീട്ടിലെ കാര്യങ്ങള്‍ നോക്കിയില്ലേലും അയല്‍ക്കാരന്റെ കാര്യം നോക്കാന്‍ 'ഞമ്മളെ' നാട്ടുകാര്‍ക്ക് ഭയങ്കര ശുഷ്കാന്തിയാ..

എന്റെ കാര്യത്തിലും ഈ ചൊറിച്ചില്‍ തുടങ്ങിയിട്ട് കുറേക്കാലമായി. കോഴ്സ് തീരട്ടെ, ജോലിയാവട്ടെ, പെങ്ങടെ കല്യാണം കഴിയട്ടെ എന്നെല്ലാം പറഞ്ഞു കുറേക്കാലം തടിതപ്പി. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ കല്യാണം അടുത്ത വരവിനാവട്ടെ എന്ന് പറഞ്ഞപ്പോള്‍ ഒരു ബന്ധുവിന്റെ ചോദ്യം കേട്ടപ്പോള്‍ സകല കണ്ട്രോളും പോയി.

"നീ ബൈക്കിലും കാറിലും ഒക്കെ പോണതല്ലേ..നിനക്ക് വല്ല അപകടോം ഉണ്ടായിട്ടുണ്ടോ? ..സത്യം പറ...ഇപ്പൊ എല്ലാത്തിനും ചികിത്സയുണ്ട് "

കളിച്ചു കളിച്ചു എന്റെ 'പുരുഷത്തത്തത്വത്തില്‍' തൊട്ടാണ് അവന്റെ കളി!! "പോടാ @$%@!# മോനെ നീ നിന്റെ കാര്യം നോക്കിയാല്‍ മതി" എന്ന് പറഞ്ഞു അവനെ ഓടിച്ചു. അതോടെ അവന്റെ ഫേസ് ബുക്ക്‌ ഫ്രണ്ട്സ് ലിസ്റ്റില്‍ നിന്നും ഞാന്‍ ഔട്ട്‌ ആയി.

പാമ്പന്‍ പാലം പോലെ സ്ട്രോങ്ങായ എന്നെ നോക്കി ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ അവനെങ്ങനെ ധൈര്യം വന്നു? ദേഷ്യം മാറിയപ്പോള്‍ സിറ്റുവേഷന്‍ ഞാനൊന്ന് അനലൈസ് ചെയ്തു നോക്കി. എന്റെ പ്രൊഡക്ഷന്‍ സിസ്ടത്തിന്റെ കപ്പാസിറ്റിയില്‍ അവനു ഡൌട്ട് വന്നെങ്കില്‍ അവനെ കുറ്റം പറയാന്‍ പറ്റില്ല. കാരണം എന്നെക്കാളും നാലഞ്ച് വയസ്സ് താഴത്തുള്ള കസിന്‍സൊക്കെ പെണ്ണുകെട്ടി രണ്ടും മൂന്നും പിള്ളാരെയുണ്ടാക്കി ആണായി നെഞ്ചും വിരിച്ചു നടക്കുന്നു. ഞാന്‍ മാത്രം പഠിപ്പ്, ജോലി എന്നൊക്കെ പറഞ്ഞു കുറെക്കാലമായി കല്യാണം മാറ്റിവെക്കുന്നു. 

ചോദ്യം ചോദിയ്ക്കാന്‍ ഏത് പോലീസുകാരനും പറ്റും. പക്ഷെ ഞമ്മളെ ബേജാറ് ആരറിയുന്നു?. 'മേലെ ആകാശോം താഴെ ഭൂമീം അതിന്റെടേല്‍ ഫേസ് ബുക്കും' എന്ന വിചാരത്തില്‍ നടക്കുന്ന ചെക്കന്മാര്‍ പെണ്ണ് കെട്ടിയതിനു ശേഷം 'ങ്ങളേടിയാ,ങ്ങള് എന്താക്ക്ന്നാ,ങ്ങള് എപ്പാ വരുന്നേ, ങ്ങളോടി ആരാ ഉള്ളേ' എന്നീ ഹലാക് ചോദ്യങ്ങള്‍ കേട്ട് നട്ട പെരാന്തായി നടക്കുന്നത് കാണുമ്പോള്‍ ധൈര്യത്തോടെ ആരാ ഈ ഏര്‍പ്പാടിന് നിന്ന് കൊടുക്കുക? 'ന ഹസ്‌ബെന്ഡ് സ്വാതന്ത്ര്യമർഹതി ' എന്നല്ലേ വിവരമുള്ള ആരോ പറഞ്ഞു വെച്ചത്!! 

ഉത്തരാധുനിക കവികളില്‍ പ്രമുഖനും കൂതറ കവിതകളുടെ ഉപക്ഞാതാവുമായ ശ്രീ ഹരിശങ്കറിന്റെ സില്‍സില എന്ന കവിത സമാഹാരത്തിലെ 'കുമിള പോലുള്ള ജീവിതത്തില്‍ ഇന്ന് സങ്കടപ്പെടുവാന്‍ നേരമില്ല' എന്ന വരികളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ട്, ജുമൈറ ബീച്ച്, ദുബായ് മാള്‍ എന്നിവിടങ്ങളില്‍ കറങ്ങി നടന്നും  ബ്രിട്ടിനി സ്പിയേഴ്സിന്റെ കണ്‍സേര്‍ട്ടിന്(concert) പോയും ജീവിതം സില്‍സിലയാക്കുന്ന ഞാനെന്ന ബാച്ചിലര്‍ ഏകാധിപതിക്ക് നേരെയുള്ള 'മുല്ലപ്പൂ' മുന്നേറ്റമാണ് പെണ്ണ് കെട്ടല്‍ എന്നാണു സുഹൃത്തുക്കളുടെ അനുഭവത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയത്.

ഇതൊക്കെ അറിയാവുന്നത് കൊണ്ടാണ് പല എക്സ്ക്യൂസുകള്‍ പറഞ്ഞു കുറേക്കാലം പിടിച്ചു നിന്നത്. സ്നേഹ നിധികളായ നാട്ടുകാരുടെയും വാത്സല്യത്തിന്റെ നിറ കുടങ്ങളായ കുടുംബക്കാരുടെയും കൃമി കടി സഹിക്കാതായപ്പോള്‍ അഞ്ചാറ് മാസം മുന്‍പ് വീട്ടുകാര്‍ എന്റെ കല്യാണം ഉറപ്പിച്ചു. ഇനിയും മസില്‍ പിടിച്ചാല്‍ 'ഡോക്ടര്‍ നാരായണ റെഡ്ഢിയുടെ' അഡ്രെസ്സ് വീട്ടുകാര്‍ തന്നാലോ എന്ന് ഭയന്നു ഇപ്രാവശ്യം ഞാനും കല്യാണത്തിന് സമ്മതിച്ചു. എന്തു ചെയ്യാം കാലത്തിനനുസരിച്ച് ടെമ്പ്ലേറ്റ് മാറ്റാതെ പറ്റില്ലല്ലോ !!

കല്യാണം ഡിസംബറില്‍ അല്ലേയെന്ന് കരുതി ഇത്രയും കാലം ടെന്‍ഷന്‍ ഫ്രീ ആയി നടക്കുകയായിരുന്നു.കൃഷ്ണനും രാധയും ഹിറ്റ്‌ ആയതു പോലെ എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് ! ഡിസംബര്‍ പത്തിനാണ് എന്റെ കല്യാണം എന്ന മഹാ സംഭവം നടക്കാന്‍ പോകുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വഴിത്തിരിവുമായ ആ ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ എല്ലാ ബ്ലോഗേഴ്സ് സുഹൃത്തുക്കളെയും എന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു.

കല്യാണത്തിന് വരുന്നതൊക്കെ കൊള്ളാം. പക്ഷെ ഇതൊക്കെ വായിച്ചു നോക്കിയിട്ട് വന്നേച്ചാല്‍ മതി.
  • കല്യാണം എന്റെ വീട്ടില്‍ വെച്ചാണ്‌. വീട് വടകരയ്ക്ക് അടുത്തുള്ള എടച്ചേരിയിലാണ്. നാട്ടിലെ റോഡിന്റെ അവസ്ഥ വളരെ മോശമാണ്. നാട്ടിലെ റോഡ്‌ പണിയുന്നത് PWD യാണ്. അല്ലാതെ ദുബായ് RTA അല്ല. ഡ്യൂട്ടി ഫ്രീ വഴി നാട്ടിലേക്കു റോഡ്‌ കൊണ്ട് വരാനുള്ള വകുപ്പില്ല. അതുകൊണ്ട് എല്ലാരും ഉള്ള റോഡ്‌ വെച്ചു അഡ്ജസ്റ്റ് ചെയ്യണം. 
  • ആരോടും റെജിസ്ട്രെഷന്‍ ഫീ ഈടാക്കുന്നതല്ല. (സ്പോണ്‍സര്‍മാരെ കിട്ടിയില്ല എന്ന് പറഞ്ഞു അവസാനം ഞാന്‍ പറ്റിക്കൂല)
  • എല്ലാരേയും ഉച്ചയൂണിനാണ് പ്രതീക്ഷിക്കുന്നത്. രാവിലെത്തന്നെ കെട്ടും പൊട്ടിച്ചു വന്നാല്‍ ബ്രേക്ക്‌ ഫാസ്റ്റ് ഒന്നും ഉണ്ടാവില്ല . ഹോട്ടലില്‍ പോയി വല്ലതും കഴിച്ചോളണം. 
  • ആനുകാലികങ്ങളില്‍ എഴുതുന്ന ബ്ലോഗര്‍മാര്‍ക്കും അവാര്‍ഡ്‌ കിട്ടിയ ബ്ലോഗര്‍മാര്‍ക്കും സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ച ബ്ലോഗര്‍മാര്‍ക്കും സ്പെഷ്യല്‍ പരിഗണന ഒന്നും ഉണ്ടായിരിക്കുന്നതല്ല. 
  • കല്യാണ വീട്ടില്‍ നിങ്ങടെ പുസ്തകം വില്‍ക്കാന്‍ അനുവദിക്കില്ല. അങ്ങനെ ആര്‍ക്കേലും നിര്‍ബന്ധം ഉണ്ടേല്‍ വടകര ബസ്‌ സ്റ്റാന്‍ഡില്‍ അതിനുള്ള സൌകര്യം ചെയ്തു തരുന്നതാണ്.
  • എല്ലാ ബ്ലോഗര്‍മാരും കല്യാണ വീട്ടില്‍ ഡീസെന്റ്‌ ആയി നില്‍ക്കണം. ബ്ലോഗിലും ഗ്രൂപ്പിലും ചെയ്യുമ്പോലെ പരസ്പരം തല്ലു കൂടി എന്റെ നാട്ടുകാര്‍ക്ക് പണിയുണ്ടാക്കരുത്. എന്റെ നാട്ടുകാരെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? സ്നേഹിച്ചാല്‍ നക്കി കൊല്ലും..അല്ലെങ്കില്‍ സ്റ്റീല്‍ ബോംബ്‌ എറിഞ്ഞു കൊല്ലുന്ന ടീമാണ്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട...
ഇതൊക്കെ ഇപ്പോഴേ പറഞ്ഞില്ലേല്‍ കല്യാണത്തിന് വന്നു മൂക്കുമുട്ടെ ഫുഡും അടിച്ചു പിറ്റേന്ന് എന്നെക്കുറിച്ചും എന്റെ നാടിനെ കുറിച്ചും നിങ്ങള്‍ പോസ്റ്റ്‌ എഴുതിക്കളയും. 'ഓടുന്ന ബ്ലോഗര്‍ക്ക് ഒരു പോസ്റ്റ്‌ മുന്‍പേ' എന്നല്ലേ ചൊല്ല്!! 

പങ്കെടുക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും പങ്കെടുക്കുക. ...ഡിസംബര്‍ ഒന്നിന് ശേഷം എന്നെ ഈ നമ്പരില്‍ വിളിക്കാം 9539565345..അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ....അനുഗ്രഹിക്കുക... ആശിര്‍വദിക്കുക. ..

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

ഒരു അറേബിയന്‍ ടൈപ്പിംഗ്‌ വീര ഗാഥ!

ഒരു പ്രവാസിയുടെ ജനനം! എന്ന കഴിഞ്ഞ പോസ്റ്റില്‍ എമിറേറ്റ്സ് ഐഡി കാര്‍ഡിനായ്‌ Q നിന്നപ്പോള്‍ എനിക്കുണ്ടായ ദുരിതങ്ങള്‍ ആയിരുന്നു അവതരിപ്പിച്ചത്. നമ്മുടെ റിസെപ്ഷനിലെ ഹിഡുംബിയുടെ ഔദാര്യം കൊണ്ട് നാലഞ്ച് മണിക്കൂര്‍ കാത്തിരിപ്പിനു ശേഷം എനിക്ക് ടോക്കെന്‍ ലഭിച്ചു. പൊരിവെയിലത്ത് മണിക്കൂറുകളോളം കാത്തു നിന്നത് കൊണ്ടാവാം ടോക്കെന്‍ കിട്ടിയപ്പോള്‍ വല്ലാത്തൊരു നിര്‍വൃതി തോന്നി. ഹാപ്പി ജാം കഴിച്ച ചെക്കനെ പോലെ സന്തോഷം കൊണ്ട് വല്ല മതിലിലോ ഭിത്തിയിലോ ചാടിക്കേറിയാലോ എന്നു തോന്നിയെനിക്ക്. റേഷനരി ചാക്ക് പോലത്തെ വയറും വെച്ച് അങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം അതി ഭീകരമാകും എന്നുറപ്പുള്ളതിനാല്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി പതുക്കെ ടൈപ്പിംഗ്‌ സെന്ററിലേക്ക് നടന്നു.

ടൈപ്പിംഗ്‌ സെന്ററിലും നല്ല തിരക്കാണ്. ഇരിക്കാന്‍ ഹാളില്‍ കസേര നിരത്തിയിട്ടുണ്ടെങ്കിലും വരിക്ക ചക്കേല്‍ ഈച്ച പൊതിഞ്ഞ പോലെ ആളുണ്ട് ഓരോ കസേരയ്ക്കു ചുറ്റും. നാട്ടില്‍ കല്യാണ സദ്യ കഴിച്ചു പരിചയം ഉള്ളതു കൊണ്ട് ബംഗാളികളോട് തല്ലു കൂടി ഒരു സീറ്റ് ഒപ്പിച്ചെടുക്കാന്‍ ബുദ്ധിമുട്ടിയില്ല. സീറ്റിനായി അവസാനം വരെ എന്നോട് മത്സരിച്ച ബംഗാളി ദയനീയമായി എന്നെ നോക്കിയപ്പോള്‍ കാലിന്‍ മേല്‍ കാലു കേറ്റി വെച്ച് ഒരു പരിഹാസച്ചിരി പാസ്സാക്കി മലയാളിയുടെ പാരമ്പര്യം കാത്തു സൂക്ഷിച്ചു.

ബംഗാളിയില്‍ നിന്നും എന്റെ നോട്ടം പോയത് കൌണ്ടറിലെ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്ന അറബി പെണ്‍കുട്ടികളിലേക്കാണ്. കോളേജ് കുട്ടികളാണെന്ന് തോന്നുന്നു. സ്വദേശീകരണത്തിന്റെ ഭാഗമായി ഡാറ്റ എന്‍ട്രി പോലുള്ള 'എളുപ്പ 'പണികള്‍ കോളേജ് പിള്ളേരാണ് ചെയ്യുന്നത് എന്ന് എവിടെയോ വായിച്ചത് ഓര്‍മ്മ വന്നു. അതെന്തായാലും നന്നായി.. വെറുതെയിരുന്നു ബോറടിക്കില്ലല്ലോ. വായ്നോട്ടത്തില്‍ ഡബിള്‍ PHD ഉള്ള എനിക്ക് നേരം പോക്കിന് വേറെ വല്ലതും വേണോ! നാട്ടിലെ പതിവ് അനുസരിച്ച് വായ്നോട്ടം എന്നാല്‍ അടി മുതല്‍ മുടി വരെയുള്ള കമ്പ്ലീറ്റ് ബോഡി സ്കാനിംഗ്‌ ആണ്. വൈകുന്നേരങ്ങളില്‍ വടകര പുതിയ ബസ്‌ സ്റ്റാന്റ് പരിസരത്തും മുനിസിപ്പല്‍ പാര്‍ക്കിലുമൊക്കെ വെച്ച് എത്ര കോളേജ് പിള്ളേരെ ഇങ്ങനെ സ്കാന്‍ ചെയ്തിരിക്കുന്നു. ഹോ... അതൊക്കെ ഒരു കാലം. ഓര്‍ക്കുമ്പോഴേ കുളിര് കോരുന്നു ! 

മുഖവും കൈപ്പത്തിയും മാത്രം പുറത്തു കാണിക്കുന്ന ഈ അറബിച്ചികളെ ബോഡി സ്കാനിംഗ്‌ ചെയ്തിട്ട് എന്ത് കിട്ടാനാ? തല്ക്കാലം മുഖ സൌന്ദര്യം ആസ്വദിച്ചു ആശ തീര്‍ക്കാം എന്ന് കരുതി ക്യാമറ സൂം ചെയ്തു അവളുമാരുടെ മുഖത്തേക്ക് തിരിച്ചു വെച്ചു . 'മേക് അപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ' എന്ന് ലാലേട്ടന്റെ ഡയലോഗ് തിരുത്തി എഴുതേണ്ടി വരുമോ എന്ന് ഒരു നിമിഷം കൊണ്ട് തോന്നിപ്പോയെനിക്ക്. എന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരാളുടെ മുഖത്ത് ഇങ്ങനെ make up കാണുന്നത്. ചെങ്കല്‍ ഭിത്തിയില്‍ കുമ്മായം പൂശിയത് പോലെ രണ്ടിഞ്ചു കനത്തില്‍ റോസ് പൌഡറും, സാന്‍ഡ് വിച്ചില്‍ ടൊമാറ്റോ സോസ് ഒഴിച്ചത് പോലെ ചുണ്ടില്‍ നിന്ന് വായിലേക്ക് ഒലിച്ചിറങ്ങുന്ന ലിപ്സ്ടിക്കും, കവിളുകളിലും പുരികങ്ങളിലും തമിഴന്മാര് കോലം വരച്ചത് പോലെ പല നിറത്തില്‍ പൂശിയിട്ടുള്ള ചായങ്ങളും ; എല്ലാം കൂടി രജനീകാന്തിന്റെ സിനിമയിലെ introduction സോങ്ങ് ആണ് കളര്‍ഫുള്‍ ആയ ഇവളുമാരുടെ മുഖം കാണുമ്പോള്‍ ഓര്‍മ വരുന്നത്.

'ആരുമില്ലേല്‍ ചീരു' എന്നല്ലേ പണ്ടാരോ പറഞ്ഞത് എന്നാശ്വസിച്ചു അവളുമാരുടെ മോന്തയുടെ സൌന്ദര്യം ആസ്വദിക്കുമ്പോഴാണ്‌ പുറകിലെ സീറ്റില്‍ നിന്ന് രണ്ടു മലയാളികളുടെ സംസാരം ചെവിയില്‍ പതിച്ചത്. സംസാരം കേട്ടിട്ട് മ്മടെ കോഴിക്കോട്കാരാണെന്ന് മനസ്സിലായി.

ഒന്നാമന്‍ : "ഇപ്പണത്തെ പോക്കിന് എന്തായാലും പെണ്ണ് കെട്ടണം. കെട്ട്ന്നുണ്ടേല്‍ ഇതുപോലത്തെ മൊഞ്ചുള്ള പെണ്ണുങ്ങളെ തന്നെ കെട്ടണം....എന്താ ഓള മോന്തേന്റെ ഒരു കളര്‍ ...എന്താ അയിന്റെ ഒരു തെളക്കം.."

രണ്ടാമന്‍ : "അയ്യിന്നെ അവ്വോക്കറെ......അത് തന്നെയാ ഞമ്മളേം ചിന്ത.. ...എല്ലാരും കെട്ടുന്നത് പോലെ കറത്ത് കരിമുട്ടി പോലെയുള്ള കുരിപ്പുങ്ങളെയൊന്നും എനക്ക് മാണ്ട.. ഞാനിപ്പ തന്നെ ഉമ്മാനോട് പറഞ്ഞു വെച്ചുക്ക്ണ്ട് എനക്ക് ബെളുത്ത പെണ്ണിനെ നോക്കിയാല്‍ മതീന്ന് ".

ഹോ എന്ത് നല്ല ചെറുപ്പക്കാര്‍ !! എന്തൊരു ദീര്‍ഘ വീക്ഷണം!! എന്തൊരു സൗന്ദര്യ ബോധം!! ഞാനുമുണ്ട് ചെറുപ്പക്കാരന്‍ ആണെന്നും പറഞ്ഞു നടക്കുന്നു.... പെണ്ണ് കെട്ടണോ എന്ന് പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല.

ആ മാതൃക ചെറുപ്പക്കാരുടെ തിരുമുഖം ഒന്ന് ദര്‍ശിക്കാം എന്ന് കരുതി വളരെ കഷ്ടപ്പെട്ട് ഞാന്‍ പുറകിലേക്ക് തിരിഞ്ഞു നോക്കി. കണ്‍സ്ട്രക്ഷന്‍ പണിക്കാരുടെ നീല നിറത്തിലുള്ള നീളന്‍ കോട്ടിട്ടു കരി ഓയിലില്‍ കുളിച്ചതു പോലെയുള്ള രണ്ടു കോലങ്ങള്‍. മരുഭൂമിയില്‍ പണിയെടുത്തു കരിഞ്ഞു ഉണങ്ങി പോയതാണെന്ന് കോലം കണ്ടാല്‍ മനസ്സിലാകും. എന്നിട്ടും ഈ കരിഞ്ഞ ഹൃതിക് രോഷന്മാര്‍ക്ക് വെളുത്ത പെണ്ണ് തന്നെ വേണം പോലും!! അതും അറബിച്ചികളെ പോലെ വെളുത്ത പെണ്ണുങ്ങള്‍! ഇവരൊക്കെ ഇങ്ങനെ തുടങ്ങുന്നത് കൊണ്ടല്ലേ മാലിയില്‍ നിന്നും മൈസൂരില്‍ നിന്നുമൊക്കെ പുതിയാപ്ലമാര്‍ നാട്ടിലേക്കു ഇമ്പോര്‍ട്ട് ചെയ്യപ്പെടുന്നത് !! നാട്ടിലെ പാവം കറുത്ത പെണ്ണുങ്ങളെയൊക്കെ കാത്തോളനെ പടച്ചോനെ!! 

എന്തായാലും അധിക നേരം എനിക്ക് പടച്ചോനെ വിളിക്കേണ്ടി വന്നില്ല. അടുത്തത് എന്റെ ടോക്കെന്‍ നമ്പര്‍ ആണെന്നുള്ള അറിയിപ്പും പോകേണ്ട കൌണ്ടര്‍ നമ്പരും LCD യില്‍ തെളിഞ്ഞു. പാസ്പോര്‍ട്ടും മറ്റു രേഖകളും എടുത്തു ഞാന്‍ കൌണ്ടറിലെ അറബിച്ചിക്ക് സലാം ചൊല്ലി അവളുടെ മുന്‍പില്‍ ഇരുന്നു. പാസ്പോര്‍ട്ട് കൊടുത്തതും അതവള്‍ ഓപ്പണ്‍ ചെയ്തു ഫസ്റ്റ് പേജും ലാസ്റ്റ് പേജും ഒക്കെ വിശദമായി നോക്കി. പിന്നെ പ്രേം നസീറിനെ കണ്ട ഷീലയെ പോലെ എന്നെ നോക്കി ഒരൊന്നൊന്നര നെടുവീര്‍പ്പിട്ട് എന്റെ മുഖത്തേക്ക് നോക്കിയിരിക്കാന്‍ തുടങ്ങി. ഇങ്ങനെ നോക്കിയിരിക്കാന്‍ മാത്രം മൊഞ്ചുണ്ടോ എന്റെ മുഖത്തിന്‌ ! ഞാനും രാവിലെ കണ്ണാടീല്‍ നോക്കിയതാണല്ലോ ! ഇനിയിപ്പോള്‍ 'ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്' ആയിരിക്കുമോ? ഇവളുമാരുടെ ടേസ്റ്റ്നെ കുറിച്ച് പല നിറമുള്ള കഥകളും കേട്ടിട്ടുണ്ട്. BMW കാര്‍, ജുമൈറയില്‍ ഒരു ഫ്ലാറ്റ്, സ്വന്തമായി ഒരെണ്ണ കിണര്‍, ഇന്തോ അറബ് പ്രണയത്തെ കുറിച്ച് ദുബായില്‍ നിന്നും ഫൈസല്‍ ബിന്‍ അഹമ്മദിന്റെ റിപ്പോര്‍ട്ട്..... എന്റെ സ്വപങ്ങള്‍ ബുര്‍ജ് ഖലീഫയോളം വളര്‍ന്നു.

Man.... what are you thinking? എന്ന അവളുടെ ചോദ്യം എന്നെ സ്വപനലോകത്തു നിന്നും തരിച്ചു കൊണ്ട് വന്നു. ഒന്നുമില്ല എന്നര്‍ത്ഥത്തില്‍ ചിരിച്ചു കാണിച്ചപ്പോള്‍ ഒരു ചെറു പുഞ്ചിരിയോടെ അവളുടെ അടുത്ത ചോദ്യം.

what's your full name? Can you pronounce it? 

ഓഹോ അപ്പോള്‍ എന്റെ പേരാണ് പ്രശനം!! കടിച്ചാല്‍ പൊട്ടാത്ത എന്റെ പേര് വായിച്ചിട്ടാണ് അവള്‍ നെടുവീര്‍പ്പിട്ടത് ...അല്ലാതെ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമല്ല..

മൈ ഫുള്‍ നെയിം ഈസ്‌ ഷജീര്‍ മുണ്ടൊളീന്റവിട.(Shajeer Mundoleentavita)

മു.... മുണ്ടോ...മുണ്ടോലീ... അവള്‍ ഒരു ശ്രമം നടത്തി നോക്കി. രക്ഷയില്ല എന്ന് തോന്നിയപ്പോള്‍ കമ്പ്യൂട്ടറില്‍ എന്റെ details ഫില്‍ ചെയ്തു തുടങ്ങി.

പാസ്പോര്‍ട്ടില്‍ നോക്കി എന്റെ പേരിലെ ഓരോ അക്ഷരവും നോക്കി വായിച്ച് ആ അക്ഷരം കീ ബോര്‍ഡില്‍ പരതി ഒരു വിരല്‍ കൊണ്ടാണ് അവള്‍ ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍ സ്വന്തം കീ ബോര്‍ഡില്‍ കാണാതെ വരുമ്പോള്‍ അടുത്തിരിക്കുന്ന കൊച്ചിന്റെ കീ ബോര്‍ഡില്‍ നോക്കുന്നുണ്ടോ എന്നൊരു സംശയം എനിക്ക് തോന്നാതില്ല. കീ ബോര്‍ഡിന് വേദനിക്കാതിരിക്കാന്‍ കീകള്‍ പ്രസ്‌ ചെയ്യുന്നതിന് പകരം വിരലുകള്‍ കൊണ്ട് മൃദുലമായി തലോടുന്ന അഡ്വാന്‍സ്‌ ടെക്നോളജിയാണ് അവള്‍ അനുവര്‍ത്തിച്ചു വന്നത്. അങ്ങനെ തൊട്ടും തലോടിയും അഞ്ചു മിനിറ്റ് എടുത്ത് എന്റെ പേര് ഫില്‍ ചെയ്തു. പേര് ഫില്‍ ചെയ്തപ്പോഴേ അവള്‍ വെള്ളം കുടിച്ചു!! അടുത്തത് പെര്‍മനന്റ് അഡ്രസ്‌ ആണ്. 

ഷജീര്‍ മുണ്ടൊളീന്റവിട,പുത്തന്‍ പീടികയില്‍ താഴെക്കുനി,മുതുവടത്തൂര്‍ പോസ്റ്റ്,വടകര, കോഴിക്കോട്,കേരള,ഇന്ത്യ.

ഞാന്‍ തന്നെയിത് സ്പെല്ലിംഗ് തെറ്റിക്കാതെ എഴുതി പഠിച്ചത് അടുത്തകാലത്താണ്. പേരിനൊപ്പം വീട്ടുപേര് ചേര്‍ക്കുന്ന വടക്കേ മലബാറിലെ വൃത്തികെട്ട സമ്പ്രദായം തുടങ്ങിവെച്ചവനെ എന്റെ കയ്യില്‍ കിട്ടിയെങ്കില്‍ ഇടിച്ചു സൂപ്പാക്കിയേനെ എന്ന് പലവുരു ചിന്തിച്ചിട്ടുണ്ട് .‍ഈ പേരുകള്‍ എനിക്ക് വെച്ച അപമാനങ്ങള്‍.... ആ കഥയൊക്കെ വേറെ പോസ്റ്റ്‌ ആയി ഇടാം.

അഡ്രസ്‌ ഫില്‍ ചെയ്തു തുടങ്ങിയപ്പോള്‍ അവളുടെ ബ്ലാക്ക്‌ ബെറിയില്‍ ഒരു കാള്‍ വന്നു. പിന്നെ പത്തു മിനിറ്റ് നേരത്തേക്ക് ഞാന്‍ അട്ടം നോക്കിയിരിക്കേണ്ടി വന്നു. പേരെഴുതാന്‍ അഞ്ചു മിനിറ്റ് എടുത്തിട്ടുണ്ടെങ്കില്‍ വിശാലമായ എന്റെ അഡ്രസ്‌ ടൈപ്പ് ചെയ്യാന്‍ എത്ര സമയം എടുത്തെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ! പേരും അഡ്രസ്സും ഫില്‍ ചെയ്തു കാഷ് അടച്ചു ബില്‍ തരാന്‍ ഏകദേശം മുക്കാമണിക്കൂര്‍ എടുത്തു.. ഈ സമയം കൊണ്ട് ഒമാനില്‍ എത്താം :-)

ഏറ്റവും ഈസിയായ 'data entry' പോലും ഇവളുമാരെ കൊണ്ട് മര്യാദക്ക് ചെയ്യാന്‍ പറ്റുന്നില്ല!! ഇനിയിപ്പോ സ്വദേശീകരണത്തിന്റെ പേര് പറഞ്ഞു ഞാനടക്കമുള്ള എല്ലാ വിദേശികളെയും ഭാവിയില്‍ ഇവിടുന്നു പറഞ്ഞുവിട്ടാല്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയരിങ്ങും, അക്കൌണ്ടിങ്ങും, നേഴ്സിങ്ങും, കട്ടിങ്ങും, ഷേവിങ്ങും, തോട്ടിപ്പണിയടക്കമുള്ള സകലമാന പണികളും ഇവര് ഒറ്റയ്ക്ക് ചെയ്യോ? നടന്നത് തന്നെ.....................

അല്ലെങ്കിലും ഞാന്‍ എന്തിനാ ഇതൊക്കെ ആലോചിച്ചു ഈ ചെറു പ്രായത്തില്‍ BP കൂട്ടുന്നത്‌ !! ചെയ്‌താല്‍ അവര്‍ക്ക് നല്ലത്................അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍ക്കും കേരള സര്‍ക്കാരിനും നല്ലത്....................... അല്ല പിന്നെ.......കൂടുതല്‍ ചിന്തിച്ചു തല പുണ്ണാക്കാതെ കാഷ് അടച്ച റെസീറ്റും കൊണ്ട് ബയോ മെട്രിക് സെന്ററിനെ ലക്ഷ്യമാക്കി നടന്നു!!

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഒരു പ്രവാസിയുടെ ജനനം!

വിസിറ്റ് വിസയില്‍ ദുബായില്‍ എത്തിയിട്ട് മോശമല്ലാത്ത ഒരു ജോലിയൊക്കെ കിട്ടി മെഡിക്കല്‍ ടെസ്റ്റ്‌, വിസ അടിക്കല്‍ എന്നീ പതിവ് കലാപരിപാടികള്‍ ഒക്കെ കഴിഞ്ഞു പ്രവാസ ജീവിതത്തിലേക്ക് കാലെടുത്തു വച്ച ആദ്യ നാളുകള്‍. ഭക്ഷണത്തിനും അത്യാവശ്യ ചിലവിനും ഉള്ള കാശ് മാറ്റിവെച്ച് ശമ്പളത്തിന്റെ ഏറിയ പങ്കും നാട്ടിലേക്ക് അയച്ച് കടത്തില്‍ നിന്നും കടത്തിലേക്ക് കൂപ്പു കുത്തുന്ന കേരളത്തിന്റെ സാമ്പത്തിക ഘടനയെ താങ്ങി നിര്‍ത്തുന്ന ചുമതല മറ്റു ഗള്‍ഫ്കാരെ പോലെ ഞാനും നിറവേറ്റി തുടങ്ങി. വലിയ അല്ലലുകള്‍ ഒന്നും ഇല്ലാതെ ജീവിതം 'സില്‍സിലാ..ഹേ..സില്‍സിലാ" എന്ന രീതിയില്‍ മുന്നോട്ട് നീങ്ങുമ്പോഴാണ് ആ വാര്‍ത്ത‍ കേട്ടത് .

ലേബര്‍ കാര്‍ഡിന് പുറമേ 'എമിറേറ്റ്സ് ഐഡി' എന്ന പേരില്‍ ഗവന്മേന്റ്റ് പുതിയ ഒരു തിരിച്ചറിയല്‍ കാര്‍ഡ്‌ കൊണ്ടുവരാന്‍ പോകുന്നു. വാര്‍ത്തയുടെ നേരും നെറിയും അറിയാന്‍ ഓഫീസിലെ ലോക്കല്‍ PRO വിനോട് ബന്ധപ്പെട്ടപ്പോള്‍ അങ്ങേരുടെ വക വിശദമായ ഒരു റിപ്പോര്‍ട്ട് തന്നെ കിട്ടി. 

"വാര്‍ത്ത‍ സത്യമാണ്. ഈ ഐ ഡി കാര്‍ഡ്‌ ഉണ്ടെങ്കില്‍ മാത്രമേ പുതുതായി ബാങ്ക് അക്കൗണ്ട്‌ തുടങ്ങാനും വണ്ടി വാങ്ങാനും വീട് വാടകയ്ക്ക് എടുക്കാനും ഒക്കെ പറ്റുള്ളൂ . 370 ദിര്‍ഹം ആണ് കാര്‍ഡിന്റെ ചാര്‍ജ്. വിസ പുതുക്കുമ്പോള്‍ കാര്‍ഡും പുതുക്കണം. പക്ഷെ കാര്‍ഡ്‌ എടുക്കാനോ പുതുക്കാനോ കമ്പനി കാശൊന്നും തരില്ല. എല്ലാം സ്വന്തമായിട്ട് ചെയ്തോളണം. 

PRO വിന്റെ അവസാനം വാചകം ഞാനടക്കമുള്ള പുതുതായി വന്ന മലയാളി എമ്പ്ലോയീസിനു തീരെ ദഹിച്ചില്ല. ഞങ്ങളുടെ അതൃപ്തി PRO വിനെ അറിയിക്കുകകയും ചെയ്തു. 

"ദിസ്‌ ഈസ്‌ കമ്പനി റൂള്‍. യു ഹാവ് ടു ഒബേ ഇറ്റ്‌". (You have to obey it).

അങ്ങേരുടെ മറുപടി കേട്ടതും കോപം,ദേഷ്യം,രോഷം,ക്രോധം എന്നീ വികാരങ്ങള്‍ കൊണ്ട് ഞങ്ങടെ മുഖങ്ങള്‍ ചുവന്നു തുടുത്തു......രക്തം തിളച്ചു. "കമ്പനി റൂള്‍ ആണ് പോലും. അങ്ങനെയെങ്കില്‍ ആ റൂള്‍ ഒന്ന് ബ്രേക്ക്‌ ചെയ്തിട്ട് തന്നെ കാര്യം". 

കൂടെയുള്ളവരൊക്കെ നാട്ടിലെ പാര്‍ട്ടി പ്രവര്‍ത്തകാരാണ്. എനിക്കാണേല്‍ പ്ലസ്‌ ടു വരെ SFI യില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമുണ്ട്. "അലകിന്‍ അറ്റം ചെത്തി മിനുക്കി സര്‍ സിപിയുടെ പട്ടാളത്തെ എതിരേറ്റവരുടെ മക്കള്‍ ഞങ്ങള്‍" എന്ന് തൊണ്ട കീറി എന്തോരം മുദ്രാവാക്യം വിളിച്ചിരിക്കുന്നു. പ്രിന്‍സിപ്പല്‍ മുതല്‍ DEO നെ വരെ ഘരാവോ ചെയ്തിട്ടുണ്ട്. അപ്പോഴാ ഈ പീറ PRO !!!

"വിസയും മെഡിക്കലും ഇന്‍ഷുറണ്‍സും എല്ലാം കമ്പനിയുടെ ഉത്തരവാദിത്വം അല്ലെ? അപ്പോള്‍ കാര്‍ഡിനും കമ്പനി തന്നെ കാശു തരണം". ഞങ്ങളുടെ പ്രതിഷേധത്തിന്റെ സ്വരം കനത്തു. 370 ദിര്‍ഹം എന്നാല്‍ നാട്ടിലെ 5000 രൂപയാണ് !! ചുമ്മാ അങ്ങ് വിട്ടുകളയാന്‍ പറ്റുമോ?? 5000 രൂപയ്ക്ക് നാട്ടില്‍ എത്ര പൊറോട്ടയും മുട്ട റോസ്റ്റും കഴിക്കാം !!

ഞങ്ങള്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ വന്നപ്പോള്‍ ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കു പോലും തയ്യാറാകാതെ ബൂര്‍ഷ്വാ PRO തന്റെ ആവനാഴിയിലെ അവസാന അസ്ത്രം പുറത്തെടുത്തു .

"സമരം ചെയ്യാന്‍ ഇത് നിങ്ങടെ നാടോന്നുമല്ല. ഇവിടെ ഞങ്ങള്‍ പറയുന്നതാ നിയമം. നിങ്ങള്‍ക്ക് ജോലി വേണോ അതോ ....................."

ആ അസ്ത്രം ഞങ്ങടെ നെഞ്ചത്ത്‌ തന്നെ തറിച്ചു. അങ്ങേര് വാചകം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ ഞങ്ങടെ മുഖത്ത് നേരത്തെ പ്രത്യക്ഷപ്പെട്ട multiple വികാരങ്ങള്‍ എല്ലാം 'ഗതികേട്' എന്ന single വികാരത്തിന് വഴി മാറിക്കൊടുത്തു . തലയും താഴ്ത്തി പുറത്തേക്കു നടന്ന ഞങ്ങള്‍ വാഷ്‌ റൂമില്‍ യോഗം ചേര്‍ന്ന് PRO വിന്റെ തന്തയ്ക്കും തന്തയുടെ തന്തയ്ക്കും വിളിച്ചു പ്രധിഷേധ പരിപാടികള്‍ അവസാനിപ്പിച്ച്‌ ജോലി തുടരാനായ് അവരവരുടെ സീറ്റുകളിലേക്ക് പോയി.

കാര്‍ഡിന് അപേക്ഷിക്കാനായി പിറ്റേ ദിവസം ഞാന്‍ ഒരു ടാക്സിയില്‍ എമിറേറ്റ്സ് ഐഡി ഓഫീസിലേക്ക് വച്ചു പിടിച്ചു. അവിടെ എത്തിയപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്റെ ആളുണ്ട്. രാവിലെ തന്നെ കയറും പൊട്ടിച്ചു വന്നോളും തെണ്ടികള്‍!! ഇവന്മാര്‍ക്കൊന്നും ഒരു പണിയുമില്ലേ!! ടോക്കെന്‍ എടുക്കാനുള്ള Q വിന്റെ അറ്റം ഓഫീസ്‌ വരാന്തയും കഴിഞ്ഞു മുറ്റത്ത്‌ എത്തിയിട്ടുണ്ട്. ചെറുപ്പം മുതലേ Q എനിക്ക് അലര്‍ജിയാണെങ്കിലും വളരെ ഡീസന്റ് ആയി ഏറ്റവും പുറകില്‍ പോയി നിന്നു. ഇത്രയും ശാന്തമായ Q നാട്ടിലെ ബീവറേജിന്റെ മുന്നില്‍ അല്ലാതെ ലോകത്ത് വേറെയൊരിടത്തും കാണാന്‍ പറ്റിയെന്നു വരില്ല.

മൊബൈലില്‍ പാട്ട് കേട്ടത് കൊണ്ട് സമയം പോയതറിഞ്ഞില്ല. Q വില്‍ നില്ക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി!! ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങിയിട്ടില്ല. ഇതെന്തു മറിമായം!! തൊട്ടു മുന്നില്‍ നില്‍ക്കുന്ന ചേട്ടനോട് ഞാനിക്കാര്യം തിരക്കി.

"ചേട്ടാ കുറെ നേരായല്ലോ നമ്മള്‍ നില്ക്കാന്‍ തുടങ്ങിയിട്ട്. വല്ലതും നടക്കുമോ?"

എന്നെ അടിമുടി ഒന്ന് നോക്കിയിട്ട് ചേട്ടന്‍ ചോദിച്ചു "ദുബായിയില്‍ പുതിയതാണ് അല്ലെ?". 

'കുബ്ബൂസ് എത്ര എന്ന് ചോദിച്ചിട്ട് തൈര് രണ്ടു പാക്കറ്റ് ' എന്ന് പറഞ്ഞപോലെയാണല്ലോ ഈ ചേട്ടന്റെ കാര്യം. ഉത്തരം പറഞ്ഞില്ലേല്‍ മര്യാദകേട് അല്ലെ എന്ന് കരുതി 'അതെ' എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. 

"മോനെ ഇവിടെ അറബികള്‍ ജോലി ചെയ്യുന്നത് അവരുടെ മൂഡ്‌ അനുസരിച്ചാണ്. റിസെപ്ഷനില്‍ ഇരിക്കുന്ന ആ പെണ്ണുമ്പിള്ളയെ കണ്ടില്ലേ? നേരത്തെ ഒരു ബംഗാളി Q വില്‍ ഇടയ്ക്ക് കേറിയപ്പോള്‍ ടോക്കെന്‍ കൊടുക്കല്‍ നിര്‍ത്തി വച്ചതാണ് അവള്‍. ഇനി ടോക്കെന്‍ കൊടുത്തു തുടങ്ങണമെങ്കില്‍ അവളുടെ മൂഡ്‌ നേരെയാകണം".

ഞാന്‍ ഏന്തി വലിഞ്ഞു റിസപ്ഷനിലെ മൂഡ്‌ പോയ ആ പെണ്ണുമ്പിള്ളയെ ഒന്ന് ദര്‍ശിച്ചു. തടിച്ച് ചീര്‍ത്ത് ശീമ പന്നിയെ പോലുള്ള ഒരു സാധനം. ഇവളുടെ മുന്‍പില്‍ നമ്മുടെ ഷക്കീലയൊക്കെ വെറും കൃമി കീടം. ഇത്രേം ആള്‍ക്കാര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത് ഒന്ന് മൈന്റ് പോലും ചെയ്യാതെ അവള്‍ അവസ്ഥയ്ക്കിരുന്നു സാന്റ്വിച് തിന്നുകയാണ്. മനുഷ്യന്മാരിവിടെ രാവിലെ മുതല്‍ പച്ച വെള്ളം കുടിച്ചിട്ടില്ല!!!!.

'ക്ഷമയുടെ നെല്ലിപ്പടി കണ്ടു' എന്ന് പലതവണ സ്കൂളില്‍ വാക്യത്തില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കിലും വളരെ വിരളമായിട്ടെ ജീവിതത്തില്‍ അനുഭവപ്പെടാറുള്ളൂ. അങ്ങനെ ഒരനുഭവം പോണ്ടിച്ചേരിയില്‍ പഠിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ട്. യൂനിവേര്‍സിറ്റി ഫീസ്‌ അടയ്ക്കാന്‍ DD എടുക്കാനായിട്ട് ബാങ്കില്‍ പോയപ്പോള്‍ ഫോം ഫില്‍ ചെയ്തു കൌണ്ടറില്‍ കൊടുത്തു. അര മണിക്കൂര്‍ ആയിട്ടും കൌണ്ടറില്‍ ഇരിക്കുന്ന ഓഫീസര്‍ എന്നെ മൈന്‍ഡ് ചെയ്തില്ല. ഞാന്‍ student ആണ്. പിന്നെ യൂനിവേര്‍സിറ്റി പരിസരത്ത് വേറെ ബാങ്കുമില്ല. ഞാന്‍ എങ്ങോട്ടും പോവില്ല എന്ന് അയാള്‍ക്ക്‌ നന്നായിട്ടറിയാം. കടത്തനാടന്‍ ചേകവന്‍മാരുടെയും കുഞ്ഞാലി മരക്കാരുടേയും നാട്ടിന്നു വന്ന എന്നോടാണ് അവന്റെ കളി!! കൌണ്ടറില്‍ ചെന്ന് തമിഴും ഇംഗ്ലീഷും മിക്സ്‌ ചെയ്തു കട്ടത്തെറി പറഞ്ഞപ്പോള്‍ മാനേജര്‍ കാബിനില്‍ നിന്നു ഇറങ്ങി വന്നു. ഞാന്‍ പരാതി പറഞ്ഞപ്പോള്‍ പുള്ളി സ്നേഹത്തോടെ കാബിനില്‍ വിളിച്ചിരുത്തി അഞ്ചു മിനിട്ടിനുള്ളില്‍ DD എടുത്തു തന്നു.

ഇങ്ങനെ മൊട കണ്ടാല്‍ ഇടപെടുന്ന മഹത്തായ പാരമ്പര്യമുള്ള ഞാനാണ് പച്ചവെള്ളം കുടിക്കാതെ മൂന്ന് മണിക്കൂര്‍ പൊരി വെയിലത്ത് നില്‍ക്കുന്നത്. കുറെ നേരമായി സഹിക്കുന്നു . ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല.!! അകത്തു ഏസിയില്‍ ഇരുന്നു സാന്റ്വിച് തിന്നുന്ന മഹാറാണിയോട് രണ്ടു ചോദിച്ചിട്ട് തന്നെ കാര്യം!!

സുരേഷ് ഗോപി സ്റ്റൈലില്‍ കയ്യും വീശി ആവേശത്തോടെ ഞാന്‍ ഡോര്‍ തുറന്നു റിസപ്ഷനിലോട്ടു പ്രവേശിച്ചു. എന്റെ വരവിന്റെ വേഗത കണ്ടിട്ടാണെന്ന് തോന്നുന്നു റിസെപ്ഷനില്‍ നില്‍ക്കുന്ന എല്ലാരുടെയും ശ്രദ്ധ എന്നിലേക്കായി. പച്ച യൂണിഫോമിട്ട പോലീസുകാരും ശുഭ്ര വസ്ത്ര ധാരികളായ അറബികളും  എന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോള്‍ എനിക്കെന്തോ ഒരു വല്ലായ്മ!! ആവേശം കുറച്ചു ഓവറായോ എന്നൊരു തോന്നല്‍!! കൈകള്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. കാലുകളില്‍ ഒരു മരവിപ്പ്....നിക്കണോ പോണോ?? തവളയെ വിഴുങ്ങിയ പാമ്പിനെ പോലെ ഇറക്കണോ തുപ്പണോ എന്നറിയാതെ ഞാന്‍ അവിടെ നിന്ന് പരുങ്ങി. 

"വാട്ട്‌ യു വാണ്ട്‌'? (What you want)

ചോദ്യത്തിന്റെ ഉറവിടം തേടിയ എന്റെ കണ്ണുകള്‍ ഉടക്കിയത് റിസപ്ഷനില്‍ ഇരിക്കുന്ന ഹിഡുംബിയിലാണ്.അവള്‍ എന്നെ നോക്കി കണ്ണുരുട്ടുകയാണ്.എന്റെ ശേഷിച്ച ധൈര്യം കാറ്റുപോയ ബലൂണ്‍ പോലെ ശ്ര്‍ര്‍ര്‍ര്‍ര്‍ന്ന് ചോര്‍ന്നു!

"ഹലോ മിസ്ടര്‍ വാട്ട്‌ യു വാണ്ട്‌"? (Hello Mr what you want)

അവള്‍ ചോദ്യം ആവര്‍ത്തിച്ചു. ഇനി വാ തുറക്കാതെ രക്ഷയില്ല...ഞാന്‍ ഒരു നെടുവീര്‍പ്പിട്ടു....പിന്നെ ചോര്‍ന്നുപോയ ധൈര്യം എല്ലാം സംഭരിച്ച് "ബദരീങ്ങളെ കാത്തോളണേ" എന്ന് പ്രാര്‍ത്ഥിച്ചു ഒരൊറ്റ 
ചോദ്യം......

"Where is the toilet ?"

Toilet?? അവള്‍ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി. ഇവളെന്താ കക്കൂസില്‍ പോകാറില്ലേ!!!

യെസ്..Toilet. 

Its back side !! അവള്‍ അവജ്ഞയോടെ പിന്നിലേക്ക്‌ കൈ ചൂണ്ടി.

"താങ്ക് യു."................. ഞാന്‍ പുറകു വശത്തേക്ക് ഓടി.

മൂത്രം ഒഴിച്ച് Q വില്‍ പഴയ സ്ഥാനത്ത് വന്നു നിന്നപ്പോള്‍ മുന്നില്‍ നിന്ന ചേട്ടന്റെ വക ചോദ്യം.
"എവിടെ പോയതാ"?
"ഒന്ന് മൂത്രം ഒഴിക്കാന്‍ പോയതാ ചേട്ടാ"..പുള്ളി മൂത്രത്തില്‍ പിടിച്ചു കേറേണ്ട എന്ന് കരുതി ഞാന്‍വിഷയം മാറ്റി ."ചേട്ടാ ദിര്‍ഹത്തിന്റെ റേറ്റ് എത്രയാ ഇപ്പോള്‍?"
"ഇന്നലെ പന്ത്രണ്ടു ആയിരുന്നു..എന്താ മോനെ നാട്ടിലേക്ക് കാശ് അയക്കാനുണ്ടോ?"
"ഹേയ് ഇല്ല ചേട്ടാ..ചുമ്മാ അറിയാന്‍ വേണ്ടി ചോദിച്ചതാ."
മോനെ സത്യം പറയ്‌..നീ എന്താ ആ പെണ്ണിനോട് ചോദിച്ചത്?
കൊച്ചു ഗള്ളന്‍ എല്ലാം കണ്ടെന്നു തോന്നുന്നു!!
"ഒന്നുമില്ല ചേട്ടാ..ഞാന്‍ ടോയിലേറ്റ് എവിടെയാ എന്ന് ചോദിച്ചതാ"
"ടോയിലറ്റ് ബാക്ക് സൈഡില്‍ ആണെന്ന് ഇവിടെയൊക്കെ ചക്ക വലുപ്പത്തില്‍ എഴുതി വച്ചിട്ടുണ്ടല്ലോ!! പിന്നെന്തിനാ അവളോട്‌ ചോദിച്ചത്". ചേട്ടന്‍ വിടാനുള്ള ഉദ്ദേശം ഇല്ല.
"സത്യം പറയാലോ ചേട്ടാ..അവളെ രണ്ടു ചീത്തവിളിക്കാന്‍ പോയതാ..പക്ഷെ അവിടെ ചെന്നപ്പോള്‍ നാവ് പൊങ്ങിയില്ല". ഞാന്‍ ആയുധം വെച്ച് കീഴടങ്ങി!!

"നിന്റെ പോക്ക് കണ്ടപ്പോഴേ എനിക്ക് എന്തോ പന്തികേട്‌ തോന്നിയിരുന്നു..അനുഭവം കൊണ്ട് പറയാ മോനെ, ഇവിടെ പിടിച്ചു നില്‍ക്കണമെങ്കില്‍ ഭൂമിയോളം ക്ഷമ വേണം. ആത്മ സംയമനം പാലിക്കണം. എന്തും സഹിക്കാന്‍ മനസ്സിനെ പാകപ്പെടുത്തണം"
.
"ചേട്ടാ ഇതൊക്കെ എങ്ങനെയാ ഒന്ന് പഠിച്ചെടുക്കുക?"

"ഇതൊന്നും പ്രത്യേകിച്ച് പഠിക്കേണ്ട മോനെ!!!! വീട്ടിലെ കഷ്ടപ്പാട് ഓര്‍ത്താല്‍...........വീട്ടുകാരെ കുറിച്ചോര്‍ത്താല്‍......................നാട്ടിലെ കടക്കാരെ കുറിച്ചോര്‍ത്താല്‍..........ഏതൊരു പ്രവാസിക്കും ഇതൊക്കെ താനെ വന്നോളും".

ഐഡി കാര്‍ഡിനായുള്ള എന്റെ കാത്തിരിപ്പ്‌ പിന്നെയും മണിക്കൂറുകളോളം നീണ്ടു. ചേട്ടന്‍ പറഞ്ഞതുപോലെ മാസാവസാനം ഞാന്‍ അയക്കുന്ന പൈസ കിട്ടുമ്പോള്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങുന്ന ഉമ്മയുടെ മുഖം ഓര്‍ത്തപ്പോള്‍, അനിയന്മാരുടെ സന്തോഷത്തോടെയുള്ള മെസ്സേജ് ഓര്‍ത്തപ്പോള്‍ ആ കാത്തിരിപ്പിനു ഒരു പ്രത്യേക സുഖമുണ്ടായിരുന്നു.....

************************************************************************************************************
ജാഗ്രത:-
ടൈപ്പിംഗ്‌ സെന്ററിലെ തരുണീമണികളുടെ ടൈപ്പിംഗ്‌ വിശേഷവും ബയോ മെട്രിക്സ് സെന്ററില്‍ വെച്ച് എന്നെ പറ്റിച്ച അറബി യുവാക്കളുടെ ഇന്ത്യന്‍ സിനിമയെ കുറിചുള്ള അപാര ജ്ഞാനത്തിന്റെയും സംഭവ ബഹുലമായ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍ വായിക്കാം.

വെള്ളിയാഴ്‌ച, ജൂലൈ 22, 2011

മൊബൈല്‍ കാഴ്ചകള്‍.

"പാലത്തില്‍ നിന്ന് ബസ്‌ പുഴയിലേക്ക് മറിഞ്ഞു" കേട്ടവര്‍ കേട്ടവര്‍ അപകട സ്ഥലത്തേക്ക് ഓടി. നാടിനെ ഞെട്ടിച്ച വാര്‍ത്ത‍ കേട്ട് കുട്ടിയാലിയും എടവലക്കാരന്‍ ശുക്കൂറിന്റെ കൂടെ സംഭവ സ്ഥലത്തേക്ക് കുതിച്ചു. പാലത്തിലും പുഴക്കരയിലും ജന പ്രവാഹമാണ്. പോലീസ് എത്തിയിട്ടില്ല. നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ”ബൈന്നേരം സമയം അല്ലെ !! ബസില്‍ നെറച്ചും ആളുണ്ടെന്നാ തോന്നുന്നത്. സുമാര്‍ പത്തു പതിനഞ്ചു എണ്ണമെങ്കിലും കാഞ്ഞു പോവും” ശുക്കൂര്‍ കരി നാക്ക്‌ വളച്ചു. തന്നെക്കാള്‍ മൂത്തവന്‍ അല്ലെ എന്ന് കരുതി കുട്ടിയാലി  മിണ്ടാണ്ടിരുന്നു.

രക്ഷാ പ്രവര്‍ത്തകര്‍ ഓരോരുത്തരെയായി കരയ്ക്ക്‌ എത്തിക്കുകയാണ്. അവരുടെ കൂടെ കൂടണം എന്ന് കുട്ടിയാലിക്കും ആഗ്രഹം ഉണ്ട്..പക്ഷെ കുട്ടിയായി പോയില്ലേ!!

കരക്കെത്തിച്ചവരെ വണ്ടികളില്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നുണ്ട്‌. ജീവനുണ്ടോ മയ്യത്തായോ എന്നൊന്നും മനസ്സിലാവുന്നില്ല. 'ആര്‍ക്കും ഒന്നും വരുത്തല്ലേ എന്റെ റബ്ബേ' എന്ന് ദുആ ചെയ്തു കുട്ടിയാലി രക്ഷാപ്രവര്‍ത്തനം നോക്കി നിന്നു.

ഇടയ്ക്ക് എപ്പോഴോ ആണ് ശുക്കൂറിലേക്ക് കുട്ടിയാലിയുടെ ശ്രദ്ധ തിരിഞ്ഞത്. കലുങ്കില്‍ കേറിനിന്ന് മൊബൈലില്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ ഫോട്ടം പിടിക്കുന്ന തിരക്കില്‍ ആണ് പുള്ളി. ശുക്കൂറിക്ക ഒറ്റയ്ക്കല്ല മൊബൈല്‍ പിടിച്ചോണ്ട് ഫോട്ടം പിടിക്കാന്‍ ഒരുപാടു പേരുണ്ട് കലുങ്കിന്റെ മേലെ. നീന്തുന്നതിനടയില്‍ തോര്‍ത്ത്‌ ഊരിപ്പോയ ഒരുത്തറെ നോക്കി തമാശിക്കുന്നുണ്ട് വേറെ ചിലര്‍. ഇങ്ങനെയും കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്മാരോ പടച്ചോനെ!! ഉപകാരം ഒന്നും ചെയ്യുന്നില്ലേല്‍ മിണ്ടാതിരുന്നൂടെ ഇവര്‍ക്ക്!! കുട്ടിയാലിക്ക് അമര്‍ഷം തോന്നി.

കുട്ടിയാലി ശുക്കൂറിന്റെ അടുത്തു ചെന്ന് തന്റെ അറാംബറപ്പ് തുടങ്ങി.

ശുക്കൂറിക്ക ഇങ്ങള്‍ എന്തു പണിയാ ഈ കാണിക്കുന്നത്?

ഞമ്മള് ഫോട്ടം പിടിക്കുന്നത്‌ ഇഞ്ഞ് കാണുന്നില്ലേ ?

ഇങ്ങള്‍ക്ക്‌ നീന്തല് അറിഞ്ഞൂടെ. ഫോട്ടം പിടിക്കാണ്ട് ഇങ്ങക്ക് പൊയേലിറങ്ങി ആരെയെങ്കിലും രക്ഷപ്പെടുത്തിക്കൂടെ ?

അയിനിപ്പം ക്ലബിന്റെം പാര്‍ട്ടീന്റേം എല്ലാം ആളില്ലേ? പോരാത്തതിനു പോലീസും ഫയര്‍ എഞ്ചിനും ഇപ്പം ഇങ്ങു എത്തും.

ഇങ്ങളപ്പോലെ ഓലും പോലീസ് വരുന്നേം കാത്തു നിന്നാല് എല്ലാരും മയ്യത്താവില്ലേ?

അങ്ങനെ മയ്യത്താവുന്നോല്‍ അങ്ങ് മയ്യത്താവട്ടെ. എന്ന് നിരീക്കാം അല്ലാണ്ട് എന്തു ചെയ്യാനാ.

ഒന്നുമില്ലേല്‍ ഇങ്ങക്ക് പടച്ചോന്റെ അട്ത്തുന്നു കൂലി കിട്ടൂലെ ഇക്ക?

ഇഞ്ഞ് ഒന്ന് മിണ്ടാണ്ടിരി കുട്ടിയാലി. കൊറച്ചു ഫോട്ടം എടുത്തു ഫേസ് ബുക്കില്‍ ഇട്ടാല്‍ പത്തഞ്ഞൂര്‍ കമന്റ്‌ കിട്ടും...... പോരാത്തേന് എന്റെ ചങ്ങായിമാരും ഓല ചങ്ങായിമാരും ഒക്കെ കൂടി പത്തു രണ്ടായിരം ലൈക്കും കിട്ടും. ....പടച്ചോന്റെ കൂലി ഞമ്മള് ഹജ്ജിനു പോയി വാങ്ങിക്കോളാം.

ശുക്കൂറിക്ക പടച്ചോന് നെരക്കാത്ത കാര്യാ ഇങ്ങള് പറേന്നത്.......പടച്ചോന്‍ എല്ലാം കാണുന്നുണ്ടാകും.

ഇഞ്ഞ് ഒന്ന് മിണ്ടാണ്ട്‌ ആടെങ്ങാനും കുത്തിരിക്കി.......ഞമ്മള് കൊറച്ചൂടെ ഫോട്ടം എടുക്കട്ടെ.

ഇവറോട് പറഞ്ഞിട്ട് കാര്യമില്ല..കൊണ്ടാലേ പടിക്കുള്ളൂ......കുട്ടിയാലി വീണ്ടും രക്ഷാ പ്രവര്‍ത്തനം നോക്കി നിന്നു. രണ്ടു രക്ഷാ പ്രവര്‍ത്തകര്‍ ചുമന്നു വണ്ടിയിലേക്ക് കൊണ്ടുപോകുന്ന വയസ്സനെ കണ്ടപ്പോള്‍ കുട്ടിയാലി ശുക്കൂറിനെ നോക്കി ഒരു സംശയം പറഞ്ഞു.

ഇക്കാ ഇപ്പം മേലേക്ക് കൊണ്ട് പോയ ആള്‍ ബീരാനിക്കയെ പോലെ ഇല്ലേ? 

ഹേയ് ഇല്ല..... അത് ഇന്‍ജ വെറും തോന്നലാ കുട്ടിയാലി.

ഇങ്ങളൊന്നു അടുത്തു പോയി നോക്ക്. തലേക്കെട്ട് ഇല്ലാത്തതു കൊണ്ട് തിരിയാത്തതാണെങ്കിലോ?

ഇഞ്ഞ് പറഞ്ഞ സ്ഥിതിക്ക് ഞമ്മളൊന്നു 'സൂം' ചെയ്തു നോക്കട്ടെ.....അങ്ങോട്ട്‌ പോവാനോന്നും കയ്യൂല.

എന്നാ പെട്ടെന്ന് നോക്കീന്‍ .

അള്ളോ......ഇത് ഞമ്മടെ ബാപ്പ തന്നെ......ക്യാമറ ഓഫ്‌ ചെയ്തു മൊബൈല്‍ പൌച്ചില്‍ ഇട്ടു, പൌച്ച് പോക്കെറ്റില്‍ വച്ചതിനു ശേഷം ശുക്കൂര്‍ ബാപ്പാന്റെ മയ്യത്തിനു  പുറകെ ഓടി.

കൂടെ ഓടുന്ന കുട്ടിയാലി പുറകെ നിന്നു വിളിച്ചു പറഞ്ഞു..

"ശുക്കൂറിക്ക ഇങ്ങള് ഒടുക്കം 'സൂം' ചെയ്തു എടുത്ത ഫോട്ടം ഫേസ് ബുക്കില്‍ ഇട്ടാല്‍ ഞമ്മളേം കൂടി ടാഗ് ചെയ്യണേ"
--------------------------------------------------------------------------------------------------------------------

കുട്ടിയാലിയെ അറിയാത്തവര്‍ക്കായി; കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം


ശനിയാഴ്‌ച, ജൂലൈ 09, 2011

ദീപ സ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം തുട്ട് !!!

നേരം പരപരാന്നു വെളുത്തിട്ടും പണിക്കു പോകാന്‍ മടിച്ചു ആസനത്തില്‍ കയ്യും വെച്ചു ചുരുണ്ട് കൂടിയുറുങ്ങുന്ന അയാളുടെ ഉറക്കം ഞെട്ടിയത് ഭാര്യയുടെ പതിവ് ഭരണിപ്പാട്ട് സുപ്രഭാതം കേട്ടിട്ടാണ്. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു വന്നപ്പോള്‍ അങ്കത്തിനു തയ്യാറായി ഭാര്യ എത്തി. "പണിക്കു പോകാതെ ഉള്ളതൊക്കെ വിറ്റു തുലച്ചിട്ടു ഇങ്ങനെ കിടക്കാന്‍ നാണമില്ലേ മനുഷ്യാ? പത്രം വായിച്ചു നോക്ക് നിങ്ങള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുണ്ട്."  പത്രം അയാളുടെ മുഖത്തേക്ക് എറിഞ്ഞ് അവള്‍ കിച്ചണിലേക്ക് മാര്‍ച്ച് ചെയ്തു.

"എന്താണാവോ ഇത്ര വലിയ സന്തോഷ വാര്‍ത്ത!! ശ്രീ പപ്പനാഭാന്റെ നിധി പുറത്തെടുത്തു റേഷന്‍ കട വഴി വിതരണം ചെയ്തു തുടങ്ങിയോ!! അങ്ങനെയാണേല്‍ കുടുംബം രക്ഷപ്പെട്ടു !  അയാള്‍ പത്രം എടുത്ത് മെയിന്‍ ഹെഡിംഗ് വായിച്ചപ്പോഴേ അപകടം മണത്തു. "മണി ചെയിന്‍ വഴി 1000 കോടി രൂപ തട്ടിയെന്നു പരാതി". അപ്പോള്‍ ഇതാണ് അവള്‍ പറഞ്ഞ സന്തോഷ വാര്‍ത്ത. സ്വന്തം ഭര്‍ത്താവിന്റെ കാശു പോയതില്‍ സന്തോഷിക്കുന്ന ഭാര്യ ഇവളെ കാണുള്ളൂ ഈ ഭൂലോകത്ത്".

കാശു പയ സങ്കടത്തില്‍ ഇനി എന്ത് ചെയ്യണം എന്നറിയാതെ അട്ടം നോക്കി ഇരിക്കുമ്പോഴാ കോമേഴ്ഷ്യല്‍ ബ്രേക്ക്‌ കഴിഞ്ഞു തിരിച്ചു വന്ന ഭാര്യ വീണ്ടും ഫയറിംഗ് തുടങ്ങിയത്. "പത്രം വായിച്ചോ? ഇപ്പോള്‍ നിങ്ങള്‍ക്ക് സമാധാനം ആയില്ലേ? എന്റെ താലി മാല പോയത് മിച്ചം അല്ലാതെന്താ!! ഇതിപ്പോള്‍ എത്രാമത്രയാണെന്നു വല്ല ബോധോം ഉണ്ടോ?"

ഭാര്യ ഭദ്ര കാളിയെ പോലെ കലി തുള്ളുകയാണ്. ഇതിപ്പോ എന്നും ഉള്ളതല്ലേ!! പറഞ്ഞു ബോറടിച്ചാല്‍ അവള്‍ നിറുത്തിക്കോളും. മൈന്‍ഡ് ചെയ്യണ്ട......."പണിയെടുത്തു ജീവിക്കാനെ.........ഹും എന്റെ പട്ടി പണിക്കു പോകും".


ഭാര്യയുടെ ഒടുക്കത്തെ ചോദ്യത്തിനുള്ള  ഉത്തരം കണ്ടെത്താന്‍ നോക്കിയ അയാളെ 'വിക്കി പീഡിയ' പോലും കൈ വിട്ടു.  ആക്ച്വലി ഇത് എത്രാമത്ര പറ്റീര് കേസാണ്? ലിസ്,ടോട്ടല്‍ ഫോര്‍ യു ബ്ലിസയര്‍,ടൈക്കൂണ്‍ , RMP , ആപിള്‍, ഓറഞ്ച്, മാങ്ങ, മാങ്ങാണ്ടി.. .. വീടും പറമ്പും പണയം വെച്ചും ഭാര്യുടെ താലി മാല വിറ്റും കിട്ടിയ കാശാണ് ഇവരെല്ലാം കൂടി പറ്റിച്ചെടുത്തത്‌.


ഇനി എന്നെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളെ. വേറൊന്നും കൊണ്ടല്ല ഇനി എന്റെ കയ്യില്‍ വേറെ കാശില്ല..അതോണ്ടാ!! കാശുണ്ടേല്‍ ഞാന്‍ വീണ്ടും നിക്ഷേപിക്കും. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല! ഞാനെ നല്ല അന്തസ്സുള്ള മലയാളിയാ!! കേരളത്തെ കുറിച്ചോര്‍ത്തപ്പോള്‍ അയാളുടെ ഞരമ്പുകളില്‍ ചോര101 ഡിഗ്രിയില്‍ തിളച്ചു.


പണിയെടുക്കാതെ എങ്ങനെ കാശുണ്ടാക്കാം? അയാള്‍ തല പുകഞ്ഞാലോചിച്ചു. പുഴക്കരയില്‍ മരം വെട്ടുമ്പോള്‍ മുത്തച്ഛന്റെ കോടാലി പുഴയില്‍ വീണതും ജലദേവത പ്രത്യക്ഷപ്പെട്ടതും മുത്തച്ഛന്റെ സത്യസന്ധതയില്‍ ആകൃഷ്ടയായി സ്വര്‍ണത്തിന്റെയും  വെള്ളിയുടെയും കോടാലി സമ്മാനിച്ചതും ഒക്കെ അമ്മ പറഞ്ഞ കാര്യം അയാള്‍ ഓര്‍ത്തു. അറ്റകൈക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാം. അയാള്‍ തീരുമാനിച്ചുറപ്പിച്ചു.

പണിക്കു പോകാത്തതിനാല്‍ പൊടിയും മാറാലയും പിടിച്ചു കിടന്ന കോടാലിയും എടുത്തു അയാള്‍ ജലദേവതയെ അന്വേഷിച്ചു പുഴക്കരയിലോട്ടു വെച്ചു പിടിച്ചു. പക്ഷെ നാട്ടിലൊന്നും പുഴ കാണാന്‍ പറ്റാത്തതിനാല്‍  പ്ലാനില്‍ ചെറിയ ഭേദഗതി വരുത്തി അയാള്‍ അടുത്തുള്ള കടല്‍ക്കരയിലോട്ടു നടന്നു.

കടല്‍ക്കരയില്‍ എത്തിയതും മരം വെട്ടുന്നതായി നടിച്ച് ആരും കാണാതെ അയാള്‍ കോടാലി കടലിലേക്ക്‌ വലിച്ചെറിഞ്ഞു..എന്നിട്ട് അണ്ടി കളഞ്ഞുപോയ അണ്ണാനെ പോലെ അവിടെയിരുന്നു മോങ്ങാന്‍ തുടങ്ങി. വണ്‍, ടു ,ത്രീ എണ്ണി തീര്‍ന്നില്ല. കത്രീന കൈഫിന്റെ അനിയത്തിയെ പോലെയുള്ള ഒരു ദേവത മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വേഷം യൂണിഫോം ആയ വെളുത്ത ഗൌണ്‍ തന്നെ. "ഏതോ നല്ല തറവാട്ടില്‍ പിറന്ന ദേവതയാ....എന്താ കൃത്യ നിഷ്ഠ!! ഇന്ത്യന്‍ റയില്‍വേ കണ്ടു പഠിക്കണം". അയാള്‍ ഓര്‍ത്തു.

മുഖത്ത് ഒരു ക്ലോസ് അപ്പ്‌ പുഞ്ചിരിയുമായി ദേവത ചോദിച്ചു..എന്ത് പറ്റി വത്സാ? എന്തിനാ നീ മോങ്ങുന്നത്?

ശബ്ദത്തില്‍ ഒരു ഇടര്‍ച്ച വരുത്തി അയാള്‍ പറഞ്ഞു "ദേവി എന്റെ കോടാലി അറിയാതെ തെറിച്ചു കടലില്‍ വീണു. എനിക്ക് പണിയെടുക്കാന്‍ വേറെ കോടാലിയില്ല".

"സങ്കടപ്പെടാതെ വത്സാ..മേ ഹൂ നാ..... നിന്റെ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് പറഞ്ഞു ദേവത കടലിലേക്ക്‌ ഊളിയിട്ടു.

അല്‍പ സമയത്തിനു ശേഷം കയ്യില്‍ ഒരു വെള്ളിക്കോടാലിയുമായി ദേവത പൊങ്ങി വന്നു. "മകനെ ഇതാണോ നിന്റെ കോടാലി"

അല്ല ദേവതേ..അല്ല..ഇതല്ല എന്റെ കോടാലി എന്ന് പറഞ്ഞു അയാള്‍ കരച്ചിലിന്റെ വോളിയം കൂട്ടി.

"വത്സാ നിന്റെ സത്യ സന്ധത എനിക്കിഷ്ടായി. "I am Proud of You My Son". നിന്റെ യഥാര്‍ത്ഥ കോടാലി ഞാന്‍ എടുത്തു തരാം" എന്ന് മൊഴിഞ്ഞു ദേവത വീണ്ടും മുങ്ങി. ഇപ്രാവശ്യം കയ്യില്‍ ഒരു ഇരുമ്പു കോടാലിയുമായിട്ടാണ് മൂപ്പത്തിയുടെ വരവ്. കരയ്ക്കെത്തിയ ദേവത കോടാലി അയാളെ കാണിച്ചിട്ട് ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?"

ദേവതയുടെ കയ്യിലിരിക്കുന്നത്‌ തന്റെ ഇരുമ്പു കോടാലിയാണെന്നു അയാള്‍ക്ക് മനസ്സിലായി. പക്ഷെ അയാളുടെ മനസ്സില്‍ വേറെ കുറെ ചിന്തകള്‍ ആണ് സ്ലൈഡ് ഷോ ആയി മിന്നിയത്. ഒരു സ്വര്‍ണ കോടാലിയെങ്കിലും   കിട്ടാതെ എങ്ങനെയാ പോവുക? സ്വര്‍ണത്തിനു എന്താ വില? വരുന്നത് വരട്ടെ ഒരു നുണ പറയുക തന്നെ.

"No ദേവതേ...No ഇതല്ല എന്റെ കോടാലി."

അയാളുടെ സൂക്കേട്‌ ദേവതയ്ക്ക് മനസ്സിലായി. ഇത് എവിടം വരെ പോകുമെന്ന് നോക്കാം...ദേവത കരുതി . 

"Don't Worry Dear നിന്റെ കോടാലി ഞാന്‍ എടുത്തു തരാം". ഇത്തവണ മനോഹരമായ ഒരു 916  പരിശുദ്ധിയുള്ള ഗോള്‍ഡ്‌  കോടാലിയും കൊണ്ടാണ് ദേവത വന്നത്.

916 ന്റെ  തെളിച്ചം കണ്ടപ്പോള്‍ അയാളുടെ ആക്രാന്തം മൂത്തതേയുള്ളൂ.."ഈ ദേവത ഒരു മണ്ടി ആണെന്ന് തോന്നുന്നു..പരമാവധി അടിച്ചെടുക്കാം. അതോണ്ട് ഈ കോടാലിയും എന്റെയല്ല എന്ന് പറയാം. അടുത്ത പ്രാവശ്യം ഡയമണ്ട് കോടാലിയും കൊണ്ട് വന്നാലോ"!!

അയാള്‍ മെയിലില്‍ കണ്ടത് ദേവത ഡാഷ് ബോര്‍ഡില്‍ കാണുന്നുണ്ടായിരുന്നു. ഇപ്രാവശ്യം ഇവന് പണി കൊടുക്കുക തന്നെ. മനുഷ്യനായാല്‍ ഇത്രേം ആര്‍ത്തി പാടില്ല.

ഒന്നും അറിയാത്ത പോലെ പതിവ് പുഞ്ചിരിയുമായി ദേവത ചോദിച്ചു "മകനെ ഇതാണോ നിന്റെ കോടാലി?" ഉത്തരം ദേവത പ്രതീക്ഷിച്ചത് തന്നെ.!!

"അല്ല ദേവതേ....അല്ല..ഇതല്ല എന്റെ കോടാലി"

"I am the sorry വത്സാ I am the sorry. "ഞാന്‍ തോറ്റു സുല്ലിട്ടു......നിന്റെ കോടാലി എനിക്ക് കണ്ടു പിടിക്കാന്‍ പറ്റിയില്ല. പിന്നെ ഈ കോടാലികള്‍ ഒന്നും നിന്റെയെല്ലാത്ത സ്ഥിതിക്ക് എല്ലാം അവിടെ തന്നെ കിടക്കട്ടെ " എന്നും പറഞ്ഞു എല്ലാ കോടാലികളും എടുത്തു ദേവത കടലിലേക്ക്‌ എറിഞ്ഞു..

ദേവതയില്‍ നിന്ന് ഇങ്ങനെ ഒരു ആക്ഷന്‍ അയാള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അയാളുടെ കണ്ട്രോള്‍ നഷ്ടപ്പെട്ട് , സിക്സര്‍ അടിച്ച ബാറ്റ്സ്മാനെ ഗോറില്ല ലുക്ക്‌ വിട്ടു പേടിപ്പിക്കുന്ന ഗോപു മോനെ പോലെ അയാള്‍ ദേവതയോട് പൊട്ടിത്തെറിച്ചു.

"അല്ല പെണ്ണുമ്പിള്ളേ നിങ്ങള്‍ എന്ത് പോക്ക്രിത്തരം ആണ് കാണിച്ചത്"

"വത്സാ..സംയമനം പാലിക്കൂ..നീയല്ലേ പറഞ്ഞത് അതില്‍ നിന്റെ കോടാലി ഇല്ലെന്നു. അതോണ്ടല്ലേ  ഞാന്‍ എല്ലാം കടലില്‍ എറിഞ്ഞത്."

"ഞാന്‍ അങ്ങനെ പറഞ്ഞെന്നു വെച്ച് എല്ലാം ഉടനെയങ്ങു എറിയണോ? അതില്‍ ഒരു കോടാലി എനിക്ക് തന്നൂടായിരുന്നോ?"

"മകനെ അന്യന്റെ കോടാലി ഒരിക്കലും ആഗ്രഹിക്കരുത് "

"കോപ്പ് ..ചുമ്മാ ഇത്രേം നേരം വെയില് കൊണ്ടത്‌ മിച്ചം"

"പിണങ്ങാതെ വത്സാ ...നീ എന്തായാലും വെയിലും കൊണ്ട് നിന്നതല്ലേ!! ഞാന്‍ ഫ്രീ ആയി ഒരു ഉപദേശം തരാം."

"എന്താണേലും പറഞ്ഞു തുലയ്ക്ക് തള്ളേ..."

"മകനെ ഒരിക്കലും തല മറന്നു ഷാമ്പൂ തേക്കരുത്..അഥവാ തേച്ചാല്‍ തന്നെ ആദ്യമൊക്കെ കുറച്ചു നുരയും പതയും വന്നേക്കാം....പക്ഷെ കുറച്ചു പൈപ്പ് വെള്ളം വീണാലോ ഒരു ചാറ്റല്‍ മഴ പെയ്താലോ ആ നുരയൊക്കെ അങ്ങ് പോകും..അതോണ്ട് പണിയെടുക്കാതെ എളുപ്പത്തില്‍ പണക്കാരനാകാന്‍ നോക്കാതെ അദ്ധ്വാനിച്ചു ജീവിക്കാന്‍ നോക്ക്". എപ്പിസോഡ് വൈന്റ് അപ്പ്‌ ചെയ്തു റ്റാറ്റാ പറഞ്ഞു  ദേവത അപ്രത്യക്ഷയായി.

ആകെയുണ്ടായിരുന്ന കോടാലിയും നഷ്ടപ്പെട്ട് വിഷണ്ണനായി വീട്ടിലേക്കു നടക്കുമ്പോഴും അയാള് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുകയായിരുന്നു.. 

"എന്റെ സാന്റിയാഗോ മാര്‍ട്ടിന്‍ പുണ്യാളാ, ശബരിനാതാനന്ദ സ്വാമികളെ...പറ്റിക്കല്‍ കേസെല്ലാത്ത ഏതെങ്കിലും മണി ചെയിനോ നോട്ടിരട്ടിപ്പോ ഉടനെ ആരെങ്കിലും തുടങ്ങണമേ.....കയ്യില്‍ കാശില്ലേലും വല്ല വൃക്കയോ കുടലോ വിറ്റിട്ട് എങ്കിലും കുറച്ചു കാശ് അതില്‍ നിക്ഷേപിക്കായിരുന്നു"!!!!

ഞായറാഴ്‌ച, ജൂൺ 26, 2011

നാലുകെട്ടിന്റെ കഥ !!


**************പതിവുപോലെ കുട്ടിയാലി ഇന്നും ഓത്തുപള്ളിയിലാണ്.***************

ഉസ്താദ് : നിക്കാഹിനെ പറ്റി ഞമ്മള് ഇന്നലെ പഠിപ്പിച്ചത് എല്ലാര്‍ക്കും തിരിഞ്ഞിനാ കുട്ടിയേളെ?

കുട്ടികള്‍ : തിരിഞ്ഞിനീം  തിരിഞ്ഞിനീം ഉസ്താദെ .

എനക്ക് തിരിഞ്ഞിക്കില്ല ഉസ്താദെ! എനക്ക് കൊറച്ചു സംശയങ്ങളുണ്ട്.

എന്താ കുട്ടിയാലി ഇഞ്ചെ മുടിഞ്ഞ സംശയം.. ഇഞ്ഞി ചോദിക്കീ..ഞമ്മള് കേക്കട്ടെ.

ഉസ്താദെ ഇങ്ങളല്ലേ പറഞ്ഞത് ഞമ്മളിയാക്ക് 4 മംഗലം കയിക്കാന്നു!!.

ഇമ്മള് പറഞ്ഞിനി..അയിനെന്താ ഇനിക്ക് സംശയം?

ഒരാണിനു ഒരു പെണ്ണല്ലേ പറ്റൂള്ളൂ. അതല്ലേ ശരി?.

ഇഞ്ഞു ശരീം തെറ്റൊന്നും പറേണ്ട..ചില സന്ദര്‍ഭങ്ങളില്‍ ഞമ്മളിയാക്ക് 4 വരെ കെട്ടാം.

ഹിന്ദുക്കളും ക്രിസ്തിയാനികളും ഒന്നല്ലേ കേട്ടുള്ളൂ?. ഓല നിയമം അങ്ങനെല്ലേ?

ഇഞ്ഞോടാരാ പറഞ്ഞെ ഓല നിയമം അങ്ങനെയാന്നു? ഇഞ്ഞു ശ്രീ കൃഷ്ണനെ കുറിച്ച് കേട്ടിനാ? ഓരെത്തിരയാ കെട്ടിയെന്ന് അറിയാവോ നിനക്ക്?

പതിനാറായിരത്തിയെട്ട് അല്ലെ ഉസ്താദെ ?

അതെ..ശ്രീ രാമന്റെ ബാപ്പ ദശരഥന്‍ എത്ര കേട്ടീന് എന്നറിയാമോ ഇനക്ക്?

മൂന്നാണ് എന്നാ ഞമ്മള് പഠിച്ചത് ..എന്നിട്ട് ഹിന്ദുക്കളെന്താ ഉസ്താദെ ഒന്ന് മാത്രം കെട്ടുന്നത്? ഓലിക്ക് ഒന്നേ പറ്റുള്ളൂന്നു നിയമം ഉണ്ടല്ലോ?

ഓലെ ആ നിയമം ഞമ്മളെ പാര്‍ലിമെന്റ് പാസ്സാക്കിയതാ!!. അല്ലാതെ ഓല അമ്പല കമ്മിറ്റിക്കാരോ ദേവസ്വം ബോഡോ അല്ല..

അപ്പം ഞമ്മക്കെന്താ അതുപോലത്തെ നിയമം ഇല്ലാത്തെ?


ഞമ്മളെ കാര്യം തീരുമാനിക്കുന്നത്‌ പാര്‍ലിമെന്റ് അല്ല..ഞമ്മക്ക് ഞമ്മടെതായ ശരിയത്ത് നിയമങ്ങള്‍ ഒക്കെ ഉണ്ട്.

അതെന്താ? ഞമ്മളും ഇന്ത്യയില്‍ അല്ലെ ജീവിക്കുന്നത്?

അതിനിക്ക് പറഞ്ഞാ തിരിയൂല..ഞമ്മടെ കാര്യം തീരുമാനിക്കാന്‍ ഞമ്മക്ക് ഞമ്മടെ വഖഫ് ബോര്‍ഡ് ഉണ്ട്.

എന്നിട്ട് ആ ബോര്‍ഡ് എന്താ ഞമ്മക്കും അങ്ങനത്തെ നിയമം കൊണ്ട് വരാത്തെ?

ഇഞ്ഞു ബിജാരിക്കും പോലെ എല്ലാര്‍ക്കും അപ്പാട് 4 കെട്ടാനൊന്നും പറ്റൂല..

പിന്നെ ??

അതിനെല്ലാം ചില കണ്ടീസന്‍സ് ഉണ്ട്.

എന്ത് കണ്ടീസന്‍?

ആദ്യത്തെ ഭാര്യ എഴുനേല്‍ക്കാന്‍ പറ്റാതെ തളര്‍ന്നു കിടക്കുവാണേല്‍ ഞമ്മളിയാക്ക് രണ്ടാമത് ഒരു പെണ്ണൂടെ കെട്ടാം.

ഉസ്താദെ അതെങ്ങനെയാ ശരിയാകുന്നത്? കെട്ടിയോള്‍ തളര്‍ന്നു കിടക്കുമ്പോളല്ലേ മരുന്ന് കൊടുക്കാനും ശുശ്രൂഷിക്കാനും കെട്ടിയോന്‍ വേണ്ടേ? അപ്പ ഓര്‍ വേറെ കെട്ടിയാല്‍ ഓളെന്താ ചെയ്യുവ?

ഇഞ്ഞോട് ഞമ്മളെങ്ങെനെയാ അത് പറയുവാ? ഓക്ക് ഓനെ തൃപ്തി പെടുത്താന്‍ പറ്റിയില്ലേല്‍ ഓന് വേറെ കെട്ടാം..അതാ ഞമ്മടെ നിയമം.

ഉസ്താദെ ഈ തൃപ്തിക്ക് വേണ്ടി മാത്രമാണോ ഞമ്മള് പെണ്ണ് കെട്ടുന്നത്?

അതൊന്നും ഇനിക്ക് ഇപ്പ പറഞ്ഞ തിരിയൂല. ഇനിക്ക് അത് തിരിയാനുള്ള വയസ്സായിക്കില്ല.

അതുപോട്ടെ.. വേറെ എന്തേലും കണ്ടീസന്‍ ഉണ്ടോ ഉസ്താദെ ?

പെണ്ണുങ്ങടെ എണ്ണം ആണുങ്ങളേക്കാള്‍ കൂടി പെണ്ണുങ്ങള്‍ പെഴച്ചു പോവാണ്ടിരിക്കാനും ഞമ്മക്ക് 4 വരെ കെട്ടാം .

അപ്പ പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞു ആണുങ്ങള്‍ കൂടിയാല്‍ പെണ്ണുങ്ങള്‍ക്കും 4 കെട്ടാമോ?

ഇഞ്ഞു ബെല്ലാണ്ട് കൊയക്കുന്ന ശോദ്യങ്ങളൊന്നും ശോദിക്കല്ലേ കുട്ടിയാലി!!

എന്നാ അത് പോട്ടെ ഉസ്താദെ ..ഞമ്മള് വേറൊന്നു ചോദിക്കാം! 

പെട്ടെന്ന് ശോദീര്.

ഇങ്ങളെ ഓള് കെടപ്പിലായാല്‍ ഇങ്ങളും വേറെ പെണ്ണു കേട്ടുവോ?

അയിലെന്താ ഇനിക്കൊരു സംശയം..ഞമ്മടെ ആദ്യത്തെ ബീവി തളര്‍വാദം പിടിച്ചു കേടപ്പായിട്ടു ഞമ്മള് വീണ്ടും കെട്ടിയില്ലേ!!! ഞമ്മള്  യഥാര്‍ത്ഥ മുസല്‍മാനല്ലേ????

ഉസ്താദെ ഇങ്ങള് തളര്‍വാദം വന്നു കേടപ്പിലായെന്നു നിരീക്കുവാ. അങ്ങനെയാണേല്‍ ഇങ്ങള്‍ക്കും ഇങ്ങളെ ബീവിനെ തൃപ്തിപ്പെടുത്താന്‍ പറ്റൂലല്ലോ? അപ്പോള്‍ ഇങ്ങള്‍ ഇങ്ങളെ ബീവിനെ  വേറെ മംഗലം കയിക്കാന്‍ സമ്മതിക്കോ?

അറാംബറന്നോനെ കൊത്തി കൊത്തി മൊറത്തില്‍ കേറി കൊത്തുന്നോ? ഇഞ്ചെ ബാപ്പാനെ ഞമ്മള്‍ കാണട്ടെ!!!!

വാല്‍ക്കഷ്ണം:

"സ്വന്തം ഭാര്യ മറ്റു പുരുഷന്മാരോട് പത്തു മിനുട്ടില്‍ കൂടുതല്‍ സംസാരിച്ചാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് സഹിക്കില്ല..അപ്പോള്‍ സ്വന്തം ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയുമായി പങ്കിടേണ്ടി വരുന്ന ഒരു ഭാര്യയുടെ മാനസികാവസ്ഥ എന്തായിരിക്കും!! എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും ഏതൊക്കെ മത നിയമങ്ങള്‍ ഉദ്ധരിച്ചാലും ഒരു പെണ്ണിനും അത് മനസ്സ് കൊണ്ട് അംഗീകരിക്കാന്‍ പറ്റില്ല.
അല്ലെ?

ഇങ്ങനെയൊക്കെ പറഞ്ഞെന്നു വെച്ച് കുട്ടിയാലിയെ ആരും നഖം വെട്ടും മുടി വെട്ടും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കരുതേ!! പാവം ഉറക്കത്തില്‍ മുള്ളുന്ന അസുഖം ഉള്ളതാണേ!!"

കുട്ടിയാലിയുടെ പഴയ അറാംബറപ്പുകള്‍ ഇവിടെ വായിക്കാം.